Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമതയുടെ അനന്തിരവനായ അഭിഷേകിന് പ്രായം 31; മായാവതിയുടെ അനന്തിരവൻ ആകാശിന് 28; ലാലുവിന്റെ മകൻ തേജസ്വിക്ക് 28; ദേവഗൗഡയുടെ കൊച്ചുമകൻ രേവണ്ണക്ക് 28; ബാൽ താക്കറെയുടെ കൊച്ചുമകൻ ആദിത്യക്ക് 28; കുമാരസ്വാമിയുടെ മകന് നിഖിലിന് 28; ആർത്തിപ്പണ്ടാരങ്ങളായ മുതിർന്ന നേതാക്കൾ അധികാര കൈമാറ്റം നടത്തുന്നത് 30 തികയാത്ത പുതിയ തലമുറയ്ക്ക്: പണവും അധികാരവും കണ്ടു മടുത്ത കുട്ടിനേതാക്കൾ രാജ്യത്തിന്റെ വളർച്ചക്ക് വേണ്ടി ജീവിതം മാറ്റിവെക്കുമോ?

മമതയുടെ അനന്തിരവനായ അഭിഷേകിന് പ്രായം 31; മായാവതിയുടെ അനന്തിരവൻ ആകാശിന് 28; ലാലുവിന്റെ മകൻ തേജസ്വിക്ക് 28; ദേവഗൗഡയുടെ കൊച്ചുമകൻ രേവണ്ണക്ക് 28; ബാൽ താക്കറെയുടെ കൊച്ചുമകൻ ആദിത്യക്ക് 28; കുമാരസ്വാമിയുടെ മകന് നിഖിലിന് 28; ആർത്തിപ്പണ്ടാരങ്ങളായ മുതിർന്ന നേതാക്കൾ അധികാര കൈമാറ്റം നടത്തുന്നത് 30 തികയാത്ത പുതിയ തലമുറയ്ക്ക്: പണവും അധികാരവും കണ്ടു മടുത്ത കുട്ടിനേതാക്കൾ രാജ്യത്തിന്റെ വളർച്ചക്ക് വേണ്ടി ജീവിതം മാറ്റിവെക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മക്കൾ രാഷ്ട്രീയം എന്നത് കാലങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തിന് പുതുമയുള്ള കാര്യമല്ല. ജവഹർലാൽ നെഹ്രുവിന്റെ കാലം മുതൽ തുടങ്ങിയ രീതി ഇന്നും പിന്തുടർന്നു പോരുന്നു. മക്കൾ രാഷ്ട്രീയക്കാരാണെങ്കിലും രാഷ്ട്രീയത്തിൽ ശോഭിച്ചവരും ഏറെയുണ്ട്. ഇപ്പോൾ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികളിലും മാതാപിതാക്കൾ മക്കൾക്ക് വേണ്ടി രാഷ്ട്രീയ വഴി തുറന്നിരിക്കയാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മിക്ക രാഷ്ട്രീയ പാർട്ടികളിലുടെയും ചുമതലയേൽക്കാനായി യുവതലമുറ ഒരുങ്ങുകയാണ്. മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക്, മായാവതിയുടെ അനന്തിരവൻ ആകാശ്, ലാലു പ്രസാദിന്റെ മകൻ തേജസ്വിനി, ദേവഗൗഡയുടെ കൊച്ചുമകൻ രേവണ്ണ, ബാൽതാക്കറെയും കൊച്ചുമകൻ ആദിത്യ, കുമാരസ്വാമിയുടെ മകൻ നിഖിൽ തുടങ്ങിയവരാണ് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. അധികാര രാഷ്ട്രീയത്തിന്റെ സുഖലോലുപതകൾ അറിഞ്ഞു വളർന്ന ഇവർ രാജ്യത്തിന് വേണ്ടി മത്സര രംഗത്തുണ്ടാകുമോ എന്നാണ് അറിയേണ്ടത്.

മമത പ്രധാനമന്ത്രിയായാൽ മുഖ്യമന്ത്രി പദവി കൈയാളാൻ അനന്തിരവൻ അഭിഷേക്

വിവാഹം കഴിക്കാത്ത ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാഷ്ട്രീയ രംഗത്തെ തന്റെ പിൻഗാമിയായി കാണുന്നത് സഹോദരൻ അമിത് ബാനർജിയുടെ മകൻ അഭിഷേക് ബാനർജിയെയാണ്. 31കാരനായ അഭിഷേക് ബാനർജി 2014 മുതൽ സജീവ രാഷ്ട്രീയത്തിൽ ഉണ്ട്. പുതിയ രാഷ്ട്രീയത്തിന്റെ വക്താവായാണ് എംബിഎക്കാരനായ അഭിഷേഖ് അറിയപ്പെടുന്നത്. പ്രസംഗങ്ങൾ കൊണ്ട് ആളുകളെ കൈയിലെടുക്കുന്ന അഭിഷേഖ് പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്.

മമത പ്രധാനമന്ത്രി പദം ലക്ഷ്യമിടുമ്പോൾ സംസ്ഥാന ഭരണത്തിലെ പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. 16ാം ലോക്സഭയിൽ എംപിയായ അഭിഷേഖ് ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതേസമയം വിവാദ പരാമർശങ്ങൾ കൊണ്ടും അഭിഷേഖ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മാവോവാദിനേതാവ് കിഷൻജിയെ കൊലപ്പെടുത്തിയത് തൃണമൂൽസർക്കാറിന്റെ നേട്ടമാണെന്നമട്ടിൽ അഭിഷേക് ബാനർജി നടത്തിയ പരാമർശമാണ് വിവാദത്തിലായത്. എന്നാൽ, ഈ പരാമർശം രാഷ്ട്രീയമായി അറിവില്ലായ്മയെന്ന വിധത്തിൽ പലരും പറഞ്ഞു. പൊതുവേദിയിൽ വെച്ച് അഭിഷേഖിന് മർദ്ദനമേറ്റതും വാർത്താ പ്രധാന്യം നേടുന്നതായിരുന്നു. ഇതോടെ അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകിയാണ് സംരക്ഷിച്ചത്.

ബിഹാറിലെ പാർട്ടിയുടെ സ്റ്റിയറിങ് പിടിച്ച് തേജസ്വി യാദവ്

ലാലു പ്രസാദ് യാദവ് നട്ടുനനച്ചു വളർത്തിയ ആർജെഡി പാർട്ടിയെ അദ്ദേഹത്തിന്റെ അഭാവത്തിൽ നയിക്കുന്നതും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതും ഈ 29കാരനായ യുവാവാണ്. ക്രിക്കറ്റ് കളിക്കാരനാകാൻ പുറപ്പെട്ട് ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയാൻ തുനിഞ്ഞ അദ്ദേഹം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ പ്രബലനായ നേതാവാണ്. മുഖ്യമന്ത്രിമാരായ അച്ഛനും അമ്മക്കും പിറന്ന മകനും അധികം താമസിയാതെ മുഖ്യമന്ത്രി കസേരയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

ബിഹാറിലെ പ്രതിപക്ഷ നേതാവായ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് താനും. ലാലു പ്രസാദ് യാദവിന്റെ ഇളയ മകനാണ് അദ്ദേഹം. തന്റെ പിൻഗാമിയായി ലാലു പ്രസാദ് തേജസ്വിയെയാണു തിരഞ്ഞെടുത്തത്. വിശാലസഖ്യം ബിഹാർ ഭരിക്കുമ്പോൾ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മോദി സർക്കാറിനെതിരെ കർഷക ആത്മഹത്യയെക്കുറിച്ചും സ്ത്രീകൾക്ക് സുരക്ഷയില്ലാത്തതിനെ പറ്റിയും യുവാക്കളുടെ തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ ഉയർത്തിക്കൊണ്ടുവന്നാണ് തേജസ്വി യാദവ് താൻ പക്വമതിയായ രാഷ്ട്രീയക്കാനാണെന്ന് അദ്ദേഹം തെളിയിച്ചത്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണെന്ന് തുറന്നു പറഞ്ഞ നേതാവ് കൂടിയാണ് തേജസ്വി യാദവ്.

ബഹൻജിയുടെ പാർട്ടിയിലെ നയിക്കാൻ ലണ്ടൻ പഠനം കഴിഞ്ഞ അനന്തരവൻ

ബഹുജൻ സമാജ്വാദി പാർട്ടിയെ നയിക്കാനെത്തുന്ന പുതിയ മുഖമാണ് ആകാശ് ആനന്ദ് എന്ന 28കാരൻ. മായാവതിയുടെ അനന്തരവനാണ് ആനന്ദ്. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദിന്റെ മകനാണ് അദ്ദേഹം. ലണ്ടനിൽ നിന്നും എംബിഎ പഠനം കഴിഞ്ഞെത്തിയ അദ്ദേഹത്തിന് നിലവിൽ പാർട്ടിയിൽ പദവികൾ ഒന്നുമില്ല. എന്നാൽ, പാർട്ടി കാര്യങ്ങളിൽ നിർണായക സ്വാധീനം ഉണ്ട്. ബിഎസ്‌പിക്ക് വേണ്ടി പ്രചരണ തന്ത്രം മെനയുന്നത് അടക്കം ആകാശാണ്. കഴിഞ്ഞ ജനുവരി 15നു മായാവതിയുടെ പിറന്നാളിന് അഖിലേഷിനെ സ്വീകരിക്കാൻ മായാവതിക്കൊപ്പം എത്തി. ആകാശിന്റെ പിതാവ് ആനന്ദ് ബിഎസ്‌പി വൈസ് പ്രസിഡന്റായിരുന്നു. കുടുംബാംഗങ്ങൾ ആരും പാർട്ടിപദവിയിൽ വേണ്ടെന്ന നിലപാടിനെത്തുടർന്ന് അദ്ദേഹത്തെ മായാവതി കഴിഞ്ഞവർഷം പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കളം പിടിക്കാൻ പ്രജ്വൽ രേവണ്ണയും നിഖിൽ ഗൗഡയും

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ രണ്ടു മക്കളാണ് ആ പാർട്ടിയുടെ അമരത്തേക്ക് എത്താൻ ഒരുങ്ങുന്നത്. എച്ച്.ഡി. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണുയും കുമാര സ്വാമിയുടെ മകൻ നിഖിൽ ഗൗഡയും. പ്രജ്വൽ രേവണ്ണ കഴിഞ്ഞ എട്ടു വർഷമായി രാഷ്ട്രീയത്തിൽ സജീവമായിരിക്കയാണ് അദ്ദേഹം. ജനതാദൾ (എസ്) ജനറൽ സെക്രട്ടറി സ്ഥാനത്താണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കർണാടകയിൽ ഹാസൻ ജില്ല കേന്ദ്രമാക്കി പ്രവർത്തനം നടത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ ഹാസൻ കൊച്ചുമകനു നൽകുമെന്നു ദേവെഗൗഡയുടെ പ്രഖ്യാപിച്ചത്. ഇതോടെ ദേശീയ രാഷ്ട്രീയം ശ്രദ്ധിക്കുന്ന മുഖമായി പ്രജ്വൽ രേവണ്ണ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖിൽ ഗൗഡയാണ് ഇപ്പോൾ കന്നഡ മാധ്യമങ്ങളിലെ താരം. കന്നഡ സിനിമാ നടൻ കൂടിയായ നിഖിൽ പ്രജ്വലിന് ബദലായാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഈ വർഷം ആദ്യം രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം മാണ്ഡ്യ മണ്ഡലത്തിൽ നടി സുമലതക്കെതിരെ മത്സരിക്കാൻ ഒരുങ്ങുകയാണ്. സിനിമകളിലൂടെ തന്നെയാണ് നിഖിലിന്റെ രാഷ്ട്രീയ പ്രവേശനം. ജനുവരിയിൽ നിഖിലിനെ കർഷകരുടെ നായകനായി അവതരിപ്പിക്കുന്ന 'സീതാരാമ കല്യാണ' റിലീസ് ചെയ്തു.

രാഷ്ട്രീയത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത നിഖിൽ ഗൗഡ മണ്ഡ്യയിൽ മത്സരിക്കുന്നതാണ് കുടുംബങ്ങൾക്കിടയിൽ തർക്കങ്ങൾക്കിടയാക്കിയത്. കഴിഞ്ഞ 7 വർഷമായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങാൻ അരയും തലയും മുറുക്കി രേവണ്ണയുടെ മകൻ പ്രജ്വൽ രംഗത്തുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രജ്വൽ സീറ്റ് തേടിയിരുന്നു. സീറ്റ് ലഭിക്കാതെ വന്നപ്പോൾ ദളിൽ സ്യൂട്ട് കേസ് രാഷ്ട്രീയമാണെന്നു പരസ്യമായി ആരോപിക്കാനും പ്രജ്വൽ മുതിർന്നു. നിയമസഭാ സീറ്റു നൽകാതെ പകരം ദൾ ജനറൽ സെക്രട്ടറിയായി നിയമിച്ച ശേഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ച് ജനപിന്തുണ വർധിപ്പിക്കാനായിരുന്നു ദേവെഗൗഡയുടെ ഉപദേശം.ഇതിനിടെ മണ്ഡ്യയിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ച് നിഖിൽ രംഗത്തുവന്നതാണ് രേവണ്ണ കുടുംബം ചോദ്യം ചെയ്യുന്നത്. ദേവെഗൗഡയുടെ കുടുംബം ഒറ്റക്കെട്ടല്ലെന്നുള്ള മന്ത്രി ജി.ടി ദേവെഗൗഡയുടെ പ്രസ്താവനയാണ് കുടുംബവഴക്ക് വെളിച്ചത്തു കൊണ്ടുവന്നത്.

ശിവസേനയെ നയിക്കാൻ ബാൽ താക്കറെയുടെ കൊച്ചുമകൻ ആദിത്യ

ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും രാഷ്ട്രീയത്തിൽ സജീവമായിരിക്കയാണ്. ശിവസേനയുടെ യുവജനവിഭാഗമായ യുവസേനയുടെ അധ്യക്ഷനായ ആദിത്യയാണ് പാർട്ടിയിലെ ഇപ്പോഴത്തെ രണ്ടാമകൻ. പാർട്ടിയുടെ എല്ലാ നയപരമായ തീരുമാനങ്ങളും ആദിത്യ വഴിയാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടിയുടെ പുതിയ പ്രചരണ തന്ത്രങ്ങളിലും നിർണായക റോൾ ആദിത്യക്കുണ്ട്.

അച്ഛൻ ഉദ്ധവ് താക്കറെയെപ്പോലെ 'തീപ്പൊരി' ചിതറിയാണ് ആദിത്യ ശ്രദ്ധ നേടിയത്. രണ്ടാംവർഷ ബി എ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഭാഗമായുള്ള റോഹിൻട്രൺ മിസ്ട്രിയുടെ ' സച്ച് എ ലോംഗ് ജേണി' കത്തിച്ചാണ് ആദിത്യ തന്റെ രംഗപ്രവേശം അവിസ്മരണീയമാക്കിയത്. പുസ്തകം ശിവസേനയെ കരിവാരിത്തേക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കത്തിച്ചത്. പുസ്തകം ഉടനേ പിൻവലിച്ചില്ലെങ്കിൽ അപകടമായിരിക്കുമെന്ന ഭീഷണിയും മുഴക്കി. എന്തായാലും ഭീഷണി ഫലിച്ചു, സിലബ്ബസ്സിൽ നിന്നും ' സച്ച് എ ലോംഗ് ജേണി' ഔട്ട്!

തുടർന്ന് മറാത്താ മാധ്യമങ്ങൾ ആദിത്യയെ വാഴ്‌ത്തുകയായിരുന്നു. ' മഹാരാഷ്ട്രയുടെ രാഹുൽ ഗാന്ധി ' വരവറിയിച്ചു എന്നതുവരെയെത്തി കാര്യങ്ങൾ. തുടർന്ന് ബാൽ താക്കറെ ഔദ്യോഗികമായിത്തന്നെ ആദിത്യയെ അംഗീകരിക്കുകയായിരുന്നു. അച്ഛൻ ഉദ്ധവ് താക്കറെയുടേയും മുത്തച്ഛൻ ബാൽ താക്കറെയുടേയും അതേ പാത പിന്തുടരാൻ ആദിത്യ ഉദ്ദേശിക്കുന്നില്ല എന്നാണ് സൂചന. മറാത്താ വാദത്തിലും ഹൈന്ദവ വാദത്തിലും മാറ്റംവരുത്താനുദ്ദേശമില്ലെങ്കിലും മറാത്തയിലെ ചെറുപ്പക്കാരുടെ വികാരം കൂടി കണക്കിലെടുത്തുള്ള നീക്കമാണ് ആദിത്യയുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നത്. ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും മാറുന്ന യുവജനതയെ സേനയിലേക്ക് ആകർഷിക്കാൻ മിടുക്കനായിരുന്നു ആദിത്യ താക്കറെ. അച്ഛന്റേയും മുത്തച്ഛന്റേയും പാത പിന്തുടരുമോ അതോ മറാത്താ രാഷ്ട്രീയത്തിൽ തന്റേതായ പാത വെട്ടിത്തെളിച്ചു കഴിഞ്ഞു ആദിത്യ താക്കറെ.

ഡിജിറ്റലാകുന്ന മക്കൾ രാഷ്ട്രീയം

പ്രൊഫഷണൽ രാഷ്ട്രീയത്തിന്റെ വഴിയെ സഞ്ചരിക്കാനാണ് രാഷ്ട്രീയത്തിലെ പുതിയ തലമുറയ്ക്ക് താൽപ്പര്യം. പരമ്പരാഗത രാഷ്ട്രീയ വഴിയിൽ നിന്നും മാറി നടക്കാൻ പറ്റിയ അവസരം അവർ ഉപയോഗിക്കുകയും ചെയ്യുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ ടി രാമറാവു അടക്കം മക്കൾ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് മിടുക്കനായ ഭരണാധികാരിയായി മാറിയ വ്യക്തിയാണ്. എംഎസ്സി ബയോടെക്‌നോളജി ബിരുദധാരിയായ ഇദ്ദേഹം സംസ്ഥാനത്തെ വികസന പദ്ധതികളുടെ മുഖ്യ ചുമതലക്കാരനാണ്. തെലുങ്കാനയുടെ ഭാവി മുഖ്യമന്ത്രിയായ ഇദ്ദേഹം ഐ ടി കമ്പനികളെ വലിയ തോതിൽ ഹൈദരാബാദിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്.

അതേസമയം എാം കൊണ്ടും കണ്ടു പഠിക്കേണ്ട രസകരമായ മക്കൾ കുടുംബ രാഷ്ട്രീയമാണ് യു.പിയിൽ. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബമാണ് മുലായം സിംഗിന്റേത്. മകൻ അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയാണ്. കുടുംബത്തിൽ നിന്ന് എല്ലാവരുംതന്നെ രാഷ്ട്രീയത്തിലുണ്ട്. രു രാജ്യസഭാ അംഗം, ഒരു എംഎൽഎ, രണ്ട് എംഎൽസിമാർ, ജില്ലാ പഞ്ചായത്തു മുതൽ താഴേയ്ക്ക് പിന്നെയുമുണ്ട് മുലായം കുടുംബത്തിന്റെ പ്രാതിനിധ്യം.

കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും ലക്ഷ്യമിടുന്നതും മക്കൾ രാഷ്ട്രീയത്തിന്റെ വഴിയേയാണ്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ 'ഡിജിറ്റൽ ക്യാംെപയ്ൻ' ചുമതലയാണ് അനിൽഫൈസൽ ടീം ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം കേരളത്തിലും ഇപ്പോൾ അനിൽ ആന്റണി എത്തിയിട്ടുണ്ട്. യുഎസ് സർവകലാശാലകളിൽ പഠിച്ചവരാണ് ഇരുവരും. അനിൽ സ്റ്റാൻഫഡിൽനിന്നു മാനേജ്‌മെന്റ് സയൻസ് ആൻഡ് എൻജിനീയറിങ് ബിരുദധാരി. ഫൈസൽ ഹാർവഡ് എംബിഎ ബിരുദധാരിയുമാണ്.

കോൺഗ്രസിന്റെ തുറുപ്പു ചീട്ടായി പ്രിയങ്കയും

മക്കൾ രാഷ്ട്രീയത്തിന്റെ വഴിയിൽ ഏറ്റവും ഒടുവിൽ എത്തിയത് പ്രിയങ്ക ഗാന്ധിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ നേരിടാനുള്ള തുറുപ്പു ചീട്ടായി തന്നെ അവരെ ഉപയോഗിക്കുന്നുണ്ട്. മത്സര രംഗത്തേക്ക് ഇല്ലെങ്കിലും യുപിയിൽ ചുക്കാൻ പിടിക്കുക പ്രിയങ്കയാകും. സഹോദരൻ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായ ശേഷമാണ് പ്രിയങ്ക തെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലികളിലും പ്രിയങ്ക സജീവമാകില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കിഴക്കൻ യു.പിയുടെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ലഖ്നൗവിൽ കോൺഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പം പ്രിയങ്ക പങ്കെടുത്തിരുന്നെങ്കിലും റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ പ്രിയങ്ക മുന്നോട്ടുവന്നിരുന്നില്ല. വരുന്ന തെരഞ്ഞെടുപ്പ് റാലികളിലും പ്രിയങ്കയുടെ വലിയ സാന്നിധ്യം ഉണ്ടാകില്ലെന്നും റാലികളിൽ പങ്കെടുത്താൽ തന്നെ രാഹുലായിരുന്നു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കർട്ടന് പുറകിൽ നിന്ന് പ്രവർത്തിക്കുക എന്ന തന്ത്രമാണ് പ്രിയങ്കയെ ഉപയോഗിച്ച് കോൺഗ്രസ് പരീക്ഷിക്കുന്നതെന്നാണ് സൂചന. സംഘടന ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് യു.പിയിൽ പ്രിയങ്കക്കുള്ളത്. അടുത്തിടെ അമേഠിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ യു.പിയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചിരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈയൊരു ലക്ഷ്യത്തിന് വേണ്ടി തന്നെയായിരിക്കും രാഹുലിനൊപ്പം നിന്ന് പ്രിയങ്കയും പ്രവർത്തിക്കുക. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും രണ്ട് സീറ്റുകളിൽ വീതം മത്സരിക്കുന്നതിനാൽ തന്നെ ഇത്തവണ പ്രിയങ്ക ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങില്ലെന്ന് നേരത്തെ തന്നെ കോൺഗ്രസ് സൂചന തന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യസ്ഥാനാർത്ഥി പട്ടികയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP