Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്തീയ സഭകളെന്നു ക്രിസ്ത്യൻ സഭകളെ വിളിക്കുന്നത് യേശുവിനെ ആക്ഷേപിക്കലാണ്; സഭയല്ല സഭയെ ഊറ്റിക്കുടിക്കുന്ന പൗരോഹിത്യമാണ് ചർച്ച് ആക്ട് ബില്ലിനെ ഭയപ്പെടുന്നത്; കാനോൻ നിയമം വീഞ്ഞും കുടിച്ച് മെത്രാന്മാർ സൃഷ്ടിച്ചതാണ്; ക്രിസ്തീയ സഭകൾ ക്രിസ്തുവിന്റെ വ്യവസ്ഥയിൽ അല്ല; ഇതു നശിച്ച് പുതിയ സഭകൾ വരണം; ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം മോദിയുടെ പടംകൂടി വയ്ക്കണം; പൗരോഹിത്യത്തിനെതിരെ ആഞ്ഞടിക്കുന്ന സാമുവേൽ കൂടൽ മറുനാടനോട് മനസ് തുറക്കുന്നു

ക്രിസ്തീയ സഭകളെന്നു ക്രിസ്ത്യൻ സഭകളെ വിളിക്കുന്നത് യേശുവിനെ ആക്ഷേപിക്കലാണ്; സഭയല്ല സഭയെ ഊറ്റിക്കുടിക്കുന്ന പൗരോഹിത്യമാണ് ചർച്ച് ആക്ട് ബില്ലിനെ ഭയപ്പെടുന്നത്; കാനോൻ നിയമം വീഞ്ഞും കുടിച്ച് മെത്രാന്മാർ സൃഷ്ടിച്ചതാണ്; ക്രിസ്തീയ സഭകൾ ക്രിസ്തുവിന്റെ വ്യവസ്ഥയിൽ അല്ല; ഇതു നശിച്ച് പുതിയ സഭകൾ വരണം; ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം മോദിയുടെ പടംകൂടി വയ്ക്കണം; പൗരോഹിത്യത്തിനെതിരെ ആഞ്ഞടിക്കുന്ന സാമുവേൽ കൂടൽ മറുനാടനോട് മനസ് തുറക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ പൗരോഹിത്യത്തിന്നെതിരെ കേരളത്തിൽ നിന്നുയരുന്ന പടവാളാണ് സാമുവേൽ കൂടൽ. ബലിയല്ല ത്യാഗമാണ് വേണ്ടത് എന്ന ക്രിസ്തുവിന്റെ വചനങ്ങളാണ് കൂടൽ ഉയർത്തിപ്പിടിക്കുന്നത്. സമാന്തരമായി സഞ്ചരിച്ചുകൊണ്ടു സഭാ നേതൃത്വത്തിന്റെ രീതികൾക്കെതിരെ ശക്തമായ വിമർശനമാണ് അദ്ദേഹം അഴിച്ചുവിടുന്നത്. ക്രൈസ്തവ സ്വത്തുക്കൾ പൗരോഹിത്യം കൈപ്പിടിയിൽ ഒതുക്കുന്നതിന്നെതിരെയാണ് സാമുവേൽ കൂടലിന്റെ പോരാട്ടങ്ങൾ. മറുനാടന് നൽകിയ വിശദമായ അഭിമുഖത്തിൽ ക്രിസ്ത്യൻ പൗരോഹിത്യത്തിന്റെ രീതികൾക്കെതിരെ കൂടൽ ആഞ്ഞടിക്കുന്നു. തിരുവായ്ക്ക് എതിർവായില്ലാത്ത പൗരോഹിത്യ രീതികൾക്കെതിരെയാണ് കൂടലിന്റെ ശബ്ദം ഉയരുന്നത്. ഇതിനിടയിൽ ക്രിസ്തുവിന്റെ ചിത്രങ്ങൾക്കൊപ്പം ക്രിസ്ത്യൻ വിശ്വാസികൾ മോദിയുടെ ചിത്രം കൂടി ഒപ്പം വയ്ക്കണമെന്നുള്ള വിവാദ പ്രസ്താവനകൾ കൂടി നടത്തുകയും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

ചർച്ച് ആക്റ്റ് ബില്ലിന്റെ കരടുപോലും സർക്കാർ പിൻവലിച്ചെങ്കിലും ചർച്ച് ആക്ട് ബില്ലിൽ കൂടൽ മുറുകെ പിടിക്കുന്നു. ബിൽ എത്രയും വേഗം നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. സഭയുടെ സ്വത്തുക്കളുടെ അവകാശം പൗരോഹിത്യത്തിൽ അടർത്തി മാറ്റി വിശ്വാസികളെ ഏൽപ്പിക്കണമെന്നാണ് കൂടലിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ക്രിസ്തുവും ക്രൈസ്തവ സഭകളും തമ്മിൽ ബന്ധമില്ലെന്ന് കൂടൽ പറയുന്നു. ക്രിസ്തുവിൽ അധിഷ്ഠിതമായ, ക്രിസ്തുവിന്റെ സ്‌നേഹത്തിൽ അധിഷ്ഠിതമായ, ക്രിസ്തുവിന്റെ ധർമ്മ ബോധത്തിൽ അധിഷ്ഠിതമായ ഏത് സഭയാണ് നിലവിൽ ഉള്ളത് എന്നാണ് കൂടൽ ഉയർത്തുന്ന ചോദ്യങ്ങളിൽ പ്രധാനം. ബൈബിളിനെയും ഭഗവദ്ഗീതയേയും യോജിപ്പിച്ചുകൊണ്ടുള്ള ഒരു ഐഡി യോളജിയിലാണ് കൂടൽ പ്രധാനമായും ഊന്നുകയും ചെയ്യുന്നത്- പൗരോഹിത്യത്തിന്നെതിരെ ആഞ്ഞടിക്കുന്ന സാമുവേൽ കൂടൽ മറുനാടനു മുന്നിൽ മനസ് തുറക്കുന്നു

  • ക്രിസ്ത്യൻ സഭകളിലെ വ്യവസ്ഥാപിത രീതികളെ എതിർക്കാൻ എപ്പോഴും താങ്കൾ മുൻനിരയിൽ നിൽക്കുന്നു. എന്താണ് സ്ഥിയായിയായ ഈ ക്രിസ്ത്യൻ വിരോധത്തിന് പിന്നിൽ?

ക്രിസ്ത്യൻ സഭകളിൽ വ്യവസ്ഥാപിതം എന്ന വാക്ക്, വരുമ്പോൾ ആരിൽ വ്യവസ്ഥാപിതം ഏതിൽ വ്യവസ്ഥാപിതം എന്നൊക്കെ ഒരു ചോദ്യം വരും. കൃസ്തുവിൽ അല്ല ഈ സഭകൾ ഒന്നും വ്യവസ്ഥാപിതം. അവനവന്റെ തോന്ന്യവാസങ്ങളിലാണ് വ്യവസ്ഥാപിതം. ഓരോ മതങ്ങൾക്കും ഓരോ നിയമം, ഓരോ ആരാധനാക്രമം, ഓരോ ചട്ടക്കൂട്, ഓരോ ക്രിമിനോളജി, അതിനു കൃസ്തുവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് ക്രിസ്തീയ സഭകളെന്നു ഇതിനെ വിളിക്കുന്നത് തന്നെ ക്രിസ്തുവിനെ ആക്ഷേപിക്കുന്നതാണ്. നാലായിരത്തിലേറെ സഭകൾ രണ്ടായിരത്തിലേറെ കൊല്ലം കൊണ്ട് ഉണ്ടാക്കിയല്ലോ? ഇതിലേതാണ് കൃസ്തുവിന്റെ സഭ. ക്രിസ്തുവിൽ അധിഷ്ഠിതമായ, ക്രിസ്തുവിന്റെ സ്‌നേഹത്തിൽ അധിഷ്ഠിതമായ, ക്രിസ്തുവിന്റെ ധർമ്മ ബോധത്തിൽ അധിഷ്ഠിതമായ ഏത് സഭയുണ്ടെന്നു പറയാമോ? ഇതൊന്നും കൃസ്തുവിൽ അധിഷ്ഠിതമല്ല. ക്രിസ്തുവിന്റെ വ്യവസ്ഥയിൽ അല്ല. ക്രിസ്തുവിന്റെ വ്യവസ്ഥ മത്തായി സുവിശേഷത്തിലും മാർക്കോസിന്റെ സുവിശേഷത്തിലും ഒക്കെ പറയുന്നുണ്ട്. നിങ്ങൾ ഇങ്ങിനെയായിരിക്കണമെന്നു പറഞ്ഞിട്ട്. .അവധൂതന്മാരായി ലോകത്ത് സ്‌നേഹത്തിന്റെ സന്ദേശം പറയാൻ ക്രിസ്തു അവരോടു പറഞ്ഞു.

ഇന്ത്യയിൽ ഇരിക്കുന്ന ഭാരത മാതാവ് പെറ്റുവളർത്തിയ കർദ്ദിനാൾ കുഞ്ഞുപോലും പറയുന്നത് ഞാൻ ഇന്ത്യാ സർക്കാരിന് വിധേയൻ അല്ല, ഞാൻ കാനോൻ നിയമനത്തിനാണ് വിധേയൻ എന്നാണ്. കൂദാശ പറഞ്ഞു പിടിച്ചു പറിച്ചുണ്ടാക്കിയ കാശ് എല്ലാം കാനോൻ നിയമത്തിന്റെ അധീനതയിലാണ്. സർക്കാരിന് ഒരു നിയന്ത്രണത്തിനും കഴിയില്ലാ എന്ന് പറഞ്ഞു ദൈവ നീതിക്കും മനുഷ്യരുടെ നീതിക്കും നിരയ്ക്കാത്ത വിധത്തിലാണ് ഇവരുടെ വായ് ആടുന്നത്. ഇനിയും കാലത്തിനെ ഇവർക്ക് പിടിച്ചു നിൽക്കാൻ ഒക്കത്തില്ല. ഒരു മാറ്റം വന്നേ പറ്റൂ. അന്നത്തെ സഭയും ദൈവത്തിൽ അധിഷ്ഠിതമല്ലായിരുന്നു.ക്രിസ്തു അന്നേ പറഞ്ഞത് ബലിയല്ല ത്യാഗമാണ് എനിക്ക് വേണ്ടത് എന്നാണ്.

ജറുസലേം ദേവാലയത്തിൽ കയറി കള്ളന്മാരുടെ ഗുഹയാക്കി എന്ന് പറഞ്ഞു. അന്ന് കള്ളമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണെങ്കിൽ കൊലയും കൊള്ളിവയ്പും പെണ്ണ് പിടുത്തവും ബാലപീഡനവും അടക്കമുള്ള പ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ക്രിസ്തീയ സഭകൾ ഒന്നും തന്നെ ക്രിസ്തുവിന്റെ വ്യവസ്ഥയിൽ അല്ല. അതുകൊണ്ട് ഇതിനു മാറ്റം വന്നാലേ കഴിയൂ. ഇത് നശിച്ചാലേ മതിയാകൂ. എന്നാലെ പുതിയ ഒരു സഭ വരികയുള്ളൂ.ഇപ്പോൾ പ്രസന്റ് ആയിടുള്ള സഭകളെ എല്ലാം ഇങ്ങിനെയാണ് അതിന്റെ തുടക്കം എന്നേ മുളച്ചു കളഞ്ഞു.

  • കാനോൻ നിയമം എന്ന സംജ്ഞ അങ്കമാലി അതിരൂപത ഭൂമി വിവാദം വന്നപ്പോൾ ഹൈക്കോടതി തള്ളിക്കളഞ്ഞു?

ഭൂമി വിവാദം എന്ന് പറയുന്നത് തന്നെ സഭയ്ക്ക് ചേർന്ന രീതിയില്ല. കാനോൻ നിയമം എന്ന് പറഞ്ഞാൽ ദൈവത്തിന്റെ നിയമം അല്ല. ഇതുങ്ങള് വീഞ്ഞും കുടിച്ചു മെത്രാന്മാർ എല്ലാം കൂടി ഉണ്ടാക്കിയതാണ്. ഒന്നാമത്തെ കാര്യം ഇവർക്ക് ദൈവത്തെക്കുറിച്ച് ഒന്നും അറിയത്തില്ല. ഇവരുടെ അജ്ഞത കാരണമാണ് എല്ലാം ദൈവത്തിനു വേണ്ടിയാണ് എന്ന് പറഞ്ഞു നമ്മളെ കളിപ്പിക്കുന്നത്. ദൈവത്തെക്കുറിച്ച് ഇവർക്ക് എബിസിഡി അറിയില്ല. ദൈവത്തിൽ ഇവർക്ക് വിശ്വാസമാണ് ഉള്ളത്. ദൈവം വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സാധനം അല്ല. ദൈവം അനുഭവിക്കേണ്ട ഒരു സംഭവമാണ്.അറിയപ്പെടേണ്ടതാണ്. എവിടെ സ്വയം മനസ്സിൽ ചേതനയിൽ അനുഭവപ്പെടെണ്ടതാണ്. ചേതനയെ നയിക്കുന്ന ചേതസ് ആണിത്. ചെതസിനെ നയിക്കുന്ന ചേതനയാണിത്. അത് സ്വയം അറിയപ്പെടേണ്ടതാണ് അനുഭവവേദ്യമാണത്. അല്ലാതെ വിശ്വാസമല്ല. കാലഘട്ടമനുസരിച്ച് എല്ലാം മാറണം.ക്രിസ്തുവിന്റെ നിയമമനുസരിച്ച് എല്ലാം വന്നില്ലെങ്കിൽ പിന്നെ ഇവർക്ക് നിലനിൽപ്പേയില്ല. അതാണ് എനിക്ക് പറയാനുള്ളത്.

ക്രിസ്തു അവധൂതനായി നിൽക്കുമ്പോൾ ഒരു പട്ടണത്തിൽ നിന്ന് സുവിശേഷം പറഞ്ഞു വേറൊരു പട്ടണത്തിലേക്ക് പോകാനാണ് പറയുന്നത്.അല്ലാതെ അരമനകളും ഭദ്രാസനങ്ങളും മണിമാളികകളും ഉണ്ടാക്കി സുഖലോലുപന്മാരായി സുഖിച്ച് വാഴാനല്ല ക്രിസ്തു സുവിശേഷക്കാരെ അയച്ചത്.അതുകൊണ്ട് ഇത് ഇല്ലാതാകണം ഇത് ക്രിസ്തുവിനു ഒപ്പം ഞാനും ആഗ്രഹിക്കുന്നു. ഭൂമി കൈവശപ്പെടുത്തുക, കെട്ടിടങ്ങൾ കൈവശപ്പെടുത്തുക, ഭൗതികമായ നേട്ടങ്ങളുടെ പിറകെയാണ് ഇവർ പോകുന്നത്. ആത്മീയമായ ഒരു നേട്ടത്തിനും പിറകെയല്ല ഇവർ പോകുന്നത്. ശ്രേയസിന്റെ പിറകെയല്ല ഈ പാവങ്ങൾ പോകുന്നത്. തലമുറകളായി ഇങ്ങിനെയാണ്. ഇതിൽ മാറ്റത്തിന് കഴിയുകയില്ല. ക്രിസ്ത്യാനി ക്രിസ്തുവിനെ അറിഞ്ഞു ഇവരോട് ബൈബിൾ മൊഴി പറഞ്ഞെങ്കിലേ ക്രിസ്തുമതം ഇവിടെ സ്ഥാപിക്കപ്പെടത്തുള്ളൂ എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.

  • ചർച്ച് ആക്റ്റ് ബിൽ കരടു പ്രസിദ്ധപ്പെടുത്തുകയും അത് നിയമക്കമ്മീഷൻ പിന്നീട് വെബ്‌സൈറ്റിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരിക്കുന്നു. ചർച്ച് ആക്റ്റ് ബിൽ പ്രസക്തമാണോ?

ജനത്തിന്റെ പൈസ ജനത്തിന്റെ നന്മയ്ക്ക് ഉപയോഗിക്കേണ്ടതിന് പകരം പൗരോഹിത്യത്തിന്റെ കുത്തകയാക്കി വെച്ചിട്ട് അവര് കൈകാര്യം ചെയ്യുകയാണ്. അത് ഇല്ലാതായലേ പറ്റത്തുള്ളൂ. കൂടലിൽ ഒരു പള്ളി വേണം എന്നത് ക്രിസ്തീയ വിശ്വാസികൾക്ക് തോന്നിയ ചിന്തയാണ്. അങ്ങിനെ കൂട്ടായി കൂടിയിട്ടു ഒരു പള്ളി അവരുടെ പ്രയത്‌നത്തിൽ ഉണ്ടാക്കി. അവര് വസ്തു വാങ്ങിച്ചു. ട്രസ്റ്റ് ഉണ്ടാക്കി.ഓർത്തഡോക്‌സ് സഭയുടെ പേരിൽ എഴുതിക്കൊടുത്തു. പക്ഷെ എഴുതി കയ്യിൽ കൊടുത്ത് കഴിഞ്ഞാൽ പിന്നെ ജനത്തിന് യാതൊരു അവകാശവുമില്ല. ദൈവത്തിനു മനുഷ്യനും നിരക്കാത്ത നിതികേടാണ് അവര് നാടാകെ വളർത്തുന്നത്. ഇതെല്ലാം സർക്കാർ പൊതുമുതൽ ആയി പ്രഖ്യാപിച്ച് ഇൻകം ടാക്‌സിനു വിധേയമാക്കിയിട്ടു ഒരു നല്ല സൽഭരണം ഞാൻ മരിക്കുന്നതിനു മുൻപേ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനു ഇച്ചാശക്തിയുള്ള ഒരു സർക്കാർ ആണ് വേണ്ടത്. ഇവരുടെ തുച്ഛമായ വോട്ടു ബാങ്ക് കാരണം ന്യൂനപക്ഷം ആണെങ്കിലും ഒരു ന്യൂനമർദ്ദമുണ്ട്. ആ ന്യൂനപക്ഷം ന്യൂനമർദ്ദമായിട്ട് വോട്ടിന്റെ പേരിൽ രാഷ്ട്രീയക്കാരെ പിണിയാളുകൾ ആക്കിയിട്ടു ഇവിടെ ദുർഭരണം നടത്തുകയാണ്. അതില്ലാതെയാകണമെങ്കിൽ ഇച്ചാശക്തിയുള്ള സർക്കാർ വേണം. എല്ലാം കണ്ടു കെട്ടി സർക്കാരിന്റെതാക്കണം. കാരണം സർക്കരിന്റെത് എന്ന് പറഞ്ഞാൽ ജനത്തിന്റെത് ആകണം. ശബരിമല എല്ലാം ദേവസ്വം ബോർഡിന് കീഴിൽ അല്ലേ. അതുപോലെ ഒരു കോമൺ ബോർഡ് വരണം. ഓരോ സഭകളുടെ കീഴിൽ ആകരുത്. ഒരു ഏകീ ഭാവം വരണം. എന്നാലെ നീതി നടപ്പിലാകൂ.

  • ചർച്ച് ആക്റ്റ് ബില്ലിനെ താങ്കൾ സ്വാഗതം ചെയ്യുന്നു; ചർച്ച് ആക്റ്റ് ബില്ലിനെ സഭകൾ ഭയപ്പെടുന്നു?

സഭയല്ല ചർച്ച് ആക്ടിനെ ഭയപ്പെടുന്നത്. സഭയെ ഊറ്റിക്കുടിക്കുന്ന ഈ പൗരോഹിത്യമാണ് ഭയപ്പെടുന്നത്. സഭയിലെ ജനങ്ങൾക്ക് ചർച്ച് ആക്റ്റ് ബിൽ അത്യാവശ്യമാണ്. അനിവാര്യമാണ്. പക്ഷെ സഭയുടെ മുതൽ തിന്നു മുടിക്കുന്ന പാതിരി വർഗം അത് ഭയപ്പെടുന്നു. അവരുടെ വയറ്റിപ്പിഴപ്പ് ആണിത്. അത് ഇല്ലാതാകാൻ പോകുകയാണ്. അവരുടെ ധൂർത്ത് ഇല്ലാതാകാൻ പോവുകയാണ്. അവര് ആരോടൊക്കെ കണക്ക് പറയേണ്ടി വരും. ഒരു മെത്രാന് ഒരു ദിവസം കൂദാശ ചൊല്ലി എത്ര ആയിരം രൂപ വരുമാനം ഉണ്ടെന്നു അറിയാമോ? ആദായനികുതി ഒന്നും നൽകേണ്ടതില്ല. ഇതെല്ലാം സർക്കാരിന്റെ കണക്കിൽ വരുന്ന പണമായി വന്നാലേ ശരിയാകൂ.രാജ്യത്തെ സ്‌നേഹിക്കുന്ന,സഭകളെ ഭയപ്പെടാത്ത നട്ടെല്ലുള്ള ഒരു സർക്കാർ വേണം.അത്തരം ഒരു സർക്കാരാണ് കേരളത്തിൽ ഇല്ലാത്തത്.

കേരളത്തിലെ ഇടത് വലത് മുന്നണികൾ എല്ലാം സഭാ നേതൃത്വത്തിന്റെ ചെരുപ്പ് നക്കികളാണ്. നികൃഷ്ടജീവി എന്ന് വിളിച്ചാൽ പോലും പോയി കാലേ നക്കും. എന്തിനാ നാല് വോട്ടിനു വേണ്ടിയിട്ട്. ഇവിടെ നന്മ നടപ്പാക്കണമെന്ന് ഇച്ഛാശക്തിയുള്ള ഒരു സർക്കാരും കേരളം ഭരിച്ചിട്ടില്ല. രണ്ടു പാർട്ടിയും മാറി മൂന്നാമതൊരു പാർട്ടി കൂടി വന്നാലേ ഒരു മാറ്റം വരൂ. ഇടതും വലതും കൂട്ടുകൃഷിയാണ്. ഇടതിന്റെ കള്ളമെല്ലാം വലത് ഒളിക്കും. ഇവര് തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ് ആണ് നടക്കുന്നത്. മൂന്നാമതൊരു പാർട്ടി കൂടി കേരളത്തിൽ വരണം.ഇന്ത്യയിൽ പുതിയ മാറ്റം കഴിഞ്ഞു. ഇന്ത്യ പുതിയ ഒരിന്ത്യയാക്കി. ഒരു ചായക്കടക്കാരൻ ഇന്ത്യയെ പുതിയ ഇന്ത്യയാക്കി. വർഷങ്ങൾ ആയി നമ്മൾ കണ്ട ഇന്ത്യയല്ല ഇത്. പാക്കിസ്ഥാൻ മുട്ടുമടക്കിയത് കണ്ടോ? പണ്ട് കണ്ണ് ചുഴഞ്ഞെടുത്താണ് പട്ടാളക്കാരുടെ ബോഡി പാക്കിസ്ഥാൻ തിരിച്ചയച്ചത്.

ഒരു പൈലറ്റിനെ പോറൽ പോലും ഏൽപ്പിക്കാതെയാണ് പാക്കിസ്ഥാൻ തിരിച്ചയച്ചത്. ഭയം വന്നു. ഇവിടെ ചുണക്കുട്ടന്മാർ വന്നു.രാഷ്ട്രീയ നേതാക്കൾ നട്ടെല്ലുള്ളവർ ആയിരിക്കണം. അവർ കറപ്റ്റഡ് ആയിരിക്കരുത്. അവർക്ക് വീണ്ടും അധികാരം വേണമെന്ന മോഹം വന്നാൽ അവർക്ക് നട്ടെല്ല് വളച്ചാലേ ഒക്കൂ. അതാണ് കോൺഗ്രസ് സർക്കാരിന് പിണഞ്ഞ അമളി. ബിജെപി വന്നപ്പോഴാണ് കേന്ദ്രത്തിൽ ഒരു സർക്കാരുണ്ടായത്. ക്രിസ്ത്യാനിയുടെ ഭവനത്തിൽ ക്രിസ്തുവിന്റെ പടം വെച്ച് കഴിഞ്ഞാൽ മോദിയുടെ പടം വയ്ക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. കൃഷ്ണന്റെ പടം കഴിഞ്ഞാൽ, ശിവന്റെ പടം കഴിഞ്ഞാൽ കൂട്ടത്തിൽ മോദിയുടെ പടം കൂടി വയ്ക്കണം. ഭാരത മാതാവിനെ രക്ഷിക്കാൻ ഒരു ചുണക്കുട്ടനെ നമുക്ക് കിട്ടി. ഉന്നത കുല ജാതൻ അല്ലെങ്കിലും മോദിക്ക് രാജ്യസ്‌നേഹമുണ്ട്. അഴിമതിയില്ല. അവാച്യമായ രാജ്യസ്‌നേഹമാണ് മോദിയെ നയിക്കുന്ന വികാരം.

  • മെത്രാന്മാരുടെയും പുരോഹിതന്മാരുടെയും പുരുഷാധിപത്യമാണോ സഭയിൽ നിലനിൽക്കുന്നത്?

പുരുഷാധിപത്യമല്ല, ലൈംഗിക ആധിപത്യമല്ല സഭയിൽ നിലനിൽക്കുന്നത്. കൃഷ്ണന്മാർ കളിച്ചു നടക്കുകയാണവർ. വിവാഹമേ കഴിക്കുന്നില്ല സന്യാസമാണ് എന്നാണ് പറയുന്നത്. പക്ഷെ അവരുടെ ആഭാസ ജീവിതത്തെക്കുറിച്ച്. ആമേൻ പോലുള്ള പുസ്തകങ്ങളിലൂടെ പാവം പിടിച്ച കന്യാസ്ത്രീകൾ തന്നെ എഴുതിയല്ലോ. കന്യകാത്വം നഷ്ടപ്പെട്ട അവരെ കന്യകകൾ എന്നൊന്നും വിളിക്കരുത്. അവരെ കന്യാസ്ത്രീ എന്നൊന്നും വിളിക്കരുത്. അവരുടെ നിലവിളി കേൾക്കാൻ ആരെങ്കിലുമുണ്ടോ? അവർ ഒരു പരാതി കൊടുത്താൽ ഏറ്റുവാങ്ങാൻ ഒരു സർക്കരുണ്ടോ? അവിടെ പുരുഷാധിപത്യമല്ല, പുരുഷന്റെ ചേഷ്ടകളാണ് ആധിപത്യമായി മാറുന്നത്. ഇവരുടെ പുരുഷാധിപത്യമല്ല ഇവർ സമൂഹത്തിൽ പരത്തുന്ന ആത്മീയ അന്ധതയാണ് വിഷയമാക്കേണ്ടത്. ദൈവത്തെക്കുറിച്ച് എബിസിഡി അറിയാത്ത ഇവർ അവർക്ക് എട്ടുംപൊട്ടും തിരിയാത്ത സ്വർഗത്തെക്കുറിച്ച് പറഞ്ഞു അതിന്റെ വിൽപ്പനയാണ് ഇവര് തട്ടിത്തെറിപ്പിച്ചത്. വിശ്വാസിക്ക് ഇവരെ വിറ്റു കാശാക്കുന്നത് സ്വർഗ്ഗരാജ്യമാണ്. ഞാൻ 72 കാരൻ പള്ളിയിൽ പോയാൽ ഞാൻ ആടാണ്. എന്റെ മനുഷ്യത്വം പോലും അവർ ഇല്ലാതാക്കി കളഞ്ഞില്ലേ? ദൈവത്തിന്റെ പേരിൽ. എന്നാൽ ദൈവത്തെക്കുറിച്ച് ഇവർക്ക് വല്ലതും അറിയാമോ? അതും ഇല്ല. അതുകൊണ്ട് ഇവർ സമൂഹത്തിൽ പടർത്തിയ ആത്മീയ അന്ധതയെക്കുറിച്ചാണ് അല്ലാതെ ഇവരുടെ ബാലപീഡനത്തെക്കുറിച്ചോ, വ്യഭിചാരത്തെക്കുറിച്ചോ അല്ല നമ്മൾ വിഷയമാക്കെണ്ടത്. ഒരു പോപ്പല്ല ആയിരം പോപ്പ് വിചാരിച്ചാലും ഇവർ നിൽക്കത്തുമില്ല.

ഇവന്മാർ കല്യാണം കഴിക്കണം. മനുഷ്യൻ ഏകാനായിരിക്കണം. എന്ന ഏദനിലെ ദൈവത്തിന്റെ കണ്ടെത്തൽ ഇവർ അനുസരിക്കണം. ഇവർക്ക് സുഖഭോഗങ്ങൾ അനുസരിക്കാനുള്ള ഒരു പദ്ധതിയാണ് സഭ. അവിടെ ചെല്ലുന്നവരെല്ലാം ഈയാമ്പാറ്റ തീയിൽ വെന്തുരുകും പോലെ വെന്തുരുകാനേ കഴിയൂ. ഭഗവദ്ഗീത പഠിച്ചപ്പോഴാ എനിക്ക് ദൈവത്തെക്കുറിച്ച് ഒന്ന് സ്‌മെൽ ചെയ്യാൻ കഴിഞ്ഞത്. ദൈവം ആരാണ് എന്നതിനെക്കുറിച്ച് മനസിലാക്കിയത്. ഞാനെന്റെ പുസ്തകങ്ങൾ ഒക്കെ എഴുതിയത്. ഒരു പള്ളിപ്പാട്ടുകാരൻ ആയിട്ട് കുട്ടിക്കാലം മുതൽ ദൈവത്തെ സ്തുതിച്ച് എഴുതാൻ തുടങ്ങിയതാ കുട്ടിക്കാലം മുതൽ. ഇപ്പോൾ പാട്ട് നിർത്തി. ഇപ്പോൾ സ്തുതിക്കേണ്ട കാര്യമില്ല.

ദൈവം ആരെന്നു അറിഞ്ഞിട്ടു ആ ദൈവത്തിന്റെ സുവിശേഷം പറഞ്ഞു കൊടുക്കുകയാണ് സാമുവേലിന്റെ സുവിശേഷം ഒന്നും രണ്ടും മൂന്നും. ഇപ്പോൾ 72 വയസ് കഴിഞ്ഞു. 73ലേക്ക് കയറി സാമുവേലിന്റെ സുവിശേഷം രണ്ടാം ഭാഗം പിഡിഎഫ് ഫയലായി ലോകത്തിനു മൊത്തം അയച്ചു നൽകി. അത് വായിച്ചു കഴിഞ്ഞാൽ ആളുകൾക്ക് ചെറിയ സ്‌കെച്ച് ദൈവത്തെക്കുറിച്ച് കിട്ടും. ഞാൻ അത് ഭഗവദ്ഗീതയിൽ നിന്നും യേശുവിന്റെ വചനങ്ങളിൽ നിന്നും എടുത്തതാണ്. യേശുവാണ് എന്റെ റഫറൻസ്. ഭഗവദ്ഗീതയാണ് അടിസ്ഥാനമായ എന്റെ ആധാര പുസ്തകം. സനാതന മതത്തിന്റെ വേദാന്ത രഹസ്യങ്ങൾ ആണ് പുസ്തകത്തിലുള്ളത്. അവർ കണ്ടെത്തിയ സയന്റിഫിക് പ്രൂഫ് അതാണ് പുസ്തകത്തിലുള്ളത്.

എന്റെ ശബ്ദം അടയുന്നിടം വരെ ദൈവം ആരെന്നു അറിയാൻ ഞാൻ അവരെ സഹായിക്കാം. അമ്പലത്തറയിലും കണ്ടില്ല, അരയാൽ തറയിലും കണ്ടില്ല എന്നൊക്കെ പാടിയിട്ടില്ലേ? ദൈവത്തെ കാണണമെങ്കിൽ നീ നിന്റെ ഉള്ളിലേക്ക് ഇറങ്ങണം. ആ ബ്രദറും ഈ ബ്രദറും പറയുന്നത് കേട്ട് അലച്ചോണ്ടിരുന്നാലൊന്നും ദൈവത്തെ കാണില്ല. മൗനത്തിലൂടെ മാത്രമേ ദൈവത്തെ കണ്ടെത്താൻ കഴിയൂ.ആദ്യം നീ നിന്റെ മനസിനെ നിശബ്ദനാക്കു. ആ നിശബ്ദതയുടെ ആഴങ്ങളിലിരുന്നു ദൈവം നിന്നോടു സംസാരിക്കും. അതാണ് വെളിപാട്. നീ നടക്കേണ്ടുന്ന വഴി അവൻ നിനക്ക് കാണിച്ചു തരും. നീ പ്രാർത്ഥന ആദ്യം നിർത്ത്.അച്ഛൻ പറയും പ്രാർത്ഥിക്കാൻ കൂടാൻ. മെത്രാൻ പറയും. പ്രാർത്ഥിക്കാൻ കൂടാൻ.അതെല്ലാം ജല്പനങ്ങൾ ആണ്. മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്

ആദ്യം ഈ പ്രാർത്ഥന നിർത്തുക. പ്രാർത്ഥനാലയങ്ങൾ അല്ല ആവശ്യം .കള്ളന്മാരുടെ ഗുഹകൾ അല്ല ആവശ്യം. കോടികൾ നിക്ഷേപിച്ച് രാജ്യത്തിന്റെ സമ്പത്ത് കെട്ടിട നിർമ്മാണത്തിൽ ദുർവ്യയം ചെയ്യുക. അതിന്റെ കമ്മിഷൻ അടിക്കുക.അതിന്റ കൂദാശ കാശ് അടിക്കുക. ആ ആർഭാടം കണ്ടിട്ട് ഉത്സവ പറമ്പിലെ പോലെ വന്നു കൂടുന്ന ആളുകളുടെ ഭക്തി കൺവേർട്ട് ചെയ്ത് കാശാക്കി മാറ്റുക. ഇതു കീശയിലാക്കിയിട്ടു സുഖിമാന്മാരായിട്ടു, ലോകത്തിലെ ആരും ഇവരെപ്പോലെ സുഖിക്കുന്നില്ല. അഭയക്കെസിലെ എത്ര കോടി ചെലവാക്കി. നൂറു കോടിയിലേറെ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. അഞ്ഞൂറ് അല്ല ആയിരം കോടി ചെലവാക്കിയാലും അവരെ സംരക്ഷിക്കും. റോബിൽ അച്ചനെ ഞാൻ മരിക്കും മുൻപ് തന്നെ പുണ്യവാളൻ ആക്കും. അതുകൊണ്ട് ദുഷ്ടനെ നീതിമാൻ എന്ന് പറയുന്ന സഭകൾ ശപിക്കപ്പെട്ടതാണ്.

കന്യാസ്ത്രീകളുടെ നീതിനിഷേധത്തിന്നെതിരെ എന്തുകൊണ്ട് സഭ ചെറുവിരൽ അനക്കുന്നില്ല?

കന്യാസ്ത്രീകളെ അവർ മനുഷ്യരായി കണ്ടിട്ടില്ല. അവർ ഉപയോഗ വസ്തുവല്ലേ. ഈ ഐ ഫോൺ ഞാൻ ഉപയോഗിക്കും പോലെ ഉപയോഗിക്കുന്നുവെന്നു മാത്രം. മനനമില്ലാത്ത അടിമകൾ ആയിട്ട് ഇവരുടെ ഉപകരണം ആയിട്ട്. ഇവർക്കെന്തിനു നീതി.ഞാൻ എന്തിനു എന്റെ ഐ ഫോണിനോട് നീതി കാണിക്കുന്നത്. മകളെ കന്യാസ്ത്രീ ആക്കുന്ന വീട്ടുകാർക്കിട്ടാണ് കൊട്ടേണ്ടത്. ഏതെങ്കിലും മാർഗത്തിൽ അവരെ കെട്ടിച്ച് വിടരുതോ? ഈ മുടിഞ്ഞ പണിക്ക് എന്തിനാണ് വിടുന്നത്.മാർപ്പാപ്പ തന്നെ ഗതി മുട്ടിയതുകൊണ്ടാണ് ഈ പറഞ്ഞത്. എന്നാണ് മാർപ്പാപ്പയുടെ മരണം എന്നറിയാൻ ഞാൻ കാതോർത്തിരിക്കുന്നു.

ഇത്രയും നാറിയ പൗരോഹിത്യത്തെ നാറിയ പൗരോഹിത്യമെന്നു വിളിച്ചു പറഞ്ഞ മാർപ്പാപ്പ ആണ് അദ്ദേഹം. പാപ്പ ഒന്നുകിൽ രാജിവയ്ക്കും അല്ലെങ്കിൽ അവർ കൊല്ലും. ഇത് എന്റെ കർമ്മമാണ് എന്നറിഞ്ഞിട്ടാണ് ഞാൻ സധൈര്യം വിളിച്ചു പറയുന്നത് പുരോഹിതന് എന്തും പറ്റും. പുരോഹിതന്റെ ളോഹയുടെ മായാജാലമതാണ്. ഞാൻ കലഞ്ഞൂർ അമ്പലത്തിൽ ദീപാരാധന സമയത്ത് അവിടെ പോയിരിക്കും. പോറ്റി ഒരു കോണകം ഇടും. ചെറിയ ഒരൊറ്റ മുണ്ടും ഇടും. പക്ഷെ ഒരു ക്രിസ്തീയ പുരോഹിതനോ അറുപത് മീറ്റർ തുണി വേണം. ഇതവർ യേശുവിനെ ആക്ഷേപിക്കുകയാണ്. ഇവർ ഏതെങ്കിലും അമ്പലത്തിൽ പോയി ഒരു പൂജാരിയെ കാണട്ടെ. ആരാധനയ്ക്ക് വസ്ത്രമാണോ വേണ്ടത്.അടുത്ത തലമുറ ഇതുങ്ങളെ സഹിക്കത്തില്ല. പള്ളി വിട്ടു ഓടും. യൂറോപ്പിൽ ഒന്നും ഒന്നുമില്ല. അമേരിക്കയിൽ സൺഡേ സ്‌കൂളിൽ പിള്ളേരെ വിടത്തില്ലാ എന്ന് മലയാളി കുടുംബങ്ങൾ തീരുമാനിക്കുന്നു. എല്ലാത്തിനും മനുഷ്യത്വം ഇല്ലാതാക്കി കത്തോലിക്കനാക്കും. ഓരോ തലമുറയിലെയും മനുഷ്യത്വം ഇല്ലാതാക്കി അവരെ നശിപ്പിക്കുകയാണ്.

  • പുൽവാമ ഇപ്പോൾ നമുക്ക് മുന്നിലുണ്ട്. അതിർത്തി പ്രശ്‌നങ്ങൾ ഭരണകൂടങ്ങളുടെ സൃഷ്ടി മാത്രമാണോ?

ഇത് കോൺഗ്രസിന്റെ മാത്രം സൃഷ്ടിയാണിത്. എങ്ങിനെ കാശ്മീർ പോയെന്നുള്ള ചരിത്രം പഠിക്കണം. പാക്കിസ്ഥാനോട് വിട്ടുവീഴ്ച മനോഭാവത്തോടെ കിട്ടുന്ന അടിയെല്ലാം ഏറ്റുവാങ്ങിയിട്ട് ഇടത്തെ ചെകിട്ടത്ത് അടിച്ചാൽ വലത്തെ ചെകിടും കാണിച്ചു കൊടുക്കാം എന്നാ സിദ്ധാന്തവും വെച്ചിട്ട് വഷളാക്കിയതാണ്. നട്ടെല്ലിനു ഉറപ്പുള്ള ഭരണാധികാരിയുടെ കയ്യിൽ രാജ്യം വന്നപ്പോൾ ആ ചുണക്കുട്ടൻ കാണിച്ചു കൊടുത്തു. ഇതാണ് രാജ്യസ്‌നേഹം എന്ന്. മൂർഖൻ പാമ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. കോൺഗ്രസിൽ നട്ടെല്ലുള്ള ഭരണാധികാരികൾ ഇല്ലാതെ പോയി.ഇന്ദീര ഗാന്ധിയാണെങ്കിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് മാറ്റിവെച്ചേനെ.

മോദി ലോകരാജ്യങ്ങളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്നില്ലേ? റോഡ് അരികുകൾ കക്കൂസ് ആക്കുന്നവരെയാണ് ഞാൻ ഇന്ത്യയിൽ കണ്ടിട്ടുള്ളത്. കക്കൂസ് ഇല്ലാത്ത പാവം രാജ്യമാണിത്. നെഹ്റു ഫാമിലിക്ക് ഈ പാവങ്ങളോട് കരുണ തോന്നിയോ? ഈ പാവങ്ങളോട് കരുണ തോന്നിയ ആദ്യത്തെ ഭരണാധികാരി മോദിയാണ്. നെഹ്റുവിന്റെ കുടുംബം രാജാവിന്റെ മക്കളാണ്. അവർ വീണ്ടും രാജാവായതാണ്. പക്ഷെ കഷ്ടപ്പെടുന്നവരുടെ ദുഃഖം കണ്ടിട്ട് അതിന് നിവാരണം കണ്ട ആദ്യ ഭരണാധികാരി മോദിയാണ്. കക്കൂസിന്റെ കാര്യത്തിൽ പ്രാകൃത രീതിയിലാണ് നാം ഇതുവരെ നീങ്ങിയത്. കക്കൂസ് ഇല്ലാത്ത നാടുകളിലെ നാണക്കേട് മനസിലാക്കുമ്പോഴേ കക്കൂസിന്റെ പ്രാധാന്യം തിരിച്ചറിയൂ. മോദിയുടെ പ്രാധാന്യം തിരിച്ചറിയാൻ കഴിയൂ.

  • ശബരിമല യുവതീ പ്രവേശനവും നവോത്ഥാന മതിലും തമ്മിൽ ബന്ധമുണ്ടോ? ആചാര ലംഘനം നടത്തിയാണോ കേരളത്തിൽ നവോത്ഥാനം കടന്നുവരേണ്ടത്?

ബന്ധമില്ലാത്ത രണ്ടു കാര്യങ്ങൾ ബന്ധപ്പെടുത്താനുള്ള പാഴ്ശ്രമമാണ് നവോത്ഥാനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത്. നവോത്ഥാനവും ശബരിമലയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും പോലുള്ളവർ നവോത്ഥാനത്തിനായി ഒരു പാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. നവോത്ഥാനം കാലാകാലമായി നടക്കുന്നുണ്ട്. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ല. ശബരിമല എന്ന് പറഞ്ഞാൽ മനുഷ്യനെ ദൈവമാക്കുന്ന മതത്തിന്റെ തത്വമസി അത് നീ തന്നെയാകുന്നു എന്നുള്ള കണ്ടെത്തൽ ആണത്. നാല്പത്തൊന്നു ദിവസത്തെ വൃതം കൊണ്ട് സാധാരണ മനുഷ്യനെ അയ്യപ്പ മതമാക്കി പതിനെട്ടു പടിയും ചവിട്ടി അവിടെ എത്തിക്കുന്ന സനാതന മതത്തിന്റെ ഒരു മാർഗദർശിത്വമാണ് ശബരിമല.

ജീവിക്കുന്ന നാടക വേദിയാണ് ശബരിമല. സ്വന്തം വീടിലെ സ്ത്രീകളെ പോലും അയ്യപ്പ തുല്യരായി കാണുന്ന വലിയൊരു വേദാന്ത ശീലമാണത്. അതില്ലാതാക്കാൻ ഒരു കോടതിയ്‌ക്കോ സർക്കാരിനോ ഒന്നും കഴിയില്ല. നൂറ്റാണ്ടുകൾ ആയി പിന്തുടരുന്ന ആചാരത്തെ ദുരാചാരമായി കരുതാൻ ഇന്നലെ കുരുത്ത തകരയ്ക്ക് കഴിയില്ല.മനുഷ്യനിൽ ശങ്കയും ദൈവത്തിൽ ഭയവും വേണം ഭരണാധിപന്മാർക്ക്. ബൈബിളിൽ അങ്ങിനെ പറയുന്നുണ്ട്. അങ്ങിനെയല്ലാത്ത ഭരണാധിപന്മാർ വന്നാൽ ലോകം മുടിയും, രാജ്യം മുടിയും. ഇവർ സനാതനധർമ്മം കുട്ടിച്ചോറാക്കും. ധർമ്മ മൂല്യങ്ങൾ പോയാൽ മനുഷ്യനും മൃഗവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. മതിൽ എന്ന് പറഞ്ഞാൽ വേർതിരിവ് ആണ്. ആണും പെണ്ണും തമ്മിൽ സമന്മാരല്ല. ഞാനും ഭാര്യയും സമന്മാരല്ല. ചരിത്രം പരിശോധിച്ച് നോക്കൂ. ആണും പെണ്ണും തമ്മിൽ ഒരിടത്തും സമമില്ല. ഇങ്ങിനെ സമമല്ല എന്ന കാര്യം പെണ്ണും അറിഞ്ഞിരിക്കണം.

സ്ത്രീയ്ക്ക് ഭാരതത്തിൽ ദേവീ സങ്കലപ്പമാണ് നൽകിയിരിക്കുന്നത്. അതിനെയെന്തിനാണ് സമം ആക്കുന്നത്. അമ്മ ദൈവം അല്ലേ. അമ്മ ഗുരുവാണ്. അമ്മയെന്തിനാണ് സമമാക്കുന്ന്ത്. മാതാവാണ് ആദ്യം. പിന്നെയാണ് പിതാവ് തന്നെ വരുന്നത്.സരിതയേയും സീതയേയും ഒന്നായി കണ്ടിട്ട് സമരാണെന്ന് പറയരുത്. കലാം പൊറുക്കാത്ത മണ്ടത്തരമാണ് ഇത്. സീത സീതയും സരിത സരിതയുമാണ്. സീത ഭാരത സ്ത്രീകളുടെ ഭാവശുദ്ധിയുടെ പ്രതീകമാണ്.ഇതിനെ വേറൊന്നിനോട് ഉപമിക്കരുത്. ഗീത അറിയാത്ത വേദാന്ത രഹസ്യം അറിയാത്ത ആരെയും കേരളത്തിൽ വോട്ടു കൊടുത്ത് ജയിപ്പിക്കരുത്. ഈശ്വര ചിന്തയില്ലാത്ത നീ എന്നെ ഭരിക്കേണ്ട എന്ന് ഈശ്വര ചിന്തയുള്ള നമ്മളാണ് തീരുമാനിക്കേണ്ടത്.

ഫറവോനെ നശിപ്പിക്കാൻ ഫറവോന്റെ മനസ്സിൽ വേണ്ടാതീനം പറഞ്ഞുകൊടുത്ത് യഹോവ തന്നെ ചെയ്യിപ്പിച്ചു എന്നാണ് ബൈബിൾ പറയുന്നത്. ഒരു ഭരണത്തിന്റെ ദുർവാസന സഹിക്കാൻ കഴിയാതെ അയ്യപ്പനും കർത്താവും അള്ളാഹുവും ചേർന്ന് ഉണ്ടാക്കിയ ഈ പരിപാടി പ്രളയവും ശബരിമലയും എല്ലാം. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ നമുക്ക് കാണാം.കേരളം ശുദ്ധമാവുകയാണ്. പുതിയ ഇന്ത്യ മോദിയിൽ നിന്ന് നമുക്ക് വീണ്ടുകിട്ടുകയുമാണ്. ജയ് ഹിന്ദ് ജയ് ഹിന്ദ്- സാമുവേൽ കൂടൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP