Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടികൾ വിലമതിക്കുന്ന ബെന്റ്‌ലിയിൽ യാത്ര ചെയ്യവെ മൊബൈൽ ഫോൺ ഉപയോഗിച്ചു; ആരോ എടുത്തയച്ചുകൊടുത്ത ഫോട്ടോയിൽ കുടുങ്ങി ഡേവിഡ് ബെക്കാം; പൊലീസ് കണ്ടില്ലെങ്കിലും മൊബൈലിൽ സംസാരിച്ചാൽ കുടുങ്ങുന്നത് ഇങ്ങനെ

കോടികൾ വിലമതിക്കുന്ന ബെന്റ്‌ലിയിൽ യാത്ര ചെയ്യവെ മൊബൈൽ ഫോൺ ഉപയോഗിച്ചു; ആരോ എടുത്തയച്ചുകൊടുത്ത ഫോട്ടോയിൽ കുടുങ്ങി ഡേവിഡ് ബെക്കാം; പൊലീസ് കണ്ടില്ലെങ്കിലും മൊബൈലിൽ സംസാരിച്ചാൽ കുടുങ്ങുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പൊലീസിന്റെ ക്യാമറകളില്ലാത്ത സ്ഥലമാണെന്നും ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈലിൽ സംസാരിച്ചാൽ കുഴപ്പമില്ലെന്നും കരുതാൻ വരട്ടെ. കോടികൾ വിലമതിക്കുന്ന ബെന്റ്‌ലിയിൽ യാത്രചെയ്യവെ, മൊബൈൽ ഫോണിൽ സംസാരിച്ച മുൻ ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം കുടുങ്ങിയത് പൊലീസ് ക്യാമറകളിലല്ല. വഴിയാത്രക്കാരിലൊരാൾ ബെക്കാം ഫോണിൽ സംസാരിച്ച് കാറോടിച്ചുപോകുന്നത് കണ്ടപ്പോൾ ചിത്രമെടുത്ത് പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. അമിതവേഗത്തിന് അടുത്തിടെ പിടിയിലായ ബെക്കാമിന് ഇപ്പോഴത്തെ കുറ്റം കൂടിയായതോടെ, ഡ്രൈവിങ്ങ് നിയന്ത്രണം വന്നേക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞവർഷം നവംബർ 21-ന് സെൻട്രൽ ലണ്ടനിലെ ഗ്രേറ്റ് പോർട്ട്‌ലൻഡ് സ്ട്രീറ്റിലൂടെ വാഹനമോടിക്കവെയാണ് ബെക്കാം വഴിയാത്രക്കാരന്റെ ക്യാമറയിൽ കുടുങ്ങിയത്. സി.സി.ടി.വി കൂടി പരിശോധിച്ച പൊലീസ് കുറ്റം ഉറപ്പിച്ചു. ബെക്കാമിനെ ഇക്കാര്യം തപാൽ മുഖേന അറിയിച്ചതായി സ്‌കോട്ട്‌ലൻഡ് യാർഡ് വ്യക്തമാക്കി. കേസ് ബ്രോംലി മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് പറഞ്ഞു.

കഴിഞ്ഞവർഷം സെപ്റ്റംബറിലും ബെക്കാം ട്രാഫിക് നിയമലംഘനത്തിന് പിടിയിലായിരുന്നു. അമിത വേഗത്തിൽ കാറോടിച്ചതിനായിരുന്നു അത്. യുവാക്കൾക്കും മറ്റ് ഫുട്‌ബോൾ താരങ്ങൾക്കും മാതൃകയാകേണ്ട ബെക്കാം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. മണിക്കൂറിൽ 40 മൈൽ വേഗപരിധി നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 59 മൈൽ വേഗത്തിലാണെന്ന് താൻ വാഹനമോടിച്ചതെന്ന് ബെക്കാം കോടതിയിൽ സമ്മതിച്ചിരുന്നു. വാടകയ്‌ക്കെടുത്ത ബെന്റ്‌ലി കാറാണ് അന്ന് ബെക്കാം ഓടിച്ചിരുന്നത്.

ആ കേസിൽ ബെക്കാമിനെതിരെ നടപടിയുണ്ടായില്ല. മിസ്റ്റർ ലൂപ്പ്‌ഹോൾ എന്നറിയപ്പെടുന്ന നിക്ക് ഫ്രീമാനാണ് ബെക്കാമിന് വേണ്ടി ഹാജരായത്. അമിതേഗത്തിനുള്ള നോട്ടീസ് വാഹന ഉടമകളായ റെന്റ് എ കാർ കമ്പനിക്കാണ് പൊലീസ് അയച്ചത്. ആ നോട്ടീസ് കറങ്ങിത്തിരിഞ്ഞ് ബെക്കാമിന്റെ കൈയിലെത്തുമ്പോൾ നിശ്ചിത സമയപരിധിയായ 14 ദിവസം പിന്നിട്ടിരുന്നു. നിയമലംഘനത്തിന് 14 ദിവസത്തിനകം നോട്ടീസ് നൽകണമെന്നാണ് ചട്ടം. അത് ലംഘിച്ചുവെന്ന നൂലിഴയിൽപിടിച്ചുള്ള വാദം കോടതി അംഗീകരിക്കുകയും ബെക്കാമിനെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.

ഗതാഗത നിയമലംഘനത്തിന് ബെക്കാം പിടിയിലാകുന്നത് ഇതാദ്യമൊന്നുമല്ല. 1999-ൽ അമിതവേഗത്തിന് പിടിയിലായ ബെക്കാമിന് എട്ടുമാസത്തെ ഡ്രൈവിങ് വിലക്കും കോടതി വിധിച്ചിരുന്നു. അന്ന് ബെക്കാമിനെ വിലക്കിൽനിന്ന് രക്ഷിച്ചത് ഫ്രീമാനാണ്. പപ്പരാസി ഫോട്ടോഗ്രാഫറിൽനിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ബെക്കാം വേഗംകൂട്ടിയതെന്ന ഫ്രീമാന്റെ വാദം അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു. ഏറ്റവും പുതിയ കേസിലും ഫ്രീമാൻ തന്നെ ബെക്കാമിന്റെ വക്കാലത്ത് എടുക്കുമോ എന്നാണ് ഇനിയറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP