Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വോട്ടെടുപ്പ് നടക്കുന്ന 23ന് കേരളത്തിലെ പത്രങ്ങളിലെല്ലാം ഫ്രണ്ട്‌പേജ് ജാക്കറ്റ് കളർ പരസ്യം നൽകി ഞെട്ടിക്കാൻ ബുക്കിങ് നടത്തി ഇടതുമുന്നണി; ബഹുരാഷ്ട്ര കോർപ്പറേറ്റ് സ്‌റ്റൈലിൽ കോടികൾ വാരിവിതറി ഇടതുപക്ഷത്തിന്റെ പരസ്യതന്ത്രം; കേന്ദ്രഫണ്ടിൽ പ്രതീക്ഷയർപ്പിച്ച് പ്രചാരണരംഗം കൊഴുപ്പിക്കാൻ ബിജെപിയും ബൂത്ത് തലത്തിൽ പിരിവിന് കോൺഗ്രസും; 75 ലക്ഷമേ സ്ഥാനാർത്ഥി ചെലവിടാവൂ എന്ന് പറയുമ്പോഴും കൊച്ചുകേരളത്തിൽ ഓരോ പാർട്ടിയും ചോർത്തുക ഇക്കുറിയും മുതലാളിമാരുടേയും ബാറുടമകളുടേയും കീശതന്നെ

വോട്ടെടുപ്പ് നടക്കുന്ന 23ന്  കേരളത്തിലെ പത്രങ്ങളിലെല്ലാം ഫ്രണ്ട്‌പേജ് ജാക്കറ്റ് കളർ പരസ്യം നൽകി ഞെട്ടിക്കാൻ ബുക്കിങ് നടത്തി ഇടതുമുന്നണി; ബഹുരാഷ്ട്ര കോർപ്പറേറ്റ് സ്‌റ്റൈലിൽ കോടികൾ വാരിവിതറി ഇടതുപക്ഷത്തിന്റെ പരസ്യതന്ത്രം; കേന്ദ്രഫണ്ടിൽ പ്രതീക്ഷയർപ്പിച്ച് പ്രചാരണരംഗം കൊഴുപ്പിക്കാൻ ബിജെപിയും ബൂത്ത് തലത്തിൽ പിരിവിന് കോൺഗ്രസും; 75 ലക്ഷമേ സ്ഥാനാർത്ഥി ചെലവിടാവൂ എന്ന് പറയുമ്പോഴും കൊച്ചുകേരളത്തിൽ ഓരോ പാർട്ടിയും ചോർത്തുക ഇക്കുറിയും മുതലാളിമാരുടേയും ബാറുടമകളുടേയും കീശതന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 23നു മിക്കപത്രങ്ങളുടെയും ഒന്നാംപേജ് മുഴുനീള കളർപരസ്യം ഇപ്പോഴേ ബുക്ക് ചെയ്ത് സകലരെയും ഞെട്ടിച്ച് ഇടതുമുന്നണി. ഒരു ലോക്സഭാ മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിക്ക് മുടക്കാവുന്ന തുകയുടെ പരിധി 75 ലക്ഷമാണെന്നിരിക്കേയാണ് ഈ നടപടിയെന്നോർക്കണം. എന്നാൽ ഈ ഔദ്യോഗിക പരിധി എല്ലാവരും ലംഘിക്കാറുണ്ടെന്നതാണ് യാഥാർഥ്യം.

ലക്ഷങ്ങൾ തന്നെയാണ് കേരളത്തിലെ മുഴുവൻ ജില്ലകളിലും മുഴുനീള ഒന്നാംപേജ് കളർ പരസ്യത്തിന് ഇടതുമുന്നണിക്ക് മാറ്റി വയ്‌ക്കേണ്ടി വരിക. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും കടത്തിവെട്ടുന്നതാണ് പണമിറക്കിക്കൊണ്ടുള്ള ഇടതുന്നണി നീക്കങ്ങൾ. ഇടതു സർക്കാർ വന്നശേഷം സർക്കാർ പരസ്യങ്ങൾക്കായി ചെലവിട്ട തുക തന്നെ കോടികൾ വരും. കേരളം സാമ്പത്തിക ഞെരുക്കത്തിലും പ്രളയ തകർച്ചയിലും കരകയറാതെ നട്ടംതിരിഞ്ഞു നിൽക്കുമ്പോഴുള്ള ഈ നടപടികൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

പണാധിപത്യത്തിന്റെ തിരഞ്ഞെടുപ്പ് മാമാങ്കമായി ലോക്സഭാ തിരഞ്ഞെടുപ്പ് മാറുകയാണ് എന്ന സൂചനയാണ് ഈ നീക്കങ്ങൾ നൽകുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അയ്യായിരം കോടിയോളം പൊതുഖജനാവിൽ നിന്ന് മുടക്കപ്പെട്ടേണ്ടി വന്നേക്കും. അതിനു ആനുപാതികമായി വരുന്ന തുകകൾ തന്നെയാവും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ മുടക്കുന്ന തുകയും. വളരെ നേരത്തെ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കുകയും തിരഞ്ഞെടുപ്പ് ഫണ്ടുകൾ ഒരുക്കുകയും ചെയ്ത പാർട്ടികൂടിയാണ് സിപിഎം. 20 ലോക്സഭാ മണ്ഡലങ്ങളുള്ള കേരളത്തിൽ പ്രമുഖ സ്ഥാനാർത്ഥിക്ക് മിനിമം 10 കോടി രൂപ മുടക്കേണ്ടി വരുമെന്നാണ് പുറത്തു വരുന്ന കണക്കുകൾ.

സംസ്ഥാനത്ത് കാൽ ലക്ഷത്തിലധികം ബൂത്തുകൾ തന്നെ നിലവിലുണ്ട്. ഒരു ബൂത്തിലേക്ക് 10000 രൂപ വകയിരുത്തിയാൽ തന്നെ ഒരു മുന്നണിക്ക് 25 കോടിയോളം രൂപ ചെലവ് വന്നേക്കും. ഇടയ്ക്കിടെ തുക വകയിരുത്തുമ്പോൾ ചെലവ് പതിന്മടങ് മുന്നോട്ടു പോവുകയും ചെയ്യും. സ്ഥാനാർത്ഥികളുടെ യാത്ര, പ്രചാരണ ചെലവ്, ഭക്ഷണം, വാഹനം, ബോർഡുകൾ തുടങ്ങി വൻ ചെലവ് വേറെയും വരും.

മറുനാടൻ മലയാളിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം സിപിഎമ്മിന്റെ ബ്രാഞ്ച് തലത്തിൽ നിന്നും 10000 രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകണമെന്നാണ് അറിയിപ്പ് എന്നാണ് ലഭിക്കുന്ന വിവരം. 25000 ബ്രാഞ്ച് കമ്മറ്റികൾ ഉള്ള പാർട്ടിയാണ് കേരളത്തിലെ സിപിഎം. ഈ രീതിയിലുള്ള ഫണ്ട് തന്നെ സിപിഎം സംസ്ഥാന തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്നാൽ ഈ തുക തന്നെ 25 കോടിയോളം രൂപ വരും. അനായാസമായി തിരഞ്ഞെടുപ്പ് ചെലവ് സിപിഎമ്മിന് നേരിട്ട് നടത്താനും ഈ ഫണ്ട് വഴി കഴിയും.

പാർട്ടി തലത്തിൽ നിന്നുള്ള ഫണ്ട് കൂടാതെ ഒട്ടനവധി ധനാഗമ മാർഗങ്ങൾ സിപിഎമ്മിന് വേറെയുമുണ്ട്. ഇത്തരം സംഭാവനകളിൽ നിന്നുള്ള കൃത്യമായ കണക്ക് ഉന്നത പാർട്ടി നേതൃത്വത്തിന്റെ കയ്യിൽ മാത്രമേ കാണുകയുമുള്ളൂ. എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും വെളിയിൽ പറയാൻ സിപിഎം തയ്യാറുമല്ല.

ഫണ്ട് പിരിവിനെക്കുറിച്ച് അങ്ങിനെ പറയാൻ കഴിയില്ല. ജനങ്ങൾ എന്താണ് നൽകുന്നത് അതാണ് തിരഞ്ഞെടുപ്പ് ഫണ്ട് -സിപിഎം സംസ്ഥാന സമിതിയംഗവും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അതാത് സ്ഥലത്ത് നിന്ന് പിരിക്കുന്ന തുകകൾ ഓരോ ലോക്സഭാ മണ്ഡലത്തിലും ഉപയോഗിക്കാനാണ് തീരുമാനം-ജയരാജൻ പറയുന്നു.

കേരളത്തിൽ ഫണ്ട് ക്രൈസിസ് നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ പാർട്ടിക്ക് ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഇല്ലാത്ത അവസ്ഥയിലാണ് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്.. ഈ സ്ഥിതിവിശേഷം കോൺഗ്രസിന് മുന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ ഈ കാര്യങ്ങൾ മറുനാടനോട് നിഷേധിക്കുന്നു.

ബൂത്ത് തലത്തിൽ തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കും. ഇത്തരം ഫണ്ടുകൾ അതാത് ലോക്സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങൾക്ക് ചെലവിടും. കോൺഗ്രസിന്റെ സംസ്ഥാന കമ്മറ്റിക്ക് ഈ ഫണ്ടിൽ നിന്നും വിഹിതമൊന്നും നൽകുന്നില്ല. അതുമല്ല ഇത്ര തുക ഓരോ ബൂത്തിൽ നിന്നും പിരിച്ചെടുക്കണം എന്ന ടാർജറ്റ് ഒന്നും കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. അതാത് തിരഞ്ഞെടുപ്പ് ഫണ്ട് പ്രവർത്തകർ തന്നെ സ്വരൂപിക്കും-കെ.മുരളീധരൻ പറയുന്നു.

തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യങ്ങൾ അങ്ങിനെ തുറന്നു പറയാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശും തയ്യാറല്ല. ലോക്സഭാ മണ്ഡലങ്ങൾക്ക് അനുസരിച്ചാണ് ഫണ്ട് പിരിവ്. ചില മണ്ഡലങ്ങളിൽ ഫണ്ട് കൂടുതൽ വേണ്ടി വരും. ചില മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ഫണ്ട് കുറവ് മതി. ബൂത്ത് തലത്തിലും മണ്ഡലം തലത്തിലും പണം സമാഹരിക്കാനാണ് പരിപാടി. സംസ്ഥാന കമ്മറ്റിക്ക് അതിന്റെ വിഹിതം ഒന്നും നൽകാൻ തീരുമാനിച്ചിട്ടില്ല.

അതാത് ഇടത്തുള്ള ഫണ്ട് അതാത് മണ്ഡലങ്ങളിൽ ചെലവിടുക. അതാണ് തീരുമാനം-എം ടി.രമേശ് മറുനാടൻ മലയാളിയോട് പറഞ്ഞു. ചില മണ്ഡലങ്ങളിൽ കേന്ദ്രത്തിൽ നിന്നുകൂടിയുള്ള സഹായം ബിജെപി പ്രതീക്ഷിക്കുന്നുണ്ട്-രമേശ് പറയുന്നു. പക്ഷെ പാർട്ടികൾ പറയുന്നത് ഒന്നുമല്ല തിരഞ്ഞെടുപ്പ് ചെലവ്. അത് പാർട്ടികൾ പലപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കണക്കുകൾ വേറെയുമാകും-പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ എ.ജയശങ്കർ പറയുന്നു.

മിനിമം പത്തുകോടി രൂപ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് പ്രധാന മണ്ഡലങ്ങളിൽ മുടക്കേണ്ടി വരും-ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. മറ്റു പാർട്ടികളെ അപേക്ഷിച്ച് കോൺഗ്രസിന് പണം അധികം വേണം. കാരണം പണം ലഭിക്കാതെ കോൺഗ്രസ് അണികൾ പ്രവർത്തിക്കില്ല.എഐസിസിയിൽ പഴയപോലെ പണം കോൺഗ്രസിന് ലഭിക്കുകയുമില്ല. അതും കോൺഗ്രസ് കണക്കിലെടുക്കേണ്ടി വരും.

പ്രധാന സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസിന് കൂടുതൽ കാശും വേണ്ടിവരും. ബിജെപിക്ക് പക്ഷെ കൂടുതൽ തിരഞ്ഞെടുപ്പ് ഫണ്ട് വരും. കേന്ദ്രത്തിൽ നിന്നും വൻ തുക തന്നെ ബിജെപിക്ക് ലഭിക്കും. തിരഞ്ഞെടുപ്പിന് ഒട്ടുവളരെ ദിവസങ്ങൾ മുന്നിലുമുണ്ട്. ഇതെല്ലാം പാർട്ടികളുടെ തിരഞ്ഞെടുപ്പ് ഫണ്ട് കാലിയാക്കുന്ന ഘടകങ്ങൾ ആണ്-ജയശങ്കർ പറയുന്നു.

2004ൽ നിന്ന് 2014 ൽ എത്തിയപ്പോൾ തെരഞ്ഞെടുപ്പ് ചെലവിൽ 385 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. 2004 ൽ രാജ്യത്തിലെ പ്രമുഖ എട്ടു പാർട്ടികൾക്ക് കൂടി 242 കോടി രൂപയാണ് സംഭാവന ലഭിച്ചതെങ്കിൽ 2014 ആയപ്പോഴേക്കും 328 ശതമാനം വർധിച്ച് തുക 1,037 കോടി രൂപയോളമായി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 35000 കോടിയോളം രൂപയോളം ചിലവഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് സെന്റർ ഫോർ മീഡിയ സ്റ്റഡീസ് പഠനം വെളിപ്പെടുത്തുന്നത്.

ഏകദേശം 7000-8000 കോടി രൂപയാണ് ഔദ്യോഗികമായി കണക്കാക്കിയ ചിലവെങ്കിലും ബാക്കി 27000 കോടി രൂപ കണക്കിൽ പെടാത്തതാണ് എന്നാണ് പഠനത്തിലെ വെളിപ്പെടുത്തൽ. 2014-ലെ പൊതു തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടി ചെലവാക്കിയ തുക ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, കുടുംബ ക്ഷേമം എന്നിവക്ക് വേണ്ടി കേന്ദ്രം ബജറ്റിൽ മാറ്റി വെച്ച തുകയോളം തന്നെ വരും എന്നാണ് ലഭിക്കുന്ന വിവരം. '

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP