Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് ആസ്ഥാനത്തെ ഈ മെയിൽ ചോർത്തൽ കേസ്; വ്യാജ രേഖകളുടെ ഫോറൻസിക് ലാബ് റിപ്പോർട്ട് മാർച്ച് 13ന് ഹാജരാക്കാൻ കോടതി ഉത്തരവ്; കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകയും

പൊലീസ് ആസ്ഥാനത്തെ ഈ മെയിൽ ചോർത്തൽ കേസ്; വ്യാജ രേഖകളുടെ ഫോറൻസിക് ലാബ് റിപ്പോർട്ട് മാർച്ച് 13ന് ഹാജരാക്കാൻ കോടതി ഉത്തരവ്; കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകയും

പി നാഗരാജ്‌

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഈമെയിൽ ചോർത്തൽ കേസിലുൾപ്പെട്ട വ്യാജരേഖകളുടെ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട് മാർച്ച് 13 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. 2012 ൽ പരിശോധനക്കയച്ച രേഖകളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് 2019 ആയിട്ടും ഹാജരാക്കാത്തതിനെ സിജെഎം എ. എസ്. മല്ലിക രൂക്ഷമായി വിമർശിച്ചു. കേസിലെ പല രേഖാമൂലമുള്ള തെളിവുകളും കേസ് ഫയലിൽ കാണാനില്ലെന്ന് തുറന്ന കോടതിയിൽ മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടി.

അതേ സമയം കേസ് പിൻവലിക്കണമെന്നും പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയയക്കണമെന്ന വാദം വീണ്ടും സർക്കാർ അഭിഭാഷക ബീന കോടതിയിൽ ആവർത്തിച്ചു. വ്യാജരേഖ എന്നൊന്ന് കേസിലില്ലെന്നും അവർ വാദിച്ചു. അതേ സമയം മതസ്പർദ്ധ , നിരോധിത സംഘടനയിലെ അംഗമാകൽ എന്നീ കുറ്റങ്ങൾക്ക് മുൻകൂർ പ്രോസിക്യൂഷൻ അനുമതി മുൻകാല പ്രാബല്യത്തോടെ ലഭ്യമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മതസ്പർദ്ധ , രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തിയുള്ള കേസുകളിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് ജില്ലാ കളക്ടറിൽ നിന്നും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 196 പ്രകാരം പ്രോസിക്യൂഷൻ അനുമതി വാങ്ങേണ്ടതുണ്ട്. ഈ കേസിൽ ക്രൈം ബ്രാഞ്ച് കൃത്യ വിലോപം കാട്ടിയതായാണ് സർക്കാർ കോടതിയിൽ വാദിച്ചത്. പ്രധാന വകുപ്പിൽ പ്രോസിക്യൂഷൻ അനുമതി വാങ്ങാതെ കുറ്റപത്രം സമർപ്പിച്ചതിനാൽ കുറ്റപത്രത്തിൽ പറയുന്ന മറ്റ് 10 വകുപ്പുകൾക്ക് പ്രതികളെ വിചാരണ ചെയ്യാനാവില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു. അതിനാൽ കേസ് ഉടൻ പിൻവലിക്കാൻ അനുവദിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നും സർക്കാർ വാദിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരം സമർപ്പിച്ച സർക്കാരിന്റെ പിൻവലിക്കൽ

ഹെഡ്ക്വാർട്ടേഴ്‌സിലെ കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൽ നിന്നും രേഖകൾ ചോർത്തി മതസ്പർദ്ധയുണ്ടാക്കി വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ക്രൈം ബ്രാഞ്ച് ആണ് കുറ്റപത്രം സമർപ്പിച്ചത്. ഹൈടെക് സെല്ലിലെ റിസർവ്വ് സബ്ബ് ഇൻസ്‌പെകർ ബിജു സലിം, നേമം പഴയ കാരക്കാ മണ്ഡപം പത്തുമുറി ലെയിനിൽ ഡോ: ദസ്തക്കീർ , ചാല അട്ടക്കുളങ്ങര പത്തരത്ത് കോമ്പൗണ്ടിൽ ഷാനവാസ് , ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വൈജയന്ത് വീട്ടിൽ വിജു. വി.നായർ, മുക്കം വില്ലേജിൽ ചേന്നമംഗലം കുന്നുമാന്തൊടി വീട്ടിൽ അബ്ദു റഹ് മാൻ , കോഴിക്കോട് കൊളത്തറ മാർസ് ഹൗസിൽ പി.കെ. പാറക്കടവ് എന്ന മുഹമ്മദ് എന്നിവരാണ് വർഗ്ഗീയ വിദ്വേഷ കേസിലെ 6 പ്രതികൾ. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിന് കൂടിയാണ് ഡോക്ടറെ പ്രതിചേർത്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 409 ( പൊതുസേവകർ കുറ്റകരമായ വിശ്വാസ ലംഘനം നടത്തൽ ) , 381 ( യജമാനന്റെ കൈവശത്തിലുള്ള വസ്തു ഭൃത്യൻ മോഷണം ചെയ്യൽ ) , 465 ( വ്യാജ നിർമ്മാണം ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 (വ്യാജ നിർമ്മിത ഇലക്ട്രോണിക് റെക്കോർഡ് അസ്സൽ പോലെ ഉപയോഗിക്കൽ ) , 477 എ ( കണക്കുകളുടെ വ്യാജീകരണം ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ ) , 212 ( ശിക്ഷയിൽ നിന്ന് രക്ഷിക്കാനായി കുറ്റക്കാർക്ക് അഭയം നൽകലും ഒളിവിൽ പാർപ്പിക്കലും ) , 218 ( ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു സേവകൻ തെറ്റായ റെക്കോർഡ് രൂപപ്പെടുത്തൽ) , 153- എ (വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ ഉള്ള മതസൗഹാർദ്ദം തകർത്ത് വർഗ്ഗീയ കലാപത്തിനുള്ള കൃത്യങ്ങൾ ചെയ്യൽ ) , 120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 1966 ലെ പൊലീസ് സേന (അവകാശങ്ങളുടെ നിയന്ത്രണം )

നിയമത്തിലെ വകുപ്പ് 4 , 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമത്തിലെ വകുപ്പുകളായ 10 ( നിയമവിരുദ്ധ കൃത്യങ്ങൾ ചെയ്യുന്ന സംഘത്തിൽ അംഗമാകൽ ) , 41 ( നിരോധിത സംഘടനയിൽ അംഗമായി തുടരൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 2015 ഒക്ടോബർ 12 നാണ് കുറ്റപത്രം സമർപ്പിച്ചത്.ഇവയിൽ മതസ്പർദ്ധ , നിരോധിത സംഘടനയിൽ അംഗമാകൽ എന്നീ കുറ്റങ്ങൾക്കാണ് കുറ്റപത്രം സമർപ്പിക്കും മുമ്പ് ജില്ലാ കളക്ടറുടെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി , ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 196 പ്രകാരം , ക്രൈംബ്രാഞ്ച് വാങ്ങേണ്ടിയിരുന്നത്. മുൻകൂർ പ്രോസിക്യൂഷൻ അനുമതി കൂടാതെ ഈ രണ്ടു വകുപ്പുകൾക്ക് പ്രതികളെ വിചാരണ ചെയ്യാൻ കോടതിക്കാവില്ല. ഈ നിയമ തടസ്സം മറി കടക്കാൻ പ്രോസിക്യൂഷൻ അനുമതി കൂടിയേ സാധ്യമാവുകയുള്ളു.

2012 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് മുസ്ലിം മത വിഭാഗക്കാരായ രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവർത്തകരുടെയും മറ്റു മുസ്ലിം സമുദായക്കാരുടെയും ഈ മെയിൽ ചോർത്തുന്നുവെന്ന് കളവായി സ്ഥാപിച്ചെടുക്കാൻ വ്യാജ രേഖകൾ തയ്യാറാക്കി മാധ്യമം വാരികക്ക് നൽകുകയും വാരികയിൽ അത് പ്രസിദ്ധീകരിച്ച് സംസ്ഥാനത്തെ മതസൗഹാർദ്ദം തകർത്ത് മുസ്ലിം മതവികാരം ആളിക്കത്തിച്ച് വർഗ്ഗീയ കലാപത്തിന് ശ്രമിച്ചുവെന്നാണ് കേസ്. അതിലേക്കായി ഇന്റ്റലിജന്റ്റ്‌സ് അഡീ.ഡി.ജി.പിയുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ചതായും ക്രൈംബ്രാഞ്ച് സി ജെ എം കോടതിയിൽ 2015 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്‌പിയുടെ മേലൊപ്പ് വ്യാജമായി നിർമ്മിച്ചതായും കുറ്റപത്രത്തിലുണ്ട്.

പൊലീസ് ആസ്ഥാനത്തെ അടിയന്തിര ഇടപെടൽ കൊണ്ടു മാത്രമാണ് വർഗ്ഗീയ ലഹളയുണ്ടാകാത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. 2012 ജനുവരി 24 ന് ഹൈടെക് ക്രൈം എൻക്വയറി സെൽ അസിസ്റ്റന്റ്റ് കമാൻഡന്റ്റ് ആണ് സംഭവം കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. അന്ന് തന്നെ ബിജു സലിമിനെ സർവ്വീസിൽ നിന്നും സസ്‌പെന്റ്റ് ചെയ്തു.അന്ന് തന്നെ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. രണ്ടു പ്രതികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ്റ് ചെയ്യുകയും 5 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടു നൽകുകയും ചെയ്തിരുന്നു.കസ്റ്റഡിയിൽ വച്ചുള്ള തെളിവെടുപ്പിൽ പ്രതികളുടെ കെട്ടിടത്തിൽ നിന്നും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ലഘുലേഖകളും മാസികയും മറ്റും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. നിരോധിത തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നു.എന്നാൽ പ്രതികളുടെ ഉന്നത സ്വാധീനത്താൽ അന്വേഷണം അട്ടിമറിക്കപ്പെട്ടു.

ക്രിമിനൽ കേസിനൊപ്പം പൊലീസ് ഡിപ്പാർട്ട്‌മെന്റൽ എൻക്വയറി ആൻഡ് പണിഷ്‌മെന്റ്റ് നിയമ പ്രകാരം ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു.എൻ.ആർ.ഐ സെൽ എസ്‌പി ജെ.ക്രിസ്റ്റഫർ ചാൾസ് രാജ് ആണ് വാച്യാന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിഞ്ഞെന്ന് കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥൻ പി.ആർ മിനിറ്റ് സ് 2012ഒക്ടോബർ 16 ന് സമർപ്പിച്ചു.തുടർന്ന് വകുപ്പുതല നടപടിക്രമങ്ങൾ പൂർത്തിയായതോടെ 2015 ജനുവരി 7 ന് അന്നത്തെ ഡി ഐ ജിയുടെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് എബ്രഹാം ഇയാളെ സർവ്വീസിൽ നിന്നും മുൻകാല പ്രാബല്യത്തോടെ (സസ്‌പെൻഷൻ തീയതിയായ 2012 ജനുവരി 24 മുതൽ) സർവ്വീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി.

പ്രതികൾക്ക് ആഭ്യന്തര വകുപ്പിലുള്ള സ്വാധീനമാണ് രാജ്യ സുരക്ഷയെ ബാധിക്കുന്ന കറ്റകൃത്യം ആരോപിക്കുന്ന കേസ് വിചാരണ കൂടാതെ പിൻവലിക്കാൻ ഉള്ള സർക്കാർ ഉത്തരവിന് പിന്നിലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. 2015 ഒക്ടോബർ 12നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് കേസ് വിചാരണയിൽ രക്ഷപ്പെടാനുള്ള പഴുതുകളിട്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. 2017ൽ എൽ ഡി എഫ് സർക്കാരാണ് കേസ് പിൻവലിക്കാൻ ഉത്തരവിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP