Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

21 വയസ്സിൽത്താഴെയുള്ളവരുടെയും 50 വയസ്സിന് മുകളിലുള്ളവരുടെയും പാസ്‌പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കണം; ലൈഫ്‌ളോങ് വിസയെന്ന് കരുതി എയർപോർട്ടിൽ എത്തുന്നവരുടെ യാത്ര മുടങ്ങുന്നത് പതിവാകുന്നു; ബ്രിട്ടനുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്നവർ മറക്കാതെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

21 വയസ്സിൽത്താഴെയുള്ളവരുടെയും 50 വയസ്സിന് മുകളിലുള്ളവരുടെയും പാസ്‌പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കണം; ലൈഫ്‌ളോങ് വിസയെന്ന് കരുതി എയർപോർട്ടിൽ എത്തുന്നവരുടെ യാത്ര മുടങ്ങുന്നത് പതിവാകുന്നു; ബ്രിട്ടനുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്നവർ മറക്കാതെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർക്കുള്ള ലൈഫ്ലോങ് വിസയാണ് ഒ.സിഐ. (ഓവർ സീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ്. പ്രവാസിയാണെന്ന് തെളിയിക്കുന്ന ഈ കാർഡ് ഇന്ത്യയിൽ ഇടപാടുകൾ നടത്താൻ അനിവാര്യമാണ്. വിദേശ പാസ്പോർട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിലും ഒസിഐ കാർഡുണ്ടെങ്കിൽ ഇന്ത്യയിൽ വസ്തു ഇടപാടുകളും മറ്റും നടത്താനാവും. ഇപ്പോൾ യാത്രയ്ക്കും ഒസിഐ കാർഡ് നിർബന്ധമാക്കുകയാണ് അധികൃതർ.

യു.കെ.യിൽനിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയിൽ എവിടെയെങ്കിലും ലാൻഡ് ചെയ്യുമ്പോഴും ഒ.സിഐ. കാർഡ് ചോദിച്ചേക്കാം. ഓസിഐ കാർഡ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി അധികൃതർ ചോദിച്ചേക്കാം. അതുകൊണ്ട് ഇതെല്ലായ്‌പ്പോഴും പുതുക്കി സൂക്ഷിക്കുന്നത് നന്നാവും. ഓരോ തവണയും പാസ്പോർട്ട് പുതുക്കുമ്പോഴും ഒസിഐ കാർഡുകൂടി പുതുക്കുക. 20 വയസ്സിൽത്താഴെയുള്ളവരുടെയും 50 വയസ്സിൽ മുകളിലുള്ളവരുടെയും പാസ്പോർട്ട് പുതുക്കുമ്പോൾ പ്രത്യേകിച്ചും അത് വേണമെന്ന് നിയമം വ്യക്തമാക്കുന്നു.

യുകെയിൽ നിന്നും നാട്ടിലേക്ക് പോകാനൊരുങ്ങിയ ഒരു മലയാളി കുടുംബത്തിനു സംഭവിച്ച അനുഭവവും ഇതോടൊപ്പം ചേർക്കുന്നു. കുട്ടികളുടെ ഓസിഐ കാർഡ് പുതുക്കാതിരുന്നതാണ് ഈ കുടുംബത്തിന്റെ യാത്രയ്ക്ക് വിനയായി മാറിയത്. കുട്ടികളുടെ പാസ്പോർട്ട് അടുത്തിടെ പുതുക്കിയിരുന്നു. എന്നാൽ യാത്രയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കേയാണ് കുട്ടികളുടെ ഓസിഐ കാർഡിലെ ഫോട്ടോ വർഷങ്ങൾക്കു മുമ്പ് എടുത്തതാണെന്ന് തിരിച്ചറിയുന്നത്.

ഇതുപോലുള്ള അനുഭവങ്ങൾ ഒരുപക്ഷേ, യാത്ര മുടങ്ങുന്നതിനു വരെ കാരണമായേക്കാം. അതുകൊണ്ടു തന്നെ, 20 വയസുവരെ കുട്ടികളുടെ ഓസിഐ കാർഡും പുതുക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഓസിഐ പേജ് ചെക്ക് ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ പ്രിന്റ് ചെയ്തതായി കാണാം. ഇതു നമ്മുടെ കൈവശമുള്ള പാസ്പോർട്ടുമായി മാച്ച് ചെയ്യുന്നതായിരിക്കണം. സാധാരണ എയർപോർട്ട് അധികൃതർ ഇതു ചെക്ക് ചെയ്യാറില്ല. എങ്കിലും നമ്മുടെ യാത്ര സുരക്ഷിതവും മനോഹരവുമാക്കുവാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലേക്ക് പ്രവേശിക്കുവാൻ ഓസിഐ കാർഡ് നിർബന്ധമായിരിക്കെ, അതു പുതുക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർ നിങ്ങളെ ചോദ്യം ചെയ്യും. കാരണം, പാസ്പോർട്ടിനൊപ്പം ഓസിഐ കാർഡിനു മാത്രമാണ് നിയമസാധുതയുള്ളത്. അതിനാൽ തന്നെ ഉദ്യോഗസ്ഥർ നിങ്ങളെ ചോദ്യം ചെയ്താൽ അവരുമായി ഒരിക്കലും തർക്കിക്കുവാൻ പോകരുത്. എത്തിയാൽ ഉടൻ തന്നെ കാർഡ് പുതുക്കുന്നതായിരിക്കും എന്നു മാത്രം പറയണമെന്നാണ് ഈ യുകെ മലയാളി സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്.

പുതിയ പാസ്പോർട്ട് അനുവദിക്കുമ്പോൾ ഒ.സിഐ രജിസ്ട്രേഷനും പുതുക്കി നൽകണമെന്ന് നിയമത്തിൽ പറയുന്നു. 20 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും 50 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും മുഖത്തിലും ശരീരത്തിലുമുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങൾ കണക്കിലെടുത്ത് ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതാണെന്ന് നിയമത്തിലുണ്ട്. 21-നും 50-നും ഇടയിലുള്ള കാലയളവിൽ ഒ.സിഐ. രജിസ്ട്രേഷൻ പുതുക്കേണ്ടതില്ല. എന്നാൽ, ഇക്കാലയളവിൽ പുതിയൊരു ഒസിഐ കാർഡ് വേണമെന്നുള്ളവർക്ക് അതിന് അപേക്ഷിക്കുകയുമാവാം. 50 വയസ്സുകഴിഞ്ഞാൽ ഒരുതവണ ഒസിഐ പുതുക്കിയാൽ മതിയാകും.

ഒ.സിഐ. രജിസ്ട്രേഷൻ സമയാസമയം പുതുക്കണമെന്നോ പാസ്പോർട്ടിനൊപ്പം ഒസിഐ കാർഡ് കൂടി വേണമെന്നോ ഇതുവരെ നിയമം കർശനമായി ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ വിമാനക്കമ്പനികൾ ചെക്ക്-ഇൻ സമയത്ത് ഇക്കാര്യം ചോദിച്ചുറപ്പാക്കുന്നുണ്ട്. ഒസിഐ രജിസ്ട്രേഷനില്ലാത്ത ചിലരെ ഇമിഗ്രേഷൻ അധികൃതരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകാറുമുണ്ട്. വിഷുവിനോ ഈസ്റ്ററിനോ നാട്ടിൽപ്പോകാൻ ഒരുങ്ങുന്നവരുണ്ടെങ്കിൽ ഒസിഐ രജിസ്ട്രേഷൻ പുതുക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

20 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും 50 വയസ്സ് പിന്നിടുന്ന മുറയ്ക്കുമാണ് ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതും അത് പാസ്പോർട്ടിൽ ചേർക്കേണ്ടതും. 21-നും 50-നും മധ്യേയുള്ളവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതില്ല. അങ്ങനെയുള്ളവർ ഇന്ത്യയിലേക്ക് പോകുമ്പോൾ പുതിയ പാസ്പോർട്ടിനൊപ്പം ഒസിഐ യു വിസ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ പാസ്പോർട്ട് കൂടി കൈയിൽ കരുതിയാൽ മതി. രണ്ട് പാസ്പോർട്ടുകൾ കൈവശംവെക്കുന്നതിലെ ബുദ്ധിമുട്ടുള്ളവർക്ക് പുതിയ രജിസ്ട്രേഷന് നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുകയുമാവാം.

50 വയസ്സ് പിന്നിട്ടവർ പിന്നീട് പുതിയൊരു ഒസിഐ രജിസ്ട്രേഷനായി പോകേണ്ടതില്ല. ഒസിഐ സ്റ്റാമ്പ് ചെയ്തിട്ടുള്ള പാസ്പോർട്ടിന്റെ കാലപരിധി കഴിഞ്ഞാൽ ഇന്ത്യയിലേക്ക് പോകുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഒ.സിഐ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ പാസ്പോർട്ട് കൈവശംവെക്കുക, 2013 ഏപ്രിലിൽ നിലവിൽ വന്ന ഒസിഐ ബുക്ക്ലെറ്റ് കൈവശംവെക്കുക, പുതിയ പാസ്പോർട്ട് കൈവശം വെക്കുക എന്നിവയാണ് മറക്കരുതാത്ത മുൻകരുതലുകൾ.

ഒസിഐ കാർഡിൽ മാറ്റം വരുത്തണമെന്നുള്ളവർക്ക് അതിനായി ഒസിഐ മിസെല്ലേനിയസ് സർവീസിനെ സമീപിക്കാവുന്നതാണ്. പുതിയ പാസ്പോർട്ട് അനുവദിക്കുമ്പോഴോ വ്യക്തിപരമായ വിവരങ്ങൾ മാറ്റുമ്പോഴോ, പൗരത്വം മാറ്റുമ്പോഴോ ഒസിഐ രജിസ്ട്രേഷനും വിസയും കൈമോശം വരുമ്പോഴോ ഓൺലൈൻ അപേക്ഷകളിൽ വ്യക്തിവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ രജിസ്ട്രേഷൻ സമയത്ത് തെറ്റായി വിവരങ്ങൾ ചേർത്തിട്ടുണ്ടെങ്കിലോ മേൽവിലാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം വരുമ്പോഴോ ഒക്കെയാണ് പുതിയ ഒസിഐ രജിസ്ട്രേഷനായി അപേക്ഷിക്കേണ്ടി വരിക.

വിദേശത്തുള്ളവർക്ക് പരിധിയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന യു വിസ ഇന്ത്യ അവസാനിപ്പിച്ചതോടെയാണ് ഒസിഐ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. പാസ്പോർട്ട് പുതുക്കുകയും ഒസിഐ രജിസ്ട്രേഷൻ പുതുക്കാതിരിക്കുകയും ചെയ്താലും വിസയ്ക്ക് തടസ്സമുണ്ടാകുമായിരുന്നില്ല. എന്നാലിപ്പോൾ പാസ്പോർട്ടിനൊപ്പം ഒസിഐ രജിസ്ട്രേഷനും നിർബന്ധമാക്കിരിക്കുകയാണ്. വിമാനത്താവളത്തിൽവെച്ച് അധികൃതർ ഒസിഐ രജിസ്ട്രേഷൻ സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ അതെത്രയും പെട്ടെന്ന് പുതുക്കുമെന്ന ഉറപ്പുനൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ചിലപ്പോൾ യാത്ര തന്നെ മുടങ്ങിയേക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP