Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പള്ളിയിലെ വെടിവയ്പിൽ മരിച്ചവരെ അനുസ്മരിക്കാൻ ഖുർആൻ പാരായണത്തോടെ പ്രത്യേക സമ്മേളനം നടത്തി ന്യൂസിലാൻഡ് പാർലമെന്റ്; വംശീയതയെയും വർഗീയതയെയും ഈ രാജ്യത്തേക്ക് കയറ്റില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസിന്ത; കൊല്ലപ്പെട്ട മുസ്ലിം പൗരന്മാരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ചെത്തി പ്രധാനമന്ത്രി ആശ്വസിപ്പിച്ചതിന് പിന്നാലെ ന്യൂസിലാൻഡിൽ നിന്ന് മറ്റൊരു സാന്ത്വന വാർത്ത; 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ഒന്നിച്ച് തള്ളിപ്പറഞ്ഞ് ന്യൂസിലാൻഡിലെ സാമാജികർ

പള്ളിയിലെ വെടിവയ്പിൽ മരിച്ചവരെ അനുസ്മരിക്കാൻ ഖുർആൻ പാരായണത്തോടെ പ്രത്യേക സമ്മേളനം നടത്തി ന്യൂസിലാൻഡ് പാർലമെന്റ്; വംശീയതയെയും വർഗീയതയെയും ഈ രാജ്യത്തേക്ക് കയറ്റില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസിന്ത;  കൊല്ലപ്പെട്ട മുസ്ലിം പൗരന്മാരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ചെത്തി പ്രധാനമന്ത്രി ആശ്വസിപ്പിച്ചതിന് പിന്നാലെ ന്യൂസിലാൻഡിൽ നിന്ന് മറ്റൊരു സാന്ത്വന വാർത്ത; 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ഒന്നിച്ച് തള്ളിപ്പറഞ്ഞ് ന്യൂസിലാൻഡിലെ സാമാജികർ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിലെ ഇരകളെ കാണാൻ ഹിജാബ് ധരിച്ച് പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഖുർആൻ പാരായണത്തോടെ ആരംഭിച്ച് കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് ന്യൂസിലാൻഡ്. ഇതോടെ ലോകത്ത് മറ്റൊരു രാജ്യത്തും കാണാനാവാത്ത മതസൗഹാർദ്ദ സന്ദേശമാണ് ഇതോടെ ന്യൂസിലാൻഡ് നൽകുന്നത്. ഇമാം നിസാമുൽ ഹഖ് തൻവിയാണ് പ്രാർത്ഥന ചൊല്ലിയത്. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 50 പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് പാർലമെന്റ് പ്രത്യേക യോഗം ചേർന്നത്.

പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ജസിന്ത കേറ്റ് ലോറൽ ആഡേൺ ഇരകളുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നും അവർ വ്യക്തമാക്കി. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ മരിച്ച നയീം റഷീദിനെ അവർ അനുസ്മരിച്ചു. അക്രമിയുടെ പേര് പ്രസംഗത്തിൽ ഒരിക്കലും പരാമർശിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. ഇതിലൂടെ കുപ്രസിദ്ധി ആയിരിക്കാം അയാൾ ആഗ്രഹിച്ചത്. എന്നാൽ ന്യൂസിലൻഡ് അയാൾക്ക് ഒന്നും നൽകില്ല, അയാളുടെ പേര് പോലും പറയില്ല- പ്രധാനമന്ത്രി വ്യക്തമാക്കി.

തന്റെ രാജ്യത്തുകൊല്ലപ്പെട്ട മുസ്ലിം പൗരന്മാർക്കു വേണ്ടി ഹിജാബ് ധരിച്ചെത്തി, കൊലപ്പെട്ട ഓരോരുത്തരുടേയും ബന്ധുക്കളെ ജസിന്ത ആശ്വസിപ്പിച്ചത് ലോകം ആദരവോടെയാണ് കണ്ടത്. മരിച്ചവരുടെ ബന്ധുക്കളെ ചേർത്തു പിടിച്ചാണ് അവർ ആശ്വസിപ്പിച്ചത്. വെടിവെയ്‌പ്പിന് ശേഷം ദുഃഖം പങ്കുവച്ചുകൊണ്ട് ജസിന്ത പറഞ്ഞ വാക്കുകൾ ലോകം മുഴുവനുള്ള മനുഷ്യസ്നേഹികളുടെ ഹൃദയം തൊട്ടിരുന്നു.

ന്യൂസിലാൻഡ് നേരിട്ടതിൽ വച്ച് ഏറ്റവും ഇരുണ്ട കാലഘട്ടമാണ് ഇത്. എത്രപേർ മരിച്ചു എത്രപേർക്ക് പരിക്കുപറ്റി എന്ന് വിശദീകരിക്കാനല്ല ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലാൻഡിൽ താമസമാക്കിയ മറ്റുരാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാൻ ആഗ്രഹിച്ച് എത്തിയ അവരുടേതു കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെയ്‌പ്പ് നടത്തിയ ന്യൂസിലാൻഡുകാരല്ല ഇവിടെ വെടിയേറ്റു വീണ അഭയാർത്ഥികളാണ് ഈ നാടിന്റെ യഥാർത്ഥ മക്കൾ, അവരാണ് നമ്മൾ, ...ജസിന്ത വേദനയോടെ പറഞ്ഞു.

ഈ സംഭവങ്ങൾക്കുശേഷം സോഷ്യൽ മീഡിയയിൽ ജസിന്തക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. വെറും 38 വയസു മാത്രം പ്രായമുള്ള വനിതാ പ്രധാനമന്ത്രി ലോകത്തിന് കാണിച്ചു കൊടുത്തത് ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് കൂടിയാണെന്ന് ലോകം ഒന്നടങ്കം പറയുന്നു. പല നേതാക്കളും ഇവരുടെ രാജ്യത്തിനായുള്ള കരുതലും ജനങ്ങളോടുള്ള സ്‌നേഹവും കണ്ടു പഠിക്കണമെന്നും നിരവധി പേർ പ്രതികരിക്കുന്നു.

നേരത്തെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇരകൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു നടന്ന പരിപാടിക്കായി വരച്ച ഹൃദയസ്പർശിയായ നിസ്‌ക്കാര നിരയുടെ ചിത്രം വൈറലായിരുന്നു. കിവീസ് ക്രിക്കറ്റ് താരം കെയിൻ വില്ല്യംസൺ ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രമാണ് വരയിലെ സന്ദേശം കൊണ്ട് വ്യത്യസ്തമായത്്. സിംഗപ്പൂർ ചിത്രകാരനായ കേയ്ത് ലീ വരച്ച ചിത്രം ഇപ്പോൾ ലോകമാകെ ഏറ്റെടുത്തിരുന്നു. ന്യൂസിലാൻഡിന്റെ എംബ്ലമായ വെള്ളി നിറമുള്ള ചിത്രപ്പുല്ലിന്റെ ഇല, നിസ്‌കാര നിര കൊണ്ടു വരച്ചാണ് ഐക്യദാർഢ്യം.

ഈ മാസം 15ന് നടന്ന ഐക്യദാർഢ്യ പരിപാടിയുടെ പ്രചരണാർത്ഥം വരച്ച പോസ്റ്ററാണ് കെയിൻ പങ്കുവച്ചിരിക്കുന്നത്. കൊലയാളി തോക്കുമായി പള്ളിക്കുള്ളിലേക്ക് കടന്നുകയറിയപ്പോൾ നിർഭയനായി ഹെലോ ബ്രദർ എന്നു പറഞ്ഞ വിശ്വാസിയായ വൃദ്ധനോടുള്ള ആദര സൂചകമായി ആ വാക്കും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'പൊലിഞ്ഞുവീണ നിരപരാധികളുടെ ഓർമയ്ക്കായി.... വംശവെറിക്കെതിരെ നമുക്ക് ഒന്നിക്കാം' എന്നാണ് ചിത്രം പങ്കുവച്ച് കേയ്ത് ലീ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP