Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്ധ്യാ ചർച്ചകൾ നല്ല സംവാദങ്ങളുടെ വില കളഞ്ഞു; തേച്ച കുപ്പായമിട്ട 16 സ്ഥിരം മുഖങ്ങളെ തന്റെ ചാനലിൽ കയറ്റില്ല; പുതിയ ചാനലിൽ പുതുമകളുണ്ടാകും; പലതും മനസ്സിലുറപ്പിച്ച് ഫ്‌ളവേഴ്‌സുമായി ശ്രീകണ്ഠൻ നായർ

സന്ധ്യാ ചർച്ചകൾ നല്ല സംവാദങ്ങളുടെ വില കളഞ്ഞു; തേച്ച കുപ്പായമിട്ട 16 സ്ഥിരം മുഖങ്ങളെ തന്റെ ചാനലിൽ കയറ്റില്ല; പുതിയ ചാനലിൽ പുതുമകളുണ്ടാകും; പലതും മനസ്സിലുറപ്പിച്ച് ഫ്‌ളവേഴ്‌സുമായി ശ്രീകണ്ഠൻ നായർ

മനാമ : റേഡിയോവിലൂടെ മലയാളിയെ ചിന്തിപ്പിക്കുയും ചിരിപ്പിക്കുകയും ചെയ്ത ശ്രീകണ്ഠൻ നായർ. ആകാശവാണി വിട്ട് ഏഷ്യനെറ്റിലെത്തിയപ്പോൾ നമ്മൾ തമ്മിലെന്ന പരിപാടിയുമായി വീണ്ടും പ്രക്ഷകരെ കൈയിലെടുത്തു. പിന്നെ മനോരമയിലേക്ക്. അവിടെ നിന്ന് വിട്ട് സൂര്യാ ചാനലിൽ സംവാദവുമായി എത്തി. പക്ഷേ ശ്രീകണ്ഠൻനായർ ഇപ്പോൾ ഒരിടത്തും കാണാനില്ല. പുതിയ ചാനലിന്റെ പണിപ്പുരയിലാണ് എന്ന് ഏവർക്കുമറിയാം.

എന്താകും പുതിയ ചാനലിന്റെ അവസ്ഥ. ഇതുസംബന്ധിച്ചും മലയാള മാദ്ധ്യമ ലോകത്ത് പലതരം ചർച്ചകൾ സജീവമാണ്. എന്നാൽ വ്യക്തമായ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ശ്രീകണ്ഠൻ നായരെ ഇവയൊന്നും അലോസരപ്പെടുത്തുന്നില്ല. മലയാള എന്റർടെയിന്റ്‌മെന്റ് ടെലിവിഷൻ ചാനലുകളിൽ വ്യത്യസ്ഥ മുഖവുമായി ഫ്‌ളവേഴ്‌സ് എന്ന ശ്രീകണ്ഠൻ നായരുടെ ചാനൽ ഏപ്രിൽ 5ന് സംപ്രേഷണം തുടങ്ങും.

കൊച്ചിയിൽ പുതിയതായി ആരംഭിക്കുന്ന ഇൻ്‌സൈറ്റ് മീഡിയ സിറ്റിയുടെ പ്രചരണാർഥം ബഹ്‌റൈനിലെത്തിയ മീഡിയ സിറ്റി മാനേജിങ് ഡയറക്റ്റർ കൂടിയായ ശ്രീകണ്ഠൻ നായർ മറുനാടൻ മലയാളിയോട് മനസ്സ് തുറന്നു. കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന മീഡിയ സിറ്റി 2017 ഓടെ പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിക്കും. അതിന്റെ ആദ്യ പടി എന്ന രീതിയിലാണ് ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേഷണം ആരംഭിക്കുക. ആദ്യം വിനോദ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചാനലും ഓഗസ്റ്റോടെ മുഴുവൻ സമയ വാർത്താ ചാനലുമാകും ആരംഭിക്കുമെന്നും ശ്രീകണ്ഠൻനായർ വ്യക്തമാക്കി.

ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേഷണം ആരംഭിക്കുമ്പോൾ തന്നെ കേരളത്തിലെ ടി വി ചാനൽ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. ക്വാളിറ്റിയുടെ കാര്യത്തിൽ മറ്റേത് ചാനലിനെക്കായും ഒരുപടി മുന്നിലായിരിക്കും 'ഫ്‌ളവേഴ്‌സ് ' എന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർ ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചാനലുകൾ തമ്മിലുള്ള കിടമത്സരം ഒരു വശത്ത് മറുവശത്ത് എന്റ്‌റെർറ്റെയിന്മെന്റ്‌റ് ചാനലും ന്യൂസ് ചാനലുകളും തമ്മിലുള്ള മത്സരവും അതിനൊപ്പം ചാനലിൽ പണിയെടുക്കുന്ന ആളുകൾ തമ്മിലുള്ള കിട മത്സരം ഇങ്ങനെ മനുഷ്യന്റെ ചീപ്പ് ഈഗോ യിൽ നിന്ന് മാറ്റി ടെലിവിഷൻ രംഗത്ത് പുതിയ ഒരു മാറ്റം കൊണ്ടുവരുവാനാണ് ഞാൻ ശ്രമിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് ഓരോ മാദ്ധ്യമ പ്രവർത്തകനും ചിന്തിക്കുന്നത് എങ്ങനെ ബ്രെയ്ക്കിങ് ന്യൂസ് ഉണ്ടാക്കാമെന്ന തരത്തിലാണ് ചാനലുകൾ തമ്മിലുള്ള കിടമത്സരം. ഓരോ ചാനലുകളിലും ഒരേ സംഭവം തന്നെ വ്യത്യസ്ത രൂപത്തിൽ എത്തുന്നു. ഇതെല്ലാം ബാധിക്കുന്നത് മാദ്ധ്യമ പ്രവർത്തകരെയാണ്. വാർത്തകൾ ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിൽ കുടുംബത്തിന് വേണ്ടി ജീവിക്കുവാനോ തനിക്ക് വേണ്ടി ഭാവിയിലേക്ക് കരുതുവാനോ മാദ്ധ്യമ പ്രവർത്തകർ മറക്കുന്നു. അതുകൊണ്ടാണ് കേരളത്തിലെ പല മാദ്ധ്യമ പ്രവർത്തകരും 60 വയസ്സാകുമ്പോൾ വഴിയാധാരമാകുന്നതെന്ന് ശ്രീകണ്ഠൻ നായർ പറയുന്നു.

അതുപോലെതന്നെ ചാനലുകളിലെ സന്ധ്യാ സമയത്തെ ചർച്ച ,ഒരു പണിയുമില്ലാത്ത നേതാക്കന്മാർ വൈകിട്ട് തേച്ച കുപ്പായവും എടുത്തിട്ട് ഇറങ്ങും. ഏത് വിഷയത്തെക്കുറിച്ചും അവർ ആധികാരികമായി സംസാരിക്കും. ന്യൂസ് അവറുകൾ കണ്ട് നല്ല സംവാദങ്ങളുടെ വില കളഞ്ഞു. പലരും ചോദിക്കുന്നത് പുതിയ ചാനലിൽ സംവാദങ്ങൾ ഉണ്ടാകുമോ എന്നാണ്. സംവാദങ്ങളെ ഇപ്പോൾ ആളുകൾ കാണുന്നത് പേടിയോടെയാണ് എന്തോ സാമൂഹിക വിരുദ്ധ പ്രവർത്തനം പോലെ. ചർച്ചക്കിടയിൽ ഇരുന്ന് ചീത്ത വിളിക്കുന്ന ആളുകൾ ചർച്ചക്ക് വേറൊരു മാനം നല്കുകയാണ്. ഇത് കേരളത്തിന്റെ ഒരു രീതിയായി മാറുകയാണ്. ചീത്ത വിളിക്കുന്നവനോടും ആരാധന തോന്നുന്ന രീതി. അതുകൊണ്ട് ഇതിന് പുതിയ വഴികൾ തേടുകയാണ് ഞാനിപ്പോൾ ചെയ്യുന്നത്. ഇപ്പോഴേ ഞാൻ ലിസ്റ്റ് ഇട്ടിട്ടുണ്ട് ന്യൂസ് അവറിൽ സ്ഥിരം വരുന്ന 16 ഓളം ആളുകളെ ഞാൻ എന്റെ ചാനലിൽ അടുപ്പിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിക്ഷേപം നടത്തിയാൽ അത് പാഴായിപ്പൊകുമെന്ന് പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഒരു വെല്ലുവിളിയുമായി ഞങ്ങൾ ഈ പുതിയ ആശയവുമായി എത്തുന്നത്. ഇന്ത്യയിലെ തന്നെ മികച്ച മീഡിയ സിറ്റികളിൽ ഒന്നായിരിക്കും 'ഇൻ സൈറ്റ് മീഡിയ സിറ്റി'എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഞങ്ങൾ മത്സരിക്കുവാൻ ഇറങ്ങുന്നത് മുഖ്യധാരാ മീഡിയ ചാനലുകലുമായിട്ടാണ്. അതുകൊണ്ട് തന്നെ ആവശ്യത്തിലധികം വാർത്തകൾ എന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ആറു മാസമായി എന്നെ കാണുന്നില്ല എന്ന് പരാതിപ്പെടുന്ന എന്റെ സ്‌നേഹിതരോടായി ഞാൻ ഇവിടെയുണ്ട് മീഡിയ സിറ്റിയുടെ പണിപ്പുരയിലാണ് എന്ന് മാത്രമേ പറയുവാനുള്ളൂവെന്നും ശ്രീകണ്ഠൻ നായർ പറയുന്നു.

ഇന്ത്യൻ മാദ്ധ്യമ ലോകത്തെ നൂറിലതികം പ്രതിഭകളും ,വാണിജ്യ വ്യവസായ രംഗത്തെ പത്തിലതികം സംരഭകരും ഇരുന്നൂറോളം ഓഹരി ഉടമകളും ചേർന്നുള്ള പദ്ധതിയാണ് കൊച്ചിയിലെ മിഡീയാ സിറ്റി. ഭീമ ജുവല്ലെഴ്‌സ് ചെയർമാനും മാനേജിങ് ഡയറകട്ടറുമായ ഡോ ബി ഗോവിന്ദനാണ് ഇൻസൈറ്റ് മീഡിയ സിറ്റിയുടെ ചെയർമാൻ. പ്രമുഖ വ്യവസായിയും ,സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനാണ് 'ഫ്‌ളവേഴ്‌സ് 'ടി വി ചാനലിന്റെ ചെയർമാൻ. തിരുവനന്തപുരത്തെ ശ്രീബാല തീയറ്റർ കോംപ്ലക്‌സിൽ നിന്നാണ് ന്യൂസ് ചാനൽ സംപ്രേഷണം തുടങ്ങുന്നത് .സൗദി അറേബ്യയിലെ അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സി എം ഡി ആലുങ്കൽ മുഹമ്മദാണ് ന്യൂസ് ചാനൽ ചെയർമാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP