Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിനകരനെ മുന്നിൽ നിർത്തി തമിഴകം പിടിക്കാൻ ചിന്നമ്മയുടെ കരുനീക്കം പാരപ്പന ആഗ്രഹാര ജയിലിൽ; ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാണെന്ന് ഉപമിച്ച ലാലുവും തടവുകാരൻ; ബീഹാറിലെ രാഷ്ട്രീയത്തെ ലാലു നിയന്ത്രിക്കുന്നതും ജയിൽ പുള്ളിയായി; ജയിൽ ജീവിതത്തിനിടയിലും രാഷ്ട്രീയം മറക്കാത്ത രണ്ട് നേതാക്കളുടെ കഥ

ദിനകരനെ മുന്നിൽ നിർത്തി തമിഴകം പിടിക്കാൻ ചിന്നമ്മയുടെ കരുനീക്കം പാരപ്പന ആഗ്രഹാര ജയിലിൽ; ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാണെന്ന് ഉപമിച്ച ലാലുവും തടവുകാരൻ; ബീഹാറിലെ രാഷ്ട്രീയത്തെ ലാലു നിയന്ത്രിക്കുന്നതും ജയിൽ പുള്ളിയായി; ജയിൽ ജീവിതത്തിനിടയിലും രാഷ്ട്രീയം മറക്കാത്ത രണ്ട് നേതാക്കളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന രണ്ട് പേരുണ്ട്. വികെ ശശികലയും ലാലു പ്രസാദ് യാദവും. തമിഴ്‌നാട്ടിൽ ജയലളിതയുടെ തോഴിയായ ശശികലയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടേണ്ടത് അനിവാര്യതയാണ്. സഹോദരീ പുത്രൻ ടിടിവി ദിനകരനെ പുറത്തു നിർത്തി ശശികല കാര്യങ്ങൾ തീരുമാനിക്കുന്നു. അണ്ണാഡിഎംകെയുടെ പഴയ ചിന്നമ്മയ്ക്ക് ഈ തിരഞ്ഞെടുപ്പിലും ചർച്ചായവുകയാണ്. റാഞ്ചിയിൽ ജയിൽവാസത്തിലാണെങ്കിലും ബിഹാറിലെ മഹാസഖ്യ സീറ്റു വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും അവസാനവാക്ക് ലാലു പ്രസാദ് യാദവാണ്. കാലിത്തീറ്റ കേസിൽ അഴിക്കുള്ളിലാണെങ്കിലും ബീഹാറിലെ യഥാർത്ഥ താരം ലാലുവാണ്.

ബെംഗളുരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയുന്നത്. ശശികലയെ കാണാൻ 2 ദിവസം മുൻപും ടി.ടി.വി. ദിനകരൻ എംഎൽഎ എത്തി. അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അനുമതി വാങ്ങണം. വനിതാ സെല്ലിലെ 9234 -ാം നമ്പർ തടവുകാരിയാണ് വി.കെ. ശശികല. ഓരോ രാഷ്ട്രീയ നീക്കത്തിനു മുൻപും ദിനകരൻ മാതൃസഹോദരിയുടെ ആശീർവാദം വാങ്ങാൻ ബെംഗളുരുവിൽ പറന്നെത്തും. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം തോഴി ശശികല മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടു കരുനീക്കിയെങ്കിലും വിജയിച്ചില്ല. പിന്നീട് അഴിമതികേസിൽ അകത്തുമായി. പളനിസ്വാമിയും പനീർസെൽവവും ചേർന്ന് ശശികലയെ ഒറ്റപ്പെടുത്തി. അനധികൃത സ്വത്തു കേസിൽ 4 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിലായിട്ട് 2 വർഷവും ഒരു മാസവും പൂർത്തിയായി.

ജയലളിതയുള്ളപ്പോഴും അണ്ണാ ഡിഎംകെയിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് ഉൾപ്പെടെ അണിയറയുടെ കടിഞ്ഞാൺ ശശികലയുടെ കയ്യിലായിരുന്നു. ജയ മരിച്ച് ഒരു മാസം തികയുന്നതിനു മുൻപേ പാർട്ടി ജനറൽ സെക്രട്ടറിയായി. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടു നിയമസഭാ കക്ഷി നേതാവായെങ്കിലും അഴിക്കുള്ളിലായി. ഇതിനിടയിലും ദിനകരനെ മുന്നിൽ നിർത്തി രാഷ്ട്രീയത്തിലെ സാന്നിധ്യമറിയിക്കുന്നു. 2 വർഷത്തിനു ശേഷം പുറത്തിറങ്ങുമ്പോൾ രാഷ്ട്രീയമോഹങ്ങൾ പൂവണിയണമെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തി തെളിയിക്കണം. അതുണ്ടായാൽ അണ്ണാഡിഎംകെയിലെ പലരും ചിന്നമ്മയുടെ ആരാധകരാകും. അതിനുള്ള നീക്കമാണ് ശശികല നടത്തുന്നത്.

ലാലുവും ജയിലിൽ തിരക്കിലാണ്. ജയിൽപ്പുള്ളി ആണെങ്കിലും റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിൽസയിലാണ് കുറച്ചുനാളായി ലാലു. സീറ്റു വിഭജന പരിഭവങ്ങളുമായി സഖ്യകക്ഷി നേതാക്കളും സീറ്റ് യാചനയുമായി ഇടതു നേതാക്കളും കുടുംബകലഹം തീർക്കാൻ മക്കളും ഇടയ്ക്കിടെ സന്ദർശിക്കുന്നു. ബിഹാറിൽ മഹാസഖ്യ സീറ്റ് വിഭജനത്തിനു 20: 20 ഫോർമുല നിർദ്ദേശിച്ചതു ലാലുവായിരുന്നു - പകുതി സീറ്റ് ആർജെഡിക്ക് പകുതി സഖ്യകക്ഷികൾക്ക്.

ആർജെഡിയിൽ ലാലുവിന്റെ മകൾ മിസ ഭാരതി മൽസരിക്കണമോയെന്നതിൽ മാത്രമല്ല, കുപ്രസിദ്ധരായ പപ്പു യാദവ്, ആനന്ദ് സിങ് തുടങ്ങിയവർക്കു കോൺഗ്രസ് സീറ്റു നൽകണമോയെന്ന കാര്യത്തിൽ പോലും ലാലുവിന്റെ സമ്മതം അനിവാര്യം. ലക്‌നൗവിൽ പോയി എസ്‌പിക്കും ബിഎസ്‌പിക്കും ബിഹാറിൽ ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തു വന്ന മകൻ തേജസ്വി യാദവിനെ ജയിലിലേക്കു വിളിച്ചുവരുത്തി വിരട്ടിയതും ചർച്ചയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു തരംഗമിളക്കിയ നരേന്ദ്ര മോദിയെ 'ബ്രഹ്മ പിശാചെ'ന്നും അമിത് ഷായെ 'നരഭോജി'യെന്നുമാണു ലാലു വിശേഷിപ്പിച്ചത്.

ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാണെന്ന ഉപമ ആസ്വദിച്ചു പറയുന്ന ലാലുവിന്റെ പ്രസംഗം ഇത്തവണ പ്രചരണത്തിന് കൊഴുപ്പുകൂട്ടാനില്ല. ലാലുവിന്റെ ഫാനാണു താനെന്നു ഹേമമാലിനി പറഞ്ഞതിനു ഹേമമാലിനിയുടെ എസിയാണു താനെന്നു തിരിച്ചടിച്ചാണ് ലാലു ചർച്ചകളിലെത്തിയത്. ഇത്തരം ഉരുളയ്ക്കുപ്പേരി പോലുള്ള പ്രയോഗങ്ങൾ ഇത്തവണയുണ്ടാകില്ല. കാരണം ലാലു അകത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP