Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സജീവമാക്കാൻ ആർഎസ്എസ് നിർദ്ദേശം; തീരുമാനം ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയിൽ; വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളും വിശ്വാസങ്ങളും അപമാനിക്കാനും മുറിപ്പെടുത്താനുമുള്ള ആസൂത്രിത നീക്കം; ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിച്ചെന്നും പ്രതിനിധി സഭ

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സജീവമാക്കാൻ ആർഎസ്എസ് നിർദ്ദേശം; തീരുമാനം ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയിൽ; വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളും വിശ്വാസങ്ങളും അപമാനിക്കാനും മുറിപ്പെടുത്താനുമുള്ള ആസൂത്രിത നീക്കം; ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിച്ചെന്നും പ്രതിനിധി സഭ

കെ എം സന്തോഷ്

കോഴിക്കോട്; ലോക് സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സമരം വീണ്ടും ശക്തമാക്കാൻ ആർഎസ്എസ് നിർദ്ദേശം. ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയാണ് തീരുമാനം കൈക്കൊണ്ടത്. റിട്ട് ഹർജിയിന്മേൽ സുപ്രീം കോടതിയുടെ അന്തിമവിധി എന്തായിരിക്കും എന്നു കണ്ട ശേഷമായിരിക്കും തുടർ നടപടി. ശബരിമല വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കുവാനും മുറിപ്പെടുത്തുവാനുമുള്ള ആസൂത്രിതവും ദേശവിരുദ്ധവുമായ നീക്കങ്ങളാണ്.

സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ, ആ വിധി നടപ്പാക്കാനെന്ന പേരിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിക്കുകയാണ്. ഇതിലൂടെ അങ്ങേയറ്റം നിർഭാഗ്യകരമായ അവസ്ഥയാണ് ഹിന്ദു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.

എത്രയോ വർഷങ്ങളായി ഹിന്ദു സമൂഹം ഭക്തിയോടെ പിന്തുടരുന്ന ഈ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും, സങ്കൽപ്പങ്ങളും ഒന്നും തന്നെ ഈ വിധിയിലേക്കെത്തും മുമ്പ് ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണിച്ചില്ല എന്നത് അത്യന്തം നിർഭാഗ്യകരമാണ്. ആചാര്യ ശ്രേഷ്ഠരുടേയോ, ഭക്തരായ സ്ത്രീകളുടേയോ നിലപാടുകളും കണക്കിലെടുത്തില്ല. നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആചാര്യ വൈവിധ്യങ്ങൾക്കെല്ലാം മുറിവേൽക്കുന്ന നടപടിയായിരുന്നു ഈ സുപ്രധാനമായ കാര്യങ്ങൾ കണക്കിലെടുക്കാതിരുന്നതിലൂടെ സംഭവിച്ചത്.

ശബരിമല വിഷയത്തിൽ ഹിന്ദുക്കൾക്കെതിരെ, വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി യുദ്ധപ്രഖ്യാപനം തന്നെയാണ് സിപിഎം നടത്തിയത്. രാജ്യത്തെ മുഴുവൻ ജനങ്ങളും ശബരിമലയെ രക്ഷിക്കാനുള്ള മുന്നേറ്റത്തിന് പിന്തുണ നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

ശബരിമല വിഷയം തന്നെ ലോക്സഭാ തെരഞ്ഞടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കണമെന്നും ആർഎസ്എസ് നേതൃത്വം സംസ്ഥാന ഘടകത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണയുടെ നിലപാടിനെ ബിജെപി നേതാക്കൾ ശക്തിയുക്തം എതിർത്തതും തട്ടിക്കയറിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

പ്രമേയത്തിന്റെ പൂർണരൂപം

ഹിന്ദു വികാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കുവാനും മുറിപ്പെടുത്തുവാനുമുള്ള ആസൂത്രിതവും ദേശവിരുദ്ധവുമായ നീക്കങ്ങളിലാണ് തത്പര കക്ഷികളെന്ന് അഖില ഭാരത പ്രതിനിധിസഭ അഭിപ്രായപ്പെടുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല ക്ഷേത്രം. ഹിന്ദുത്വം എന്നത് ഏകശിലാ രൂപത്തിലുള്ളതോ നിഷേധാത്മകമോ ആയ സങ്കൽപ്പമല്ല.

പകരം എല്ലാ പ്രാദേശികമായ ആചാര വൈവിധ്യങ്ങളെയും ആരാധനാ രീതികളെയും, സാംസ്‌കാരിക ചിഹ്നങ്ങളെയും അതിന്റേതായ ആത്മാവോടെ ഉൾക്കൊണ്ട് നിലകൊള്ളുന്ന സാംസ്‌കാരിക തനിമയാണ് അതുകൊണ്ടു തന്നെ ഈ വൈവിധ്യ സൗന്ദര്യത്തിന്റെ മുകളിലേക്ക് എകശിലാ രീതികൾ അടിച്ചേൽപ്പിക്കുന്നത് തികച്ചും അനുചിതമാണ്.

ആചാരാനുഷ്ഠാനങ്ങളിൽ കാലികമായി നടപ്പാക്കപ്പെട്ട പരിഷ്‌കാരങ്ങൾ എന്നും ഹിന്ദു സമൂഹം സ്വാഗതം ചെയ്തിട്ടേയുള്ളൂ. പക്ഷേ അത് സാമൂഹ്യ - രാഷ്ട്രീയ ആചാര്യന്മാരും ബന്ധപ്പെട്ട എല്ലാ ആചാര്യന്മാരും ബന്ധപ്പെട്ട് എല്ലാ ആളുകളും ചേർന്ന് അഭിപ്രായ സമന്വയത്തോടെ എടുക്കുന്ന തീരുമാനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അഭിപ്രായ സമന്വയം തന്നെയാണ് പരമപ്രധാനം. സമാജത്തിന്റെ പ്രതികരണങ്ങളെ സ്വാധീനിക്കുന്നത് കേവലമായ നിയമ പ്രക്രിയയല്ല.

പകരം പ്രാദേശികമായ പ്രാതിനിധ്യങ്ങളും അതിനു സമൂഹത്തിലുള്ള സ്വീകാര്യതയുമാണ്. സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ, ആ വിധി നടപ്പാക്കാനെന്ന പേരിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവിട്ടി മെതിക്കുകയാണ്. ഇതിലൂടെ അങ്ങേയറ്റം നിർഭാഗ്യകരമായ അവസ്ഥയാണ് ഹിന്ദു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്.

ദേവനും ഭക്തനും തമ്മിലുള്ള സമാനതകളില്ലാത്ത ഒരു ബന്ധമാണ് ശബരിമലക്കുള്ളത്. പക്ഷേ എത്രയോ വർഷങ്ങളായി ഹിന്ദു സമൂഹം ഭക്തിയോടെ പിന്തുടരുന്ന ഈ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും, സങ്കൽപ്പങ്ങളും ഒന്നും തന്നെ ഈ വിധിയിലേക്കെത്തും മുമ്പ് ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണിച്ചില്ല എന്നത് അത്യന്തം നിർഭാഗ്യകരമാണ്. ആചാര്യ ശ്രേഷ്ഠരുടേയോ, ഭക്തരായ സ്ത്രീകളുടേയോ നിലപാടുകളും കണക്കിലെടുത്തില്ല. നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആചാര്യ വൈവിധ്യങ്ങൾക്കെല്ലാം മുറിവേൽക്കുന്ന നടപടിയായിരുന്നു ഈ സുപ്രധാനമായ കാര്യങ്ങൾ കണക്കിലെടുക്കാതിരുന്നതിലൂടെ സംഭവിച്ചത്.

സിപിഎം നയിക്കുന്ന കേരള സർക്കാരിന്റെ നടപടികൾ വൻതോതിലുള്ള വൈകാരിക സംഘർഷം തന്നെയാണ് അയ്യപ്പ ഭക്തരിൽ ഉണ്ടാക്കിയിരിക്കുന്നത്. യുക്തിവാദികളും തീവ്ര ഇടതുപക്ഷ നിലപാടുകാരുമായ യുവതികളെ ഇരുട്ടിന്റെ മറവിൽ പിൻവാതിലിലൂടെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ച സംസ്ഥാന സർക്കാരിന്റെ നടപടികൾ അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കുണ്ടാക്കിയ മുറിവുകൾ വളരെ വലുതാണ്. ഹിന്ദുക്കൾക്കെതിരെ, വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി സിപിഎം നടത്തിയ യുദ്ധപ്രഖ്യാപനം തന്നെയാണിത്. അതുകൊണ്ടാണ് സ്ത്രീകളടക്കമുള്ള ഭക്തജന സമൂഹം ചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വൻ തോതിൽ സമരമുഖത്തേക്ക് ഇറങ്ങിയത്.

പാരമ്പര്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ഹിന്ദു സമൂഹത്തിന്റെ ഈ ചെറുത്തു നിൽപ്പിനെ അങ്ങേയറ്റം ബഹുമാനത്തോടെയും ഗൗരവത്തോടെയും അഖിലഭാരതീയ പ്രതിനിധി സഭ പിന്തുണക്കുന്നു. ഭക്തരുടെ വികാരങ്ങളെയും അവരുടെ ജനാധിപത്യ വിശ്വാസങ്ങളെയും മാനിക്കണമെന്നും സ്വന്തം ജനങ്ങൾക്കിടയിൽ അക്രമത്തിനു കാരണമാകുന്ന നടപടികൾ സ്വീകരിക്കരുതെന്നും പ്രതിനിധി സഭ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു. മേൽപ്പറഞ്ഞ പ്രധാനപ്പെട്ട ഘടകങ്ങളെല്ലാം പുനഃപരിശോധനാ വേളയിൽ ബഹുമാനപ്പെട്ട കോടതി സമഗ്രമായിത്തന്നെ കണക്കിലെടുക്കുമെന്നും ഈ പ്രതിനിധി സഭ പ്രതീക്ഷിക്കുന്നു രാജ്യത്തെ മുഴുവൻ ജനങ്ങളും ശബരിമലയെ രക്ഷിക്കാനുള്ള ഈ മുന്നേറ്റത്തിനും പിന്തുണ നൽകണമെന്നും അഖിലഭാരതീയ പ്രതിനിധി സഭ അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP