Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിലെ കരുത്തരിൽ കരുത്തനായ പി ശശി വീണ്ടും നേതൃനിരയിലേക്ക്; പി ജയരാജന് പകരം ജില്ലാ സെക്രട്ടറിയാക്കാൻ എംവി ജയരാജൻ എത്തുമ്പോൾ നയനാരുടെ മുൻ പൊളിട്ടിക്കൽ സെക്രട്ടറി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരത്ത് പോവുമോ? അസാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനെ തന്നെ എത്തിക്കാൻ ഉറച്ച് പിണറായി; പി ജയരാജൻ മാറുന്നതോടെ കണ്ണൂരിൽ സിപിഎം സമവാക്യങ്ങളിലും പൊളിച്ചെഴുത്ത് വരും

കണ്ണൂരിലെ കരുത്തരിൽ കരുത്തനായ പി ശശി വീണ്ടും നേതൃനിരയിലേക്ക്; പി ജയരാജന് പകരം ജില്ലാ സെക്രട്ടറിയാക്കാൻ എംവി ജയരാജൻ എത്തുമ്പോൾ നയനാരുടെ മുൻ പൊളിട്ടിക്കൽ സെക്രട്ടറി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരത്ത് പോവുമോ? അസാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനെ തന്നെ എത്തിക്കാൻ ഉറച്ച് പിണറായി; പി ജയരാജൻ മാറുന്നതോടെ കണ്ണൂരിൽ സിപിഎം സമവാക്യങ്ങളിലും പൊളിച്ചെഴുത്ത് വരും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പി. ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നതോടെ കണ്ണൂരിലെ പുതിയ സെക്രട്ടറിയെച്ചൊല്ലിയുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമായി. പി ജയരാജന്റെ പിൻഗാമിയായി എംവി ജയരാജൻ സെക്രട്ടറിയാകാനാണ് സാധ്യത. കണ്ണരിൽ സിപിഎമ്മിന്റെ അവസാന വാക്കാണ് ഇപ്പോൾ ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന് മുകളിൽ പാർട്ടിയിൽ സ്വാധീനം പി ജയരാജനുണ്ട്. പാർട്ടി സമ്മേളനത്തിൽ പി ജയരാജനെ വെട്ടിമാറ്റാനുള്ള നീക്കം നടന്നിരുന്നില്ല. ഇതോടെയാണ് ലോക്‌സഭയിലേക്ക് ജയരാജനെ അയച്ച് പാർട്ടിയിൽ പിടിമുറുക്കാൻ പിണറായി തീരുമാനിച്ചത്. പി ശശിയെന്ന വിശ്വസ്തനേയും സജീമാക്കും. എംവി ജയരാജൻ നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. എംവി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങുമ്പോൾ പി ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഭരണം നിയന്ത്രിച്ചിരുന്ന പൊളിട്ടിക്കൽ സെക്രട്ടറിയായിരുന്നു പി ശശി.

പി ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരനാകുമെന്നാണ് സൂചന. പിണറായിയുടെ ഈ താൽപ്പര്യത്തിന് മുന്നിലുള്ള അവസാന തടസ്സവും മാറുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കേ 2011ലാണ് ശശിയെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം വി ജയരാജനെ കണ്ണൂരിൽ സജീവമാക്കി പാർട്ടിയിൽ നിയന്ത്രണം ശക്തമാക്കാനാണ് പിണറായിയുടെ ഉദ്ദേശം. ഇതിനൊപ്പമാണ് പി ശശിയെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള നീക്കവും സജീവമാക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയർന്നതിനെ തുടർന്നു 2011 ജൂലൈയിലാണു സിപിഎമ്മിൽ നിന്നു പുറത്താക്കുന്നത്. ടി.പി.നന്ദകുമാർ നൽകിയ ലൈംഗികപീഡന ആരോപണക്കേസിൽ ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി ശശിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് ശശി സിപിഎം രാഷ്ട്രീയത്തിൽ സജീവമായത്.

വ്യക്തിപൂജാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാൻ കരുനീക്കം നടന്നിരുന്നു. എന്നാൽ, അണികളുടെ കരുത്തിന്റെ പിൻബലത്തിൽ ജയരാജൻ ഇതിനെ അതിജീവിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കും മുൻപ് ജില്ലാ സെക്രട്ടറി സ്ഥാനം പി ജയരാജന് ഒഴിയേണ്ടിവരും. പുതിയ സെക്രട്ടറിയെ നിയമിച്ചു കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ പരാജയമാണ് സംഭവിക്കുന്നതെങ്കിൽ പഴയ പദവി ലഭിക്കുകയുമില്ല. ജയിക്കുകയാണെങ്കിൽ പ്രവർത്തന മേഖല ഡൽഹിയായി മാറും. മണ്ഡലം വടകരയും. ഇതോടെ കണ്ണൂരിൽ നിന്ന് ജയരാജനെ ഒതുക്കാൻ പിണറായിക്ക് കഴിയും. എംവി ജയരാജൻ പാർട്ടിയെ നിയന്ത്രിക്കുമ്പോൾ പി ശശിക്കാകും കണ്ണൂരിലെ പാർട്ടിയിലെ നമ്പർ വൺ സ്ഥാനം. ഇതിന് വേണ്ടിയാണ് ശശിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നത്.

ശശിക്കു കഴിഞ്ഞ ജൂലൈയിലാണു പാർട്ടി അംഗത്വം നൽകിയത്. രണ്ടു മാസം മുമ്പ് പാർട്ടി അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായി ശശി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഷുക്കൂർ വധക്കേസിൽ പി.ജയരാജൻ അറസ്റ്റിലായപ്പോൾ എം വി ജയരാജൻ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിക്ക് തൊട്ടുതാഴെയുള്ള അംഗമാണ് എം.വി ജയരാജൻ. കണ്ണൂരിൽനിന്നുള്ള മറ്റു സംസ്ഥാനകമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയപ്പോഴും ജയരാജനെ നിലനിർത്തുകയായിരുന്നു. ഇത് ജില്ലാ സെക്രട്ടറിയാക്കാൻ കൂടി വേണ്ടിയായിരുന്നു. അച്ചടക്കനടപടിക്കുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തിയ പി. ശശി വീണ്ടും ജില്ലാ കമ്മറ്റിയിൽ എത്തും. തിങ്കളാഴ്ച ചേരുന്ന ജില്ലാകമ്മിറ്റിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തും. ഇക്കാര്യത്തിൽ ജില്ലാനേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ആഴ്ചകൾക്കുമുമ്പ് അനുമതി തേടിയിരുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

ഇതിനൊപ്പം പി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയും. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനകമ്മിറ്റി അംഗവുമായ എം വി ജയരാജൻ ജില്ലാസെക്രട്ടറിയുടെ ചുമതലയേൽക്കും. പെരുമാറ്റദൂഷ്യ ആരോപണത്തിന്റെ പേരിൽ 2011-ലാണ് പി. ശശിയെ മാറ്റി പി. ജയരാജൻ ജില്ലാ സെക്രട്ടറിയാവുന്നത്. 2011 ജൂലായിൽ ശശിയെ പുറത്താക്കി. സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയത നിലനിന്ന സാഹചര്യം കൂടിയായിരുന്നു അത്. ശശിക്കെതിരേ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ നൽകിയ കേസിൽ 2016-ൽ അദ്ദേഹം കുറ്റവിമുക്തനായി. തുടർന്ന് അദ്ദേഹത്തെ തലശ്ശേരി കോടതി അഭിഭാഷക ബ്രാഞ്ചിൽ ഉൾപ്പെടുത്തി. അഭിഭാഷകരുടെ സംഘടനയായ ഡെമോക്രാറ്റിക് ലോയേഴ്സ് യൂണിയന്റെ ജില്ലാ പ്രസിഡന്റുമായി.

പാർട്ടിയിൽനിന്ന് പുറത്തായശേഷം അഭിഭാഷകൻ എന്നനിലയിൽ പാർട്ടിയുടെ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിരുന്നു. ഗ്ലോബൽ ലോയേഴ്സ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിനും നേതൃത്വം നൽകി. അതിനിടെ, വിദൂരവിദ്യാഭ്യാസത്തിലൂടെ എം.ബി.എ. ബിരുദമെടുത്തു. തുടർന്നു ജേണലിസത്തിൽ ബിരുദാനന്തരബിരുദവും നേടി. പുറത്താകുമ്പോൾ സിപിഎം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഈ പദവിയും ശശിക്ക് ഉടൻ തിരിച്ചു കിട്ടുമെന്നാണ് സൂചന. പാർട്ടിയിൽ നിന്നു പുറത്തായതിനു ശേഷം അഭിഭാഷകനായി ജോലിയാരംഭിച്ച ശശി മാവിലായിയിൽ നിന്നു തലശ്ശേരിയിലേക്കു താമസം മാറ്റിയിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ശശിയെ മത്സരിപ്പിക്കാനും സാധ്യത ഏറെയാണ്. കണ്ണൂരിൽ പിണറായി വിജയന്റെ അതിവിശ്വസ്തനാണ് ശശി. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇകെ നയനാരുടെ പൊളിട്ടിക്കൽ സെക്രട്ടറിയായിരുന്നു ശശി. അന്ന് ഭരണം നിയന്ത്രിച്ചതും സംസ്ഥാന സമിതി അംഗം കൂടിയായിരുന്ന ശശിയായിരുന്നു. ഇതിന് ശേഷം പിണറായിയുടെ വിശ്വസ്തനായി മാറി. അങ്ങനെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്.

അച്ചടക്കനടപടിക്കു ശേഷവും സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ശശിക്കു പാർട്ടിയുമായി ബന്ധപ്പെട്ട കേസുകളിൽ വക്കാലത്ത് ലഭിച്ചിരുന്നു. ടിപി വധക്കേസ്, കതിരൂർ മനോജ് വധക്കേസ് എന്നിവയടക്കമുള്ള കേസുകളിൽ ശശി പാർട്ടിപ്രവർത്തകർക്കായി കോടതിയിൽ ഹാജരായി. 2015ൽ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റിയിലും ശശിയെ ഉൾപ്പെടുത്തിയിരുന്നു. പാർട്ടിയിൽ ശശിയെ തിരിച്ചെടുക്കുന്നതിന്റെ സൂചനയായിരുന്നു ഇത്. അതിനിടെ ശശിക്കെതിരെ പാർട്ടിക്കു പരാതി നൽകിയ രണ്ടുപേർക്കെതിരെയും പാർട്ടി നടപടിയെടുത്തു. ആദ്യം പരാതി നൽകിയ സി.കെ.പി.പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ചു പാർട്ടി സംസ്ഥാന സമിതിയിൽ നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്‌ത്തി. പരാതി നൽകിയ ഡിവൈഎഫ്ഐ ജില്ലാ നേതാവ് ഇപ്പോൾ പാർട്ടിക്കു പുറത്താണ്.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പാർട്ടിക്ക് അതീതനായി വളരുന്നുവെന്നു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നുണ്ടായിരുന്നു. ഇക്കാര്യത്തിൽ പിണറായി സംതൃപ്തനുമല്ല. ഈ സാഹചര്യത്തിലാണ് ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത്. ശശി എംപിയാകുമ്പോൾ എംവി ജയരാജനെ പകരം സെക്രട്ടറിയാക്കും. ഭരണപരിജ്ഞാനവും രാഷ്ട്രീയപാടവവും ഒത്തിണങ്ങുന്ന ശശി കണ്ണൂരിൽ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു. ഇതിനിടെയാണ് ശശിയെ കുഴക്കാൻ ലൈംഗിക വിവാദമെത്തിയത്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, കർഷസംഘം ജില്ലാ സെക്രട്ടറി, സിപിഎം. ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ രാഷ്ട്രീയരംഗത്ത് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുന്മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി, കെ.എസ്.എഫ്.ഇ. ചെയർമാൻ, റെയ്ഡ്കോ ചെയർമാൻ എന്നീ ഭരണപരമായ പദവികളും വഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP