Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ

സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടിവി ചാനൽ ചർച്ചകളിലെ സിപിഎമ്മിന്റെ താരമാണ് എം സ്വരാജ്. ആർക്കും വഴങ്ങാത്ത തോൽപ്പിക്കാനാവാത്ത പ്രകൃതം. എന്നാൽ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചയിൽ സ്വരാജ് പറഞ്ഞ ഫലിതം അദ്ദേഹത്തിന് തന്നെ വിനയായി. കോൺഗ്രസിലെ യുവതുർക്കി സ്വരാജിനെ കടന്നാക്രമിച്ചു. ടോം വടക്കന്റെ ബിജെപി പ്രവേശനം സംബന്ധിച്ച ചർച്ചയിൽ സ്വരാജ് പറഞ്ഞ ഫലിതം എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിന് രസിക്കാഞ്ഞതിന് പിന്നാലെയാണ് ചാനൽ ചർച്ചയിൽ തർക്കം 'ലൈവായത്'. മാധ്യമപ്രവർത്തക, ദന്തഡോക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് കോൺഗ്രസിന്റെ ദേശീയവക്താവാണ് ഡോക്ടർ ഷമ മുഹമ്മദ്. ദീർഘകാലം സീ ന്യൂസിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ദേശീയവക്താവായെത്തുന്നത് അടുത്തിടെയാണ്. മാധ്യമ രംഗത്തെ പരിചയ മികവിന് മുമ്പിലാണ് സ്വരാജിനും തോൽവി സമ്മതിക്കേണ്ടി വന്നത്.

'ഒടുവിൽ ബിജെപിയിലേക്ക് പോകുന്ന ആൾ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം' എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർക്ക് പോലും അത് പങ്കിടേണ്ടി വരുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ഇത് രസിക്കാതിരുന്ന ഷമ കള്ളം പറയാൻ താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തർക്കത്തിന് തിരികൊളുത്തിയത്. എന്നാൽ തർക്കം അനുനയിപ്പിക്കാൻ സ്വരാജ് ഫലിതം പറഞ്ഞതാണെന്ന് വ്യക്തമാക്കി അവതാരകൻ ഇടപെട്ടെങ്കിലും ഇരുവരും തമ്മിൽ തർക്കം മുറുകുകയായിരുന്നു. അങ്ങനെ സ്വരാജിന്റെ ഫലിതത്തിൽ താരമായി ഷമ മാറി. ഇതേ മിടുക്കിയാണ് ടോം വടക്കനെ കോൺഗ്രസിൽ നിന്ന് അകറ്റിയതെന്നാണ് പുറത്തുവരുന്ന സൂചന.

ഏറെക്കാലം ടോമിന്റെ കീഴിലായിരുന്നു കോൺഗ്രസിലെ മാധ്യമവിഭാഗം. രാഹുൽ ഗാന്ധി പ്രസിഡന്റായി എത്തിയതോടെ ഷമ മാധ്യമ വിഭാഗത്തിലെത്തി. രാഹുൽ ഗാന്ധി നേരിട്ട് താല്പര്യമെടുത്തായിരുന്നു നിയമനം. ഇത് വടക്കന് പടിച്ചില്ല. ദീർഘകാലം സീ ന്യൂസിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിച്ച ഷമ അതിവേഗം കോൺഗ്രസിലെ പ്രധാന വക്തവായി വളർന്നു. ഇതോടെ വടക്കൻ അടക്കമുള്ളവർക്ക് പിണയില്ലാതെയായി. കെസി വേണുഗോപാലും ഉമ്മൻ ചാണ്ടിയും ഡൽഹിയിലെത്തിയതോടെ വടക്കൻ പാർട്ടിയിൽ നിന്ന് പതുക്കെ പിന്മാറി. വടക്കൻ പാർട്ടി വിട്ട് പോകുമ്പോഴും കോൺഗ്രസിനായി പ്രതിരോധം തീർക്കാനെത്തിയത് ഷമയായിരുന്നു.

മോദിക്കെതിരെ ഇത്രകാലം തെറി പറഞ്ഞുനടന്ന ഒരു മനുഷ്യൻ ഇപ്പോഴെന്താ മാറ്റിപ്പറയുന്നതെന്ന് ഒറ്റ ചോദ്യത്തിൽ വടക്കൻ കൂറുമാറ്റത്തിലെ പൊള്ളത്തരം ചർച്ചയാക്കി. അധികാരത്തിന് വേണ്ടി മാത്രമാണ് ടോം വടക്കന്റെ പാർട്ടി മാറ്റമെന്നും ഷമാ മുഹമ്മദ് പറഞ്ഞു. എന്നാൽ ബിജെപി അദ്ദേഹത്തിന് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്നും എഐസിസി ദേശീയ വക്താവ് കൂട്ടിച്ചേർത്തു. കാരണം ടോം വടക്കന് ജനപിന്തുണയില്ല. ജനാധിപത്യത്തിൽ ഏത് പാർട്ടിയിൽ ചേരാനും ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും ടോം വടക്കൻ ബിജെപിയിലേക്ക് പോയതുകൊണ്ട് കോൺഗ്രസിന് ക്ഷീണമൊന്നും ഇല്ലെന്നും ഷമാ മുഹമ്മദ് പറഞ്ഞു. കീർത്തി ആദാസ്, സാവിത്രി ഭായ് ഫൂലെ തുടങ്ങിയ ബിജെപി നേതാക്കൾ കോൺഗ്രസിലേക്കും വന്നിട്ടുണ്ട്.

ടോം വടക്കൻ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചു. മുപ്പത് വർഷം നിലനിന്ന പ്രത്യയശാസ്ത്രം പെട്ടെന്ന് ഒരു ദിവസം എങ്ങനെ മാറാനായെന്നും അവർ ചോദിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പാർട്ടി മാറിയത്. പുൽവാമ ഭീകരാക്രമണത്തിൽ കോൺഗ്രസിന്റെ നിലപാടിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് ബിജിപിയിലേക്ക് പോകുന്നത് എന്നാണ് ടോം വടക്കൻ പറയുന്നത്. എന്നാൽ പുൽവാമ ആക്രമണത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകളിൽ ടോം വടക്കൻ വിയോജിപ്പൊന്നും പറഞ്ഞിട്ടില്ലെന്നും ഷമാ മുഹമ്മദ് തകർത്തു. ഇതോടെ വടക്കന്റെ പോക്ക് കോൺഗ്രസിന് പ്രശ്‌നമല്ലാതെയായി.

തലശ്ശേരിക്കടുത്ത മാഹിയിലെ കല്ലാപുതിയ വീട്ടിലാണ് ജനനം. ഷമ മുഹമ്മദ് വളർന്നത് കുവൈത്തിലാണ്. മാതാവ് മാഹി സ്വദേശിനിയാണ്. കണ്ണൂരിലെ താണയിലാണ് പിതാവിന്റെ തറവാട്. കുവൈത്തിലെ പഠനകാലത്തായിരുന്നു ഗൾഫ് യുദ്ധം. കണ്ണൂർ എസ്എൻ കോളേജിൽ ബിരുദം പൂർത്തിയാക്കി. മംഗലാപുരം യെനപ്പോയ ഡൈന്റൽ കോളേജിൽനിന്ന് ബിഡിഎസിന് ശേഷം ഷമ കണ്ണൂർ, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ ദന്തഡോക്ടറായി ജോലി ചെയ്തു. ഡൽഹിയിൽ ജോലി ചെയ്യുമ്പോഴാണ് കുറച്ചുകാലം സീ ന്യൂസിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിക്കുന്നത്. മാധ്യമ മേഖലയോടുള്ള താൽപ്പര്യമായിരുന്നു ഇതിന് കാരണം. ഈ സമയത്താണ് കോൺഗ്രസ് നേതാക്കളുമായി അടുക്കുന്നതും.

ഇതിനിടയിൽ അനാഥരായി നഗരത്തിലെത്തുന്ന പെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസ് എന്ന സാമൂഹികസന്നദ്ധ സംഘടനയിലും പ്രവർത്തിച്ചു. ഭർത്താവിനും രണ്ടുകുട്ടികൾക്കുമൊപ്പം ഇപ്പോൾ പുണെയിലെ കൊറെഗാവ് പാർക്കിലാണ് താമസം. ദേശീയ ദൃശ്യമാധ്യമങ്ങളിൽ ഭൂരിഭാഗവും ഭരണകക്ഷിയുടെ ചട്ടുകമായും പിണിയാളുകളുമായാണ് പ്രവർത്തിക്കുന്നതെന്നാണ് ഷമയുടെ പരാതി. അത്തരം മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതും അതിനാലാണെന്ന് ഷമ മുഹമ്മദ് പറയുന്നു.

2018 ഡിസംബർ 31 ന് കോൺഗ്രസ് അധ്യക്ഷൻ പുതിയ 10 അംഗ പുതിയ കോൺഗ്രസ് വക്താക്കളുടെ പട്ടിക തയ്യാറാക്കിയത്. ഇതിലാണ് ഡോ. ഷമ മുഹമ്മദും ഉൾപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിലെ കാര്യക്ഷമായ ഇടപെടലുകളായിരരുന്നു മലയാളിയായ ഡോ. ഷമ മുഹമ്മദിന് പാർട്ടി ദേശീയ തലത്തിലേക്കുള്ള വാതിൽ തുറന്നത്. മുസ്ലിം പാരമ്പര്യം പിന്തുടരുകയും ഹിന്ദു സംസ്‌കാരത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തി എന്ന മത നിരപേക്ഷ നിലപാടുകളായിരുന്നു ഷമയ്ക്ക് നിർണായകമായത്.

 

ഇതിന് പിറകെയാണ് എഐസിസി ദേശീയ വക്താവ് സ്ഥാനത്തേക്ക് എത്തുന്നത്. ഇറ്റാലിയൻ സ്വദേശിയും മാർക്കറ്റിങ് വിദഗ്ദ്ധനുമായ സ്റ്റഫാനോ പെല്ലെയാണ് ഡോ. ഷമ മുഹമ്മദിന്റെ ഭർത്താവ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP