Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അവർ നാലുപേരുണ്ടായിരുന്നു; എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി അവർ ദൃശ്യങ്ങൾ പകർത്തി; ഞാൻ നിലവിളിച്ചപ്പോൾ നടുറോഡിൽ എന്നെ ഇറക്കിവിട്ടു'; തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഭൂകമ്പമായി മാറിയ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കർണാടകത്തിലെ പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടതായി സൂചന; ഇരുന്നൂറോളം പേരുടെ മാനംകവർന്ന വൻ ബ്‌ളാക്ക്‌മെയിൽ സംഘത്തിന്റെ പിടിയിൽ പെട്ട പലരും ആത്മഹത്യ ചെയ്‌തെന്നും സൂചന; തമിഴ്‌നാട്ടിലെ സമീപകാല കൂട്ട ആത്മഹത്യകളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

'അവർ നാലുപേരുണ്ടായിരുന്നു; എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി അവർ ദൃശ്യങ്ങൾ പകർത്തി; ഞാൻ നിലവിളിച്ചപ്പോൾ നടുറോഡിൽ എന്നെ ഇറക്കിവിട്ടു'; തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഭൂകമ്പമായി മാറിയ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കർണാടകത്തിലെ പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടതായി സൂചന; ഇരുന്നൂറോളം പേരുടെ മാനംകവർന്ന വൻ ബ്‌ളാക്ക്‌മെയിൽ സംഘത്തിന്റെ പിടിയിൽ പെട്ട പലരും ആത്മഹത്യ ചെയ്‌തെന്നും സൂചന; തമിഴ്‌നാട്ടിലെ സമീപകാല കൂട്ട ആത്മഹത്യകളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: നിർഭയ സംഭവത്തിനും കത്വ സംഭവത്തിനും പിന്നാലെ രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനത്തിൽ ഇരുന്നൂറോളം യുവതികളേയും പെൺകുട്ടികളേയും പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള ക്രൂരന്മാരുടെ സംഘം ഇരകളാക്കിയെന്ന് സൂചനകൾ. ഫേസ്‌ബുക്ക് കേന്ദ്രീകരിച്ച് വലയിലാക്കുന്നവരെ അതിക്രൂരമായി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ നരാധമന്മാരെ അണ്ണാഡിഎംകെ നേതാക്കളും സഹായിച്ചതായ വിവരം പുറത്തുവന്നതോടെ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് സംഭവം തമിഴ്‌നാട്ടിൽ.

'അവർ നാലു പേരുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങൾ അവർ വലിച്ചു കീറി ദൃശ്യങ്ങൾ പകർത്തി. ഞാൻ നിലവിളിച്ചപ്പോൾ അവർ നടുറോഡിൽ എന്നെ ഇറക്കിവിട്ടു. കഴുത്തിലെ മാലയും പൊട്ടിച്ചെടുത്തു...' - ഇത്തരത്തിലാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ച കേസിലേക്ക് നയിച്ച സംഭവത്തിൽ പരാതി നൽകിയ പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ വാക്കുകൾ. കുട്ടി വീട്ടിൽ വിവരം പറഞ്ഞതോടെ സഹോദരന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കുട്ടിയെങ്കിലും ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും ഈ നരാധമന്മാർ പുതിയ ഇരകളെ തേടി ഈ സമൂഹത്തിൽ വിലസിയേനേ.

നൂറോളം പേരെയാണ് ഇരകളാക്കിയതെന്ന നിലയിലാണ് പൊലീസിനെ ഉദ്ധരിച്ച് വിവരങ്ങൾ വരുന്നതെങ്കിലും ഇരുന്നൂറോളം പേർ പീഡിപ്പിക്കപ്പെട്ടുവെന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്. പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു പണംതട്ടിയ കേസിൽ തിരുനാവക്കരശ്, ശബരീരാജൻ, സതീഷ്, വസന്തകുമാർ എന്നീ പ്രതികളാണ് പിടിയിലായിട്ടുള്ളത്. ഇവർക്ക് പിന്തുണയുമായി 'ബാർ' നാഗരാജ് എന്നറിയപ്പെടുന്ന അണ്ണാഡിഎംകെ പ്രവർത്തകനും ചേർന്നു.

ഇതോടെ അണ്ണാഡിഎംകെയുടെ ഒരു എംഎൽഎയ്ക്കും ഒരു നേതാവിനും പങ്കുണ്ടെന്ന നിലയിൽ വിഷയം ചർച്ചയായി. ഇതോടെ തമിഴക രാഷ്ട്രീയം ഇറങ്ങിമറിഞ്ഞു. ആയിരക്കണക്കിന് പേരാണ് ഓരോ നഗരത്തിലും പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ അണി നിരക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ ശക്തമായി സമരരംഗത്തുണ്ട്. വലിയ പ്രക്ഷോഭത്തിലേക്കാണ് തമിഴ്‌നാട് നീങ്ങുന്നത്. പ്രതികൾക്കെതിരെ ആദ്യം പരാതി നൽകിയ പെൺകുട്ടിയും വീട്ടുകാരും അഭ്യർത്ഥിക്കുന്നത് ഇതിനെ രാഷ്ട്രീയമായി കാണരുതെന്നാണ്. ഒട്ടേറെ പെൺകുട്ടികളുടെ ജീവിതം ഇവർ തകർത്തിട്ടുണ്ടെന്നും അതിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും അവർ ആവശ്യപ്പെടുന്നു.

മൊഴി നൽകാൻ ആരും തയ്യാറല്ല

ക്രൂര പീഡനത്തിന് ഇരയായവരിൽ ആരും മൊഴി നൽകാൻ തയ്യാറായി വന്നിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് ക്രൈംബ്രാഞ്ച് പറയുന്നു. പ്രതികളിൽ നിന്ന് പിടിച്ച വീഡിയോ ദൃശ്യങ്ങളിൽ നിന്നുതന്നെ നിരവധി പേർ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാണ്. എന്നെ വിടുങ്കോ അണ്ണാ.... എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന പെൺകുട്ടിയുടെ വീഡിയോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ച് ഇരകളെ കണ്ടെത്തി പ്രതികൾക്കെതിരെ കേസെടുക്കാനുള്ള വഴികളും പൊലീസ് ആരായുന്നുണ്ട്. ഇവരുടെ രഹസ്യമൊഴികൾ മജിസ്‌ട്രേറ്റുമാരുടെ മുന്നിൽ രേഖപ്പെടുത്താനാണ് ആലോചിക്കുന്നത്.

ഇവരുടെ പീഡനത്തിന് ഇരയായവർ കൊല്ലപ്പെടുകയോ അല്ലെങ്കിൽ ആത്മഹത്യ ചെയ്യുകയോ ചെയ്തിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൊള്ളാച്ചിയിൽ നടന്ന പെൺകുട്ടികളുടെ ആത്മഹത്യകളും പരിശോധിച്ചുതുടങ്ങി. സംഭവത്തിൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കി. വരും ദിവസങ്ങളിൽ ചെന്നൈ കേന്ദ്രീകരിച്ച് സമരത്തിനിറങ്ങാനാണ് വിദ്യാർത്ഥി-യുവജന സംഘടനകളുടെ തീരുമാനം. പ്രതികൾക്ക് ഒരു നിയമസഹായവും നൽകില്ലെന്ന് തമിഴ്‌നാട്ടിലെ ബാർ അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.

ഇരകളെ കണ്ടെത്തിയത് വാട്‌സാപ്പും ഫേസ്‌ബുക്കും വഴി

കേസിൽ അറസ്റ്റിലായ ശബരീരാജൻ വാട്‌സാപ് സന്ദേശങ്ങളിലൂടെയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. സ്‌കൂളിൽ പെൺകുട്ടിയുടെ സീനിയറായിരുന്നു ഇയാൾ. പെൺകുട്ടിയുടെ സഹോദരനെയും അറിയാം. ഫെബ്രുവരി 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. അത്യാവശ്യ കാര്യമുണ്ടെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പെൺകുട്ടിയെ പൊള്ളാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിലേക്കു വിളിച്ചത്.

എല്ലാവർക്കും അറിയാവുന്ന സ്ഥലമായതിനാൽ പെൺകുട്ടി പറഞ്ഞ സ്ഥലത്തെത്തി. അവിടെ ശബരീരാജൻ കാത്തുനിൽപ്പുണ്ടായിരുന്നു. കാറിൽ പോകാമെന്നും യാത്രയ്ക്കിടെ സംസാരിക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ ഒപ്പം കൂട്ടി. പരിചയമുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞു. വണ്ടി അവിടവും കടന്നു പോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെൺകുട്ടിക്ക് മെസേജുകൾ അയയ്ക്കാൻ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോൾ വിവരം സഹോദരനോടു പറയുകയായിരുന്നു. താൻ പീഡനത്തിനിരയായിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞു. ഒരു തമിഴ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചതോടെയാണു തമിഴ്‌നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ശബരീരാജന്റെ സുഹൃത്തുക്കളായ വസന്തകുമാറിനെയും സതീഷിനെയും ഫെബ്രുവരി 17ന് സഹോദരനും സംഘവും മർദിച്ചു. അന്നുതന്നെ വൈകിട്ട് തിരുനാവക്കരശും സംഘത്തിന്റെ കയ്യിലെത്തി. ഇവരുടെ മൊബൈലുകൾ പരിശോധിച്ചപ്പോഴാണു ഒട്ടേറെ പെൺകുട്ടികളെ സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

നൂറോളം വിഡിയോകൾ ഫോണിലുണ്ടായിരുന്നുവെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. എല്ലാ വിഡിയോയിലും സതിഷ് ഉണ്ടായിരുന്നു. 10-12 പെൺകുട്ടികളാണ് എല്ലാ വീഡിയോകളിലും ഉണ്ടായിരുന്നത്. ഏതാനും വർഷങ്ങളായി സംഘം ഈ 'ബ്ലാക്ക്‌മെയിൽ പീഡനം' തുടരുകയായിരുന്നെന്നും തെളിഞ്ഞു. ഇതോടെയാണ് തങ്ങളുടെ കയ്യിലകപ്പെട്ടത് പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണെന്നു വ്യക്തമായത്. സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ കൂട്ടത്തിലുണ്ടായിരുന്നെന്നും മൊബൈൽ പൊലീസിനു കൈമാറിയവർ പറയുന്നു.

ഇവർ ഫോൺ സഹിതം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി. എന്നാൽ എസ്‌പിയും ഡിഎസ്‌പിയും തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശീലനത്തിനു പോയെന്നായിരുന്നു മറുപടി. അതിനിടെ തിരുനാവക്കരശ് ബാർ നാഗരാജിനെയും സംഘത്തെയും കൂട്ടി വന്ന് പെൺകുട്ടിയുടെ സഹോദരനെ മർദിച്ചു. ഇതോടെ വിഷയം വലിയ ചർച്ചയായി. ഈ സംഭവത്തിൽ നാഗരാജിനൊപ്പം വസന്തകുമാർ, സെന്തിൽ, ബാബു, മണി എന്നിവർ അറസ്റ്റിലായി. എങ്കിലും ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കേസിൽ ഉൾപ്പെട്ട രണ്ടു പേരെ ഫെബ്രുവരി 24ന് അറസ്റ്റ് ചെയ്തു. തിരുനാവക്കരശിനെ മാർച്ച് അഞ്ചിനും. എന്നാൽ പത്തു ദിവസത്തോളം മുങ്ങി നടന്ന തിരുനാവക്കരശ് വിഡിയോകളും മറ്റു തെളിവുകളെല്ലാം നശിപ്പിച്ചെന്നും സംശയിക്കുന്നു.

വീഡിയോകളിലെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്

ബ്ലാക്ക്‌മെയിൽ സംഘത്തിൽ പ്രധാനമായും നാലു പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ ശൃംഖല വളരെ വലുതായിരുന്നു. കോയമ്പത്തൂർ, സേലം, പൊള്ളാച്ചി മേഖലയിലുള്ള സ്‌കൂൾ-കോളജ് വിദ്യാർത്ഥികളും യുവ ഡോക്ടർമാരും ഉൾപ്പെടെ ഇവരുടെ പീഡനത്തിനിരയായി എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാച്ചി സ്വദേശിയായ ശബരീരാജൻ സിവിൽ എൻജിനീയറാണ്. റിസ്വന്ത് എന്നും പേരുണ്ട്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച് എത്തിക്കുന്നത്. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങൾ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്. ഇത്തരത്തിൽ കാടുകളിൽ കൊണ്ടുപോയും വാഹനങ്ങളിൽ വച്ചുമെല്ലാം പീഡനം നടന്നിട്ടുണ്ടെന്നാണ് വിവരം.

ഇതിനിടെ തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമന്റെ രണ്ട് മക്കൾക്കും പീഡനസംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതും ചർച്ചയായിട്ടുണ്ട്. 'നക്കീരൻ' മാസികയാണ് ഇതു സംബന്ധിച്ച വാർത്തു പുറത്തുവിട്ടത്. കേസിലെ വിഡിയോകളിൽ ചിലതും മാസിക പുറത്തുവിട്ടു. എന്നാൽ ജയരാമനും പരാതി നൽകിയ പെൺകുട്ടിയും ആരോപണം നിഷേധിച്ചു. തുടക്കം മുതൽ കേസിൽ സഹായിച്ചത് ജയരാമനാണെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP