Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം സുപ്രീം കോടതി റിട്ട. ജസ്റ്റീസായി ആൾമാറാട്ടം ! ഇറിഡിയം തട്ടിപ്പ് കേസിൽ നാലു മാസം റിമാൻഡിൽ കഴിഞ്ഞതിന് പിന്നാലെ ബാലകൃഷ്ണ മേനോനെ വീണ്ടും കുരുക്കിയത് 70 ലക്ഷത്തിന്റെ വമ്പൻ തട്ടിപ്പ്; 14 പേരിൽ നിന്നും അഞ്ചു ലക്ഷം വീതം തട്ടിയെടുത്തത് തമിഴ്‌നാട്ടിലേയും കേരളത്തിലേയും മെഡിക്കൽ കോളേജുകളിൽ സീറ്റ് വാങ്ങിക്കൊടുക്കാമെന്ന് വാദ്ഗാനം ചെയ്ത്; തട്ടിപ്പ് വീരന്റെ പുത്തൻ 'ഒടിവിദ്യ' കൈയോടെ പിടികൂടിയപ്പോൾ

ആദ്യം സുപ്രീം കോടതി റിട്ട. ജസ്റ്റീസായി ആൾമാറാട്ടം ! ഇറിഡിയം തട്ടിപ്പ് കേസിൽ നാലു മാസം റിമാൻഡിൽ കഴിഞ്ഞതിന് പിന്നാലെ ബാലകൃഷ്ണ മേനോനെ വീണ്ടും കുരുക്കിയത് 70 ലക്ഷത്തിന്റെ വമ്പൻ തട്ടിപ്പ്; 14 പേരിൽ നിന്നും അഞ്ചു ലക്ഷം വീതം തട്ടിയെടുത്തത് തമിഴ്‌നാട്ടിലേയും കേരളത്തിലേയും മെഡിക്കൽ കോളേജുകളിൽ സീറ്റ് വാങ്ങിക്കൊടുക്കാമെന്ന് വാദ്ഗാനം ചെയ്ത്; തട്ടിപ്പ് വീരന്റെ പുത്തൻ 'ഒടിവിദ്യ' കൈയോടെ പിടികൂടിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ഏറെ നാളുകൾക്ക് മുൻപ് സുപ്രീം കോടതി റിട്ട. ജസ്റ്റീസായി ആൾമാറാട്ടം നടത്തിയതിന് പിന്നാലെ ഏവരും ശ്രദ്ധിച്ച ഒരു പേരായിരുന്നു ബാലകൃഷ്ണ മേനോൻ എന്നത്. നാലു മാസം മുൻപ് ഇറിഡിയം തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ ഇപ്പോൾ 70 ലക്ഷം രൂപയുടെ വമ്പൻ തട്ടിപ്പ് കേസിൽ പിടിയിലായിരിക്കുകയാണ് ഇദ്ദേഹം.

തമിഴ്‌നാട്ടിൽ വച്ചാണ് ബാലകൃഷ്ണ മേനോൻ  അറസ്റ്റിലായത്. തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയവർക്ക്  ഇയാൾ 20 ലക്ഷം രൂപ തിരികെ നൽകിയതിന് പിന്നാലെ ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെന്നൈയിൽ താമസിച്ച് എല്ലാ ദിവസവും സ്‌റ്റേഷനിൽ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ബാലകൃഷ്ണ മേനോന് ജാമ്യമനുവദിച്ചത്.

ഇറിഡിയം ഇടപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് നാലുമാസം മുൻപാണ് തമിഴ്‌നാട്ടിലെ വിഴുപ്പുറത്ത് ബാലകൃഷ്ണ മേനോൻ അറസ്റ്റിലാകുന്നത്. ഇയാൾ കേസിൽ മൂന്നു മാസത്തോളം റിമാൻഡിൽ കഴിഞ്ഞു. കേസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് വമ്പൻ തട്ടിപ്പ് കേസിൽ പിടിയിലായിരിക്കുന്നത്.

മെഡിക്കൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് തട്ടിയത് 70 ലക്ഷം

തമിഴ്‌നാട്ടിലെയും കേരളത്തിലെയും മെഡിക്കൽ കോളേജുകളിൽ സീറ്റ് വാങ്ങി ക്കൊടുക്കാമെന്നുപറഞ്ഞ് 14 പേരിൽനിന്ന് അഞ്ചുലക്ഷം രൂപ വീതം വാങ്ങിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. പരാതിക്കാരിൽ നാലുപേർക്ക് അഞ്ചുലക്ഷം രൂപവീതമുള്ള ചെക്കുകൾ ഇയാൾ മടക്കിനൽകി. ഇതിനായി വിഴുപ്പുറം സ്വദേശിയുടെ പക്കൽനിന്ന് ഫെബ്രുവരി എട്ടിന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ തുക രണ്ടുമാസത്തിനകം തിരികെ നൽകാമെന്നാണ് കരാറുണ്ടാക്കിയിരുന്നത്.

ഇതു നൽകാതായതോടെയാണ് പരാതിക്കാർ പൊലീസിനെ സമീപിച്ചത്. ബാലകൃഷ്ണ മേനോനോടൊപ്പം മകനായി നടിച്ച് തട്ടിപ്പ് നടത്തിയ കുരിയച്ചിറ സ്വദേശിയെപ്പറ്റി കേന്ദ്ര രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. വിദേശത്ത് പണമിടപാട് തട്ടിപ്പ് നടത്തിയതിന് ഇയാൾ അവിടെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതിനുശേഷമാണ് തൃശ്ശൂരിലെത്തി ബാലകൃഷ്ണമേനോനൊപ്പം തട്ടിപ്പ് തുടർന്നത്. ഇയാൾ ഇപ്പോൾ നടത്തറയിൽ പണമിടപാട് സ്ഥാപനം നടത്തുകയാണ്.

മുമ്പു നടത്തിയ തട്ടിപ്പ് സ്ഥാപനം പൂട്ടിയാണ് പുതിയതു തുടങ്ങിയത്. ഇതിനായി മാർബിൾ കമ്പനി ഉടമയുടെ രണ്ടുകോടി തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. ഇയാൾ അരക്കോടിയുടെ നിരോധിച്ച നോട്ടുമായി 2017 ജൂലായ് അഞ്ചിന് ചേർത്തല പൊലീസിന്റെ പിടിയിലായിരുന്നു.

ബാലകൃഷ്ണ മേനോൻ എന്ന തട്ടിപ്പ് വീരൻ

തട്ടിപ്പുക്കേസിൽ തമിഴ്‌നാട്ടിൽ അറസ്റ്റിലായതോടെയാണ് കെ.ബാലകൃഷ്ണ മേനോന്റെ കള്ളക്കഥകൾ പുറം ലോകമറിയുന്നത്. സുപ്രീം കോടതിയിൽ നിന്ന് ജഡ്ജിയായി വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുന്നതായി നാട്ടുകാരെ ആദ്യം വിശ്വസിപ്പിച്ചു. നാട്ടിലെ അഭിഭാഷകർക്ക് ആദ്യമേ സംശയം തോന്നി പരാതികൾ അയച്ചിരുന്നു. പിന്നെ, ജഡ്ജി പദവിയെക്കുറിച്ച് മിണ്ടാട്ടമില്ലാതെയായി.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥി, തമിഴ്‌നാട് ഗവർണറാകും, മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ തുടങ്ങി വിവിധ കാര്യങ്ങൾ പറഞ്ഞ് ആളുകളെ കയ്യിലെടുക്കുകയാണ് പതിവ്. ചോദിക്കുന്നവർക്കെല്ലാം പിരിവ് നൽകും. ഇതോടെ, പിന്തുണയും കൂടി. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ കേസിൽ കുടുങ്ങിയത്. അളഗപ്പനഗർ പഞ്ചായത്തിലെ തണൽ സംഘടനയിലെ വയോധികരിൽനിന്ന് 1500 രൂപയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് വിമാനയാത്രയും കന്യാകുമാരി വിനോദയാത്രയും വാഗ്ദാനം ചെയ്ത് പണം വാങ്ങിയിരുന്നു.

പിന്നീട്, യാത്ര നടക്കാതെ വന്നപ്പോൾ ആളുകൾ ഏറെ കഷ്ടപ്പെട്ടാണ് പണം തിരിച്ചുകിട്ടിയത്. കണ്ടെടുത്ത രേഖകളിൽ പലതിലും ബാലകൃഷ്ണമേനോന്റെ ഇനീഷ്യൽ വേറെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിഗ്രഹ വിൽപനയുടെ തെളിവുകളും കണ്ടെടുത്തു. തൃശൂരിലെ മിക്ക രാഷ്ട്രീയ പാർട്ടി പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അറസ്റ്റിലായ ബാലകൃഷ്ണമേനോൻ. ധൂർത്തടിച്ചിരുന്ന പണത്തിന്റെ ഉറവിടം പൊലീസ് അന്വേഷിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP