Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റയടിക്ക് ലോക്‌സഭയിലേക്ക് പോകാൻ കച്ചകെട്ടി മത്സര രംഗത്ത് ഒമ്പത് എംഎൽഎമാർ; ശബരിമല വിഷയം ശക്തമായി രംഗത്തുള്ളതോടെ ആറ് എംഎൽഎമാരെ തന്നെ നിർത്തി സിപിഎമ്മും വടകരയിൽ കെ മുരളീധരനെ ഉൾപ്പെടെ ഇറക്കി മുന്ന് നിയമസഭാ സാമാജികരെ ഇറക്കി കളിക്കാൻ കോൺഗ്രസും; സംസ്ഥാന രാഷ്ട്രീയത്തിൽ അത്യപൂർവമായി പുതു നേതാക്കളെ പരിഗണിക്കാതെ ഇരു മുന്നണികളും

ഒറ്റയടിക്ക് ലോക്‌സഭയിലേക്ക് പോകാൻ കച്ചകെട്ടി മത്സര രംഗത്ത് ഒമ്പത് എംഎൽഎമാർ; ശബരിമല വിഷയം ശക്തമായി രംഗത്തുള്ളതോടെ ആറ് എംഎൽഎമാരെ തന്നെ നിർത്തി സിപിഎമ്മും വടകരയിൽ കെ മുരളീധരനെ ഉൾപ്പെടെ ഇറക്കി മുന്ന് നിയമസഭാ സാമാജികരെ ഇറക്കി കളിക്കാൻ കോൺഗ്രസും; സംസ്ഥാന രാഷ്ട്രീയത്തിൽ അത്യപൂർവമായി പുതു നേതാക്കളെ പരിഗണിക്കാതെ ഇരു മുന്നണികളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ രംഗത്തിനാണ് ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒമ്പത് എംഎൽഎമാർ ഇരു മുന്നണികളിലുമായി ഇക്കുറി സംസ്ഥാനത്ത് സ്ഥാനാർത്ഥികളാകുന്നു എന്നതാണ് ആ അപൂർവ വിശേഷം. വട്ടിയൂർക്കാവ് എംഎൽഎ കെ മുരളീധരൻ കൂടി സ്ഥാനാർത്ഥി ആകുകയാണ് വടകരയിൽ ഇതോടെയാണ് ഒമ്പത് എംഎൽഎമാർ മത്സരത്തിന് ഇറങ്ങുന്ന സാഹചര്യം കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇവരിൽ ആര് ജയിച്ചുകയറിയാലും കേരളത്തിൽ അത് ഉപതിരഞ്ഞെടുപ്പിന് വഴിവയ്ക്കും.

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടാകാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇക്കുറി ശബരിമല വിഷയമുൾപ്പെടെ വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഇത്തരത്തിൽ രാഷ്ട്രീയലോകത്ത് വലിയ മാറ്റങ്ങൾ വന്നിട്ടുള്ളത്. ഏതു നിലയ്ക്കും വിജയം ഉറപ്പിക്കുക എന്നത് രണ്ടു മുന്നണികളുടെയും പ്രെസ്റ്റീജ് വിഷയമായി മാറി. ഇതോടൊപ്പം ബിജെപിയും ചില മണ്ഡലങ്ങളിലെങ്കിലും കരുത്ത് തെളിയിക്കാനും വിജയം ലക്ഷ്യമാക്കിയും ഇറങ്ങുന്നു. ഇതാണ് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും ഞെട്ടിക്കുന്നത്. അതിനാൽ വിജയം അനിവാര്യമാണെന്നും അതുറപ്പിക്കാൻ നിലവിൽ ജയിച്ചുകയറിയവർ തന്നെ സ്ഥാനാർത്ഥിയാകട്ടെ എന്നും ഇരുപക്ഷവും തീരുമാനിക്കുകയായിരന്നു.

പല മണ്ഡലങ്ങളിലും എംഎൽഎമാർ തന്നെ ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാവുന്ന സാഹചര്യമുണ്ടായത്. ഇതിൽ ഏറ്റവും കൂടുതൽ എംഎൽഎമാരെ മത്സര രംഗത്തിറക്കിയിരിക്കുന്നത് ഇടതുപക്ഷമാണ്. എൽഡിഎഫിന്റെ ആറ് എംഎൽഎമാരാണ് ഇത്തവണ പാർലമെന്റിലേയ്ക്ക് മത്സരിക്കുന്നത്. കോഴിക്കോട് നോർത്ത് എംഎൽഎയായ എ പ്രദീപ് കുമാർ- കോഴിക്കോട്, അരൂർ എംഎൽഎ എ. എം. ആരിഫ്- ആലപ്പുഴ, ആറന്മുള എംഎൽഎ വീണാ ജോർജ്- പത്തനംതിട്ട, നിലമ്പൂർ എംഎൽഎ പി. വി അൻവർ- പൊന്നാനി, നെടുമങ്ങാട് എംഎൽഎ സി ദിവാകരൻ- തിരുവനന്തപുരം, അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ- മാവേലിക്കര എന്നിവരാണ് എൽഡിഎഫിൽനിന്ന് മത്സരരംഗത്തുള്ള നിയമസഭാ സാമാജികർ.

കഴിഞ്ഞതവണ കൂടുതൽ സ്വതന്ത്രരെ രംഗത്തിറക്കി ജനവിധി തേടിയായിരുന്നു സിപിഎം മത്സര ചിത്രം ഒരുക്കിയത്. എന്നാൽ ഇത്തവണ സിപിഎം ഇത്തവണ ആശ്രയിച്ചിരിക്കുന്നത് പാർട്ടിയുടെ ജനകീയ എംഎ‍ൽഎമാരെയാണ്. കഴിഞ്ഞ തവണകളിൽ കൈവിട്ട സീറ്റുകൾ ബന്ധപ്പെട്ട ജില്ലകളിലെ ഏറ്റവും ജനകീയരായ എം.എൽഎമാരെ ഇറക്കി തിരിച്ചുപിടിക്കുക എന്നതാണ് സിപിഎം ഇത്തവണ സ്വീകരിച്ചിരിക്കുന്ന തന്ത്രം.

അതേസമയം, മറുവശത്ത് മൂന്ന് കോൺഗ്രസ് എംഎൽഎമാരാണ് ലോക്സഭയിലേയ്ക്ക് മത്സരിക്കുന്നത്. വടകരയിൽ സിപിഎമ്മിന്റെ പി. ജയരാജനെതിരെ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കവെയാണ് പൊടുന്നനെ കെ മുരളീധരൻ സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെടുന്നത്. വയനാട്ടിൽ ഉൾപ്പെടെ മുരളിയുടെ പേര് അവസാന ഘട്ടത്തിൽ പരിഗണിക്കപ്പെട്ടു. ഒടുവിൽ അവിടെ ടി സിദ്ദിഖിനെ പരിഗണിച്ചതിന് പിന്നാലെയാണ് വലിയ ട്വിസ്റ്റായി മുരളിയുടെ പേര് വടകരയിൽ വരുന്നത്. മുല്ലപ്പള്ളിയെ മത്സരിപ്പിക്കാൻ പോലും വലിയ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വടകരയിൽ കെ മുരളീധരന് സീറ്റുറയ്ക്കുന്നത്.

മുരളീധരനെ കൂടാതെ എറണാകുളം എംഎൽഎ ഹൈബി ഈഡൻ എറണാകുളം ലോക്സഭാ മണ്ഡലത്തിൽനിന്നും കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിൽനിന്നും ലോക്സഭയിലേയ്ക്ക് ജനവിധി തേടുന്നുണ്ട്. ഇത്തരത്തിലായി ഇരു മുന്നണികളിൽ നിന്നും ഒമ്പ്ത് എംഎൽഎമാർ ജനവിധി തേടുന്നു. സംഭവം ഏതായാലും വലിയ ചർച്ചയായിരിക്കുകയാണ് കേരള രാഷ്ട്രീയ ലോകത്ത്. വ്യാപകമായി എംഎ‍ൽഎമാർ സ്ഥാനാർത്ഥികളാകുന്നത് വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. നേരത്തെ കോട്ടയത്തെ എംപിയായിരുന്ന ജോസ് കെ മാണി ലോക്‌സഭാ സീറ്റ് ഉപേക്ഷിച്ച് രാജ്യസഭയിൽ ഒഴിവു വന്നപ്പോൾ മത്സരിച്ച് പോയതുൾപ്പെടെ ഇപ്പോൾ ചർച്ചയാകുന്നു.

സമാന രീതിയിലാണ് ഒരു പാഴ്‌ച്ചെലവ് ഉണ്ടാക്കാൻ എംഎൽഎമാർ മത്സരിക്കാൻ ഇറങ്ങുന്നതെന്നാണ് വിമർശനം. അഞ്ച് വർഷം എംഎൽഎയാകും എന്ന് ജനങ്ങൾക്ക് കൊടുത്ത ഉറപ്പ് ലംഘിക്കുകയാണ് ഇവരെന്നാണ് ആക്ഷേപം. മണ്ഡലങ്ങളിലെ ജനങ്ങളോട് ഇവർ എന്ത് മറുപടി പറയുമെന്ന ചോദ്യവും ഉയരുന്നു. ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടാക്കുന്ന ഭാരിച്ച ചെലവ് പൊതുപണം ദുരുപയോഗം ചെയ്യുന്നതിന് തുല്യമല്ലേ എന്ന വിഷയമാണ് വിമർശകർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർത്തുന്നത്.

2009-ൽ മൂന്നു എംഎൽഎമാരെയാണ് കോൺഗ്രസ് പാർലമെന്റിലേക്ക് മത്സരിപ്പിച്ചത്. കണ്ണൂരിൽ സുധാകരനും എറണാകുളത്ത് കെ.വി തോമസും ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കുകയും മൂന്നു പേരും ജയിക്കുകയും ചെയ്തിരുന്നു. മത്സരിക്കുന്ന എംഎൽഎമാരെല്ലാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാനത്തുണ്ടാവുമെന്നതാണ് ചർച്ചയാകുന്ന കാര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP