Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാർട്ടി ഗ്രാമങ്ങൾ മാത്രമുള്ള തലശ്ശേരിയിൽ വരത്തനായി എത്തി കോടിയേരി ബാലകൃഷ്ണനെ കിടുകിട വിറപ്പിച്ചത് ഗുണം ചെയ്തു; പെരിയയിലെ രണ്ട് ചെറുപ്പക്കാരുടെ രക്തസാക്ഷിത്വത്തിന്റെ പേരിൽ സിപിഎമ്മിനെ മുൾമുനയിൽ നിർത്താൻ മറ്റൊരാളില്ലെന്ന് തിരിച്ചറിഞ്ഞ് സീറ്റുറപ്പിച്ചത് മുല്ലപ്പള്ളി നേരിട്ട്; വടകരയിൽ ചാവേറാകാൻ തന്നെ പരിഗണിക്കുമെന്ന് മാത്രം സൂചനയുണ്ടായിരുന്ന ഉണ്ണിത്താൻ പോലും പ്രഖ്യാപനം അറിഞ്ഞു ഞെട്ടി; രാജ്‌മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തിൽ ആവേശഭരിതമായി കോൺഗ്രസിലെ ചെറുപ്പക്കാർ

പാർട്ടി ഗ്രാമങ്ങൾ മാത്രമുള്ള തലശ്ശേരിയിൽ വരത്തനായി എത്തി കോടിയേരി ബാലകൃഷ്ണനെ കിടുകിട വിറപ്പിച്ചത് ഗുണം ചെയ്തു; പെരിയയിലെ രണ്ട് ചെറുപ്പക്കാരുടെ രക്തസാക്ഷിത്വത്തിന്റെ പേരിൽ സിപിഎമ്മിനെ മുൾമുനയിൽ നിർത്താൻ മറ്റൊരാളില്ലെന്ന് തിരിച്ചറിഞ്ഞ് സീറ്റുറപ്പിച്ചത് മുല്ലപ്പള്ളി നേരിട്ട്; വടകരയിൽ ചാവേറാകാൻ തന്നെ പരിഗണിക്കുമെന്ന് മാത്രം സൂചനയുണ്ടായിരുന്ന ഉണ്ണിത്താൻ പോലും പ്രഖ്യാപനം അറിഞ്ഞു ഞെട്ടി; രാജ്‌മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തിൽ ആവേശഭരിതമായി കോൺഗ്രസിലെ ചെറുപ്പക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആയിരം നാവുള്ള അനന്തനാണ് കേരള രാഷ്ട്രീയത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ. തർക്കിച്ച് തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ഉയർത്തുന്ന വിമർശനങ്ങൾ ആരുടേയും കുറിക്ക് കൊള്ളുന്നതാണ്. പോരാട്ട വീര്യമാണ് ഉണ്ണിത്താന്റെ കരുത്ത്. തലശ്ശേരിയിൽ ഇതിന്റെ ചൂട് സിപിഎം അനുഭവിച്ചതാണ്. ഉറച്ച കോട്ടയിൽ കോടിയേരി ബാലകൃഷ്ണനെ വിറപ്പിച്ചാണ് 2006ൽ രാജ്‌മോഹൻ ചർച്ചയായത്. രാജ്‌മോഹന്റെ ആദ്യ തെരഞ്ഞെടുപ്പ് അങ്കവുമായിരുന്നു അത്. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ രണ്ട് തവണ മാത്രമേ മത്സരിക്കാനും അവസരം ഉണ്ണിത്താന് ലഭിച്ചുള്ളൂവെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഉണ്ണിത്താന്റെ വാക്കുകളിലെ കരുത്ത് തിരിച്ചറിഞ്ഞാണ് ഇത്തവണ കാസർഗോഡ് പിടിക്കാൻ രാഹുൽ ഈ നേതാവിനെ നിയോഗിക്കുന്നത്. കേരളത്തിൽ ഉടനീളം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ക്രൂരതകൾ നിറയ്ക്കാനാണ് ഇത്.

സിപിഎമ്മിന്റെ കോട്ടയാണ് കാസർഗോഡ്. എന്നാൽ നായനാരെ അട്ടിറിച്ച കോൺഗ്രസ് ചരിത്രം കടന്നപ്പള്ളി രാമചന്ദ്രന് പറയാനുണ്ട്. രാമയ്യറേയും വിജയിച്ചു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖിന്റെ വെല്ലുവിളികളെ പി കരുണാകരനെന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം മറികടന്നത്. ഇത്തവണ സതീഷ് ചന്ദ്രനാണ് സ്ഥാനാർത്ഥി. പെരിയയിലെ ഇരട്ടക്കൊല സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ഇത് മുതലെടുക്കാനാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ വരവ്. വടകരയിൽ പി ജയരാജനെ നേരിടാൻ ഉണ്ണിത്താനെ പരിഗണിച്ചിരുന്നു. അക്രമ രാഷ്ട്രീയത്തെ ചർച്ചയാക്കാനായിരുന്നു ഇത്. വടകരയിലെ ചാവേറാകാൻ ഉണ്ണിത്താനും അങ്കത്തിന് തയ്യാറെടുത്തു. അതിനിടെയാണ് കൂടുതൽ സാധ്യതയുള്ള കാസർഗോട്ടെക്കുള്ള പ്രഖ്യാപനമെത്തുന്നു. ഇത് ഉണ്ണിത്താനും അപ്രതീക്ഷിതമായി. ഏൽപ്പിച്ച ദൗത്യം രണ്ടു കൈയും നീട്ടി ഏറ്റെടുക്കുകയാണ് ഈ പോരാളി.

ഐ ഗ്രൂപ്പിന്റെ വാക്കും പോരാട്ട വീര്യവുമായിരുന്നു ഉണ്ണിത്താൻ. സോളാറിൽ ഉമ്മൻ ചാണ്ടിയേയും പ്രതിരോധിച്ചു. പക്ഷേ ഗ്രൂപ്പുകൾക്ക് ഈ നേതാവിനോട് ഇന്ന് താൽപ്പര്യമില്ല. എന്നാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തമായ നിലപാടാണ് ഉണ്ണിത്താന് വേണ്ടി എടുത്തത്. കോൺഗ്രസിന്റെ ഗർജ്ജിക്കുന്ന നാവായ ഉണ്ണിത്താനെ ഉയർത്താൻ മുല്ലപ്പള്ളി തീരുമാനിച്ചു. കൊല്ലത്തു നിന്നുള്ള ഉണ്ണിത്താൻ തെക്കൻ കേരളത്തിൽ സീറ്റ് നൽകാനാകില്ല.  തലശ്ശേരിയിലെ പഴയ പോരാളിയെ വടകരയ്ക്ക് അയക്കാനായിരുന്നു മുല്ലപ്പള്ളിയുടെ തീരുമാനം. എന്നാൽ ചർച്ചകളിൽ ഉണ്ണിത്താന് നല്ലത് കാസർഗോഡാണെന്ന വാദം ശക്തമായി. പെരിയയിലെ രക്തസാക്ഷിത്വം കോൺഗ്രസിന് അനുകൂലമാക്കാനുള്ള നീക്കം. തലശ്ശേരിയിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും കടന്നു ചെന്ന് കോടിയേരിയെ കടന്നാക്രമിച്ച കോൺഗ്രസിലെ പുലിക്ക് കാസർഗോട്ടും മുന്നോട്ട് കുതിക്കാനാകുമെന്നാണ് പ്രതീക്ഷ.

കെ മുരളീധരന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് കെ കരുണാകരൻ ഉപയോഗിച്ച വ്യക്തിത്വമാണ് ഉണ്ണിത്താൻ. കോഴിക്കോട് മുരളി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ തന്ത്രങ്ങൾ ഒരുക്കിയത് ഉണ്ണിത്താനായിരുന്നു. കെ കരുണാകരന് വേണ്ടി ഒന്നും ആഗ്രഹിക്കാതെ വാക്കുകൊണ്ട് എതിരാളികളെ അരിഞ്ഞു വീഴ്‌ത്തിയ നേതാവ്. പക്ഷേ കരുണാകരൻ രാജ്‌മോഹൻ ഉണ്ണിത്താനെ ഒന്നും ആക്കിയില്ല. നാൽപ്പത്തിയെട്ട് കൊല്ലത്തെ രാഷ്ട്രീയ ജീവതിത്തിനിടയിൽ എംഎൽഎയോ എംപിയോ ആകാൻ ഉണ്ണിത്താനായില്ല. 2006ൽ തലശ്ശേരിയിൽ കോടിയേരിക്കെതിരെ മത്സരിച്ചു തോറ്റു. ഇടത് കോട്ടയിൽ വീറോടെ പോരാട്ടം നടത്തിയെന്നത് മാത്രമാണ് നേട്ടം. കെപിസിസി ജനറൽ സെക്രട്ടറിയും പാർട്ടി വക്താവുമെല്ലാമായി തിളങ്ങിയ ഉണ്ണിത്താൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ സ്ഥാനാർത്ഥിയായി. സ്വന്തം ജില്ലയിൽ വിജയിക്കുമെന്ന അമിത ആത്മവിശ്വാസം ഉണ്ണിത്താനുണ്ടായിരുന്നു. എന്നാൽ കൊല്ലത്തെ ഇടത് തരംഗം ഉണ്ണിത്താന്റെ പ്രതീക്ഷകൾ തെറ്റിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷനായത് മാത്രമാണ് രാഷ്ട്രീയത്തിലൂടെ ഉണ്ണിത്താന് ലഭിച്ച ഏക പദവി. അതും ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ മാത്രമാണ് കിട്ടിയത്. കെ എസ് യുവിൽ ഉണ്ണിത്താൻ ശ്രദ്ധേയനാകുന്നത് എം എ ബേബിയെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറിച്ചാണ്. കൊല്ലം എസ് എൻ കോളേജിൽ കരുണാകരന്റെ കടുത്ത ആരാധകനായിരുന്ന ചെറുപ്പക്കാരൻ ഹീറോയായിരുന്നു. എസ് എഫ് ഐയുടെ ഉരുക്ക് കോട്ടയിൽ ബേബി തോൽപ്പിച്ച് ചെയർമാനായ ഉണ്ണിത്താനെ ലീഡർ പ്രത്യേകം ശ്രദ്ധിച്ചു. അന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉദ്ഘാടകനായി കരുണാകരനെ കൊണ്ടു വന്നു. ഇതോടെ കെഎസ് യുവിലെ ഔദ്യോഗിക പക്ഷത്തിന്റെ കണ്ണില കരടായി. കൊല്ലം സെക്രട്ടറിയായിരുന്ന ഉണ്ണിത്താൻ കെ എസ് യുവിൽ നിന്ന് പുറത്തായി. അങ്ങനെ കരുണാകരനൊപ്പം കൂടിയതിൽ നഷ്ടങ്ങളുടെ കഥമാത്രം പറയാനുള്ള ഏക നേതാവാണ് ഉണ്ണിത്താൻ.

2006ൽ തലശ്ശേരിയിൽ മത്സരിച്ച് കോടിയേരിയോട് വീറോടെ പോരാടി തോറ്റ് ഉണ്ണിത്താനെ 2011ൽ കോൺഗ്രസ് സ്ഥാനാർത്ഥി പോലുമാക്കിയില്ല. ഗ്രൂപ്പ് മാനേജർമാർക്ക് പിടിക്കാത്തതായിരുന്നു ഇതിന് കാരണം. വിവാദങ്ങൾക്കൊടുവിൽ സിപിഎമ്മിന്റെ ഉറച്ച സീറ്റായ കുണ്ടറ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP