Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎൽമാരെ സ്ഥാനാർത്ഥിയാക്കുന്നത് ഇടതുമുന്നണിയുടെ ഗതികേടെന്ന പ്രസംഗത്തിന് മണിക്കൂറുകൾക്കകം കെ. മുരളീധരൻ സ്ഥാനാർത്ഥി; പട്ടികയിൽ നേതാവ് ഇടം നേടിയതിന് പിന്നാലെ പ്രസംഗം തിരിഞ്ഞു കൊത്തുന്നു; ഒരു നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ശരാശരി ചെലവാകുന്നത് 75 ലക്ഷം രൂപയെന്നും കണക്ക്; മുരളീധരന്റെ കൊല്ലം പ്രസംഗം ആഘോഷമാക്കി സൈബർ സഖാക്കൾ

എംഎൽമാരെ സ്ഥാനാർത്ഥിയാക്കുന്നത് ഇടതുമുന്നണിയുടെ ഗതികേടെന്ന പ്രസംഗത്തിന് മണിക്കൂറുകൾക്കകം കെ. മുരളീധരൻ സ്ഥാനാർത്ഥി; പട്ടികയിൽ നേതാവ് ഇടം നേടിയതിന് പിന്നാലെ പ്രസംഗം തിരിഞ്ഞു കൊത്തുന്നു; ഒരു നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ശരാശരി ചെലവാകുന്നത് 75 ലക്ഷം രൂപയെന്നും കണക്ക്; മുരളീധരന്റെ കൊല്ലം പ്രസംഗം ആഘോഷമാക്കി സൈബർ സഖാക്കൾ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: എംഎൽഎമാരെ സ്ഥാനാർത്ഥികളാക്കുന്നത് ഇടതുമുന്നണിയുടെ ഗതികേടാണെന്ന പ്രസ്താവനയക്ക് മണിക്കൂറുകൾക്കം കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതോടെ മുരളീധരന്റെ പ്രസംഗം കോൺഗ്രസിനെ തിരിഞ്ഞ് കൊത്തുകയാണ്. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുരളീധരൻ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ആറ് എംഎൽഎമാർ ഇടം പിടിച്ചതിനെ ഗതികേട് എന്ന് മുരളീധരൻ വിശേഷിപിച്ചതിന് പിന്നാലെ വിവാദ ശരങ്ങളും തേടിയെത്തിയിരുന്നു. നേതാവിന്റെ പ്രസംഗം കോൺഗ്രസിനെ തന്നെ തിരിഞ്ഞു കൊത്തുന്ന അവസരത്തിൽ എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് നേതാക്കൾ. ഇതോടെ മുരളീധരന്റെ പ്രസംഗം സൈബർ സഖാക്കൾ ആഘോഷമാക്കുകയാണ്.

ഒന്നോ രണ്ടോ എംഎ‍ൽഎമാർ സ്ഥാനാർത്ഥികളാകുന്നത് സ്വാഭാവികമാണെന്നും കേരളത്തിൽ ഇരുപത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ആറ് എംഎ‍ൽഎമാർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത് മുന്നണി നേതൃത്വത്തിന്റെ ഗതികേട് തന്നെയാണെന്നുമായിരുന്നു മുരളീധരന്റെ വിമർശനം. മൂന്ന് എംഎൽഎമാരാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്. കെ. മുരളീധരൻ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവരാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന മൂന്ന് എംഎ‍ൽഎമാർ. എൽ.ഡി.എഫ് പട്ടികയിൽ എ. പ്രദീപ് കുമാർ വീണാ ജോർജ് സി ദിവാകരൻ, ചിറ്റയം ഗോപകുമാർ, എ.എം ആരിഫ്, പി.വി അൻവർ എന്നിവരാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് ലോകസ്ഭാ തെരഞ്ഞെടുപ്പുകളിൽ എംഎ‍ൽഎമാരെ നിർത്തി വോട്ടുപിടിക്കുന്നത് ഇതാദ്യമല്ല. എന്നാൽ പ്രളയാനന്തര പുനർനിർമ്മാണത്തിന് പണമില്ലെന്ന് പറഞ്ഞ് വിലപിക്കുന്ന ഭരണകക്ഷിയും ചെലവു കുറക്കാൻ ഭരണപക്ഷത്തെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു പ്രതിപക്ഷകക്ഷിയും സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമ്പോൾ പുനർ നിർമ്മാണവും ചെലവു ചുരുക്കലുമെല്ലാം മറന്നു പോയി.

എംഎ‍ൽഎ, എംപി ആയാൽ ആറുമാസത്തിനുള്ളിൽ ഒരു സ്ഥാനം ഒഴിയണമെന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. സാധാരണഗതിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ നിലവിലുണ്ടായിരുന്ന സ്ഥാനം ഒഴിയുകയാണ് പതിവ്. ഇപ്പോഴത്തെ നിലയിൽ കേരളത്തിൽ മത്സരിക്കുന്ന എംഎ‍ൽഎമാർ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ രാജിവയ്ക്കുന്നത് എംഎ‍ൽഎ സ്ഥാനം തന്നെയാകും. അങ്ങനെയെങ്കിൽ 2021 മെയ്‌ വരെ കേരള നിയമസഭയ്ക്ക് കാലാവധി ഉള്ളതിനാൽ ഒഴിവുവരുന്ന മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.

ഒരു നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷന് ചെലവാകുക 75 ലക്ഷത്തോളം രൂപയാണ്. ഉദ്യോഗസ്ഥരുടെ ഭക്ഷണം, യാത്ര, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, നിരീക്ഷകരുടെ ചെലവ്, തുടങ്ങിയവ ഇതിൽ പെടും. ചെലവുകളുടെ വകയിൽ വോട്ടറുടെ വിരലിൽ പുരട്ടുന്ന മഷിക്ക് വരെ നല്ല തുക ചെലവാകും. പത്തു മില്ലി മഷിയുടെ ഒരു കുപ്പിക്ക് വില 142 രൂപയാണ്. ഒരു ബൂത്തിൽ 2 കുപ്പി മഷി വേണ്ടിവരും. ശരാശരി 165 ബൂത്തുകളെങ്കിലും ഒരു മണ്ഡലത്തിലുണ്ടാകും. കൂടാതെ ഉപതെരഞ്ഞെടുപ്പിന് വേണ്ടി ചെലവിടുന്ന സമയവും പ്രധാനപ്പെട്ടതാണ്.

നിയമസഭയിലക്ക് ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച തുകയുടെ പരിധി 28 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഓരോ നിയമസഭാ മണ്ഡലത്തിലും പ്രതിദിനം ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പ്രദീപ് കുമാർ 21,80862 രൂപ ചെലവായെന്ന് ഇലക്ഷൻ കമ്മീഷൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് ഒരു മണ്ഡലത്തിലെ ഒരു സ്ഥാനാർത്ഥിയുടെ മാത്രം കണക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP