Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലേറ്റായെങ്കിലും വടകരയിൽ കോൺഗ്രസിന്റേത് തകർപ്പൻ സ്ഥാനാർത്ഥി നിർണയം; കോഴിക്കോടിന്റെ തട്ടകത്തിൽ പയറ്റിത്തെളിഞ്ഞ മുരളീധരൻ പാർട്ടി ദൗത്യം ഏറ്റെടുത്തത് ധൈര്യത്തോടെ; വടകരയിലേത് അക്രമരാഷ്ട്രീയവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞ് രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചയാക്കുമെന്ന് വ്യക്തമാക്കി മുരളി; കേരള രാഷ്ട്രീയത്തെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടിയ ലീഡറുടെ പുത്രന്റെ വരവ് പി ജയരാജന് ഉയർത്തുന്നത് കനത്ത വെല്ലുവിളി; മുരളി എത്തിയതോടെ ആവേശക്കൊടുമുടിയിൽ യുഡിഎഫ് പ്രവർത്തകർ

ലേറ്റായെങ്കിലും വടകരയിൽ കോൺഗ്രസിന്റേത് തകർപ്പൻ സ്ഥാനാർത്ഥി നിർണയം; കോഴിക്കോടിന്റെ തട്ടകത്തിൽ പയറ്റിത്തെളിഞ്ഞ മുരളീധരൻ പാർട്ടി ദൗത്യം ഏറ്റെടുത്തത് ധൈര്യത്തോടെ; വടകരയിലേത് അക്രമരാഷ്ട്രീയവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞ് രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചയാക്കുമെന്ന് വ്യക്തമാക്കി മുരളി; കേരള രാഷ്ട്രീയത്തെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടിയ ലീഡറുടെ പുത്രന്റെ വരവ് പി ജയരാജന് ഉയർത്തുന്നത് കനത്ത വെല്ലുവിളി; മുരളി എത്തിയതോടെ ആവേശക്കൊടുമുടിയിൽ യുഡിഎഫ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ട മണ്ഡലമാണ് വടകര. റെക്കോർഡ് ഭൂരിപക്ഷത്തിന് പി സതീദേവി വിജയിച്ചു വന്ന പാർലമെന്റ് മണ്ഡലം. ഈ മണ്ഡലത്തിൽ ഇറങ്ങിയാണ് 2009ൽ മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തമായ രാഷ്ട്രീയ പോരാട്ടത്തോടെ വിജയിച്ചത്. തുടർന്ന് അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറി. ഇത്തവണ കെപിസിസി അധ്യക്ഷനായതു കൊണ്ട് മത്സരിക്കാതെ മുല്ലപ്പള്ളി മാറി നിന്നപ്പോൾ പകരക്കാരൻ ആരാകുമെന്ന ചോദ്യം സജീവമായി ഉയർന്നു. മാരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് കെ മുരളീധരനെ വടകരയിൽ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചത്. കോഴിക്കോടിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ പയറ്റിത്തെളിഞ്ഞ നേതാവാണ് കെ മുരളീധരൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ എല്ലാമറിയാം. പി ജയരാജനെ പോലൊരു കരുത്തനായ നേതാവിനെയാണ് നേരിടാൻ പോകുന്നത് എന്ന വ്യക്തമായ ബോധ്യവും മുരളീധരനുണ്ട്.

മുരളീധരന്റെ അപ്രതീക്ഷിത കടന്നുവരവ് പി ജയരാജന് ഉയർത്തുന്നത് കനത്ത വെല്ലുവിളിയാണ്. ഏകപക്ഷീയമായി പോകുമായിരുന്ന മത്സരമാണ് മുരളിയുടെ സ്ഥാനാർത്ഥിത്വം മാറ്റിമറിച്ചത്. ഇതി മണ്ഡലത്തിൽ ശക്തമായ പോരാട്ടം തന്നെയാകും ഉണ്ടാകുക എന്നത് വ്യക്തമാണ്. മലബാറിലെ സാമുദായിക സമവാക്യങ്ങളെ സമർത്ഥമായി ഉപയോഗിക്കാൻ കഴിയുന്ന നേതാവാണ് കെ.മുരളീധരൻ. മുരളീധരനെ പോലെയുള്ള സ്ഥാനാർതത്ഥി പി.ജയരാജനെ വൻ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. അൽപം വൈകിയാണങ്കിലും വടകരയിൽ ഉചിതമായ സ്ഥാനാർത്ഥിയെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് കെ.മുരളീധരൻ.

ഒപ്പം പതിറ്റാണ്ടുകാലം കോഴിക്കോടിന്റെ ജനകീയ എംപിയായി തുടർന്നതിന്റെ കരുത്തും മുരളീധരന് തുണയാകും. ഒരു കാലത്ത് രാഷ്ട്രീയത്തിൽ കാണിച്ച അബദ്ധങ്ങളിൽ നിന്നം പാഠം പഠിച്ച നേതാവാണ് അദ്ദേഹം. യുഡിഎഫിൽ ആൾക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന നേതാവാണ്. ഗ്രൂപ്പു രാഷ്ട്രീയങ്ങൾ ഉണ്ടെങ്കിലും കോഴിക്കോട് മണ്ഡലത്തിൽ അദ്ദേഹത്തിന് അനുയായികൾ ഏറെയുണ്ട്. അത് പോരാട്ടത്തെ ശകതമാക്കുമെന്നത് ഉറപ്പാണ്. രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും മുരളീധരനുണ്ട്. ഇത് മത്സരം മുറുകാൻ ഇടയാക്കുമെന്നത് ഉറപ്പാണ്. മലബാറിലെ മറ്റു മണ്ഡലങ്ങളിലും മുരളിയുടെ വരവ് സ്വാധീനിക്കും. കണ്ണൂരിൽ കെ സുധാകരനും വയനാട്ടിൽ ടി സിദ്ധിഖും സ്ഥാനാർത്ഥിയാകുന്നതോടെ മലബാറിൽ കരുത്തരുടെ ഭൂമിക ആകുകയാണ്.

കേരള രാഷ്ട്രീയത്തെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടിയ ലീഡർ കെ കരുണാകന്റെ മകനാണ് കെ മുരളീധരൻ. പിതാവിന്റെ മേൽവിലാസവും അദ്ദേഹത്തിന് തുണയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ മത്സരം നടത്തിയ വ്യക്തിയാണ് അദ്ദേഹം. ബിജെപിയെ അക്കൗണ്ട് തുറക്കാൻ സമ്മതിക്കാത്ത പോരാട്ടമാണ് വട്ടിയൂർക്കാവിൽ മുരളീധരൻ നടത്തിയത്. ഇതോടെ മുരളീധരന് മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ അടക്കം വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചു. ഇതെല്ലാം അദ്ദേഹത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് അറിയുന്നത്.

തർക്കത്തിനും ആശങ്കകൾക്കുമൊടുവിൽ കെ.മുരളീധരൻ വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി. വടകര തർക്കത്തിൽ ഇടപെട്ട് ലീഗും മുതിർന്ന നേതാക്കളും രംഗത്ത് എത്തിയതിന് പിന്നാലെയാണ് നിർണായക തീരുമാനം. ഉമ്മൻ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണിൽ സംസാരിച്ചു. മൽസരിക്കാനില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചുനിന്നു. വടകരയിൽ മൽസരിക്കാൻ കെപിസിസി അധ്യക്ഷനുമേൽ സമ്മർദം തുടരുന്നുതിനിടെയാണ് തീരുമാനം.

ഇതിനിടെ പി.ജയരാജനെതിരെ ദുർബലനായ സ്ഥാനാർത്ഥിയാണെങ്കിൽ വടകരയിൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകും എന്ന സാഹചര്യവും ഉടലെടുത്തു. ഇന്ന് രാവിലത്തെ ചർച്ചയിൽ മുല്ലപ്പള്ളിയല്ലെങ്കിൽ പ്രവീൺകുമാർ തന്നെയാകട്ടെ എന്ന് ചർച്ചവന്നു. അപ്പോഴും ജയരാജനെ പോലെ ഒരാൾക്കെതിരെ പ്രവീൺകുമാർ മതിയോ എന്ന് പല നേതാക്കളും ഉന്നയിച്ചു. പ്രത്യേകിച്ച് ജയരാജനെ പരാജയപ്പെടുത്താനായി ആർഎംപി പോലും യുഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെ നേതൃത്വത്തിന് സമ്മർദമേറി. അങ്ങനെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ വരുന്നത്. അദ്ദേഹം 11 മണിയോടെ കെ.മുരളീധരനെ ബന്ധപ്പെടുന്നു.

ആ ചർച്ചയാണ് കാര്യങ്ങൾ അപ്രതീക്ഷിത തീരുമാനത്തിലെത്തിച്ചത്. മുൻ കോഴിക്കോട് എംപി കൂടിയാണ് മുരളീധരൻ. വടകര മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങൾ കോഴിക്കോട് ജില്ലയിലാണ് എന്നതും അദ്ദേഹത്തിന്റെ പേരിന് പ്രാമുഖ്യം കിട്ടാൻ കാരണമായി. ഉറപ്പ് കിട്ടിയതോടെ ഉമ്മൻ ചാണ്ടി മുല്ലപ്പള്ളിയെ വിളിച്ച് മുരളീധരൻ സമ്മതം അറിയിച്ചതായി ധരിപ്പിച്ചു. അതോടെ ചർച്ചപോലുമില്ലാതെ മുരളീധരന്റെ പേര് നിശ്ചയിക്കപ്പെട്ടു.

പാർട്ടി ഏൽപിക്കുന്ന ഏതു ദൗത്യവും നിർവഹിക്കാൻ തയ്യാറാണെന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ നിയുക്ത സ്ഥാനാർത്ഥി കെ മുരളീധരൻ. എതിരാളിയാരെന്നു നോക്കാറില്ല. മത്സരം ആശയങ്ങൾ തമ്മിലാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിൽ നടക്കുന്നത്. അതിൽ ജനാധിപത്യ മതേതര സംവിധാനത്തിനു വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ഇടതുപക്ഷം ആ രീതിയിലല്ല ജനാധിപത്യത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമരാഷ്ട്രീയത്തിനെതിരെ പോരാടാനും മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ പത്തുവർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ തുടരാനും തയ്യാറാണോ എന്നാണ് പാർട്ടി ചോദിച്ചത്. പാർട്ടി ഏൽപിക്കുന്ന ഏതു ദൗത്യവും നിർവഹിക്കാൻ തയ്യാറാണെന്ന് മറുപടി നൽകിയെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. പാർട്ടിക്കു വേണ്ടി ശക്തമായ പോരാട്ടം നടത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വടകരയിൽ സ്ഥാനാർത്ഥി നിർണയം വൈകിയത് വിജയപരാജയത്തെ ബാധിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എല്ലാ ഘടകവും പരിശോധിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കുക. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്റെ സ്ഥാനാർത്ഥിത്വം ശക്തമായ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലമാക്കി വടകരയെ മാറ്റിയിട്ടുണ്ട്. കോൺഗ്രസ് അണികൾക്കും ഏറെ ആവേശം പകരുന്നതായി തീരുമാനം. ആർഎംപിയുടെ പിന്തുണയും ഇതുവഴി ഉറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു. മുസ്ലിംലീഗ് പ്രവർത്തകരും മുരളിക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടാകും. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രൻ മൂവായിരത്തോളം വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ എൻ ഷംസീറിനെ മുല്ലപ്പള്ളി പരാജയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയുടെ സിറ്റിങ് സീറ്റിൽ ഇക്കുറി ശക്തമായ പോരാട്ടം തന്നെയാണ് ഉണ്ടാകുക എന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP