Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ വി തോമസിനെ ബിജെപിയിൽ എത്തിച്ച് എറണാകുളത്ത് സ്ഥാനാർത്ഥിയാക്കാൻ നീക്കം; ശ്രമം നടത്തുന്നത് ടോം വടക്കന്റെ നേതൃത്വത്തിൽ; ചരടുവലിച്ച് സ്മൃതി ഇറാനിയും നിർമ്മല സീതാരാമനും; മുതിർന്ന നേതാവ് എത്തിയാൽ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും; തടയിടാൻ നീക്കം നടത്തി സോണിയ ഗാന്ധിയും അഹമ്മദ് പട്ടേലിന്റെയും ഇടപെടൽ; അനുനയിപ്പിക്കാൻ വസതിയിൽ എത്തിക്കണ്ട് രമേശ് ചെന്നിത്തല

കെ വി തോമസിനെ ബിജെപിയിൽ എത്തിച്ച് എറണാകുളത്ത് സ്ഥാനാർത്ഥിയാക്കാൻ നീക്കം; ശ്രമം നടത്തുന്നത് ടോം വടക്കന്റെ നേതൃത്വത്തിൽ; ചരടുവലിച്ച് സ്മൃതി ഇറാനിയും നിർമ്മല സീതാരാമനും; മുതിർന്ന നേതാവ് എത്തിയാൽ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും; തടയിടാൻ നീക്കം നടത്തി സോണിയ ഗാന്ധിയും അഹമ്മദ് പട്ടേലിന്റെയും ഇടപെടൽ; അനുനയിപ്പിക്കാൻ വസതിയിൽ എത്തിക്കണ്ട് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എറണാകുളം ലോക്‌സഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാൻ ശ്രമം ശക്തമായി നടക്കുന്നു. ഇതിനിടെ അദ്ദേഹത്തെ മറുകണ്ടം ചാടിച്ച് സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമങ്ങളും കാര്യമായി നടക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം കെ വി തോമസുമായി ബന്ധപ്പെട്ടു. താല്പര്യമുണ്ടെങ്കിൽ അദ്ദേഹത്തെ എറണാകുളത്ത് സ്ഥാനാർത്ഥിയാക്കാം എന്നാണ് ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചത്. ടോം വടക്കന്റെ നേതൃത്വത്തിലാണ് ഇതിന് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നത്.

നിലവിൽ ബിഡിജെഎസ്സിന്റെ പക്കലാണ് എറണാകുളം സീറ്റ്. കെ വി തോമസിനെ ബിജെപി കേന്ദ്രനേതൃത്വം ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കെ വി തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ അതൃപ്തി തുറന്ന് പറഞ്ഞ് കെ വി തോമസ് നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് കേന്ദ്രനേതാക്കൾ തോമസിനെ ഫോണിൽ വിളിച്ചത്. മുതിർന്ന കേന്ദ്രമന്ത്രിമാർ തന്നെയാണ് തോമസിനെ വിളിച്ചിരുന്നത്. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. സ്മൃതി ഇറാനിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവുമായി വളരെ അടുത്ത സുഹൃദ് ബന്ധങ്ങളുള്ള നേതാവാണ് കെ വി തോമസ്.

സംസ്ഥാനനേതാക്കളാരും ഇതുവരെ ഇതിൽ ഇടപെട്ടിട്ടില്ല. ആവശ്യമെങ്കിൽ സംസ്ഥാനനേതൃത്വത്തെക്കൂടി ഉൾപ്പെടുത്തി ചർച്ച നടത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുക. കെ വി തോമസ് ബിജെപി പാളയത്തിലെത്തിയാൽ ഹൃദയത്തോട് ചേർത്തു നിർത്തുമെന്നാണ് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പറഞ്ഞത്. താനും സംസ്ഥാന ബിജെപി നേതൃത്വവും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ടോം വടക്കന്റെ കളം മാറ്റത്തിന് തൊട്ടുപിന്നാലെ സീറ്റ് കിട്ടാത്തതിൽ അതൃപ്തിയുമായി രംഗത്ത് വന്ന കെ വി തോമസിനെക്കൂടി ബിജെപി പാളയത്തിലെത്തിക്കാൻ കഴിഞ്ഞാൽ അത് നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. തോമസ് വന്നാൽ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവുപം വ്യക്തമാക്കി.

എന്നാൽ സോണിയാഗാന്ധിയുൾപ്പടെ ഹൈക്കമാന്റുമായി അടുത്ത ബന്ധമുള്ള കെ വി തോമസിനെ പാർട്ടി നഷ്ടപ്പെടുത്താനാഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് എറണാകുളം പോലൊരു മണ്ഡലത്തിൽ നിലവിലെ എംപിയായ കെ വി തോമസ് മറ്റൊരു പാളയത്തിൽ പോയി മത്സരിക്കുന്നത് ഒഴിവാക്കാൻ കോൺഗ്രസ് എല്ലാ ശ്രമവും നടത്തും. ഇതിനായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഹമ്മദ് പട്ടേലും നേരിട്ടെത്തി കെ വി തോമസിനെ കണ്ടത്. പ്രശ്‌നം പരിഹരിക്കാൻ വേണ്ടി സോണിയാഗാന്ധിയുമായും കെ വി തോമസ് കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായാണ് സംസ്ഥാനനേതൃത്വത്തിന്റെ പ്രതിനിധിയായി രമേശ് ചെന്നിത്തല തന്നെ കെ വി തോമസിനെ കാണുന്നതും ചർച്ച നടത്തിയതും.

അതേസമയം, കെ വി തോമസ് പാർട്ടി വിടില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മാന്യമായ ഒരു പദവി തന്നെ കെ വി തോമസിന് പാർട്ടി നൽകും. ഒരു കാരണവശാലും വേറെ ഒരു പാളയത്തിലേക്ക് കെ വി തോമസ് പോകില്ലെന്നും സമുന്നതനായ നേതാവായ അദ്ദേഹം ഉന്നതപദവികൾ അലങ്കരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത്തരത്തിൽ നല്ല പദവികളിലൊന്ന് തന്നെ കെ വി തോമസിന് നൽകി പാർട്ടിയിൽ നിലനിർത്താനാണ് കോൺഗ്രസ് ദേശീയനേതൃത്വം ശ്രമിക്കുന്നത്.

സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ കെ വി തോമസ് ഇന്നലെ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. കോൺഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താൻ ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്റെ വൈകാരികമായ ചോദ്യം. ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നൽകാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാൻ തയ്യാറായില്ല. ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവർത്തിച്ചു. പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താൻ രാഷ്ട്രീയത്തിൽ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ല എന്നായിരുന്നു മറുപടി.

ദീർഘകാലം കോൺഗ്രസ് ഹൈക്കമാൻഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച കെ വി തോമസിന്റെ പിടി അയയുന്നത് രാഹുൽ ഗാന്ധി പ്രസിഡന്റായതിന് ശേഷമാണ്. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനം രാഹുൽ ഗാന്ധി സ്വീകരിച്ചതോടെ കെ വി തോമസ് രാഹുലുമായി അകന്നുതുടങ്ങി. ഇതിനിടെ കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെ കൊച്ചിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ നരേന്ദ്ര മോദി മികച്ച മാനേജ്‌മെന്റ് വിദഗ്ധനാണെന്ന് കെ വി തോമസ് പുകഴ്‌ത്തിയത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP