Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സ്ഥാനാർത്ഥി നിർണയം കഴിഞ്ഞപ്പോൾ തന്നെ വിജയിച്ചയാളാണ് കെ. മുരളീധരൻ....ധാർമ്മികവും രാഷ്ട്രീയവുമായ വിജയം; കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും ഏറ്റെടുക്കാൻ ധൈര്യമില്ലാത്ത വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തത്; മുരളീധരൻ പ്രബലനായ നേതാവാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ റിസ്‌ക്കെടുത്ത് മത്സരിക്കുന്നത് അദ്ദേഹവും അടൂർ പ്രകാശുമാണെന്നും അഡ്വ. എ. ജയശങ്കർ

'സ്ഥാനാർത്ഥി നിർണയം കഴിഞ്ഞപ്പോൾ തന്നെ വിജയിച്ചയാളാണ് കെ. മുരളീധരൻ....ധാർമ്മികവും രാഷ്ട്രീയവുമായ വിജയം; കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും ഏറ്റെടുക്കാൻ ധൈര്യമില്ലാത്ത വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തത്; മുരളീധരൻ പ്രബലനായ നേതാവാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ റിസ്‌ക്കെടുത്ത് മത്സരിക്കുന്നത് അദ്ദേഹവും അടൂർ പ്രകാശുമാണെന്നും  അഡ്വ. എ. ജയശങ്കർ

ആർ പീയൂഷ്

കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ തന്നെ വിജയിച്ചയാളാണ് കെ.മുരളീധരനെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ: എ. ജയശങ്കർ. കേരളത്തിലെ ഒരു കോൺഗ്രസ്സ് പ്രവർത്തകരും ഏറ്റെടുക്കാൻ ധൈര്യമില്ലാത്ത വെല്ലുവിളി ഏറ്റെടുത്തയാളാണ് മുരളീധരൻ. ശക്തനായ എതിർ സ്ഥാനാർത്ഥി പി.ജയരാജനെതിരെ മത്സരിക്കാൻ കാണിച്ച ധൈര്യം മാത്രം മതി അദ്ദേഹം വിജയിച്ചു എന്നു പറയാൻ. ഒരുകാലത്ത്, അതായത് പത്തുകൊല്ലങ്ങൾക്ക് മുൻപ് മുരളീധരൻ എൻ.സി.പിയിൽ ആയിരുന്ന സമയത്ത് വടകര സീറ്റ് ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിഷേധിക്കുകയാണുണ്ടായത്.

പകരം അവിടെ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാർത്ഥിയാക്കി. പത്തുകൊല്ലങ്ങൾക്ക് മുൻപ് നൽകാതിരുന്ന വടകര സീറ്റ് ഇപ്പോൾ അദ്ദേഹത്തിന്റെ കാലു പിടിച്ച് ഇവർ കൊടുക്കുകയായിരുന്നു എന്നും ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റു നോക്കുന്ന ഒരു മണ്ഡലം വടകരയാണ്. സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള ഒരു പ്രദേശമാണിവിടം. കേരളത്തിൽ തന്നെ ഏറ്റവും അടിയുറച്ച ഇടതുപക്ഷ മണ്ഡലം എന്നത് വടകരയാണ്. ഇവിടെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി വളരെ പ്രബലനും കണ്ണൂർ സെക്രട്ടറിയുമായിരുന്ന പി.ജയരാജനാണ്.

കഴിഞ്ഞ രണ്ടു തവണയും ഇടതുപക്ഷത്തിന്റെ ആഭ്യന്തരമായ പ്രശ്നങ്ങളും മറ്റു ചില വൈകാരിക പ്രശ്നങ്ങൾ മൂലവും കോൺഗ്രസ്സ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രനാണ് ജയിച്ചത്. ഇത്തവണ മണ്ഡലം തിരിച്ചു പിടിച്ചേ തീരു എന്ന വാശിയിലാണ് പി.ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത്. മുല്ലപ്പള്ളി ഇത്തവണ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചതോടും കൂടി സിപിഎമ്മിന്റെ വിജയ പ്രതീക്ഷ വർധിച്ചു. വടകരയിൽ മത്സരിക്കാൻ ആരും തയ്യാറല്ല എന്നത് കോൺഗ്രസ്സിന്റെ സ്ഥിതി ദയനീയമാക്കി. കോൺഗ്രസ്സിൽ മത്സരിക്കാൻ ആരും തയ്യാറല്ലെങ്കിലും ആ സീറ്റ് ആർ.എംപിക്കോ മുസ്ലിം ലീഗിനോ കൊടുക്കാനും തയ്യാറല്ല എന്നൊരു അവസ്ഥയിലേക്ക് പോയി.

അത് ഒരു ചർച്ചാ വിഷയമായി. വയനാട് സീറ്റ് എല്ലാവർക്കു വേണം, വടകര സീറ്റ് ആർക്കും വേണ്ട എന്ന ഒരു നിലയിലേക്ക് വന്നു. വയനാട് വലിയ ജയസാധ്യതയുള്ള പ്രദേശവും വടകര തീരെ ജയസാധ്യത ഇല്ലാത്ത പ്രദേശവുമാണ്. മാത്രവുമല്ല, പി.ജയരാജനാണ് അവിടെ സ്ഥാനാർത്ഥി. അപ്പോൾ എല്ലാംകൊണ്ടും ഇടതുപക്ഷം ഏകപക്ഷീയമായി വിജയം നേടാൻ പോകുന്നു എന്ന ഒരു ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായി. വടകരയിൽ മത്സരിക്കാൻ ആരും ഇല്ല എന്ന അവസ്ഥയിലേക്ക് പോയി. ഒരു വനിതാ സ്ഥാനാർത്ഥിയുടെ പേര് കേട്ടു. കേട്ടുകേൾവി പോലുമില്ലാത്ത ചില പ്രാദേശിക നേതാക്കളുടെ പേരുകളും ഉയർന്നു വന്നു.

ഏത് രീതിയൽ നോക്കിയാലും അവിടെ യു.ഡി.എഫ് തോറ്റു പോകും എന്ന പ്രതീതിയുണ്ടായി. ആ ഘട്ടത്തിലാണ് കെ.മുരളീധരൻ എന്ന സ്ഥാനാർത്ഥി വരുന്നത്. അതോടു കൂടി ചിത്രം മാറുകയായിരുന്നു. കെ.മുരളീധരൻ ചില്ലറക്കാരനായ സ്ഥാനാർത്ഥി അല്ല. അദ്ദേഹത്തിന്റെ തട്ടകമായിരുന്നു കോഴിക്കോട്. കോഴിക്കോട് ജില്ലയുടെ ഭാഗമാണ് വടകര മണ്ഡലം. വടകര മണ്ഡലത്തിലെ അഞ്ച് നിയോജക മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലും രണ്ടെണ്ണം കണ്ണൂർ ജില്ലയിലുമാണ്.

കോഴിക്കോട് തട്ടകമാക്കിയ മുരളീധരൻ നേരത്തെ പാർലമെന്ററി നേതാവായിരുന്നു. അതു കൂടാതെ പ്രബലനായ നേതാവാണ്. പണമുണ്ട്, പ്രവർത്തകരുണ്ട്, സ്വാധീനമുള്ളവരുണ്ട്, അണികളെ ആവേശഭരിതരാക്കാനുള്ള കഴിവുണ്ട്. ഏതു നിലയിലും വടകരയിൽ യു.ഡി.എഫിന് നിർത്താൻ കഴിയുന്ന മികച്ച സ്ഥാനാർത്ഥിയാണ് മുരളീധരൻ. അവിടെ മത്സരിക്കാൻ മുരളീധരൻ ഒരു റിസ്‌ക്കെടുത്തു. ഈ തിരഞ്ഞെടുപ്പിൽ റിസ്‌ക്കെടുത്തു മത്സരിക്കുന്ന രണ്ടു സഥാനാർത്ഥികളെ യു.ഡി.എഫിൽ ഉള്ളൂ. ഒന്ന് അടൂർ പ്രകാശാണ്. എംഎ‍ൽഎ ആണെങ്കിൽ പോലും ആറ്റിങ്ങൽ മണ്ഡലത്തിൽ റിസ്‌ക്കെടുത്ത് മത്സരിക്കുകയാണ്.

ജയിച്ചാൽ എംപിയാകും തോറ്റാൽ എംഎ‍ൽഎ ആയി തുടരും. അതിനേക്കാൾ റിസ്‌ക്കെടുത്ത് മത്സരിക്കുന്നയാളാണ് മുരളീധരൻ. മുരളീധരനെ സംബന്ധിച്ച് ഇങ്ങനെയൊരു മത്സരത്തിന്റെ ആവശ്യവുമില്ല. എന്നിട്ടും അദ്ദേഹം വട്ടിയൂർക്കാവിൽ നിന്നും വടകരയിൽ വന്ന് മാറ്റുരയ്ക്കുകയാണ്. സത്യത്തിൽ വളരെ രാഷ്ട്രീയപരമായി ആലോചിച്ചാൽ ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ തന്നെ മുരളീധരൻ ജയിച്ച ആളാണ്. എന്നു വച്ചാൽ തിരഞ്ഞെടുപ്പിലെ ജയവും തോൽവിയുമല്ല. ജയിക്കുക എന്നു പറഞ്ഞാൽ ധാർമ്മികവും രാഷ്ട്രീയവുമായ ഒരു വിജയം. പത്തുകൊല്ലം മുൻപ് തള്ളി പറഞ്ഞവരുടെ മുന്നിലെ ജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP