Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈലറ്റ്-എസ്‌കോർട്ട് വാഹനങ്ങളില്ലാതെ പ്രവർത്തകന്റെ വീട്ടിൽ ചായയ്ക്ക് ചെന്നപ്പോൾ എല്ലാവർക്കും സന്തോഷം; പിറ്റേന്ന് പ്രവർത്തകൻ പറഞ്ഞു: അങ്ങ് വന്നതൊക്കെ നല്ലത്...എസ്‌കോർട്ടില്ലാതെ വന്നതുകൊണ്ട് ആരും അറിഞ്ഞില്ല മുഖ്യമന്ത്രി വീട്ടിൽ വന്നുവെന്ന്; മുഖ്യമന്ത്രി ആയ ശേഷവും ഗോവയിലൂടെ സ്‌കൂട്ടറിൽ ചുറ്റിയടിക്കുന്ന സാധാരണക്കാരൻ; ഉറിക്ക് മറുപടിയായി സർജിക്കൽ സ്‌ട്രൈക്കിന് കൈകൊടുത്ത കണിശക്കാരൻ; പരീക്കർ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് ജനകീയനായ മിസ്റ്റർ ക്ലീനിനെ

പൈലറ്റ്-എസ്‌കോർട്ട് വാഹനങ്ങളില്ലാതെ പ്രവർത്തകന്റെ വീട്ടിൽ ചായയ്ക്ക് ചെന്നപ്പോൾ എല്ലാവർക്കും സന്തോഷം; പിറ്റേന്ന് പ്രവർത്തകൻ പറഞ്ഞു: അങ്ങ് വന്നതൊക്കെ നല്ലത്...എസ്‌കോർട്ടില്ലാതെ വന്നതുകൊണ്ട് ആരും അറിഞ്ഞില്ല മുഖ്യമന്ത്രി വീട്ടിൽ വന്നുവെന്ന്; മുഖ്യമന്ത്രി ആയ ശേഷവും ഗോവയിലൂടെ സ്‌കൂട്ടറിൽ ചുറ്റിയടിക്കുന്ന സാധാരണക്കാരൻ; ഉറിക്ക് മറുപടിയായി സർജിക്കൽ സ്‌ട്രൈക്കിന് കൈകൊടുത്ത കണിശക്കാരൻ; പരീക്കർ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് ജനകീയനായ മിസ്റ്റർ ക്ലീനിനെ

മറുനാടൻ ഡെസ്‌ക്‌

ഗോവ: മനോഹരമായ പുഞ്ചിരി, ലാളിത്യം, തുറന്ന പെരുമാറ്റം- എതിരാളികളും തലകുലുക്കി സമ്മതിക്കും മനോഹർ പരീക്കർ എന്ന 63 കാരന്റെ മനുഷ്യത്വത്തെ. ബിജെപിയിലെ എല്ലാവിഭാഗങ്ങളുടെയും അംഗീകാരം സ്വന്തമാക്കിയ നേതാവ്. കോൺഗ്രസിന്റെ കുത്തകയായിരുന്ന ഗോവയെ ബിജെപിയോട് അടുപ്പിച്ചത് മറ്റാരുമല്ല, ഐഐടി ബിദുദധാരിയായ ഈ രാഷ്ട്രീയക്കാരൻ, തന്നെ.

പാർട്ടിപ്രവർത്തകരുമായി വളരെ അടുത്തുപെരുമാറുന്ന നേതാവ്. മുഖ്യമന്ത്രിയായ ശേഷവും സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാരൻ. ആർക്കും എളുപ്പം സമീപിക്കാവുന്ന നേതാവ്. ഒരു പാർട്ടി പ്രവർത്തകന്റെ വീട്ടിൽ ചായയ്ക്ക് ക്ഷണിച്ചപ്പോഴുള്ള അനുഭവം പരീക്കർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സൽക്കാരത്തിന്റെ തൊട്ടടുത്ത നാൾ പ്രവർത്തകൻ ചോദിച്ചു: അങ്ങെന്താണ് പൈലറ്റ് വാഹനങ്ങളും എസ്‌കോട്ട് വാഹനങ്ങളുമൊക്കെ അകമ്പടിയായി കൊണ്ടുവരാതിരുന്നത്. ഞാൻ വന്നതിൽ തൃപ്തിയായില്ലേ എന്ന് പ്രവർത്തകനോട് ചോദിച്ചപ്പോൾ, അങ്ങ് വന്നതൊക്കെ ശരിതന്നെ..പക്ഷേ എസ്‌കോർട്ടൊന്നും ഇല്ലാതിരുന്നതുകൊണ്ട് ആരും അറിഞ്ഞില്ല മുഖ്യമന്ത്രി എന്റെ വീട്ടിൽ വന്നുവെന്ന്...പരീക്കർ ചിരിയോടെ ഓർത്തെടുത്തു.

താരപ്രചാരകൻ

1994 മുതൽ ഗോവിയൽ ബിജെപിയുടെ താരപ്രചാരകനായിരുന്നു പരീക്കർ. ഇത്തവണ രോഗബാധിതനായതിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അദ്ദേഹത്തിന്റെ അസാന്നിധ്യം മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിധ്യം ബിജെപിയുടെ സംസ്ഥാനത്തെ സാധ്യതകളെ ബാധിക്കുന്നുമെന്ന് വിശ്വസിക്കുന്നവരും ഏറെ. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ എംഎൽമാരിൽ ഒരാളാണ് പരീക്കർ. 2000 ത്തിന് ശേഷം നാലുവട്ടം മുഖ്യമന്ത്രിയായി. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്ന പ്രതിരോധ മന്ത്രിയായിരുന്ന പരീക്കർ ഗോവയുടെ മുക്കും മൂലയും സഞ്ചരിച്ച് വോട്ടുതേടിയത് പാർട്ടി പ്രവർത്തകർ ഓർക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ പൊതുയോഗങ്ങളിൽ പങ്കെടുക്കുമെന്ന് അമിത്ഷായുടെ സാന്നിധ്യത്തിൽ പരീക്കർ വാഗ്ദാനം ചെയ്തിരുനവ്‌നതാണ്. എന്നാൽ, രോഗം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല.

റഫാലും പരീക്കറും

രോഗബാധിതനായിരിക്കുമ്പോഴാണ് റഫാൽ വിഷയത്തിൽ വിവാദ ശബ്ദരേഖ പുറത്തുവിട്ട് പരീക്കർക്കും കേന്ദ്രസർക്കാരിനും എതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയത്. മുൻ പ്രതിരോധ മന്ത്രിയായ മനോഹർ പരീക്കറുടെ കൈവശമുള്ള റഫാൽ ഫയലുകളെക്കുറിച്ചു സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അജ്ഞാത വ്യക്തിയോടു സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറ്ത്തുവിട്ടത്. പരീക്കറുടെ കൈവശമുള്ള ഫയലുകളിലെ ഉള്ളടക്കം പുറത്തുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ വെല്ലുവിളിച്ചു. എന്നാൽ, ശബ്ദരേഖ വ്യാജമാണെന്നും കോൺഗ്രസിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പരീക്കറും റാണെയും രംഗത്തുവന്നു.

റഫാൽ കരാർ ഒപ്പിടുന്ന വേളയിൽ മനോഹർ പരീക്കർ ആയിരുന്നു പ്രതിരോധ മന്ത്രി. പിന്നീട് ഗോവ മുഖ്യമന്ത്രിയായ പരീക്കർ ദീർഘകാലം അസുഖ ബാധിതനായി ചികിത്സയിലിരുന്നശേഷം അടുത്ത ദിവസങ്ങളിലാണ് ഓഫീസിലെത്തിയത്. പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യം ഉയർന്നെങ്കിലും റഫാലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ തന്റെ ഫ്‌ളാറ്റിലുണ്ടെന്നും അതിനാൽ തന്നെ ആർക്കും മാറ്റാൻ കഴിയില്ലെന്നും പരീക്കർ പറഞ്ഞതായാണ് കോൺഗ്രസ് ആരോപിച്ചത്. ഏതായാലും രോഗബാധിതനായിരുന്ന കാലത്തെ ഈ ആരോപണം പരീക്കറെ വല്ലാതെ വേദനിപ്പിച്ചിരിക്കണം.

സർജിക്കൽ സ്‌ട്രൈക്കും പരീക്കറും

നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രചോദനമായത് ആർഎസ്എസ് തത്വശാസ്ത്രമെന്ന് മനോഹർ പരീക്കർ പറഞ്ഞത് വിവാദമായിരുന്നു. ഗാന്ധിയുടെ നാട്ടിൽ നിന്നുള്ള ഒരു പ്രധാനമന്ത്രിക്കോ ഗോവയിൽ നിന്നുള്ള പ്രതിരോധ മന്ത്രിക്കോ ഇങ്ങനെ ഒരു ധീരമായ തീരുമാനം എടുക്കാൻ കഴിയില്ലെന്നും പരീക്കർ പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന് ശേഷം തനിക്കും പ്രധാനമന്ത്രിക്കും ഏറെ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകുന്ന വരെ ഇത് തുടർന്നു. ഇപ്പോൾ എല്ലാവർക്കും തെളിവ് വേണം. എന്നാൽ തെളിവ് നൽകിയാലും ഇവർ വിശ്വസിക്കില്ല. എന്നാൽ സൈന്യത്തിന്റെ നെഞ്ചുറപ്പിനെ ആർക്കും സംശയിക്കാൻ സാധിക്കില്ലെന്നും പരീക്കർ കൂട്ടിച്ചേർത്തു.നൂറ് ശതമാനം കൃത്യതയോടെ പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയ സൈന്യം ഉറി ആക്രമണത്തിനുള്ള പകരം വീട്ടിയെന്നും പരീക്കർ പറഞ്ഞു. സൈന്യവുമായി നടത്തുന്ന സംവാദത്തിലെല്ലാം അവരോട് താൻ പറയാറുള്ളത് രാജ്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്യണമെന്നല്ല, മറിച്ച് ഭീകരരെ നിർവീര്യമാക്കാനാണ്. ആവശ്യമുന്നയിച്ചാൽ അതിർത്തിയിൽ പോരാടാൻ തയ്യാറാണെന്ന് ചില വിമുക്തഭടന്മാർ തനിക്ക് കത്തെഴുതി. അവരെ താൻ സല്യൂട്ട് ചെയ്യുന്നതായും പരീക്കർ പറഞ്ഞു. മോദി സർക്കാരിന്റെ കീഴിൽ അതിർത്തി സുരക്ഷിതമായിരിക്കുമെന്നും പരീക്കർ പറഞ്ഞിരുന്നു.

ജീവിതം

ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994ൽ നിയമസഭാംഗമായി.

രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ 2000 ഒക്ടോബറിൽ ബിജെപി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. 2002 ഫെബ്രുവരിയിൽ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പിനെ തുടർന്ന് കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2005ൽ ഭരണം നഷ്ടപ്പെട്ടു.2012 ൽ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രപ്രതിരോധ മന്ത്രിയായി. 2014 നവംബർ മുതൽ 2017 മാർച്ച് വരെ ആ സ്ഥാനത്ത് തുടർന്നു. 2017ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച മനോഹർ പരീക്കർ തന്റെ സ്ഥിരം മണ്ഡലമായ പനജിയിൽ വിജയിച്ച് നിയമസഭാംഗമായി.പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP