Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരത് ലാലിന്റെ വലിയമ്മയുടെ പൊട്ടിക്കരച്ചിലിന് ഇടയിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ വികാരഭരിതമായ തുടക്കം; ഇനിയൊരു മകൻ പോലും കൊല്ലപ്പെടാതിരിക്കാൻ രാജ്‌മോഹനെ ജയിപ്പിക്കാൻ കല്യോട്ടെ അമ്മമാർ പിരിവിട്ടു നൽകിയ തുക തെരഞ്ഞെടുപ്പു കമ്മീഷനിൽ കെട്ടിവെയ്ക്കും; ധീര രക്തസാക്ഷികളുടെ ജീവൻ എടുത്തവർക്ക് മാപ്പു കൊടുക്കാതിരിക്കാൻ എന്നും ഒപ്പമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി; രാജ്‌മോഹൻ ഉണ്ണിത്താന്റെ മാസ് എൻട്രിയിൽ ഞെട്ടി ഇതുവരെ ഉറച്ച സീറ്റെന്ന് കരുതിയിരുന്ന സിപിഎമ്മുകാർ

ശരത് ലാലിന്റെ വലിയമ്മയുടെ പൊട്ടിക്കരച്ചിലിന് ഇടയിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ വികാരഭരിതമായ തുടക്കം; ഇനിയൊരു മകൻ പോലും കൊല്ലപ്പെടാതിരിക്കാൻ രാജ്‌മോഹനെ ജയിപ്പിക്കാൻ കല്യോട്ടെ അമ്മമാർ പിരിവിട്ടു നൽകിയ തുക തെരഞ്ഞെടുപ്പു കമ്മീഷനിൽ കെട്ടിവെയ്ക്കും; ധീര രക്തസാക്ഷികളുടെ ജീവൻ എടുത്തവർക്ക് മാപ്പു കൊടുക്കാതിരിക്കാൻ എന്നും ഒപ്പമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി; രാജ്‌മോഹൻ ഉണ്ണിത്താന്റെ മാസ് എൻട്രിയിൽ ഞെട്ടി ഇതുവരെ ഉറച്ച സീറ്റെന്ന് കരുതിയിരുന്ന സിപിഎമ്മുകാർ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: കാസർകോടിനെ ഇളക്കിമറിച്ച് പ്രചരണം തുടങ്ങിയ യുഡിഎഫ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രചരണം സജീവമാക്കുന്നു. കല്യോട്ട് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ഓർമകൾ നിറഞ്ഞ കല്യോട്ടെ മണ്ണിൽ നിന്നാണ് ഉണ്ണിത്താൻ പ്രചരണം തുടങ്ങിയത്. കൊലപാതക രാഷ്ട്രീയം തന്നെയാണ് താൻ ചർച്ചയാക്കുന്നത് എന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. രാഹുൽ ഗാന്ധി അധികാരത്തിൽ എത്തിയാൽ സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് രാജ്‌മോഹന്റെ ആദ്യദിന പര്യടനം. ഉണ്ണിത്താനെ വളരെ വികാരഭരിതമായി തന്നെ അണികൾ സ്വീകരിച്ചു.

കല്യോട്ട് അമ്മമാരുടെ ആശീർവാദത്തോടെയായിരുന്നു ഉണ്ണിത്താൻ തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള 10,000 രൂപയും ഇവർ കൈമാറി. ശരത്ത് ലാലും കൃപേഷും അന്ത്യനിദ്രകൊള്ളുന്ന സ്ഥലത്തുവച്ചായിരുന്നു ആശിർവാദവും തുക കൈമാറ്റവും. ശരത്ത് ലാലിന്റെ വല്യമ്മമാരായ തമ്പായിയമ്മയും ലക്ഷ്മിയമ്മയും വിതുമ്പലടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഈ രണ്ടുമക്കളെയും കൊന്നവർക്കും കൊല്ലിച്ചവർക്കും തക്കതായ ശിക്ഷകിട്ടാനായി സിബിഐ. അന്വേഷണം ആവശ്യപ്പെടുമെന്ന് ഉണ്ണിത്താൻ പറഞ്ഞു.

പിന്നീട് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകളിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. നിർമ്മാണം പുരോഗമിക്കുന്ന കൃപേഷിന്റെ വീടും കണ്ടു. തുടർന്ന് സമീപത്തെ വീടുകളിലെത്തി വോട്ടഭ്യർഥിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ രാജ്‌മോഹൻ ഉണ്ണിത്താന് വൻ വരവേൽപ്പാണ് യുഡിഎഫ് പ്രവർത്തകർ ഒരുക്കിയിരുന്നത്. പ്രവർത്തകരുടെ ആവേശത്തിൽ നിന്ന് ഏറെ പണിപ്പെട്ടാണ് നേതാക്കളും പൊലീസും ചേർന്ന് ഉണ്ണിത്താനെ പുറത്തെത്തിച്ചത്.

സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച സുബ്ബയ്യ റൈ വരും ദിവസങ്ങളിൽ പ്രചരണ രംഗത്ത് സജീവമാകുമെന്നാണ് കരുതുന്നത്. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്താതിരുന്നതെന്നാണ് വിശദീകരണം. എന്നാൽ വരും ദിവസങ്ങളിൽ സുബ്ബയ്യ റൈ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന ആത്മവിശ്വാസത്തിലാണ് ഉണ്ണിത്താൻ. ഇന്ന് മുതൽ സജീവമായി പ്രചരണ രംഗത്തിറങ്ങാനാണ് ഉണ്ണിത്താന്റെ തീരുമാനം. ധീര രക്തസാക്ഷികളുടെ ജീവനെടുത്തവർക്ക് മാപ്പു കൊടുക്കരുത് എന്നു പറഞ്ഞു കൊണ്ടാണ് ഉണ്ണിത്താൻ വോട്ടു ചോദിക്കുന്നത്. ഇനിയൊരു കോൺഗ്രസുകാരൻ കാസർകോട്ടെ മണ്ണിൽ മരിച്ചു വീഴരുതെന്നും അദ്ദേഹം പറയുന്നു.

ഇതുവരെ അനായാസം വിജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലായിരുന്നു കാസർകോട്ടെ സിപിഎമ്മുകാർ. എന്നാൽ, ഉണ്ണിത്താന്റെ വരവോടെ ഈ ചിത്രം മാറുകയാണ്. കോൺഗ്രസിനൊപ്പം ലീഗ് പ്രവർത്തകരും ഒരുമിച്ചു നിന്ന് പ്രചരണം നടത്തുമെന്നാണ് സൂചന. ഇതോടെ പ്രചരണം മുറുകുമ്പോൾ മണ്ഡലം യുഡിഎഫിന് അനുകൂലമായി മാറുമെന്നാണ് ഉണ്ണിത്താൻ കരുതുന്നത്. അതേസമയം 2019ലെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ പരോക്ഷമായി ബിജെപി.യെ സഹായിക്കുകയാണെന്ന് ആരോപിച്ചാണ് ഉണ്ണിത്താൻ വാർത്താസമ്മേളനം നടത്തിയത്. കോൺഗ്രസ് രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ യോജിപ്പിച്ച് വർഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കാൻ ശ്രമിക്കുമ്പോൾ ഓരോ സംസ്ഥാനത്തിലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുക വഴി മാർക്സിസ്റ്റ് പാർട്ടി ബിജെപി.യെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയമാണ് അഞ്ചുവർഷമായി ബി.െജ.പി. രാജ്യത്ത് കളിച്ചത്. കോൺഗ്രസിന്റെ പ്രധാന പരിഗണന രാജ്യത്ത് മതേതരത്വം നിലനിർത്താനാണ്. ഭരണഘടനാ സ്ഥാപനങ്ങൾ സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കണം. അതിൽ രാഷ്ട്രീയനേതൃത്വം കൈകടത്താൻ പാടില്ല. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം വളരെ വലുതാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. 94 വർഷത്തെ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇത്രയും കാലത്തിനിടയിൽ ലോക്സഭയിൽ നിർണായകമായ ഒരു ശക്തിയാകാൻ സാധിച്ചിട്ടില്ല. കേരളത്തിൽ ഓഖി ദുരന്തം വന്നപ്പോൾ മുഖ്യമന്ത്രി അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. മനുഷ്യനിർമ്മിതമായ പ്രളയത്തിൽ നഷ്ടപരിഹാരം പോലും കൊടുത്തുതീർത്തിട്ടില്ല -രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താനെ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന്റെ ഇടപെടലിൽ ഈ എതിർത്ത് അവസാനിച്ചു. എ. ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ തുടങ്ങിയ ഡിസിസി സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പരസ്യമായ എതിർപ്പ്. എന്നാൽ, ലീഗിന് കൂടി താൽപ്പര്യമുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ ഉണ്ണിത്താന് വലിയ സ്വീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP