Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനപിന്തുണ കുറയുന്ന കാസർഗോഡ് ജനകീയനായ സതീഷ് ചന്ദ്രൻ; വടകരയിൽ സാക്ഷാൽ പി ജയരാജനെത്തുമ്പോൾ മലബാറിൽ മുഴുവൻ ആവേശം; എംകെ രാഘവനെ വീഴ്‌ത്താൻ കോഴിക്കോട്ടുകാരുടെ പ്രദീപേട്ടൻ; റിസ്‌ക് എടുത്ത് ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ്; യുവതി പ്രവേശനത്തെ അനുകൂലിച്ചതിന് പിന്നാലെ പത്തനംതിട്ടയിൽ വനിത സ്ഥാനാർത്ഥിയായി വീണ ജോർജും; കെ വി തോമസിനെ തളയ്ക്കാൻ പി രാജീവ്; പ്രസ്റ്റീജ് മണ്ഡലം പിടിക്കാൻ കൊല്ലത്ത് കെഎൻ ബാലഗോപാൽ: സിപിഎം സ്ഥാനാർത്ഥി നിർണയത്തിലെ ഹൈലൈറ്റ് ഇങ്ങനെ

ജനപിന്തുണ കുറയുന്ന കാസർഗോഡ് ജനകീയനായ സതീഷ് ചന്ദ്രൻ; വടകരയിൽ സാക്ഷാൽ പി ജയരാജനെത്തുമ്പോൾ മലബാറിൽ മുഴുവൻ ആവേശം; എംകെ രാഘവനെ വീഴ്‌ത്താൻ കോഴിക്കോട്ടുകാരുടെ പ്രദീപേട്ടൻ; റിസ്‌ക് എടുത്ത് ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ്; യുവതി പ്രവേശനത്തെ അനുകൂലിച്ചതിന് പിന്നാലെ പത്തനംതിട്ടയിൽ വനിത സ്ഥാനാർത്ഥിയായി വീണ ജോർജും; കെ വി തോമസിനെ തളയ്ക്കാൻ പി രാജീവ്; പ്രസ്റ്റീജ് മണ്ഡലം പിടിക്കാൻ കൊല്ലത്ത് കെഎൻ ബാലഗോപാൽ: സിപിഎം സ്ഥാനാർത്ഥി നിർണയത്തിലെ ഹൈലൈറ്റ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന 16 മണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലായിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊന്നാനി മണ്ഡലത്തിൽ മാത്രമാണ് അന്തിമ തീരുമാനമാകാത്തത്. ഇവിടെ നിലമ്പൂർ എംഎൽഎ പിവി അൻവർ, നിയാസ് പുളിക്കലകത്ത്, എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ എന്നിവരെയാണ് പരിഗണിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയുടെ വിശദാംങ്ങൾ പരിശോധിച്ചാൽ അത് ഇപ്രകാരമാണ്. ശബരിമല വിഷയവും കേന്ദ്രത്തിൽ കോൺഗ്രസിന്റെ തിരിച്ച് വരവും കേരളത്തിലും പ്രതിഭലിക്കുമെന്നും ശക്തമായ ഇടത് വിരുദ്ധ തരംഗമാണ് സംസ്ഥാനത്ത് എന്നും പല അഭിപ്രായ സർവ്വേകളിലും നിറഞ്ഞതോടെയാണ് ശക്തമായ സ്ഥാനാർത്ഥി പട്ടികയുമായി ഇടത്പക്ഷം രംഗത്ത് വന്നിരിക്കുന്നത്.

കാസർഗോഡ്

മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്ല്യാശ്ശേരി എന്നീ നിയമസഭ മണ്ഡലങ്ങളുൾപ്പെട്ടതാണ് കാസർഗോഡ് മണ്ഡലംമണ്ഡലത്തിൽ മുൻ ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. മൂന്ന് തവണ എംപിയായ കരുണാകരന് പകരമാണ് സതീഷ് ചന്ദ്രൻ എത്തുന്നത്. 2004ൽ ഒരുലക്ഷം വോട്ടിന് ജയിച്ച കരുണാകരൻ 2009ൽ 65000 വോട്ടുകൾക്കും 2014ൽ വെറും 6921 വോട്ടുകൾക്കുണാണ് രക്ഷപ്പെട്ടത്. കാസർഗോഡ് പോലൊരു മണ്ഡലത്തിൽ ഇത് തോൽവിക്ക് സമമാണ്. എന്നാൽ അത് മറികടക്കാനാണ് ഇപ്പോൾ ജനകീയനായ സ്ഥാനാർത്ഥിയെ തന്നെ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. മുൻപ് രണ്ട് തവണ 1996, 2001 വർഷങ്ങളിൽ തൃക്കരിപ്പൂർ എംഎൽഎയായിരുന്നു. എസ്എഫ്‌ഐ രംഗത്തിലൂടെയാണ് സതീഷ് ചന്ദ്രൻ പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്.

കണ്ണൂർ

തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ഇരിക്കൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. സിറ്റിങ് എംപി പികെ ശ്രീമതിക്ക് രണ്ടാമൂഴം നൽകുകയാണ് എൽഡിഎഫ്. കഴിഞ്ഞ തവണ കോൺഗ്രസിലെ ശക്തനായ കെ സുധാകരനെ 6556 വോട്ടുകൾക്കാണ് ശ്രീമതി മലർത്തിയടിച്ചത്. മണ്ഡലത്തിൽ ഉടനീളം ഓടി നടന്നുള്ള ഇടപെടലുകൾ ശ്രീമതിയെ ജനകീയയാക്കി മാറ്റി എന്നാണ് പാർട്ടി വിലയിരുത്തൽ അതുകൊണ്ട് തന്നെ ഒരു അവസരം കൂടി നൽകുകയായിരുന്നു. കേരളത്തിൽ മത്സരിക്കുന്ന നേതാക്കളിൽ കേന്ദ്ര കമ്മിറ്റിയിൽ അംഗമായ നേതാവ് ശ്രീമതി മാത്രമാണ്. വിജയിച്ചാൽ പാർട്ടിയുടെ പാർലമെന്ററി നേതാവ് ആകാനുള്ള സാധ്യതയും ശ്രീമതിക്ക് ഉണ്ട്.

വടകര

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നീ മണ്ഡലങ്ങളാണ് വടകര ലോക്‌സഭയുടെ ഭാഗമായുള്ളത്. മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് സിറ്റിങ് എംപി. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയാണ് മണ്ഡലം തിരിച്ച് പിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. 3306 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ മുല്ലപ്പള്ളി എഎൻ ഷംസീറിനെ വീഴ്‌ത്തിയത്. ജയരാജൻ എന്ന സിപിഎമ്മിലെ സൂപ്പർസ്റ്റാർ തന്നെ രംഗത്ത് എത്തിയതോടെ ഒരുലക്ഷം വോട്ടിന് ജയിക്കും എന്ന പ്രതീക്ഷയിലാണ് പാർട്ടി. ജയരാജന്റെ സ്ഥാനർഥിത്വത്തിലൂടെ പാർട്ടി സംവിധാനം മലബാറിൽ മുഴുവൻ ഉണർന്ന് പ്രവർത്തിക്കും എന്നാണ് കണക്കുകൂട്ടൽ

കോഴിക്കോട്

ബാലുശ്ശേരി, കൊടുവള്ളി, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്നമംഗലം, ഏലത്തൂർ എ്‌നനീ നിയമസഭ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്‌സഭയുടെ ഭാഗമായി ഉള്ളത്. സിറ്റിങ് എംപി എംകെ രാഘവനെ ഹാട്രിക് വിജയത്തിൽ നിന്ന് തടയാൻ നോർത്ത് എംഎൽഎ പ്രദീപ്കുമാർ തന്നെ രംഗത്ത് വരികയാണ്. മണ്ഡല്തതിലുടനീളം വേരുകളുള്ള വ്യക്തിയാണ് പ്രദീപ്കുമാർ. ഇത്തവണ മന്ത്രിയാകാൻ പോലും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന നേതാവാണ് പ്രദീപ്. 2009ൽ 800 വോട്ടുകൾക്ക് മാത്രം വിജയിച്ച എം കെ രാഘവൻ കഴിഞ്ഞ തവണ എ വിജയരാഘവന് എതിരെ 17,000 വോട്ടായി ഭൂരിപക്ഷം ഉയർത്തി. പ്രദീപ് കുമാർ തന്നെ രംഗത്ത് വന്നതിലൂടെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന സ്ഥലനമായി കോഴിക്കോട് മാറുകയാണ്.

മലപ്പുറം

വള്ളിക്കുന്ന്, വേങ്ങര, പെരിന്തൽമണ്ണ, മഞ്ചേരി, മങ്കട, മലപ്പുറം, കൊണ്ടോട്ടി എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ട മണ്ഡലം ലീഗിന്റെ പുന്നാപുരം കോട്ടയാണ്. എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനുവിനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ അട്ടിമറിക്കാൻ വിദൂര സാധ്യത പോലുമില്ലെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കുക എന്നതാണ് പാർട്ടി ലക്ഷ്യം.എസ്എഫ്‌ഐ നേതാവ് എന്ന നിലയിൽ അറിയപ്പെടുന്ന സാനു ശക്തമായ ഇടപെടലാണ് പൊതുരംഗത്ത് നടത്തുന്നത്. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം കൈക്കൊണ്ട ചില നിലപാടുകളിലെ തെറ്റ് തുറന്ന് സമ്മതിച്ചും തൃത്താല എംഎൽഎ വിടി ബൽറാമിനെതിരെ ഉള്ള വ്യക്തിപരമായ അധിക്ഷേപം തെറ്റായ പ്രവണതയാണെന്നും സാനു ചൂണ്ടിക്കാണിച്ചിരുന്നു.

പാലക്കാട്

കോങ്ങാട്, മണ്ണാർകാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി എന്നീ ലോക്‌സഭ മണ്ഡലങ്ങൾ ഉൾപ്പെട്ട മണ്ഡലം ഇടതിന്റെ ചെങ്കോട്ടയാണ്. രണ്ട് ടേം എന്ന മാനദണ്ഡം പോലും മാറ്റിവച്ചാണ് രാജേഷിന് പാർട്ടി സീറ്റ് നൽകുന്നത്. എംപി എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ തന്നെയാണ് രാജേഷിനെ മൂന്നാമതും ഡൽഹിക്ക് അയക്കാൻ പാർട്ടി തീരുമാനിച്ചതിന് പിന്നിൽ 2009ൽ വെറും ആയിരത്തോളം വോട്ടുകൾക്ക് വിജയിച്ച് ഡിവൈഎഫ്‌ഐ മുൻ ദേശീയ പ്രസിഡന്റ് കഴിഞ്ഞ തവണ ഭൂരിപക്ഷം ഒരു ലക്ഷം കടത്തിയിരുന്നു. പികെ ശശി വിവാദത്തിൽ ഇരയ്‌ക്കൊപ്പം നിന്നു എന്നത് ഇത്തവണ സീറ്റ് നിഷേധിച്ചേക്കും എന്ന നിലയിൽ കാര്യങ്ങൾ എത്തിയെങ്കിലും അന്തിമ തീരുമാനം രാജേഷിന് അനുകൂലമായിരുന്നു.

ആലത്തൂർ

പാലക്കാട് ജില്ലയിലെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ലോക്‌സഭ മണ്ഡലമാണ് ആലത്തൂർ. സിറ്റിങ് എംപി പികെ ബിജുവിന് മൂന്നാമൂഴം നൽകുകയാണ് സിപിഎം. 37312 വോട്ടുകൾക്ക് പാർട്ടി വിജയിച്ച മണ്ഡലത്തിൽ ഇത്തവണ മുൻ ഫുട്‌ബോൾ താരം ഐഎം വിജയനെ രംഗത്തിറക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും നടന്നില്ല. തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ രംഗത്തിറക്കും എന്ന് കരുതിയിരുന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് താല്പര്യം എന്ന് അറിയിക്കുകയായിരുന്നു രാധാകൃഷ്ണൻ

ചാലക്കുടി

തൃശ്ശൂർ ജില്ലയിലെ കയ്‌പ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, എറണാകുളത്തെ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്ത്‌നാട് എന്നി മണ്ഡലങ്ങളാണ് ചാലക്കുടിയുടെ ഭാഗം. സിറ്റിങ് എംപിയും ചലച്ചിത്ര താരവുമായ ഇന്നസെന്റ്ിന് പാർട്ടി മണ്ഡലം കമ്മിറ്റിയുടെ എതിർപ്പിനെ പോലും മറികടന്ന് രംഗത്തിറക്കുകയാണ് സിപിഎംചാലക്കുടിയിൽ ഇന്നസെന്റ് മത്സരിച്ചാൽ ജയസാധ്യതയില്ലെന്നായിരുന്നു ചാലക്കുടി പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. പി.രാജീവിനെയോ സാജു പോളിനേയോ ചാലക്കുടിയിൽ മത്സരിപ്പിക്കണം എന്നായിരുന്നു അവരുടെ ശുപാർശ. ഇന്നസെന്റിന് ചാലക്കുടിയിൽ രണ്ടാമൂഴം നൽകുന്ന പക്ഷം അതിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ചാലക്കുടി പാർലമെന്റ് കമ്മിറ്റി യോഗത്തിൽ വാദമുയർന്നിരുന്നു. എന്നാൽ പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ച് ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കണം എന്ന അഭിപ്രായമാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായത്.

2014ൽ സിപിഎമ്മിന് അപ്രതീക്ഷിതമായി ലഭിച്ച മണ്ഡലമായിരുന്നു ചാലക്കുടി. കോൺഗ്രസിലെ അതികായനായ പിസി ചാക്കോയെ 12000 വോട്ടുകൾക്കാണ് ഇന്നസെന്റ് അട്ടിമറിച്ചത്. എന്നാൽ മണ്ഡലത്തിൽ ഒരു പരിപാടിക്കും വിളിച്ചാൽ കിട്ടാത്ത എംപി എന്നതുൾപ്പടെയുള്ള ചീത്തപ്പേരുകളാണ് ഇന്നസെന്റിന്. ഇത്തവണ വിജയിക്കുക എളുപ്പമല്ല എന്നാണ് പാർട്ടി വൃത്തങ്ങൾ പോലും നൽകുന്ന സൂചന

ഇടുക്കി

തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ഇടുക്കി മണ്ഡലം. 2014ൽ 50,542 വോട്ടുകൾക്ക് ഡീൻ കുര്യാക്കോസിനെ തോൽപ്പിച്ച സിറ്റിങ് എംപി ജോയ്‌സ് ജോർജ് വീണ്ടും മത്സരിക്കുകായണ്. കൊട്ടക്കമ്പൂർ ഭൂമി കൈയേറ്റം ഉൾപ്പടെ ചർച്ചയായെങ്കിലും ഹൈറേഞ്ച് സംരക്ഷണസമിതിയുടെ സ്ഥാനാർത്ഥിയായ ജോയ്‌സിന് ഒരു ഊഴം കൂടി പാർട്ടി നൽകുകയാണ്. ഇവിടെ മണ്ഡലം തിരിച്ച് പിടിക്കാൻ സാക്ഷാൽ ഉമ്മൻ ചാണ്ടിയെ തന്നെ രംഗത്തിറക്കാൻ ആലോചിക്കുകയാണ് കോൺഗ്രസ്

എറണാകുളം

പറവൂർ, വൈപ്പിൻ, എറണാകുളം, കൊച്ചി, തൃപ്പുണ്ണിത്തുറ, തൃക്കാക്കര, കളമശ്ശേരി എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ട എറണാകുളത്ത് യുഡിഎഫിന് കഴിഞ്ഞ തവണ വാക്കോ വറായിരുന്നു. ക്രിസ്റ്റി ഫെർണാൻഡസ് എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ 87,047 വോട്ടുകൾക്കാണ് പ്രൊഫസർ കെവി തോമസ് പരാജയപ്പെടുത്തിയത്. 2009ൽ സിന്ധു ജോയി വെറും 11790 വോട്ടുകൾക്കാണ് തോറ്റത്. മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ പാർട്ടിക്ക് വിജയം അകലെയല്ല എന്ന തിരിച്ചറിവ് മുൻ ജില്ലാ സെക്രട്ടറി പി രാജീവിനെ മണ്ഡലത്തിൽ ഇറക്കുന്നതിൽ എത്തി നിൽക്കുമ്പോൾ സൂപ്പർ പോരാട്ടതിനാകും മണ്ഡലം സാക്ഷിയാവുക. ദേശാഭിമാനി എഡിറ്റർ ആണ് ഇപ്പോൾ രാജീവ്, രാജ്യസഭ അംഗം എന്ന നിലയിലെ പ്രവർത്തനം മെട്രോ നഗരത്തിൽ സിപിഎമ്മിന് വിജയം കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.

കോട്ടയം

കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം, പാല, പിറവം എന്നീ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭയുടെ ഭാഗമായി ഉള്ളത്. കഴിഞ്ഞ തവണ ഘടകക്ഷിയായ ജെഡിഎസിന് നൽകിയ സീറ്റ് ഇത്തവണ പാർട്ടി ഏറ്റെടുക്കുകയായിരുന്നു, 1,20,599 വോട്ടുകൾക്ക് വിജയിച്ച ജോസ് കെ മാണി രാജ്യസഭിയിലേക്ക് പോയതോടെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ കണ്ടെത്ത് എങ്ങുമെത്തിയിട്ടില്ല. ജില്ലാ സെക്രട്ടറി വിഎൻ വാസവനെയാണ് പാർട്ടി പരീക്ഷിക്കുന്നത്. മുൻ കോ്ട്ടയം എംഎൽഎ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള വാസവൻ ജില്ലാ സെക്രട്ടറി എന്ന നിലയിൽ സംഘടന രംഗത്തും എതിർപ്പില്ലാത്ത വ്യക്തിയാണ്.

ഉഴവൂരിലെ പഞ്ചായത്ത് അംഗമായ സിന്ദുമോൾ ജേക്കബ് സജീവ പരിഗണന.യിലുണ്ടായിരുന്നു. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതെല്ലാം സിന്ധുമോൾക്ക് കോട്ടയത്ത് മികച്ച സാധ്യത നൽകിയിരുന്നെങ്കിലും ജില്ലാ സെക്രട്ടറി തന്നെ മത്സരിക്കണം എന്ന നിലപാടിലേക്ക് പാർട്ടി എത്തുകയായിരുന്നു. പാർട്ടിക്കാർക്ക് പ്രിയങ്കരനായ നേതാവ് തന്നെ എത്തുമ്പോൾ മത്സരം കടുക്കും എന്ന് ഉറപ്പ്

പത്തനംതിട്ട

കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, അടൂർ, തിരുവല്ല, റാന്നി, കോന്നി, ആറന്മുള എന്നീ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്‌സഭയുടെ ഭാഗമായി ഉള്ളത്. സിറ്റിങ് എംപി ആന്റോ ആന്റണിക്ക് എതിരെ പ്രാദേശികമായും ജില്ലാ നേതൃത്വത്തിന്റേയും എതിർപ്പുണ്ട്. ആറന്മുള എംഎൽഎ വീണ ജോർജിനെയാണ് സിപിഎം രംഗത്ത് ഇറക്കുന്നത്. ശബരിമല വിഷയം വോട്ടായി മാറാൻ സാധ്യത വളരെ കൂടുതലാണ് ഇവിടെ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച സിപിഎം പ്രതീകാത്മകമായി വനിത സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുകയാണ്. മാധ്യമപ്രവർത്തകയായ വീണ ആറന്മുളയിൽ ആറായിരത്തോളം വോട്ടുകൾക്ക് വിജയിച്ചിരുന്നു. പിസി ജോർജ് കൂടി മത്സര രംഗത്ത് വന്നതോടെ ചതുഷ്‌കോണ മത്സരമാണ് മണ്ഡലത്തിൽ.

ആലപ്പുഴ

അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആലപ്പുഴ ലോക്‌സഭ മണ്ഡലം. എഐസിസി സംഘടന ചുമതലയുള്ള കെസി വേണുഗോപാലാണ് സിറ്റിങ് എംപി. കഴിഞ്ഞ തവണ പാർട്ടിയുടെ അന്നത്തെ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെ 17000ത്തോളം വോട്ടുകൾക്കണ് കെസി മലർത്തിയടിച്ചത്. കെസി ഇത്തവണ സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ശക്തനും ജനകീയനുമായ സ്ഥാനാർത്ഥിയെ ആണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. അരൂർ എംഎൽഎ എ.എം ആരിഫിനെയാണ് സിപിഎം മണ്ഡലം തിരിച്ച് പിടിക്കാൻ രംഗത്തിറക്കുന്നത്. നിയമസഭയിൽ അരൂരിൽ 38519 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് ആരിഫിന്. ജനകീയനായ നേതാവിലൂടെ കെസി വേണുഗോപാലിനെ രംഗത്ത് ഇറക്കിയാൽ പോലും മണ്ഡലം ഇടത്തേക്ക് തിരിക്കാം എന്ന് സിപിഎം കണക്ക് കൂട്ടുന്നു. 2011ൽ കെആർ ഗൗരിയമ്മയെ അട്ടിമറിച്ചാണ് ആരിഫ് ആദ്യമായി നിയമസഭയിലെത്തിയത്.

കൊല്ലം

കുന്നത്തൂർ, ചവറ,കുണ്ടറ,കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങൾ ആണ് കൊല്ലത്തിന്റെ ഭാഗം. കഴിഞ്ഞ തവണ ഏറ്റവും വലിയ രഷ്ട്രീയ മത്സരവും അതപൊലെ തന്നെ സിപിഎമ്മിന് കനത്ത തിരിച്ചടിയും നൽകിയ മണ്ഡലമാണ് കൊല്ലം. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പരനാറി പരാമർശം വലിയ വിവാദമായപ്പോൾ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുന്നണി വിട്ട എൻസിപി നേതാവ് എൻകെ പ്രേമചന്ദ്രൻ 37649 വോട്ടുകൾക്കാണ് പിബി അംഗമായ എംഎ ബേബിയെ പരാജയപ്പെടുത്തിയത്. പ്രസ്റ്റീജ് മണ്ഡലം തിരിച്ച് പിടിക്കാൻ മുൻ ജില്ലാ സെക്രട്ടറിയും രാജ്യസഭ അംഗവുമായിരുന്ന കെഎൻ ബാലഗോപാലിനെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഎം. ശക്തമായ പോരാട്ടം ഉറപ്പാണ് മണ്ഡലത്തിൽ. കൊല്ലത്തെ ജനകീയനായ എംപിയായി മാറിയ പ്രേമചന്ദ്രനെ ബാലഗോപാൽ നേരിടുമ്പോൾ രാഷ്ട്രീയത്തിന് അതീതമായ വോട്ടുകൾ തന്നെയാകും വിജയിയെ നിശ്ചയിക്കുക

ആറ്റിങ്ങൽ

വർക്കല,ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തലസ്ഥാന ജില്ലയിലെ റൂറൽ മണ്ഡലമാണ് ആറ്റിങ്ങൽ. പരമ്പരാഗതമായി ഇടത് പക്ഷം വിജയിച്ച് വരുന്ന ഇവിടെ 1989ൽ ആണ് അവസാനമായി യുഡിഎഫ് വിജയിച്ചത്. സിറ്റിങ് എംപി എ സമ്പത്തിനെ തന്നെയാണ് തുടർച്ചയായി മൂന്നാമതും സിപിഎം രംഗത്തിറക്കുന്നത്. 2009ൽ ഇരുപതിനായിരത്തോളം വോട്ടുകൾക്ക് മാത്രം വിജയിച്ച സമ്പത്ത് 2014ൽ 69378 വോട്ടുകൾക്കാണ് വിജയിച്ചത്. മികച്ച എംപി എന്ന പ്രവർത്തനമാണ് സമ്പത്തിനെ വീണ്ടും പരിഗണിക്കുന്നതിന് കാരണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP