Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നുണക്കുഴി വിടരുന്ന ചിരി കാണാനും ഒപ്പം സീരിയസായി സംസാരിക്കുന്നത് കേൾക്കാനും കാത്തിരുന്ന പെൺകുട്ടികൾക്ക് മുമ്പിലേക്ക് എത്തിയത് ചുള്ളനായ കോളേജ് കുമാരനെ പോലെ; നീല ജീൻസും ടീ ഷർട്ടും അണിഞ്ഞെത്തിയപ്പോൾ സ്‌റ്റെല്ലാ മേരീസിൽ ആഹ്ലാദപൂത്തിരികൾ; സർ എന്ന് അഭിസംബോധന ചെയ്ത അസ്രയോട് രാഹുൽ എന്ന് വിളിക്കുന്നതാണ് ഇഷ്ടമെന്ന് മറുപടി; മോദിയെ കെട്ടിപ്പിടിച്ചത് സ്‌നേഹത്തോടെ തന്നെയെന്ന് ഏറ്റുപറച്ചിൽ: ചെന്നൈയിലെ ന്യൂജൻകാർ പറയുന്നു രാഹുൽ ഈസ് സ്മാർട്ട്

നുണക്കുഴി വിടരുന്ന ചിരി കാണാനും ഒപ്പം സീരിയസായി സംസാരിക്കുന്നത് കേൾക്കാനും കാത്തിരുന്ന പെൺകുട്ടികൾക്ക് മുമ്പിലേക്ക് എത്തിയത് ചുള്ളനായ കോളേജ് കുമാരനെ പോലെ; നീല ജീൻസും ടീ ഷർട്ടും അണിഞ്ഞെത്തിയപ്പോൾ സ്‌റ്റെല്ലാ മേരീസിൽ ആഹ്ലാദപൂത്തിരികൾ; സർ എന്ന്  അഭിസംബോധന ചെയ്ത അസ്രയോട് രാഹുൽ എന്ന് വിളിക്കുന്നതാണ് ഇഷ്ടമെന്ന് മറുപടി; മോദിയെ കെട്ടിപ്പിടിച്ചത് സ്‌നേഹത്തോടെ തന്നെയെന്ന് ഏറ്റുപറച്ചിൽ: ചെന്നൈയിലെ ന്യൂജൻകാർ പറയുന്നു രാഹുൽ ഈസ് സ്മാർട്ട്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ആകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു അവർ. കുറെ ദിവസങ്ങളായി. 72 വർഷത്തെ പാരമ്പര്യമുള്ള ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിലെ ന്യൂജൻ പെൺകുട്ടികളാണവർ. ചില പെൺകുട്ടികൾക്ക് അദ്ദേഹത്തിന്റെ നുണക്കുഴി വിടരുന്ന ചിരി കാണണം. മറ്റുചിലർ കുറക്കൂടി സീരിയസാണ്. വിദ്യാഭ്യാസം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കണം. കാത്തിരിപ്പിനൊടുവിൽ രാവിലെ 11 മണിയോടെ ആ വിവിഐപി എത്തി. നീല ജീൻസും ടീ ഷർട്ടും അണിഞ്ഞ് ഒരുകോളേജ് കുമാരനെ പോലെ. അടുത്തകാലത്ത് രാഹുൽ ഗാന്ധി ഇങ്ങനെയാണ്. പ്രത്യേകിച്ച് കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷം. സോഷ്യൽ മീഡിയയിൽ തകർപ്പൻ ട്വീറ്റുകൾ ഇടാൻ മാത്രമല്ല അദ്ദേഹം ഇഷ്ടപ്പെടുന്നത്. പുതുതലമുറയുമായി സംസാരിക്കാനും അവർ പറയുന്നതുകേൾക്കാനും ഇഷ്ടമാണ് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്.

സ്‌റ്റെല്ല മേരീസിൽ ആർപ്പുവിളികളോടെയായിരുന്നു രാഹുലിന് സ്വീകരണം. ഗാനങ്ങളും നൃത്തങ്ങളുമായി അവർ അദ്ദേഹത്തെ വരവേറ്റു. ഒടുവിൽ സംസാരിക്കാനായി എഴുന്നേറ്റപ്പോഴും ആഹ്ലാദപൂത്തിരികൾ. എനിക്ക് പറയാനുള്ളതിനേക്കാൾ നിങ്ങളെ കേൾക്കാനാണ് എനിക്കിഷ്ടമെന്ന ആമുഖത്തോടെയാണ് രാഹുൽ തുടങ്ങിവച്ചത്. ''നിങ്ങളുടെ നേതാക്കൾ, രാഷ്ട്രീയക്കാർ ഇവരിൽ നിന്നൊക്കെ എന്താണ് പ്രതീക്ഷിക്കുന്നത്...അതാണ് എനിക്കറിയേണ്ടത്. ഇപ്പോൾ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒന്ന് രാജ്യത്തെ എല്ലാവരും ഒന്നാണെന്ന് വിശ്വസിക്കുന്ന ഐക്യസന്ദേശത്തിന്റെ പ്രത്യയശാസ്ത്രം. വിവിധ ആശയങ്ങൾ, വിവിധ ഭാഷകൾ, തമിഴ് പോലെയുള്ള നിങ്ങളുടെ അതിമനോഹര ഭാഷയൊക്കെ നിലനിൽക്കണമെന്ന് ആശിക്കുന്ന പ്രത്യയശാസ്ത്രം. മറ്റൊന്ന് ഇപ്പോഴത്തെ കേന്ദ്രസർക്കാരിനെ ഭരിക്കുന്ന പ്രത്യയശാസ്ത്രമാണ്. അത് ഒരാശയം മാത്രം നിലനിന്നാൽ മതിയെന്ന ചിന്താഗതി. ഈ രണ്ടു ആശയധാരകൾ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി സുപ്രീം കോടതി അടക്കം വിവിധ സ്ഥാപനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഞങ്ങളാകട്ടെ..അതുചെറുക്കാനും, രാഹുൽ ആമുഖമായി പറഞ്ഞുനിർത്തി. ഇനി നിങ്ങൾ ചോദ്യങ്ങൾ ചോദിക്കു...വിഷമം പിടിച്ച ചോദ്യങ്ങൾ ചോദിക്കൂ..എളുപ്പമുള്ളവ ചോദിക്കരുത്..രാഹുൽ അഭ്യർത്ഥിച്ചു.

ആദ്യം ചോദ്യവുമായി എണീറ്റത് അസ്രയാണ്. വൻകൂട്ടത്തിനിടയിൽ നിന്ന് ദി ഈസ് അസ്ര എന്ന് ശബ്ദം വന്നപ്പോൾ ആദ്യം എവിടെ നിന്നെന്ന് അറിയാതെ ഒന്നുതിരിഞ്ഞു. സർ എന്ന് അഭിസംബോധന ചെയ്ത ഉടൻ മറുപടി....എന്ന സർ എന്നതിന് പകരം രാഹുൽ എന്ന് വിളിച്ചുകൂടേ..? അങ്ങനെ വിളിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം. അൽപം ഒന്ന് അന്തിച്ചുുപോയ അസ്ര..താൻ പരിഭ്രമിച്ചിരിക്കുകയാണെന്ന് തുറന്നുപറഞ്ഞു.ഹൈ രാഹുൽ എന്ന് അസ്ര മൊഴിഞ്ഞതോടെ വിദ്യാർത്ഥിനിക്കൂട്ടം ആർപ്പുവിളിച്ച് കൈയടിച്ച് സ്വാഗതം ചെയ്തു.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടേമന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സമീപകാലത്ത് നേരിട്ട പണ്ട് പ്രതിസന്ധിയെ കുറിച്ചും പൊതുവിൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടി എന്തുസമീപനമായിരിക്കും സ്വീകരിക്കുക എന്നുമായിരുന്നു അസ്രയുടെ ചോദ്യം. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടി ഇപ്പോൾ ചെലവഴിക്കുന്ന തുക കുറവാണെന്നും തങ്ങൾ അധികാരത്തിൽ വന്നാൽ ആ തുക കൂട്ടുമെന്നും, അത് ആറുശതമാനമാക്കുമെന്നും രാഹുൽ പറഞ്ഞു. അതുപോലെ തന്നെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്രമായിരിക്കണം, സ്വതന്ത്രമായി ചിന്തിക്കാൻ കഴിയണം, ആശയങ്ങളെ ചോദ്യം ചെയ്യാൻ കഴിയണം, അന്ധമായി ആശയങ്ങളെ പിന്തുടരുന്നവരാകരുത്....നിങ്ങളുടെ ഈ കോളേജ് പോലെ സ്വതന്ത്രമാകണം. കൂടുതൽ കടുപ്പമുള്ള ചോദ്യങ്ങൾ ചോദിച്ച് എന്നെ നിരായുധനാക്കണം. പരസ്പരം കൊടുക്കൽ വാങ്ങലിലാണ് ഞാൻ വിശ്വസിക്കുന്നത്, രാഹുൽ പറഞ്ഞു.

നോട്ടുനിരോധനത്തെ കുറിച്ച് കോൺഗസ് നിലപാട് എന്താണ് എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ ചോദ്യം. മറുചോദ്യത്തോടെയാണ് രാഹുൽ ഇതിനെ നേരിട്ടത്. നോട്ടുനിരോധനത്തെ കുറിച്ച് താങ്കൾ എന്താണ് കരുതുന്നത്? നോട്ട് നിരോധനം ഇഷ്ടമാണോ. ഇതിന് സദസും പെൺകുട്ടിയും ഒന്നാകെ ഉച്ചത്തിൽ മറുപടി പറഞ്ഞു: അല്ലേ..അല്ലേ. നോട്ടുനിരോധനത്തിൽ തീരുമാനമെടുക്കും മുമ്പ് പ്രധാനമന്ത്രി ഇവിടെ വന്ന് നിങ്ങളുടെ അഭിപ്രായം കേൾക്കാതിരുന്നത് കഷ്ടമായി. കേട്ടിരുന്നെങ്കിൽ, അദ്ദേഹത്തിന് ശരിയായ ഉത്തരം കിട്ടുമായിരുന്നു, രാഹുൽ പറഞ്ഞു.

പിന്നീട് സർക്കാർ നയങ്ങളെ പിച്ചിച്ചീന്താനായിരുന്നു രാഹുലിന്റെ ശ്രമം. 48 കാരനായ താൻ ഇപ്പോഴും ചെറുപ്പം തന്നെയാണെന്നും രാഹുൽ കളിയായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട യഥാർഥത്തിൽ സനേഹം തോന്നിയതുകൊണ്ട തന്നെയാണ കെട്ടിപ്പിടിച്ചതെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രസംഗം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തോട ഒരു വിരോധവും തോന്നിയില്ല. പ്രധാനമന്ത്രി വളരെ ക്ഷുഭിതനായിരുന്നു. ഈ മനുഷ്യന് ലോകത്തിന്റെ ഭംഗി കാണാൻ സാധിക്കുന്നില്ല. അതിനാൽ തന്റെ ഭാഗത്തു നിന്ന സനേഹം നൽകാമെന്ന കരുതിയാണ കെട്ടിപ്പിടിച്ചത രാഹുൽ പറഞ്ഞു.2014 ൽ ഞാനൊരു യുവ രാഷ്ട്രീയക്കാരനായിരുന്നു. ഇപ്പോഴും ഞാൻ ചെറുപ്പമാണ്..പക്ഷേ കുറച്ചുകൂടി വയസായി, ആർപ്പുവിളികൾക്കിടയിൽ രാഹുൽ പറഞ്ഞു.

റോബർട്ട് വാദ്രയ്‌ക്കെതിരെയുള്ള അന്വേഷണങ്ങളെ കുറിച്ചും ചോദ്യം ഉയർന്നു.റോബർട്ട വാദ്രക്കെതിരെ അന്വേഷണം നടത്തിക്കോളൂ. എന്നാൽ അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അന്വേഷിക്കണം . ഇതു പറയുന്ന ആദ്യ ആളായിരിക്കും താനെന്നും രാഹുൽ കൂട്ടിച്ചേർത്തു. സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ ദക്ഷിണേന്ത്യയും തമിഴ്‌നാടുമാണ് വടക്കേന്ത്യയേക്കാൾ മെച്ചമെന്ന് രാഹുൽ പറഞ്ഞപ്പോഴും കൈയടികളോടെയാണ് വിദ്യാർത്ഥിനിക്കൂട്ടം അതിനെ സ്വീകരിച്ചത്.

പരിഭ്രമിച്ചും പേടിച്ചും ചോദ്യങ്ങളുമായി ആദ്യം കോൺഗ്രസ് അദ്ധ്യക്ഷനെ നേരിട്ട പെൺകുട്ടികൾ അദ്ദേഹം സംസാരിച്ചുതുടങ്ങിയപ്പോൾ വളരെ അടുപ്പമുള്ള ആളായി. എണീറ്റ് നിന്ന് നിറഞ്ഞ കൈയടികളോടെയാണ് അവർ രാഹുലിനെ യാത്രയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP