Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിസി ജോർജ് പിന്മാറിയത് കെ സുരേന്ദ്രന് വേണ്ടി; പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലുമുള്ള സ്വാധീനം ആചാര സംരക്ഷകനായ സുരേന്ദ്രന് വേണ്ടി വിനിയോഗിക്കും; ബിജെപി സ്വാധീനവും അയ്യപ്പഭക്തരായ നിഷ്പക്ഷരുടെ വോട്ടും ഒരുമിച്ചാൽ സുരേന്ദ്രൻ അട്ടിമറി വിജയം നേടുമോ? തിരുവനന്തപുരത്തിന് പിന്നാലെ പത്തനംതിട്ടയും ബിജെപിക്ക് നിർണ്ണായകമാകുന്നത് ഇങ്ങനെ

പിസി ജോർജ് പിന്മാറിയത് കെ സുരേന്ദ്രന് വേണ്ടി; പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലുമുള്ള സ്വാധീനം ആചാര സംരക്ഷകനായ സുരേന്ദ്രന് വേണ്ടി വിനിയോഗിക്കും; ബിജെപി സ്വാധീനവും അയ്യപ്പഭക്തരായ നിഷ്പക്ഷരുടെ വോട്ടും ഒരുമിച്ചാൽ സുരേന്ദ്രൻ അട്ടിമറി വിജയം നേടുമോ? തിരുവനന്തപുരത്തിന് പിന്നാലെ പത്തനംതിട്ടയും ബിജെപിക്ക് നിർണ്ണായകമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ടയിൽ ബിജെപിക്കാകും പിസി ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയെന്ന് സൂചന. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായപ്പോഴാണ് പിസി ജോർജ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത്. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പിസിക്ക് നല്ല സ്വാധീനമുണ്ട്. ഇതിനൊപ്പം എൻ എസ് എസും സുരേന്ദ്രന് വേണ്ടി സജീവമായി രംഗത്ത വരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഓർത്തഡോക്‌സ് സഭ പള്ളി തർക്കത്തിൽ പിണറായി സർക്കാരിനോട് ഇടഞ്ഞു നിൽക്കുകയാണ്. പത്തനംതിട്ടയിലെ ഈ ഘടകവും അനുകൂലമായാൽ സുരേന്ദ്രന് പത്തനംതിട്ടയിൽ അട്ടിമറി കാട്ടാനാകുമെന്നാണ് ബിജെപി പ്രതീക്ഷ. ബിജെപി സ്വാധീനവും അയ്യപ്പഭക്തരായ നിഷ്പക്ഷരുടെ വോട്ടും സുരേന്ദ്രന് കിട്ടുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

പത്തനംതിട്ട ഉൾപ്പെടെ ഒരു മണ്ഡലത്തിലും മൽസരിക്കേണ്ടെന്നു പി.സി ജോർജിന്റെ ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത് സുരേന്ദ്രന് വേണ്ടിയാണ്. മതവിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാൻ പാർട്ടി രംഗത്തിറങ്ങും. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പാർട്ടി ചെയർമാൻ പി.സി. ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ, ജോർജിന്റെ സ്ഥാനാർത്ഥിത്വം പത്തനംതിട്ടയിൽ ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനു അനുകൂല സാഹചര്യമൊരുക്കുമെന്നു പാർട്ടി വിലയിരുത്തി. ഇതോടെയാണ് പിന്മാറ്റം. മതവിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാൻ രംഗത്തു വരുമെന്ന പിസിയുടെ പ്രസ്താവനയെ ബിജെപിക്ക് അനുകൂലമായാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല വിഷയത്തിൽ ബിജെപിയുമായി സഹകരിക്കാൻ പിസി ജോർജ് തയ്യാറായിരുന്നു. നിയമസഭയിൽ ഒ രാജഗോപാലിനൊപ്പം നിലപാടും എടുത്തു. ഇതിനിടെ യുഡിഎഫിലേക്ക് ചേക്കേറാൻ പിസി ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപിയുമായി പിസി അകലം തുടങ്ങിയത്. എന്നാൽ പത്തനംതിട്ടയിൽ സുരേന്ദ്രൻ എത്തുമ്പോൾ പിസിയുടെ മനസ്സ് ബിജെപിക്കൊപ്പമാണെന്നാണ് സൂചന.

മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവേ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ കെ.സുരേന്ദ്രൻ നാലുമാസത്തെ കാത്തിരിപ്പിനു ശേഷം ശബരിമല ദർശനം നടത്തിയിരുന്നു. ഇന്നലെ രാത്രി പന്തളം കൊട്ടാരത്തിൽ എത്തി കെട്ടുനിറച്ചതിനു ശേഷം രാത്രിയോടെയാണ് പമ്പയിലെത്തിയത്. വെളുപ്പിനെ അയ്യനെക്കണ്ട് തൊഴുത കെ. സുരേന്ദ്രൻ ശബരിമല തന്ത്രി കണ്ഠരര് രാജീവരേയും സന്ദർശമിച്ച് അനുഗ്രഹം വാങ്ങി. കെ.സുരേന്ദ്രനെ തന്ത്രി പൊന്നാടയണിയിച്ച് സ്വീകരിച്ചു.തൃശൂരിൽ നിന്നും ബുധനാഴ്ച രാത്രി പന്തളത്തെത്തിയ അദ്ദേഹം തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ വീട്ടിലെത്തിയാണ് കെട്ടുനിറച്ചത്. പത്തനംതിട്ടയിൽ ശബരിമല ചർച്ചയാക്കാനാണ് ഈ നീക്കമെല്ലാം. ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന നേതാവെന്ന നിലയിലാകും സുരേന്ദ്രനെ ബിജെപി അവതരിപ്പിക്കുക. ഇത് വോട്ടായി മാറുമെന്നും തിരുവനന്തപുരത്തിന് സമാനമായ ത്രികോണ മത്സരം പത്തനംതിട്ടയിൽ ഉണ്ടാകുമെന്ന് ആർ എസ് എസും വിലയിരുത്തുന്നു.

ശബരിമലയിലെ ആചാര ലംഘനശ്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ നവംബർ 17 നാണ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്. തുടർന്ന് മറ്റ് കേസുകൾ ചുമത്തുകയും നേരത്തെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തപ്പോഴുണ്ടായ കേസുകൾ കുത്തിപ്പൊക്കുകയും ചെയ്തു. സുരേന്ദ്രന്റെ പേരിൽ ആദ്യം ചുമത്തിയ കേസുകളിൽ പലതിലും അദ്ദേഹം പ്രതിപോലും ആയിരുന്നില്ല. വിവിധകേസുകളിൽ ജാമ്യമെടുക്കാൻ വേണ്ടിയെന്ന പേരിൽ സുരേന്ദ്രനെ കേരളത്തിലെ പല കോടതികളിൽ ഹാജരാക്കി. ഇതോടെ ശബരിമല പ്രതിഷേധത്തിന്റെ നായകനായി സുരേന്ദ്രൻ മാറി. പിസി ജോർജും വിശ്വാസ സംരക്ഷകർക്കൊപ്പമായിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയിൽ സുരേന്ദ്രന് ബിജെപി സാധ്യതകൾ കാണുന്നത്. ആർഎസ്എസ് ഇടപെട്ടതോടെ കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക അടിമുടി മാറുകയായിരുന്നു. പത്തനംതിട്ട ഉറപ്പിച്ച് ഡൽഹിയിലെത്തിയ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള അവസാന ലാപ്പിൽ പട്ടികയ്ക്ക് പുറത്തായി. അതോടെ പത്തനംതിട്ട സുരേന്ദ്രനുമായി.

ബിജെപിയിൽ ഏറ്റവുമധികം തർക്കം നിലനിന്ന പത്തനംതിട്ട സീറ്റിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് പ്രശ്നപരിഹാരമുണ്ടക്കിയത്. പത്തനംതിട്ട മണ്ഡലത്തിൽ ശ്രീധരൻപിള്ള സ്ഥാനാർത്ഥിയാവുമെന്നാണ് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. എന്നാൽ കെ. സുരേന്ദ്രന് സീറ്റ് നൽകണമെന്ന് ബിജെപിയിൽ ഒരു വിഭാഗം ആവശ്യപ്പെടുകയും ആർഎസ്എസ് അതിനായി ഉറച്ച നിലപാടെടുക്കുകയും ചെയ്തതോടെയാണ് സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലായത്. അതോടെ ശ്രീധരൻപിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതായാണ് അറിയുന്നത്. കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ചകൾ നടന്നിരുന്നു.

ഇതിനെ തുടർന്നാണ് കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാനും ശ്രീധരൻപിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനിൽക്കാനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതെന്നാണ് സൂചന. സുരേന്ദ്രന് സീറ്റ് നൽകിയില്ലെങ്കിൽ പത്തനംതിട്ടയിൽ ബിജെപിയിൽ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കില്ലെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP