Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമനിലയത്തിലെത്തിയ രാഹുൽ ഗാന്ധിയെ കാണാൻ സീറ്റ് മോഹികളുടെ നിര; എന്നാൽ ആർക്കും മുഖം കൊടുക്കാതെ കോൺഗ്രസ് അധ്യക്ഷൻ; മുതിർന്ന നേതാക്കളുമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി; മാണി-ജോസഫ് വിഭാഗങ്ങളുടെ തർക്കത്തിൽ അതൃപ്തി അറിയിച്ചു; സഭയെ അവഗണിക്കുന്നുവെന്ന പരാതി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചതായി സൂചന; കോൺഗ്രസിന്റെ കരിസ്മാറ്റിക്ക് നേതാവിനെ ഒരു നോക്കു കാണാനായി ആർത്തിരമ്പി ജനം

രാമനിലയത്തിലെത്തിയ രാഹുൽ ഗാന്ധിയെ കാണാൻ സീറ്റ് മോഹികളുടെ നിര; എന്നാൽ ആർക്കും മുഖം കൊടുക്കാതെ കോൺഗ്രസ് അധ്യക്ഷൻ; മുതിർന്ന നേതാക്കളുമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി; മാണി-ജോസഫ് വിഭാഗങ്ങളുടെ തർക്കത്തിൽ അതൃപ്തി അറിയിച്ചു; സഭയെ അവഗണിക്കുന്നുവെന്ന പരാതി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചതായി സൂചന; കോൺഗ്രസിന്റെ കരിസ്മാറ്റിക്ക് നേതാവിനെ ഒരു നോക്കു കാണാനായി ആർത്തിരമ്പി ജനം

കെ.എം. അക്‌ബർ

തൃശൂർ: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിടാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ കാണാനെത്തിയ സീറ്റ് മോഹികൾക്ക് മുഖം കൊടുത്തില്ല. ഇന്നലെ രാത്രി തൃശൂർ രാമനിലയത്തിലെത്തിയ രാഹുൽ ഗാന്ധിയെ കാണാൻ സീറ്റ് മോഹികളടക്കം നിരവധി കോൺഗ്രസ് നേതാക്കളാണ് എത്തിയത്. എന്നാൽ, ആരുമായും രാഹുൽ കൂടിക്കാഴ്ചക്ക് അനുവദിച്ചില്ല. അതേ സമയം, മുതിർന്ന നേതാക്കളുമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ഇവരുമായി സ്ഥാനാർത്ഥി സാധ്യതകളിലും ചർച്ച നടത്തി.

കേരള കോൺഗ്രസ് മാണി-ജോസഫ് വിഭാഗങ്ങളുടെ തർക്കത്തിൽ നേതാക്കളെ അതൃപ്തി അറിയിച്ച രാഹുൽ, തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കേണ്ട ഈ സമയത്ത് നടക്കുന്ന തർക്കം മറ്റു സീറ്റുകളിലെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്കയും പ്രകടിപ്പിച്ചതയാണ് വിവരം. സീറ്റുമായി ബന്ധപ്പെട്ട് മുന്നണിയിലും പാർട്ടിയിലും ഉടലെടുത്ത പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് രാഹുൽ നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. അതേസമയം, മത്സരിക്കാനില്ലെന്ന മുൻ നിലപാട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും വീണ്ടും രാഹുലിനോട് ആവർത്തിച്ചുവെന്നാണ് വിവരം.

ഇന്നലെ  തൃശൂരിലെത്തിയ രാഹുൽ ഗാന്ധി രാത്രിയിലും, ഇന്ന് രാവിലെയും നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തൃപ്രയാറിൽ അഖിലേന്ത്യാ മൽസ്യതൊഴിലാളി കോൺഗ്രസ് സംഘടിപ്പിച്ച ഫിഷർമെൻ പാർലിമെന്റിൽ പങ്കെടുക്കാനെത്തിയത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികളുമാണ് പ്രധാനമായും രാഹുലിനെ പുറത്ത് നിന്ന് സന്ദർശിച്ചത്.

2014ലെ തിരഞ്ഞെടുപ്പ്കാലത്ത് എഐസിസി അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിക്ക് ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പ് കത്ത് അയച്ചത് ഏറെ വിവാദമായിരുന്നു. സഭയെ അവഗണിക്കുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ ബിഷപ്പിന്റെ സന്ദർശനം രാഷ്ട്രീയ സൂചനയുണ്ടെന്നാണ് വിവരം. എൽഡിഎഫ് സ്ഥാനാർത്ഥിയായി തൃശൂരിൽ രാജാജി മാത്യു തോമസ് ഉറപ്പായതോടെ തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡോ. നിജി ജസ്റ്റിനേയോ അല്ലെങ്കിൽ ബെന്നി ബെഹനാനേയോ സ്ഥാനാർത്ഥിയാക്കണമെന്നാണ് സഭ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.

അതേസമയം രാമനിലയത്തിനു മുന്നിലും തുടർന്ന് അങ്ങോട്ടുള്ള യാത്രയിലും രാഹുലിനെ കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. തൃപ്രയാറിലെ സമ്മേളന വേദിയിലേയ്‌ക്കെത്തിയ കോൺഗ്രസ് അധ്യക്ഷനെ 'രാഹുൽ'... 'രാഹുൽ'... എന്ന ആർപ്പുവിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നടന്ന പരിപാടികളിയും വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് വനിതാ കോളേജിലെ വിദ്യാർത്ഥിനികളെ കോൺഗ്രസ് അധ്യക്ഷൻ കൈയിലെടുത്തുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഒരേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചും വിദ്യാർത്ഥിനികളുടെ ചോദ്യങ്ങൾക്ക് സരസമായി മറുപടി നൽകിയുമായിരുന്നു രാഹുലിന്റെ ഇടപെടൽ. നരേന്ദ്ര മോദിയോട് വെറുപ്പില്ലെന്ന് വിദ്യാർത്ഥികളുടെ ചോദ്യത്തിന് രാഹുൽ മറുപടി നൽകി. വലിയ പാഠങ്ങൾ നൽകുന്ന ആളുകളെ ആരെങ്കിലും വെറുക്കുമോ, തനിക്ക് മോദിയെ വെറുക്കാൻ കഴിയില്ല. മോദിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു.

ലോകത്തിന്റെ സൗന്ദര്യം കാണാൻ മോദിക്ക് കഴിയുന്നില്ലെന്ന് പാർലമെന്റിലെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് മനസ്സിലായി. കുറഞ്ഞത് എന്റെ സ്നേഹമെങ്കിലും അദ്ദേഹം അറിയട്ടെ എന്ന് കരുതിയാണ് കെട്ടിപ്പിടിച്ചതെന്നും പാർലമെന്റിലെ 'വൈറൽ' രംഗത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചു. ഈ പ്രതികരണവും നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP