Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോക്കുചൂണ്ടി കൊല്ലാൻ വന്നവനെ സഹോദരാ എന്ന് വിളിച്ച് ഇസ്ലാമിന്റെ കരുണ ലോകത്തിന് കാട്ടിക്കൊടുത്തവനും കൊലയാളിയെ നേരിട്ട് ധീരമരണം വരിച്ച റഷീദും ക്രൈസ്റ്റ്ചർച്ചിലെ ഹീറോകൾ; ദുരന്തത്തിനിടയിലും ഇസ്ലാമിന്റെ കരുണയും ധീരതയും ഏറ്റുപാടി സോഷ്യൽ മീഡിയ

തോക്കുചൂണ്ടി കൊല്ലാൻ വന്നവനെ സഹോദരാ എന്ന് വിളിച്ച് ഇസ്ലാമിന്റെ കരുണ ലോകത്തിന് കാട്ടിക്കൊടുത്തവനും കൊലയാളിയെ നേരിട്ട് ധീരമരണം വരിച്ച റഷീദും ക്രൈസ്റ്റ്ചർച്ചിലെ ഹീറോകൾ; ദുരന്തത്തിനിടയിലും ഇസ്ലാമിന്റെ കരുണയും ധീരതയും ഏറ്റുപാടി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ക്രൈസ്റ്റ് ചർച്ച്: ക്രൈസ്റ്റ്ചർച്ചിലെ അൽ നൂർ പള്ളിയിലേക്ക് വെടിയുതിർത്തുകൊണ്ട് കയറിവന്ന വലതുവംശീയ വെറിയൻ ബ്രെണ്ടൻ ടാരന്റിനെ അവിടെ പ്രാർത്ഥനയ്‌ക്കെത്തിയവരിലൊരാൾ സംബോധന ചെയ്തത് സഹോദരാ എന്ന് വിളിച്ച്. മുസ്ലിം മതത്തിന്റെ സാഹോദര്യവും കരുണയും വെളിവാക്കുന്ന ആ സംബോധനയും ആ തീവ്രവാദിയെ മയപ്പെടുത്തിയില്ല. തന്നെ സഹോദരാ എന്നുവിളിച്ചയാളുടെ നെഞ്ചത്തേക്കുതന്നെ ആ്ദ്യം നിറയൊഴിച്ച് അയാൾ കൂട്ടക്കുരുതിക്ക് തുടക്കമിട്ടു.

ടാരന്റ് ലൈവ്് സ്ട്രീം ചെയ്ത വീഡിയോയിൽ സഹോദരാ എന്ന വിളി വ്യക്തമായി കേൾക്കാം. ഇസ്ലാം മതത്തോടുള്ള വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നവർ ഈ സംബോധന കേൾക്കണമെന്ന് അങ്ങനെ വിളിച്ച രക്തസാക്ഷിയെ പ്രകീർത്തിച്ചുകൊണ്ട് സോഷ്യൽ മീഡിയ നിർദ്ദേശിക്കുന്നു. കരുണയുടെയും സ്‌നേഹത്തിന്റെയും വിശ്വാസങ്ങളാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. തോക്കുചൂണ്ടിയെത്തുന്ന കൊലയാളിയെപ്പോലും സഹോദരനായിക്കാണുന്നത്ര ഉദാത്തമാണതെന്നും സോഷ്യൽ മീഡിയ പറയുന്നു.

ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ പള്ളിയിലും ലിൻവുഡിലെ ഇസ്ലാമിക് സെന്ററിലുമാണ് ഇന്നലെ ലോകത്തെ നടുക്കിയ വെടിവെപ്പുണ്ടായത്. അൽനൂർ പള്ളിൽ 41 പേരും ലിൻവുഡിൽ എട്ടുപേരും മരിച്ചു. ഇസ്ലാം മതത്തോടും കുടിയേറ്റത്തോടുമുള്ള വെറുപ്പാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് ടാരന്റിന്റെ കൈയിൽനിന്ന് പൊലീസ് കണ്ടെടുത്ത പ്രത്യയശാസ്ത്രത്തിൽ പറയുന്നു. അക്രമമാർഗമല്ല ഇസ്ലാം മതം പറഞ്ഞുകൊടുക്കുന്നതെന്ന് തെളിയിക്കാൻ ഇനിയുമെത്ര മുസ്ലീങ്ങൾകൂടി ജീവൻ ബലിയർപ്പിക്കണമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

ക്രൈസ്റ്റ്ചർച്ച്് പള്ളിയിലുണ്ടായ ആക്രമണത്തിൽ ഇരകളുടെ എണ്ണം കുറഞ്ഞതിന് മുന്നിൽ ധീരമായ മറ്റൊരു രക്തസാക്ഷിത്വം കൂടിയുണ്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. കണ്ണിൽക്കാണുന്നവരെയെല്ലാം വെടിവെച്ചുവീഴ്‌ത്തി മുന്നേറിയ ടാരന്റിനെ വട്ടം പിടിച്ച് ചെറുത്തുതോല്പിക്കാൻ ശ്രമിച്ച നയീം റഷീദെന്ന മധ്യവയസ്‌കനാണ് ആ ഹീറോ. നയീമിനെയും ടാരന്റെ വെടിവെച്ചുവീഴ്‌ത്തിയെങ്കിലും ഇയാളുടെ ദേഹത്ത് വിടാതെ പിടികൂടിയതുകൊണ്ടാണ് ടാരന്റ് പള്ളിയിൽനിന്ന് പിന്മാറാൻ കാരണമെന്നും സോഷ്യൽ മീഡിയ പറയുന്നു. ആക്രമണത്തിൽ നയീമിന്റെ മകനും കൊല്ലപ്പെട്ടു.

പാക്കിസ്ഥാനിലെ ആബട്ടാബാദിൽനിന്നുള്ള നയീം ക്രൈസ്റ്റ്ചർച്ചിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. വെടിവെപ്പിൽ നാല് പാക്കിസ്ഥാൻകാർ കൊല്ലപ്പെടുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തുവെന്നാണ് വെല്ലിങ്ടണിലെ പാക് ഹൈക്കമ്മിഷൻ വ്യക്തമാക്കിയത്. മരിച്ച നാലുപേരിൽ നയീമും മകൻ താലയും ഉൾപ്പെടുന്നു. നയീമിന്റെ ധീരോദാത്തമായ ഇടപെടലാണ് മരണസംഖ്യ കുറയാൻ കാരണമെന്ന് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തുന്നു.

'ഞങ്ങളെല്ലാവരും ചെറിയ പള്ളിയിൽ പ്രാർത്ഥനയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് തോക്കുമായി വെടിയുതിർത്തുകൊണ്ട് ഒരാൾ മുന്നിലേക്ക് വന്നു. എല്ലാവരെയും വെടിവെച്ചുവീഴ്‌ത്താൻ തുടങ്ങി. മറ്റുള്ളവരൊക്കെ ശ്വാസം പോലുംനിലച്ച അവസ്ഥയിലായിരുന്നു. എങ്ങനെയും രക്ഷപ്പെടാനുള്ള തിരക്കിലായിരുന്നു മറ്റുള്ളവർ. എന്നാൽ, നയീം തോക്കുധാരിയെ വട്ടംപിടിച്ചു. അയാൾ തോക്ക് താഴെവെക്കുന്നതുവരെ മുറുകെപ്പിടിച്ചു. ഇതിനിടെ, നയീമിനും വെടിയേറ്റിരുന്നു' -ആക്രമണത്തിൽ രക്ഷപ്പെട്ട മുംബൈ സ്വദേശി ഫൈസൽ സയീദ് പറഞ്ഞു.

ആ സമയത്ത് നയീം അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപാടുപേർ മരിക്കുമായിരുന്നുവെന്ന് സയീദ് പറഞ്ഞു. അദ്ദേഹം ആശുപത്രിയിൽ ജീവനോടെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സയീദ് പറഞ്ഞു. എന്നാൽ, തൊട്ടരികിൽനിന്നും പലതവണ വെടിയേറ്റ നയീമിന് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തകർ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തുംമുന്നേ മരിച്ചു. ക്രൈസ്റ്റ്ചർച്ച് ആക്രമണത്തിലെ ഹീറോയാണ് നയീമെന്ന് സോഷ്യൽ മീഡിയ വാഴ്‌ത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP