Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നടി സുമലതയെ ബലമായി പിടിച്ച് വലിച്ച് മുറിയിലേക്ക്കൊണ്ടു പോകും വഴി കട്ടിളയിലിടിച്ച് നെറ്റി പൊട്ടി'! 'ചോര കണ്ടില്ലേ..പടം ഹിറ്റാ'വുമെന്ന് ജോത്സ്യൻ; മമ്മൂട്ടി നായകനായ ജോഷി ചിത്രം നിറക്കൂട്ടിന്റെ സെറ്റിൽവച്ച് പറ്റിയ കൈയബദ്ധം ഓർത്തെടുത്ത് നടൻ ബാബു നമ്പൂതിരി; ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടർന്നത് രണ്ടാഴ്‌ച്ചയ്ക്ക് ശേഷമെന്നും താരം

'നടി സുമലതയെ ബലമായി പിടിച്ച് വലിച്ച് മുറിയിലേക്ക്കൊണ്ടു പോകും വഴി കട്ടിളയിലിടിച്ച് നെറ്റി പൊട്ടി'! 'ചോര കണ്ടില്ലേ..പടം ഹിറ്റാ'വുമെന്ന് ജോത്സ്യൻ;  മമ്മൂട്ടി നായകനായ ജോഷി ചിത്രം നിറക്കൂട്ടിന്റെ സെറ്റിൽവച്ച് പറ്റിയ കൈയബദ്ധം ഓർത്തെടുത്ത് നടൻ ബാബു നമ്പൂതിരി; ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടർന്നത് രണ്ടാഴ്‌ച്ചയ്ക്ക് ശേഷമെന്നും താരം

മറുനാടൻ ഡെസ്‌ക്‌

മമ്മൂട്ടി- ജോഷി കോംബിനേഷനിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് 1985ൽ ഇറങ്ങിയ നിറക്കൂട്ട്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് രചിച്ച ചിത്രത്തിൽ സുമലതയായിരുന്നു നായികയായി അഭിനയിച്ചത്. നടൻ ബാബു നമ്പൂതിരിയും ചിത്രത്തിൽ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ സിനിമയുടെ സെറ്റിൽ വെച്ച് സുമലതയുടെ നെറ്റി പൊട്ടി ചോരയൊഴുകി. സംഭവം ബാബു നമ്പൂതിരി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്.

ചിത്രത്തിൽ സുമലതയെ സ്‌നേഹിക്കുന്ന അജിത്ത് എന്ന കഥാപാത്രമായാണ് ബാബു നമ്പൂതിരി എത്തിയത്. താൻ സുമലതയെ ബലമായി പിടിച്ചു വലിച്ചിഴയ്ക്കുന്ന രംഗത്തിനിടയിൽ നടിയുടെ നെറ്റി പൊട്ടിയെന്നും അത് സെറ്റിൽ ആകെ ബഹളത്തിനിടയാക്കിയെന്നുമാണ് ബാബു നമ്പൂതിരി അഭിമുഖത്തിനിടെ പറഞ്ഞത്.

ബാബു നമ്പൂതിരിയുടെ വാക്കുകൾ

കൊല്ലത്ത് വച്ചാണ് നിറക്കൂട്ടിന്റെ ഷൂട്ടിങ്ങ് നടന്നത്. അന്ന് മറക്കാനാവാത്ത അരു സംഭവമുണ്ടായി. എന്റെ കഥാപാത്രത്തിന്റെ പേര് അജിത്ത് എന്നായിരുന്നു. ഒരു ഫോട്ടോഗ്രാഫറാണ് അജിത്ത്. നായകനായ മമ്മൂട്ടിയെ സ്‌നേഹിക്കുന്ന കഥാപാത്രമാണ് സുമലതയുടേത്. എന്നാൽ മമ്മൂട്ടി കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ അജിത്തിനും സുമലതയെ ഇഷ്ടമാണ്. നായികയെ എങ്ങനെയെങ്കിലും വശപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന അജിത്ത് ഒടുവിൽ അവരെ ട്രാപ്പ് ചെയ്യുന്നുണ്ട്. ബലമായി പിടിച്ചു വലിക്കാൻ ശ്രമിക്കുകയും തോളിലെടുത്തുകൊണ്ട് ഒരു മുറിയിൽ നി്ന്നും മറ്റൊരു മുറിയിലേക്ക് എടുത്തു കൊണ്ടു പോകുന്നുമുണ്ട്, ചിത്രത്തിൽ.

നായികയെ ബലമായി തോളിലെടുത്തു കൊണ്ട് വാതിലിന്റെ കട്ടിള കടന്ന് അടുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതാണ് ഷോട്ട്. എന്റെ തോളിൽ കിടക്കുന്ന സുമലത പിടിയിൽ നിന്നു വഴുതി മാറാൻ ശ്രമിച്ചുകൊണ്ട് കൈയും കാലുമെല്ലാം ആട്ടിക്കൊണ്ടിരിക്കയാണ്. കുറച്ചു കൂടി സുരക്ഷിതമാക്കാനായി ആദ്യത്തെ മുറിയിൽ നിന്നും അടുത്ത മുറിയിലേക്ക് കൊണ്ടു പോകുകയാണ്. സ്പീഡിലാണ് നടക്കുന്നത്. കണ്ണടച്ച് സുമലത തോളിൽ കിടക്കുന്നു. പെട്ടെന്ന് വാതിലിന്റെ കട്ടിളയിൽ സുമലതയുടെ നെറ്റി തട്ടി. കരച്ചിലായി, ബഹളമായി. താരതമ്യേന തുടക്കക്കാരനായ ഒരു നടന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ച്ച എന്ന പേരിൽ വിമർശനങ്ങളും പൊന്തി വന്നു.

എന്നാൽ ചിത്രത്തിന്റെ എല്ലാമായ ജോയ് തോമസിനോ ജോഷി സാറിനോ ഇക്കാര്യത്തിൽ ഒരു പ്രശ്‌നമില്ലായിരുന്നു. അന്ന് സെറ്റിലുണ്ടായിരുന്ന വേറെ ചിലർക്കാണ് പ്രശ്‌നമുണ്ടായിരുന്നത്. അതിൽ സുമലതയും ഉണ്ടാകുമെന്നാണ് കരുതിയത്. കുറച്ചുകൂടെ അനുഭവമുള്ള ഒരാളായിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നല്ലോ എന്നൊരു സംസാരം അവിടെയുണ്ടായി. ഷൂട്ട് അവിടെ നിർത്തി. പിന്നീട് മുറിവേറ്റ നടിയെയും കൊണ്ട് ജ്യോത്സ്യനായ കോരച്ചേട്ടന്റെ അടുത്തേക്കാണ് നിർമ്മാതാവ് ജോയ് തോമസ് നേരെ പോയത്.

അദ്ദേഹം മുറിവ് കണ്ടിട്ട് പറഞ്ഞു, 'വളരെ നന്നായിരിക്കുന്നു. ചോര കണ്ടില്ലേ? പടം ഹിറ്റാവും.' ഈ സംഭവത്തെ വളരെ നെഗറ്റീവ് ആയിട്ടാണ് അണിയറപ്രവർത്തകർ കണ്ടിരുന്നതെങ്കിൽ ഒരുപക്ഷേ സുമലതയും ഞാനുമായുള്ള കോമ്പിനേഷൻ തന്നെ മാറ്റി മറ്റൊരു പെയറിനെ വച്ച് സിനിമ മുഴുമിപ്പിച്ചേനെ.' എന്നാൽ കോരച്ചേട്ടന്റെ വാക്കുകളിലുള്ള വിശ്വാസം എല്ലാം ശുഭമാക്കി. ഒന്ന് രണ്ട് ആഴ്‌ച്ചകളുടെ ബ്രേക്കിനു ശേഷം ഷൂട്ടിങ് വീണ്ടും തുടർന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP