Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരായ വിദ്വേഷ പ്രചരണം: കുറ്റവാളികൾക്കെതിരെ നടപടി എടുക്കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ പ്രകടനം നടത്തി

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരായ വിദ്വേഷ പ്രചരണം: കുറ്റവാളികൾക്കെതിരെ നടപടി എടുക്കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ പ്രകടനം നടത്തി

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂണിയൻ ചെയർമാനെതിരെയുള്ള സസ്പെൻഷൻ നടപടി പിൻവലിക്കുക, ആശുപത്രി വികസന സമിതി നടത്തിയ രാജ്യദ്രോഹ പരാമർശം തിരുത്തി മാപ്പ് പറയുക, സംഘ് പരിവാർ താൽപര്യത്തിന് കീഴടങ്ങുന്ന പ്രിൻസിപ്പാളിനും അദ്ധ്യാപകർക്കും എതിരെ നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കോളേജ് കവാടത്തിന് മുൻവശത്ത് വെച്ച് പൊലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മാസങ്ങൾക്ക് മുമ്പ് ഡോ. കഫീൽ ഖാൻ പങ്കെടുത്ത പരിപാടിയെ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആശുപത്രി വികസന സമിതിയുടെ ആവശ്യവും വിഷയത്തെ വികലമാക്കി ചിത്രീകരിക്കുന്ന സംഘ്പരിവാർ മാധ്യമങ്ങളുടെ പ്രചാരണങ്ങളും ഗൂഢോദ്ദേശ്യപരമാണ്. മെഡിക്കൽ കോളേജിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രാജ്യവിരുദ്ധമുദ്ര ചാർത്തി അപമാനിക്കുന്നത് പ്രതിഷേധാർഹമാണ്. പത്തു മാസങ്ങൾക്കു മുമ്പ് നടന്ന സംഭവത്തെ ഇപ്പോൾ വിവാദവിഷയമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യങ്ങളാണ് വർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തിയും ഭീതിയുടെയും പരസ്പര സംശയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചും അപരവിദ്വേഷവും വിഭാഗീയതയും വംശീയമനോഭാവങ്ങളും വളർത്തിയെടുക്കുക എന്ന ഫാഷിസ്റ്റ് രാഷ്ട്രീയമാണ് കോഴിക്കോട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പയറ്റിക്കൊണ്ടിരിക്കുന്നത്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈ സവിശേഷ സ്വഭാവത്തെ തിരിച്ചറിയാൻ സംഘവിരുദ്ധ പക്ഷത്തു നിലയുറപ്പിക്കുന്നവർക്ക് പോലും സാധിക്കാതെ വരുന്നത് നിർഭാഗ്യകരമാണ്. ഇത് തിരിച്ചറിയുകയും ജനാധിപത്യപരമായി പ്രതിരോധിക്കുകയും ചെയ്യാൻ പൊതുസമൂഹത്തിന് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറിമാരായ ലബീബ് കായക്കൊടി , ബാസില ഐ.കെ എന്നിവർ സംസാരിച്ചു. തുടർന്ന് സമാധാനപരമായി സമരം നടത്തി പിരിഞ്ഞു പോവുകയായിരുന്ന നേതാക്കന്മാർ അടക്കം 13 പ്രവർത്തകരെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തു. പിന്നീട് അവരെ ജാമ്യത്തിൽവിട്ടു.

ഭരണകൂട വേട്ട കൊണ്ട് നീതിക്കു വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമർത്താമെന്ന് കരുതരുത്. നീതിക്കുവേണ്ടിയുള്ള സമരങ്ങൾക്കൊപ്പം ഫ്രറ്റേണിറ്റി ഉണ്ടാകുമെന്നും പിന്നീട് ജില്ലാ പ്രസിഡണ്ട് റഹീം ചേന്ദമംഗലൂർ പ്രതികരിച്ചു. സമരം നയിച്ച മെഡിക്കൽ കോളേജ് യൂണിയനും ,വിദ്യാർത്ഥികൾക്കും അറസ്റ്റ് വരിച്ച ഫ്‌റ്റേണിറ്റി യുടെ സമരപോരാളികൾക്കും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ബർജീസ്, അമീർ അലി കാക്കൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP