Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലണ്ടനിൽ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച് വെസ്റ്റ്മിൻസ്റ്റർ കോടതി; നീരവിന്റെ ഭാര്യ അമി മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ 'തട്ടിപ്പ് വീരനെ' ഇന്ത്യയിലെത്തിക്കാൻ വൈകുമെന്നും സൂചന; ഒട്ടകപ്പക്ഷിയുടെ തോൽ കൊണ്ടുള്ള ജാക്കറ്റ് പുതച്ചും ആഡംബര പാർപ്പിടത്തിൽ കഴിഞ്ഞും വരികയായിരുന്ന ലണ്ടൻ ജീവിതത്തിന് തിരശീല വീണതിന് പിന്നാലെ വിവാദ വ്യവസായി ഇനി നേരിടേണ്ടത് വൻ നിയമ നടപടികൾ

ലണ്ടനിൽ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച് വെസ്റ്റ്മിൻസ്റ്റർ കോടതി; നീരവിന്റെ ഭാര്യ അമി മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ 'തട്ടിപ്പ് വീരനെ' ഇന്ത്യയിലെത്തിക്കാൻ വൈകുമെന്നും സൂചന; ഒട്ടകപ്പക്ഷിയുടെ തോൽ കൊണ്ടുള്ള ജാക്കറ്റ് പുതച്ചും ആഡംബര പാർപ്പിടത്തിൽ കഴിഞ്ഞും വരികയായിരുന്ന ലണ്ടൻ ജീവിതത്തിന് തിരശീല വീണതിന് പിന്നാലെ വിവാദ വ്യവസായി ഇനി നേരിടേണ്ടത് വൻ നിയമ നടപടികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദി അറസ്റ്റിലായി മണിക്കൂറുകൾക്കകമാണ് ജാമ്യമിം ലഭിക്കില്ലെന്ന വാർത്തയും പുറത്ത് വരുന്നത്. വെസ്റ്റ്മിൻസ്റ്റർ കോടതി നീരവിന് ജാമ്യം നിഷേധിച്ചതിന് പിന്നാലെ നീരവിന്റെ ഭാര്യ അമി മോദിക്കെതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും. എന്നാൽ മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ നീളുമെന്നാണു സൂചന. ഈ മാസം 25ന് കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ച് വെസ്റ്റ്മിൻസ്റ്റർ കോടതി നേരത്തേ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.

സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ വിജയമാണ് നീരവിന്റെ അറസ്റ്റെന്ന് ബിജെപി പ്രതികരണം നടത്തിയിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നാണ് കോൺഗ്രസിന്റെ വാദം. 2018 ഓഗസ്റ്റിലാണ് നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകിയത്. കോടതി ഉത്തരവിടുകയാണെങ്കിൽ നീരവ് മോദിയെ യുകെ ഇന്ത്യയ്ക്കു കൈമാറും. ഉത്തരവിനെതിരെ നീരവിന് അപ്പീൽ പോകാൻ സാധിക്കും. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്‌സിയും.

കഴിഞ്ഞ വർഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. ഏതാനും നാൾ മുൻപ് ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടകപക്ഷിയുടെ തോൽ കൊണ്ടു നിർമ്മിച്ച ജാക്കറ്റ് ധരിച്ച് ലണ്ടനിലെ വീഥിയിലൂടെ നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ 'ടെലഗ്രാഫ്' പുറത്തുവിട്ടിരുന്നു. ആഡംബര പാർപ്പിട സമുച്ചയമായ സെന്റർ പോയിന്റ് ടവറിൽ വിശാലമായ അപാർട്ട്‌മെന്റും, സോഹോയിൽ പുതിയ വജ്രാഭരണശാലയും നീരവ് മോദിക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടനിൽ ജോലി ചെയ്യാനും, ഓൺലൈൻ പണമിടപാടുകൾ നടത്താനും ആവശ്യമായ നാഷനൽ ഇൻഷുറൻസ് നമ്പറും നീരവ് മോദിക്ക് ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിരുന്നു. 13,600 കോടി രൂപ പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് വായ്പയെടുത്ത് മുങ്ങിയ കേസിലാണ് ഇഡിയും സിബിഐയും നീരവ് മോദിക്കും, അമ്മാവൻ മെഹുൽ ചോക്‌സിക്കുമെതിരെ കേസെടുത്തിട്ടുള്ളത്. മോദിയുടെ 1,873.08 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. നീരവ് മോദിയുടെയും ബന്ധുക്കളുടെയും പേരിലുള്ള 489.75 കോടി രൂപയുടെ മറ്റു സ്വത്തുക്കളും പിടിച്ചെടുത്തു.

കൊങ്കൺ മേഖലയിലെ അലിബാഗിൽ തീരനിർമ്മാണ ചട്ടം ലംഘിച്ചു പണിത മോദിയുടെ ബംഗ്ലാവ് അടുത്തിടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തിരുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് നീര വ് മോദി രാജ്യം വിട്ടത്. ജനുവരി 29നാണ് നീരവിനെതിരെയുള്ള 280 കോടിയുടെ തട്ടിപ്പിന്റെ പരാതി പിഎൻബി സിബിഐയ്ക്കു നൽകുന്നത്. 31ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള നീരവിന്റെ സഹോദരൻ വിശാലും ജനുവരി ഒന്നിന് രാജ്യം വിട്ടു.അമേരിക്കൻ പൗരത്വമുള്ള ഭാര്യ ആമിയും ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സിയും ജനുവരി ആറിനു രാജ്യം വിട്ടു. നാലു പേർക്കെതിരെയും ലുക്കൗട്ട് നോട്ടിസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഉൾപ്പെടെ അയച്ചിരുന്നു.

മുംബൈയിൽ കടൽത്തീരം കൈയേറി നീരവ് അനധികൃതമായി നിർമ്മിച്ച 100 കോടി രൂപ വിലവരുന്ന ഫ്ളാറ്റ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ ഡയനമൈറ്റ് വച്ച് തകർത്തിരുന്നു.അതിന് പിന്നാലെയാണ് ലണ്ടനിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുരത്തു വന്നത്. ലണ്ടനിൽ 72 കോടി രൂപയുടെ പുതിയ ആഡംബര വില്ല പണിയുകയാണ് ഈ പിടികിട്ടാപ്പുള്ളി. മാസം 10 ലക്ഷം രൂപ വാടകയുള്ള മൂന്ന് ബെഡ്‌റൂം ഫ്ളാറ്റിലാണ് താമസം. വീഡിയോയിൽ നീരവ് ധരിച്ചിരിക്കുന്ന കോട്ടിനും പത്ത് ലക്ഷത്തോളം രൂപ വിലയുണ്ട്. ലണ്ടനിലെ സോഹോയിൽ പുതിയ വജ്ര വ്യാപാരം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ഓഫീസിലേക്ക് എല്ലാ ദിവസവും ഇയാൾ വളർത്തുനായയോടൊപ്പം നടക്കാറുണ്ട്.

പണക്കാരായ വിദേശികൾക്ക് സഹായങ്ങൾ നൽകുന്ന പ്രമുഖ ബിസിനസ് ഉപദേശക സ്ഥാപനവുമായി നീരവിന് ഇടപാടുണ്ട്. ബ്രിട്ടനിലെ പെൻഷൻ മന്ത്രാലയത്തിൽ നിന്ന് ഇയാൾക്ക് ഇൻഷ്വറൻസ് നമ്പർ അനുവദിച്ചതായും ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടെന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.പി.എൻ.ബി തട്ടിപ്പും ബ്രിട്ടനിൽ അഭയം തേടിയതുമുൾപ്പെടെ നീരവിനോട് ടെലഗ്രാഫ് ലേഖകൻ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചോദ്യങ്ങൾക്കെല്ലാം പ്രതികരിക്കുന്നില്ലെന്നായിരുന്നു മോദിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP