Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകം മുഴുവൻ പ്രാർത്ഥനയോടെ കൈകൂപ്പി നിന്നെങ്കിലും ആ സാധുപെൺകുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; നാട്ടുകാർ നോക്കിനിൽക്കെ ഒരു നരാധമൻ റോഡിൽവച്ച് പെട്രോളൊഴിച്ച് കത്തിച്ച മാലാഖയുടെ വേർപാടിൽ നൊന്തുകരഞ്ഞ് സഹായവുമായി എത്തിയ ആയിരങ്ങൾ; ജീവൻ രക്ഷിക്കാൻ പണം ഒരു തടസ്സമാകാതിരിക്കാൻ മറുനാടന്റെ ആഹ്വാനത്തിന് ഒപ്പം നിന്ന് ജനം നൽകിയത് അഞ്ചര ലക്ഷത്തോളം രൂപ; ആ പിതാവിന്റെ വേദനയിൽ മനസ്സുരുകി കൂടെ നിന്നവർക്കും ഇത് കനത്ത ആഘാതം

ലോകം മുഴുവൻ പ്രാർത്ഥനയോടെ കൈകൂപ്പി നിന്നെങ്കിലും ആ സാധുപെൺകുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; നാട്ടുകാർ നോക്കിനിൽക്കെ ഒരു നരാധമൻ റോഡിൽവച്ച് പെട്രോളൊഴിച്ച് കത്തിച്ച മാലാഖയുടെ വേർപാടിൽ നൊന്തുകരഞ്ഞ് സഹായവുമായി എത്തിയ ആയിരങ്ങൾ; ജീവൻ രക്ഷിക്കാൻ പണം ഒരു തടസ്സമാകാതിരിക്കാൻ മറുനാടന്റെ ആഹ്വാനത്തിന് ഒപ്പം നിന്ന് ജനം നൽകിയത് അഞ്ചര ലക്ഷത്തോളം രൂപ; ആ പിതാവിന്റെ വേദനയിൽ മനസ്സുരുകി കൂടെ നിന്നവർക്കും ഇത് കനത്ത ആഘാതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ നടു റോഡിൽവച്ച് തിരുവല്ലയിൽ നരാധമനായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ സാധുപെൺകുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. കണ്ണീരോർമ്മയാകുന്ന ആ യുവതിയുടെ സഹായത്തിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് എത്തിയത്.

മറുനാടന്റെ ആഹ്വാനപ്രകാരം കഴിഞ്ഞദിവസം വരെ അഞ്ചുലക്ഷത്തിലേറെ രൂപ സുമനസ്സുകളുടെ സഹായമായി എത്തി. എല്ലാവരും പ്രാർത്ഥനയോടെയാണ് തിരുവല്ലയിലെ ബിഎസ് സി വിദ്യാർത്ഥിനിയായ കവിത വിജയകുമാർ ജീവിതത്തിലേക്ക് തിരിച്ചുവരണേ എന്ന പ്രാർത്ഥനയോടെ നിന്നത്. പക്ഷേ, ജീവൻ തിരിച്ചുകിട്ടുമെന്ന പ്രാർത്ഥനകളെല്ലാം വിഫലമായി. കവിത ഇന്ന് വൈകീട്ട് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.

മാർച്ച് 12നായിരുന്നു പട്ടാപ്പകൽ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് പെൺകുട്ടിയെ കൊല്ലാൻ കുമ്പനാട് സ്വദേശിയായ അജിൻ റെജി ശ്രമിച്ചത്. നാട്ടുകാർ കാൺകെ പെൺകുട്ടിയെ കുത്തുകയും തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തിയ നാട്ടുകാരും ശരവേഗത്തിൽ ആംബുലൻസിൽ എറണാകുളത്തേക്ക് ചികിത്സയ്ക്കായി എത്തിച്ചവരും പൊലീസുമെല്ലാം പ്രാർത്ഥിച്ചത് ഈ കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടാനാണ്. ഇതിന് പിന്നാലെയാണ് ചികിത്സയ്ക്ക് പണമില്ലെന്ന് നിർധനരായ കുടുംബം മറുനാടനോട് വെളിപ്പെടുത്തുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മറുനാടനിലൂടെ ആ യുവതിയുടെ ജീവൻ രക്ഷിക്കാൻ സഹായം എത്തി. പേരു വെളിപ്പെടുത്തേണ്ടതില്ലെന്നും ആ കുട്ടി രക്ഷപ്പെടാൻ പ്രാർത്ഥിക്കുന്നുവെന്നും അറിയിച്ചാണ് പലരും സഹായം നൽകിയത്. എന്നാൽ യുവതിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായതോടെ വലിയ സങ്കടമായ വാർത്തയായി അത്.

എറണാകുളം മെഡിക്കൽ സെൻട്രൽ ആശുപത്രിയിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. കൃത്യമായ ചികിത്സ കൊണ്ട് പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ദരിദ്ര കുടുംബത്തിലെ അംഗമായ പെൺകുട്ടിക്ക് ചികിത്സക്കായി പണം കണ്ടെത്താൻ മറുനാടൻ മലയാളിയുടെ നേതൃത്വത്തിൽ തുടങ്ങിയ ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം സ്വരൂപിക്കുകയായിരുന്നു. മറുനാടൻ വായനക്കാരോട് പെൺകുട്ടിക്ക് പണം നൽകാൻ അപ്പീൽ ചെയ്യുകയായിരുന്നു ഞങ്ങൾ ചെയ്തത്.

മറുനാടൻ വായനക്കാർ വളരെ സ്നേഹപൂർവം തന്നെ പൊള്ളലേറ്റ പെൺകുട്ടിയെ സഹായിക്കാൻ രംഗത്തുവന്നു. ഇതോടെ അക്കൗണ്ടിൽ ഒഴുകി എത്തിയത് 5,43,456.36 രൂപയാണ്. ആവാസ് അക്കൗണ്ടിലേക്ക് എത്തിയ പണം മുഴുവൻ പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അത്യന്തം വേദനാജനകമായ ആ വിവരം എത്തുന്നത്.

ആ മാടപ്രാവില്ല.. ഇനി വിജയകുമാറിന്റെ കൂടെ

അവൾക്ക് മാടപ്രാവിന്റെ മനസ്സാണ്. 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവൾ എന്റെ മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്. ആ ദാരുണ സംഭവം നടന്ന ദിവസം ഓർത്തെടുത്ത് കവിതയുടെ പിതാവ് വിജയകുമാർ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

അവളിപ്പോൾ അത്യാസന്ന നിലയിലാണ് ത്രാണിയില്ലാത്തതിനാൽ ഞാൻ അവളെ കാണാനും പോയില്ല എന്നായിരുന്നു വിതുമ്പിക്കരഞ്ഞുകൊണ്ട് വിജയകുമാർ പറഞ്ഞത്. മകൾക്കുണ്ടായ ക്രൂരതയെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അച്ഛൻ ഓർത്തെടുത്തത്. കുറച്ചുദിവസമായി അവൾ ഫോൺ ഓഫ് ചെയ്താണ് നടന്നിരുന്നത്.

അവന്റെ ശല്യം സഹിക്കാൻ പറ്റാത്തതിനാലാവാം അങ്ങിനെ ചെയ്തത്. 11 ഉം12 ഉം ക്ലാസ്സിൽ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. ഇത്രയും അറിയാമെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. എന്റെ മകളെ ജിവനോടെ കിട്ടിയാൽ മതിയായിരുന്നു- തേങ്ങലോടെ ആ അച്ഛൻ പറഞ്ഞുവെങ്കിലും ആ മാലാഖക്കുഞ്ഞ് യാത്രയാവുന്നു. പ്രാർത്ഥനയോടെ അവളുടെ ജീവൻ തിരിച്ചുകിട്ടാൻ കൈകൂപ്പിയ എല്ലാവരേയും കണ്ണീരിലാഴ്‌ത്തിക്കൊണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP