Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമുൽ ബേബികളായല്ല മക്കളെ വളർത്തിയത്; അവർ എന്നും സ്വന്തം വഴി തേടി പോകട്ടെ; പാർട്ടി സ്വാധീനത്തിന്റെ പേരിൽ ശുപാർശ കത്ത് നൽകാനും നിന്നുകൊടുക്കില്ല; പ്രചാരണതിരക്കിനിടെ ഇളയമകന്റെ വിവാഹ നിശ്ചയം വന്നപ്പോഴും എല്ലാം തികച്ചും സിംപിൾ; വിലരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത ചടങ്ങിൽ ആഷിഷ്.പി.രാജിനെ അനുഗ്രഹിച്ച് വീണ്ടും വടകരയിലെ വോട്ടർമാർക്കിടയിലേക്ക് മടങ്ങി പി.ജയരാജൻ

അമുൽ ബേബികളായല്ല മക്കളെ വളർത്തിയത്; അവർ എന്നും സ്വന്തം വഴി തേടി പോകട്ടെ; പാർട്ടി സ്വാധീനത്തിന്റെ പേരിൽ ശുപാർശ കത്ത് നൽകാനും നിന്നുകൊടുക്കില്ല; പ്രചാരണതിരക്കിനിടെ ഇളയമകന്റെ വിവാഹ നിശ്ചയം വന്നപ്പോഴും എല്ലാം തികച്ചും സിംപിൾ; വിലരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത ചടങ്ങിൽ ആഷിഷ്.പി.രാജിനെ അനുഗ്രഹിച്ച് വീണ്ടും വടകരയിലെ വോട്ടർമാർക്കിടയിലേക്ക് മടങ്ങി പി.ജയരാജൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: രാഷ്ട്രീയനേതാക്കളുടെ മക്കൾ എന്നുകേൾക്കുമ്പോഴേ പൊതുജനത്തിന്റെ മനസിൽ ഒരുചിത്രമുണ്ട്. അച്ഛന്റെയോ, അമ്മയുടെയോ മേൽവിലാസത്തിൽ, അൽപം ബിസിനസും, ആഡംബര കാറുകളിലെ പാച്ചിലും നാട്ടുകാരുടെ മുന്നിലെ ഷൈനിങ്ങും എല്ലാം. എന്നാൽ, എല്ലാവരും അത്തരക്കാരല്ല. കണ്ണൂരിലെ സിപിഎമ്മുകാരുടെ 'ചെഞ്ചോര പൊൻകതിരായ' പി.ജയരാജന്റെ മക്കൾ വിശേഷിച്ചും ആഡംബരപ്രിയരല്ല. സിപിഎം പ്രവർത്തകർ ലളിത ജീവിതം നയിച്ച് മാതൃക കാട്ടണമെന്നാണ് സാധാരണക്കാരുടെ വിശ്വാസം. ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണ് വടകരയിലെ സിപിഎം സ്ഥാനാർത്ഥിയും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനും കുടുംബവും. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും ഇളയ മകന്റെ വിവാഹനിശ്ചയ ചടങ്ങ് ലളിതമാക്കി ജയരാജൻ വീണ്ടും മാതൃകയായിരിക്കുകയാണ്.

പ്രചാരണത്തിനിടെ, അല്പസമയം വിവാഹ നിശ്ചയ ചടങ്ങിനായി ജയരാജൻ മാറ്റിവച്ചു. കതിരൂരിലെ എം.കെ. സുരേന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽ പൂക്കളർപ്പിച്ച ശേഷമാണ് രാവിലെ ഏഴുമണിക്ക് പര്യടനം തുടങ്ങിയത്. ഇരിട്ടിക്കടുത്ത എടക്കാനത്തായിരുന്നു വിവാഹച്ചടങ്ങ്. പുതിയ ജില്ലാ സെക്രട്ടറി എം വിജയരാജനുൾപ്പെടെ വിരലിലെണ്ണാവുന്നവർ മാത്രമാണ് നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയാണ് ജയരാജന്റെ രണ്ടാമത്തെ മകൻ ആഷിഷ് പി. രാജ്. ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയ പുരയിൽ പുരുഷോത്തമന്റേയും മിനിയുടേയും മകൾ നിമിഷയാണ് വധു. ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ വിവാഹത്തിന് ഉറപ്പ് നൽകിയെങ്കിലും നിശ്ചയം നടത്തിയിരുന്നില്ല. ജൂൺ 2 ന് വിവാഹം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

അല്പസമയം മാത്രം നീണ്ടു നിന്ന നിശ്ചയ ചടങ്ങിന് ശേഷം ജയരാജൻ വീണ്ടും പാട്യത്ത് പ്രചരണത്തിനെത്തി. രക്തസാക്ഷികളുടെ വീടുകൾ സന്ദർശിച്ചാണ് വീണ്ടും പ്രചാരണം തുടങ്ങിയത്. മക്കളുടെ നേട്ടത്തിന് വേണ്ടി പദവികൾ ഒരിക്കലും ഉപയോഗപ്പെടുത്താത്ത നേതാവായിരുന്നു മുൻ സിപിഎം. ജില്ലാ സെക്രട്ടറി കൂടിയായ ജയരാജൻ. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ അവരുടേതായ വഴി തേടി പോകട്ടെ എന്ന നിലപാടിലായിരുന്നു ജയരാജൻ. പാർട്ടിക്കും നാടിനും വേണ്ടി പ്രവർത്തിക്കുമ്പോൾ മക്കളുടെ വ്യക്തിപരമായ നേട്ടത്തിന് ജയരാജൻ ഒരിക്കലും തന്റെ പദവി ഉപയോഗപ്പെടുത്തിയിട്ടില്ല. മൂത്ത മകൻ ജയിൻ.പി. രാജ് സ്വയം ജോലി തേടി ഗൾഫിൽ കഴിയുകയാണ്. വിവാഹിതനുമാണ്. മക്കളെ പാർട്ടി സ്വാധീനമുപയോഗിച്ച് ഒരു സ്ഥാനവും നേടിയെടുക്കാൻ ജയരാജൻ സഹായിച്ചിട്ടില്ല.

കേസും കൂട്ടവുമൊക്കെയുണ്ടെങ്കിലും, പി.ജയരാജനെ അണികൾ ഇഷ്ടപ്പെടുന്നതിന് കാരണവും ഈ ലളിത ജീവിതം തന്നെ. കുടുംബത്തിൽ ആർക്കെങ്കിലും രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ അതുപയോഗിച്ച് കാര്യസാധ്യം ഒക്കുമോയെന്ന് ഏറെപ്പേരും ചിന്തിക്കുന്ന കാലമാണ്. എന്നാൽ, തന്റെ പദവിയോ സ്വാധീനമോ മക്കൾ ഒരുകാരണവശാലും ദുരുപയോഗപ്പെടുത്തരുതെന്ന് നിർബന്ധമുള്ള നേതാവാണ് പി.ജയരാജൻ. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ബിസിനസ് ഇടപാടുകൾ വിവാദത്തിൽ പെട്ടിരുന്നു. പിണറായിയുടെ മകന്റെ വിദേശ പഠനവും മകളുടെ ജോലിയുമൊക്കെ രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിനെതിരെ ആയുധമാക്കിയിരുന്നു. എന്നാൽ മക്കളെ രാഷ്ട്രീയവിവാദങ്ങളുടെ അതിരുകളിൽ പോലും കൊണ്ടുവരാൻ പി.ജയരാജൻ താൽപര്യപ്പെട്ടില്ല. ഇക്കാര്യത്തിൽ, രാഷ്ട്രീയം വേറെ, കുടുംബം വേറെ എന്നുള്ള നയമാണ് ജയരാജൻ പിന്തുടരുന്നത്.

പാർട്ടി ഗ്രാമമായ പാട്യം പഞ്ചായത്തിലെ ഒട്ടച്ചി മാക്കൂൽ സ്വദേശിയാണ് ജയരാജൻ. രാഷ്ട്രീയത്തിനപ്പുറവും ജനബന്ധം കാത്തു സൂക്ഷിക്കുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. എതിരാളിയുടെ പേടിസ്വപ്നമാവുമ്പോഴും രാഷ്ടീയ കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ ക്ഷേമപ്രവർത്തനങ്ങൾക്ക് അണികളോട് നിർദ്ദേശിക്കുന്നു ഈ നേതാവ്. മക്കളെ പാർട്ടി പ്രവർത്തനത്തിന് അറിഞ്ഞുകൊണ്ട് പറഞ്ഞുവിട്ട നേതാവാണ് ജയരാജൻ. അമൂൽ ബേബികളായി മക്കളെ വളർത്തി കേരളത്തിന് പുറത്ത് വിദ്യാഭ്യാസം നൽകി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ തിരുകി കയറ്റാനൊന്നും ജയരാജൻ മിനക്കെട്ടില്ല. സ്വന്തം ഗ്രാമത്തിലെ വിദ്യാലയത്തിൽ വിദ്യാഭ്യാസം. അതു കഴിഞ്ഞ് ജീവിതായോധനത്തിന് വേണ്ടി നാട്ടിൽ കൂലിപ്പണിയെടുക്കൽ. ജയരാജന്റെ മൂത്ത മകൻ ജിതിൻ രാജ് പാർട്ടി പ്രവർത്തനത്തോടൊപ്പം നാട്ടിൽ കൂലിപ്പണിയെടുത്തു വളർന്നവനായിരുന്നു. ഒടുവിൽ ജോലി തേടി ഗൾഫിൽ പോയി. അനുജൻ ആഷിഷ് രാജും പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു,. ഇരുവരും പാർട്ടി മെമ്പർമാരുമായി. തൃശ്ശൂരിലെ ഒരു ഹോട്ടലിൽ തൊഴിലാളിയായിരുന്നു ആഷിഷ് രാജ്. ഹോട്ടൽ പൂട്ടിയപ്പോൾ തിരിച്ച് നാട്ടിലേക്ക് വരികയും ചെയ്തു. ഇപ്പോൾ എറണാകുളത്ത് ഹോട്ടലിൽ ജോലി ചെയ്തുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP