Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കാമോ? ശബരിമലയെക്കുറിച്ച് കേരളത്തിലെ എല്ലാ വോട്ടർമാരും എന്നെന്നും ഓർത്തിരിക്കേണ്ട അഞ്ചേ അഞ്ച് കാര്യങ്ങൾ! ബിജു നായർ എഴുതുന്നു

ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കാമോ? ശബരിമലയെക്കുറിച്ച് കേരളത്തിലെ എല്ലാ വോട്ടർമാരും എന്നെന്നും ഓർത്തിരിക്കേണ്ട അഞ്ചേ അഞ്ച് കാര്യങ്ങൾ! ബിജു നായർ എഴുതുന്നു

ബിജു നായർ

വരുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായ ശബരിമലയെക്കുറിച്ച്, ഏറ്റവും അവസാനം പറഞ്ഞാ മതിയെന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ അയ്യപ്പ സ്വാമി സമ്മതിക്കണ്ടേ. ടിക്കാറാം മീണയുടെ ശബ്ദത്തിലൂടെ, തന്റെ കാര്യം മറക്കണ്ട എന്ന് എല്ലാവരേയും ഓർമ്മിപ്പിച്ചിരിക്കുകയാണ് നമ്മുടെ വീരമണികണ്ഠൻ.

പിന്നിനി ഞാനായിട്ടെന്തിന് മടിച്ച് നിക്കണത്. കലിയുഗവരദൻ എന്നിലൂടെ പറയാനാഗ്രഹിക്കുന്ന അഞ്ചേ അഞ്ച് ബുള്ളറ്റ് പോയിന്റുകളുമായി ഇതാ ഈ ഞാനും

1. ശബരിമല വിഷയം ലിംഗസമത്വത്തിന്റേതല്ല. കാരണം ശബരിമല ഒരു പൊതുസ്ഥലമല്ല എന്നുള്ളത് തന്നെ. അതുകൊണ്ട് തന്നെ ഭരണഘടനയുടെ ആർട്ടിക്കിൾ 15 മുന്നോട്ട് വയ്ക്കുന്ന ലിംഗസമത്വവും, ആർട്ടിക്കിൾ 17 പ്രകാരം നിരോധിച്ചിട്ടുള്ള തൊട്ടുകൂടായ്മയും ഒന്നും ശബരിമലയുടെ കാര്യത്തിൽ ബാധകമല്ല. ഇത് ഞാൻ പറയുന്നതല്ല. ഈ വിവാദ വിഷയത്തിൽ വിധി പറഞ്ഞ ഒരേയൊരു വനിതയായ, ജസ്റ്റിസ് ഇന്ദു മൽഹോത്ര പറയുന്നതാണ്.

ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു ദേശത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണമെങ്കിൽ, സമത്വത്തിന്റേയും വിവേചനമില്ലായ്മയുടേയും കൂടെ മതവിശ്വാസ സ്വാതന്ത്ര്യങ്ങളും ആരാധനാ സ്വാതന്ത്ര്യങ്ങളും സമീകൃതമായി ഉയർത്തി പിടിക്കപ്പെടണം. എന്നാലേ അത് ശരിയായ ഭരണഘടനാപരമായ ധാർമ്മികത അഥവാ Constitutional Morality ആകുകയുള്ളൂ. അതുകൊണ്ട് തന്നെ, വിശ്വാസ സ്വാതന്ത്ര്യം ഉയർത്തിപിടിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉം 26 ഉം ആണ്, 15 നേയും 17 നേയും കാൽ ഈ വിഷയത്തിൽ കൂടുതൽ ബാധകമാകുന്നത് എന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞ് വയ്ക്കുകയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര, തന്റെ ചരിത്ര പ്രസിദ്ധമാകാൻ പോകുന്ന വിധിന്യായത്തിലൂടെ(വിശദമായ വീഡിയോയും പോസ്റ്റും ഒന്നാം കമന്റിൽ).

അതുകൊണ്ട് തന്നെ, ശബരിമലയില് നമ്മള് പോരാടുന്നത് ഭരണഘടന ചവിട്ടി മെതിക്കാനല്ല. പിന്നെയോ ഭരണഘടനയുടെ ഏറ്റവും ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനാണ്. അത് നമ്മള് ഒരിക്കലും മറക്കരുത്.

2. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും, അന്യഥാ ഞങ്ങൾ ഈ വിഷയത്തിൽ നിരപരാധികളാണെന്നുമൊക്കെയുള്ള ഇടത് സർക്കാരിന്റെ പ്രചരണം പച്ചക്കള്ളമാണ്. പണ്ടേക്ക് പണ്ടേ കേരള സർക്കാർ ഹൈക്കോടതിയിൽ കൊടുത്തിരുന്നതും, ഈയ്യിടെ ഉമ്മൻ ചാണ്ടി സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ ശരിവച്ചതുമായ സത്യവാങ്ങ്മൂലം തികച്ചും ഏകപക്ഷീയമായി തിരുത്തി പറയുക വഴി, ബഹുജനാഭിപ്രായത്തെ അട്ടിമറിച്ച് കൊണ്ട് ഈ വിധി നേടിയെടുത്തത് തന്നെ ഇടത് സർക്കാരാണ്.

പിന്നീട് ഈ വിധി പുനഃപരിശോധനയ്ക്ക് വന്നപ്പോൾ, ഇതിലൊരു റിവ്യൂ ഇനി വേണ്ടെന്നുള്ള പ്രകോപനപരമായ നിലപാട് എടുത്തതും, നമ്മള് അമ്പത് പേരേ ഇപ്പോഴേ തന്നെ ശബരിമലയിൽ കയറ്റി കഴിഞ്ഞുവെന്നുള്ള കള്ള ലിസ്റ്റ് കൊടുത്തതുമെല്ലാം ഇടത് സർക്കാരിന്റെ ഈ നിഗൂഢ അജണ്ട, നമ്മുടെ മുമ്പിൽ പകൽ പോലെ പൊളിച്ച് കാട്ടിയതാണ്. അത് നമ്മള് ഒരിക്കലും മറക്കരുത്.

3. ശബരിമല വിഷയത്തിന്റെ ചുവട് പിടിച്ച് ഹിന്ദു മത വിശ്വാസങ്ങളേയും വികാരങ്ങളേയും വ്രണപ്പെടുത്തുന്ന രീതിയിലുള്ള പല വിധ പരസ്യ ഇടപെടലുകളും ഇടത് നേതാക്കന്മാരുടെ ഭാഗത്ത് നിന്ന് നമ്മൾ നേരിടേണ്ടി വന്നു. അവർ നമ്മുടെ ദേവതാ സങ്കല്പങ്ങളെ അധിക്ഷേപിച്ചു. വിശ്വാസിപ്രതിനിധികളായ ശബരിമല തന്ത്രിയേയും, രാജകുടുംബത്തേയും, മതനേതാക്കളേയും അവഹേളിച്ചു.

ഇനി അഥവാ കമ്മ്യൂണിസ്റ്റ്കാരുടെ നവോത്ഥാന നീക്കങ്ങൾ ആത്മാർത്ഥമായും സ്ത്രീ സമത്വത്തിന് വേണ്ടിയുള്ളത് ആയിരുന്നു എങ്കിൽ തന്നെ, സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ, 'അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം' എന്നുള്ള ഗുരുദേവ വാക്യമനുസരിച്ച്, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താതെയല്ലേ മുന്നോട്ട് കൊണ്ട് പോകേണ്ടിയിരുന്നത്.

അതിനുള്ള സഹാനുഭൂതി പോലും ഇന്നാട്ടിലെ ഹിന്ദുക്കളോട് കാണിക്കാതിരുന്ന സഖാക്കളുടെ ഈ നിലപാടുകൾ എല്ലാ വിശ്വാസികളോടുള്ള പരസ്യമായ വെല്ലുവിളി തന്നെയാണ്. അതിനെതിരേ നമുക്ക് നാമജപഘോഷയാത്രയും, അയ്യപ്പജ്യോതിയുമൊക്കെ നടത്താമെങ്കിലും, 'അടി ചെയ്യും ഗുണം അണ്ണൻ തമ്പിയും ചെയ്യില്ല എന്ന് പറഞ്ഞത് പോലെ', ബാലറ്റ് പേപ്പറിലൂടെയുള്ള മറുപടി പോലെ വരില്ല അതൊന്നും. അത് നമ്മള് ഒരിക്കലും മറക്കരുത്.

4. ശബരിമല വിഷയത്തിന്റെ ചുവട് പിടിച്ചുള്ള ഇടത് സർക്കാരിന്റെ നീക്കങ്ങളെല്ലാം തികച്ചും രാഷ്ട്രീയ പ്രേരിതം മാത്രമാണ്. സ്ത്രീകളോട് വഴിഞ്ഞൊഴുകുന്ന സ്‌നേഹമൊക്കെ വെറും പുകമറ മാത്രമാണെന്ന് പാർട്ടിക്കുള്ളിലെ സ്ത്രീപീഡന വിഷയങ്ങളിൽ പാർട്ടി എടുത്ത നിലപാടുകളും, നമ്മുടെ ബ്യുറോക്രസിയിലെ ഉന്നതരായ വനിതാ ഉദ്യോഗസ്ഥരോടുമുള്ള സർക്കാരിന്റെ നിലപാടുകളും, ഇടത് പക്ഷ സ്ഥാനാർത്ഥി പട്ടികയിലെ സ്ത്രീ പ്രതിനിധ്യവും ഒക്കെ നമുക്ക് പകൽ പോലെ വ്യക്തമാക്കിത്തരുന്നു.

യഥാർത്ഥത്തിൽ, ഭൂരിപക്ഷ സമൂഹത്തിൽ ജാതീയത പറഞ്ഞ് വിള്ളലുകൾ സൃഷ്ടിച്ചും, ഭൂരിപക്ഷം ഒന്നിക്കുന്നേ എന്നുള്ള ഉമ്മാക്കി കാട്ടി ന്യൂനപക്ഷ വോട്ടുകളെ ഏകീകരിച്ചും, അത്തരത്തിലുള്ള സോഷ്യൽ എഞ്ചിനീയറിങ് വഴി, യാതൊരു പണിയും ചെയ്യാതെ, കേരള നമ്പർ വൻ, എന്നൊക്കെയുള്ള ഫ്‌ളക്‌സ് ബോർഡുകളും അടിച്ച് കവലകളിൽ കെട്ടി തൂക്കി അധികാരത്തിൽ കടിച്ച് തൂങ്ങുവാനുള്ള കുതന്ത്രങ്ങൾ മാത്രമാണിത്. അത് നമ്മള് ഒരിക്കലും മറക്കരുത്.

5. ഏറ്റവും ഒടുവിലായി, വിശ്വാസികൾക്ക് വേണ്ടി പടപൊരുതിയ നമ്മുടെ നേതാക്കളും അണികളും ജീവത്യാഗമടക്കമുള്ള ആത്മസമർപ്പണങ്ങൾ നമ്മുടെ തെരുവുകളിലും ജയിലറകളിലും നടത്തിയത് നമ്മൾ കാണാതെ പോകരുത്. അവരെ നിയമത്തിന്റെ നൂലാമാലകളിൽ നിന്ന് രക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുവാൻ, നമ്മുടെ പണം മാത്രം പോര. രാഷ്ട്രീയപിൻബലമാണ് അതിലേറെ ആവശ്യം. ബാലറ്റ് പേപ്പറിലൂടെ മാത്രമേ അത് നമുക്ക് നേടിയെടുക്കുവാൻ സാധിക്കുകയുള്ളു അത് നമ്മള് ഒരിക്കലും മറക്കരുത്.

അതെ, ഈ വരുന്ന ഏപ്രിൽ 23-ആം തീയതി, നമ്മൾ പോളിങ്ങ് ബൂത്തുകളിലേക്ക് മാർച്ച് ചെയ്യുന്ന അവസരത്തിൽ ഈ അഞ്ച് കാര്യങ്ങളും നമ്മുടെ ഓർമ്മയിൽ കെടാതെ സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ ഓരോരുത്തരുടേയും മനസ്സുകളിൽ ഒരു ചെറു പുഷ്പം വിരിഞ്ഞ് വരുന്നതായി കാണാം.

അതെ ഇത് നമുക്ക് പുഷ്പം പോലെ നേടിയെടുക്കാവുന്നതേ ഉള്ളൂ.

നമ്മുടെ കൂടെ മോദിജിയേയും അമിത് ഷാ ജിയേയും പോലുള്ള അതിശക്തരായ രാഷ്ട്രീയ നേതാക്കളുണ്ട്, സാമൂഹിക നായകന്മാരുണ്ട്, ക്രിസ്തീയ പുരോഹിതന്മാരുണ്ട്, മുസ്ലിം മത പണ്ഡിതന്മാരുണ്ട്, സമുന്നത കലാകാരന്മാരുണ്ട്, അദ്ധ്യാപകരുണ്ട്, വിദ്യാർത്ഥികളുണ്ട്, ഡോക്ടർമാരുണ്ട്, നഴ്‌സുമാരുണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാരുണ്ട്, വക്കീലന്മാരുണ്ട്. ജഡ്ജിമാരുണ്ട്.

പക്ഷേ അവർക്കാർക്കും നിങ്ങളുടെയത്രയും ശക്തിയില്ല.

അതെ ജനാധിപത്യത്തിന്റെ കാതലായ ശക്തി നിങ്ങളുടെ കൈകളിലാണ് കുടിയിരിക്കുന്നത്. അത് ശരിയായി വിനിയോഗിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്

അത് നിങ്ങള് ഒരിക്കലും മറക്കരുത്!

സ്വാമി ശരണം!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP