Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനപ്രീതിയും സമുദായ സമവാക്യവും നോക്കി വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാത്രം കണ്ടെത്തി സിപിഎമ്മിന്റെ മിന്നുന്ന തുടക്കം; വീണയെയും പ്രദീപ്കുമാറിനെയും തെരഞ്ഞെടുത്തത് വിജയം മാത്രം മുന്നിൽ കണ്ട്; ശബരിമലയുടെ പേരിൽ തോറ്റുവെന്ന പേരുദോഷം ഒഴിവാക്കാൻ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി കഴിഞ്ഞ തവണത്തെ പേരുദോഷം ഒഴിവാക്കിയുള്ള തുടക്കം; ലോക്‌സഭയിൽ പയറ്റിത്തെളിയാൻ സിപിഎം ഇത്തവണ ഇറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ

ജനപ്രീതിയും സമുദായ സമവാക്യവും നോക്കി വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാത്രം കണ്ടെത്തി സിപിഎമ്മിന്റെ മിന്നുന്ന തുടക്കം; വീണയെയും പ്രദീപ്കുമാറിനെയും തെരഞ്ഞെടുത്തത് വിജയം മാത്രം മുന്നിൽ കണ്ട്; ശബരിമലയുടെ പേരിൽ തോറ്റുവെന്ന പേരുദോഷം ഒഴിവാക്കാൻ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി കഴിഞ്ഞ തവണത്തെ പേരുദോഷം ഒഴിവാക്കിയുള്ള തുടക്കം; ലോക്‌സഭയിൽ പയറ്റിത്തെളിയാൻ സിപിഎം ഇത്തവണ ഇറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു കേരളത്തിലെ സിപിഎം രാഷ്ടീയ പ്രസ്ഥാനത്തിന്റെ കരുത്തു മാറ്റുരയ്ക്കുന്നതാകും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ തിരിച്ചുവരവുമായി കൂടി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കിടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന്റെ മാറ്റുരയ്ക്കുക കൂടി ചെയ്യുന്ന തിരഞ്ഞെടുപ്പിൽ ഇത്തവണ സ്ഥാനാർത്ഥി നിർണായത്തിൽ സിപിഎം മറ്റെല്ലാവരെയും കടത്തിവെട്ടിയിട്ടുണ്ട്. വിജയസാധ്യത കൂടുതൽ പരിഗണിച്ചപ്പോൾ അടുത്തിടെ പറഞ്ഞ നവോത്ഥാന ചർച്ചകളെ തൽക്കാലം അവർ മാറ്റിനിർത്തി. മൂന്ന് സിറ്റിങ് എംഎൽഎമാരെ കളത്തിൽ ഇറക്കിയത് വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്. ജനപ്രീതിയും സമുദായ സമവാക്യവും പരിഗണിച്ചാണ് സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്.

ഓരേ മണ്ഡലങ്ങളെയും ശരിക്കും വിലയിരുത്തി കൊണ്ടാണ് സിപിഎം സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് എന്നത് വ്യക്തമാണ്. കാസർകോട് മുതൽ ആറ്റിങ്ങൽ വരെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഈ സൂക്ഷ്മത വ്യക്തമാണ്. മറ്റു കക്ഷികൾക്ക് സീറ്റ് വിട്ടു നൽകില്ലെന്ന് വ്യക്തമാക്കി സിപിഐയും സിപിഎമ്മും 20 സീറ്റുകൾ വീതിച്ചെടുത്തപ്പോൾ തന്നെ ഒരു കാര്യം വ്യക്തായിരുന്നു. പാർട്ടി ചിഹ്നത്തിൽ കച്ച മുറുക്കാൻ കൂടുതൽ ആളുകൾ എത്തുമെന്ന്. കഴിഞ്ഞ തവണ പരീക്ഷിച്ചതും പോലുള്ള സ്വതന്ത്രരെ രംഗത്തിറക്കിയുള്ള മത്സരത്തിന് പകരം സിപിഎം ചിഹ്നത്തിൽ തന്നെ കൂടുതൽ ആളുകൾ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു.

തുടർച്ചയായി മൂന്ന് തവണ എംപിയായി പി കരുണാകരനെതിരെയാണ് വികാരം എന്നു മനസിലാക്കിയാണ് അദ്ദേഹത്തെ ഇത്തവണ മാറ്റി നിർത്തിയത്. പകരം കെ.പി.സതീഷ് ചന്ദ്രനെ സ്ഥാനാർത്ഥിയാക്കിയത് മണ്ഡലത്തിൽ ഉടനീളമുള്ള അദ്ദേഹത്തിന്റെ ബന്ധം കണക്കിലെടുത്താണ്. പാർട്ടിയെ ചലിപ്പിച്ചു നിർത്തിയതിൽ പ്രധാനിയായ സതീഷ് ചന്ദ്രൻ അനായാസം മണ്ഡലം വിജയിച്ചു പിടിക്കാമെന്നാണ് കണക്കു കൂട്ടൽ. വടക്കേ അറ്റം മുതലുള്ള സിപിഎം സ്ഥാനാർത്ഥി നിർണയത്തിൽ നിന്നും സംഘടനയെ അടിത്തട്ടിൽ ചലിപ്പിക്കാനും പാർട്ടി ഒരുങ്ങുന്നു എന്ന് വ്യക്തമാണ്.

കാലേക്കൂട്ടി തന്നെ സിപിഎം പ്രചരണങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ സിപിഎമ്മിന് കൈവിട്ടുപോയ മണ്ഡലങ്ങളിൽ ഇത്തവണ സിറ്റിങ് എംഎൽഎമാരെ കളത്തിലിറക്കുന്നു സിപിഎം. വീണാ ജോർജ്ജും എ പ്രദീപ് കുമാറും ആരിഫും സ്ഥാനാർത്ഥികളായതോടെ വ്യക്തമാകുന്ന ചിത്രം ഇതാണ്. കോഴിക്കോട് മണ്ഡലത്തിൽ എ പ്രദീപ് കുമാറിനെ സ്ഥാനാർത്ഥിയാക്കിയത് മണ്ഡലം പിടിക്കാൻ ഉറപ്പിച്ചാണ്. കോഴിക്കോട്ടുകാരുടെ പ്രിയങ്കരനാണ് പ്രദീപ് കുമാർ എംഎൽഎ. സംസ്ഥാനത്ത് ആകെ മാതൃകയായ സ്‌കൂൾ നവീകരണ പദ്ധതിക്ക് തുടക്കമിട്ട വ്യക്തി. ആരെക്കൊണ്ടും ഇതുവരെ മോശം പറയിപ്പിക്കാത്ത പ്രദീപ് മത്സരരംഗത്തുണ്ടെങ്കിൽ സിപിഎം സംഘടനാ സംവിധാനവും വേണ്ടവിധം ചലിച്ചാൽ എം കെ രാഘവനെന്ന അതികായൻ മറിയുമെന്ന് സിപിഎം കരുതുന്നു. കോഴിക്കോട് മണ്ഡലത്തിൽ സിപിഎമ്മിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് പ്രദീപ്കുമാറെന്ന് വിലയിരുത്തുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നില്ലെന്ന ബോധ്യത്തിലാണ് കരുത്തനായി പി ജയരാജനെ വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് സിപിഎം ഇറക്കിയത്. ജനകീയത കൊണ്ടാണ് മുല്ലപ്പള്ളി രണ്ട് തവണ ഇവിടെ നിന്നും വിജയിച്ചത്. വീരേന്ദ്രകുമാർ വിഭാഗത്തിന്റെയും ആർഎംപിയൂടെയും വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഇത്തവണ സിപിഎം ഏറെ വിജയപ്രതീക്ഷയോടെയാണ് മത്സരിക്കാൻ ഇറങ്ങുന്നത്. പി ജയരാജനെ മത്സരിപ്പിക്കണമെന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റി തന്നെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ജയരാജൻ മത്സരിക്കുന്നതോടെ കൂത്തുപറമ്പ്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന് കരുതുന്നു. ഇതോടൊപ്പം സംഘടന ഉണർന്നു പ്രവർത്തിക്കും. ഇതെല്ലാം വടകര തിരിച്ചു പിടിക്കാൻ ഉതുകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ സിപിഎമ്മിന് കാര്യമായ പ്രതീക്ഷകൾ ഇല്ല. ഇവിടെ വിപി സാനുവിനെ സ്ഥാനാർത്ഥിയാക്കിയത് യൂത്തിനെ പരിഗണിക്കുന്നു എന്ന വികാരത്തോടെയാണ്. അതേസമയം പൊന്നാനിയിൽ സിപിഎം വിജയപ്രതീക്ഷ വെക്കുന്നു. ഇവിടെ ആഞ്ഞു പിടിച്ചാൽ വിജയിക്കാം എന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനുള്ളത്. കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ ഇവിടെ സിപിഎം പരിഗണിക്കുന്നത്. ഫസൽ ഗഫൂർ അടക്കമുള്ളവരെ സമീപിച്ചെങ്കിലും അദ്ദേഹം സമ്മതം മൂളിയിട്ടില്ല. മുമ്പ് മഞ്ചേരിയിൽ ഹംസയെ നിർത്തി ലീഗിനെ അട്ടിമറിച്ച ചരിത്രം പൊന്നാനിയിൽ ആവർത്തിക്കാമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. നിയാസ് പുളിക്കലകത്തിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.

പത്തനംതിട്ടയിൽ വീണാ ജോർജ്ജിനെ മത്സരരംഗത്ത് ഇറക്കിയതും സിപിഎമ്മിന്റെ മികച്ച സ്ഥാനാർത്ഥി നിർണയത്തിന് ഉദാഹരണമാണ്. ഇവിടെ സമുദായ ഘടകങ്ങളാണ് പ്രധാനമായും സിപിഎം പരിഗണിച്ചത്. ഓർത്തഡോക്‌സ് സമുദായക്കാരിയായ വീണാ ജോർജ്ജ് ആറന്മുളയിൽ വിജയിച്ചത് പാർട്ടിക്ക് ക്രൈസ്തവ സമുദായത്തിനിടയിൽ വിജയം നേടാൻ സാധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും ഈ സമുദായ തന്ത്രം വിജയിച്ചു. പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കത്തോലിക്കാ സമുദായക്കാരനായ ആന്റോ ആന്റണിയാണ്. അതേസമയം പി സി ജോർജ്ജും മത്സരിക്കാൻ രംഗത്തിറങ്ങും. ഈ മണ്ഡലത്തിൽ വീണ സ്ഥാനാർത്ഥി ആകുന്നതോടെ ഓർത്തഡോക്‌സ സമുദായത്തിന്റെ വോട്ട് അവർ പ്രതീക്ഷിക്കുന്നു. സഭാ തർക്കങ്ങൽ ഉണ്ടെങ്കിലും സമുദായത്തിലെ ഒരാൾ സ്ഥാനാർത്ഥിയാകുമ്പോൾ പിന്തുണ ഉറപ്പാക്കാമെന്നാണ് വിലയിരുത്തൽ.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ ഇവിടെ പ്രവർത്തിക്കും. ആറന്മുള എംഎൽഎ എന്ന നിലയിൽ വീണ നടത്തിയ പ്രവർത്തനങ്ങൾ തുണയാകുമെന്നാണ് സിപിഎം കരുതുന്നത്. ശബരിമലയിൽ യുവതീപ്രവേശന വിഷയത്തിൽ പ്രതിരോധത്തിലായ പാർട്ടി മണ്ഡലത്തിൽ ഒരു വനിതയെ തന്നെ സ്ഥാനാർത്ഥിയാക്കുന്നതിലും രാഷ്ട്രീയം വ്യക്തമാണ്. കണ്ണൂരിൽ മത്സരിക്കുന്ന പി കെ ശ്രീമതിക്ക് പുറമേ മത്സരരംഗത്തുള്ള ഏക വനിതയാണ് വീണ ജോർജ്ജ്.

ആരിഫ് എംഎൽഎയെ ആലപ്പുഴയിൽ കളത്തിൽ ഇറക്കിയതും കെ എൻ ബാലഗോപാലിനെ കൊല്ലത്തും ഇറക്കിയതും സമർത്ഥമായ നീക്കമായാണ് വിലയിരുത്തുന്നത്. രാജ്യസഭാ എംപി എന്ന നിലയിൽ ശോഭിച്ച വ്യക്തിയാണ് കെ എൻ ബാലഗോപാൽ. ആരിഫിനാകട്ടെ ആലപ്പുഴയിൽ ഉടനീളം ശക്തമായ ബന്ധങ്ങളുമുണ്ട്. ശബരിമല വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെ കൂടി വരുതിയിൽ ആക്കാനാണ് ബാലഗോപാലന്റെ സ്ഥാനാർത്ഥിത്വം. ഇവിടെ എൻഎസ്എസ് പിന്തുണ ബാലഗോപാൽ പ്രതീക്ഷിക്കുന്നു. ആറ്റിങ്ങലിൽ സമ്പത്തും കണ്ണൂരിൽ പി കെ ശ്രീമതിയെയും ആലത്തൂരിൽ പി കെ ബിജുവിനെയും പാലക്കാട് എം ബി രാജേഷിനെയും മത്സരിപ്പിക്കുന്നത് വിജയം ഉറപ്പിച്ചു തന്നെയാണ്. ഇന്നസെന്റിന് ചാലക്കുടിയിൽ വിജയപ്രതീക്ഷ ഇല്ലെങ്കിലും അദ്ദേഹത്തിന് മാന്യമായി വിരമിക്കൽ അവസരം ഒരുക്കാനാണ് നീക്കം. ജോയിസ് ജോർജിനെതിരെ ആരോപണങ്ങൾ പലതും ഉണ്ടെങ്കിലും ഒരിക്കൽ കൂടി അവസരം നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

കോട്ടയത്ത് വാസവൻ സ്ഥാനാർത്ഥിയാകുന്നതോടെ ശക്തമായ മത്സരം കാഴ്‌ച്ച വെക്കാനമെന്നും പാർട്ടി കണക്കു കൂട്ടുന്നു. പി രാജീവിനെയും ഇറക്കുന്നത് പാർട്ടിയുടെ ദേശീയ പദവി നഷ്ടമാകാതിരിക്കാൻ പരമാവധി വോട്ടുകൾ സമാഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ്. സ്ഥാനാർത്ഥി നിർണായത്തിൽ മികച്ചു നിന്ന സിപിഎം അടുത്ത ഘട്ടത്തിൽ ആളും അർത്ഥവും ഇറക്കിയുള്ള പ്രചരണമാണ് ലക്ഷ്യമിടുന്നത്. ശബരിമല വിഷയത്തിലെ ജനവികാരം മറികടക്കുന്നതിനൊപ്പം മലബാറിനെ ബാധിക്കുന്ന രാഷ്ട്രീയ കൊലപാതക വിഷയവും ഏതാണ്ട് ഒതുക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഓരോ മണ്ഡലങ്ങളിലും അടിത്തട്ടിലുള്ള പ്രവർത്തനമാണ് സിപിഎം ലക്ഷ്യമിടുന്നത്. വീടുകൾ തോറും കയറി ഇറങ്ങി വോട്ടുപിടിക്കും.

സംസ്ഥാന സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുകയാണ് പ്രധാന ലക്ഷ്യം. ആരോഗ്യ- വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിനൊപ്പം ക്ഷേമ പെൻഷനായി പണം അക്കൗണ്ടിൽ എത്തിക്കുന്ന കാര്യം അടക്കം നേട്ടമായി ഉയർത്തിക്കാണിക്കും. കഴിഞ്ഞ തവണ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ പേയ്‌മെന്റ് സീറ്റ് വിവാദം അടക്കം ഉയർന്നിരുന്നു. പ്രധാനമായും എറണാകുളത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അടക്കമാണ് അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഈ പോരായ്മ പരിഹരിക്കാൻ ഇത്തവണത്ത സ്ഥാനാർത്ഥി നിർണയത്തോടെ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. സിപിഎം ആഭ്യന്തര രാഷ്ട്രീയത്തിലും ചലനം സൃഷ്ടിക്കുന്നതാകും ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം എന്നതിനാൽ കൂടുതൽ പരീക്ഷണത്തിലേക്ക് പാർട്ടി കടന്നുമില്ല. എങ്കിലും തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുമ്പ് ഒന്നാം റൗണ്ടിൽ സിപിഎം മുന്നിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP