Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിത്യരോഗിയായ ഒരു നാലുവയസ്സുകാരിയായ പെൺകുട്ടിയും പ്രസവത്തോടെ കിടപ്പിലായ യുവതിയും ഉൾപ്പെടെയുള്ള ഏഴ് നിർധന രോഗികൾക്ക് ആശ്വാസവുമായി വീണ്ടും മറുനാടൻ കുടുംബം; ബ്രിട്ടനിലെ മലയാളി വായനക്കാരിൽ നിന്നും ശേഖരിച്ച ഏഴരലക്ഷം രൂപ അവർ ഏറ്റുവാങ്ങിയത് ആശ്വാസത്തിന്റെ കണ്ണീർപ്പാച്ചിലോടെ; ആറുകോടി കവിഞ്ഞ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നന്മയുടെ വീരഗാഥ തുടരുന്നു

നിത്യരോഗിയായ ഒരു നാലുവയസ്സുകാരിയായ പെൺകുട്ടിയും പ്രസവത്തോടെ കിടപ്പിലായ യുവതിയും ഉൾപ്പെടെയുള്ള ഏഴ് നിർധന രോഗികൾക്ക് ആശ്വാസവുമായി വീണ്ടും മറുനാടൻ കുടുംബം; ബ്രിട്ടനിലെ മലയാളി വായനക്കാരിൽ നിന്നും ശേഖരിച്ച ഏഴരലക്ഷം രൂപ അവർ ഏറ്റുവാങ്ങിയത് ആശ്വാസത്തിന്റെ കണ്ണീർപ്പാച്ചിലോടെ; ആറുകോടി കവിഞ്ഞ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നന്മയുടെ വീരഗാഥ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

മൈക്ക് കെട്ടി ആഘോഷം നടത്തുകയോ നോട്ടീസ് അടിച്ചും പത്രവാർത്ത കൊടുത്തും ഓളം സൃഷ്ടിക്കുകയോ ചെയ്യാതെ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വം പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ബ്രിട്ടനിലെ ചാരിറ്റി കമ്മീഷനിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. ഇതിനോടകം ആറുകോടിയിലധികം രൂപയാണ് ഈ സംഘടന യുകെയിലെ വായനക്കാരിൽ നിന്നും ശേഖരിച്ചു അർഹതപ്പെട്ടവർക്ക് നൽകിയത്. ഏറ്റവും ഒടുവിൽ ഏഴു നിർധന രോഗികൾക്കായി ഏഴര ലക്ഷം രൂപ കൂടി വിതരണം ചെയ്തു ചാരിറ്റി ഫൗണ്ടേഷൻ ശ്രദ്ധ നേടുന്നു.

പെട്ടെന്നൊരു ദിവസം ശരീര തളർച്ച അനുഭവപ്പെടുകയും തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോവുകയും ചെയ്ത കോട്ടയം ജില്ലയിലെ ഒണംതുരുത്തു ചാമക്കാലയിൽ മനോജ് ജോസഫ് എന്ന മുപ്പത്തൊൻപതുകാരൻ, മാനസിക വൈകല്യവും ഹൃദയ സംബന്ധമായ അസുഖവും കാരണം തളർന്നു പോയ കണ്ണൂർ ജില്ലയിലെ ചെമ്പേരിക്കടുത്തുള്ള ചെറിയ അരീയ്ക്കമല സ്വദേശി പുളിക്കൽ വീട്ടിൽ ജോർജ്ജ് തോമസും ഭാര്യയും രണ്ടു മക്കളും, പ്രസവത്തെ തുടർന്നുണ്ടായ അപൂർവരോഗം മൂലം കിടപ്പിലായ അങ്കമാലി അട്ടാറ മഞ്ഞളി വീട്ടിൽ സജിത്തിന്റെ ഭാര്യ നീതു, വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കുംബ്ലേരിയിലെ എൽദോ, ജനിച്ച് 41-ാം നാൾ വന്ന അപസ്മാരം മൂലം ഇനിയും തലയുറച്ചിട്ടില്ലാത്ത ആലപ്പുഴ ജില്ലയിലെ കലവൂരുള്ള ശ്രീരാജിന്റെ മകൾ നാലു വയസുകാരി ശ്രീരഞ്ജിനി, സ്താനാർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയിലുള്ള കല്ലുംപുറത്തു വീട്ടിൽ ജോസ്‌കുട്ടിയുടെ ഭാര്യ ജെസ്സി, വൃക്ക രോഗം ബാധിച്ച കോട്ടയം തലയോലപ്പറമ്പ് കീഴുരിലെ ബിനോയ് എന്ന ഓസേഫ് ലൂക്കാ എന്നീ ഏഴു പേർക്കാണ് സഹായം നൽകിയത്.

ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന പത്തനാപുരം ഗാന്ധി ഭവനിൽ വച്ച് കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുസ്തക് ആണ് ഏഴു പേർക്കായുള്ള ഏഴരലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്തത്. അങ്ങനെ, സഹായം അഭ്യർത്ഥിച്ചവരിൽ ഇടുക്കി കട്ടപ്പന സ്വദേശിനി ജെസ്സിക്ക് 750 പൗണ്ടും ബാക്കി ആറു പേർക്ക് 1250 പൗണ്ടു വീതവുമാണ് നൽകിയത്. രോഗം നിർധനരാക്കിയ ഈ ഏഴു പാവപ്പെട്ട കുടുംബങ്ങൾ കണ്ണുനീരോടെയാണ് ധനസഹായം ഏറ്റുവാങ്ങിയത്. ഇവരുടെ കണ്ണീരൊപ്പുവാൻ സഹായം നൽകിയ എല്ലാ മനുഷ്യസ്നേഹികളെയും ജസ്റ്റിസ് മുഹമ്മദ് മുസ്തക് പ്രശംസിച്ചു.

ഏഴുപേർക്കും ഒരു ലക്ഷം രൂപ വീതം നൽകുവാൻ ഏഴായിരം പൗണ്ട് സമാഹരിക്കുക എന്നതായിരുന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം. എന്നാൽ ലക്ഷ്യത്തിനപ്പുറത്തേക്ക് കടന്ന് ഏതാണ്ട് ഏഴരലക്ഷത്തോളം രൂപ (8250 പൗണ്ട്) ആണ് സമാഹരിച്ചത്. അതിനാൽ തന്നെ, കൂടുതൽ കഷ്ടത അനുഭവിക്കുന്നവർക്ക് അധിക സഹായം നൽകണമെന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ തീരുമാനം അനുസരിച്ചു തുക വീതിച്ചു.

കരുണ നിറഞ്ഞ നിരവധി യുകെ മലയാളികളാണ് സഹായം നൽകിയത്. അപ്പാപ്പ എന്ന വ്യക്തി നൽകിയ 1001 പൗണ്ട്, ജിമ്മി ജോർജ്ജ് എന്ന വ്യക്തി നൽകിയ 796.5 പൗണ്ട്, സോളി ആൻഡ് ഫാമിലി നൽകിയ 500 പൗണ്ട്, ബ്ലാക്ക്പൂൾ മലയാളി അസോസിയേഷൻ നൽകിയ 312.5 പൗണ്ട്, ഫിലിപ്പ് എന്ന വ്യക്തി നൽകിയ 312.5 പൗണ്ട്, ഫ്രെഡി എന്ന വ്യക്തി നൽകിയ 187.5 പൗണ്ട്, ബാത്തിലെ ജെ നായർ നൽകിയ 125 പൗണ്ട്, സാജ് എന്ന വ്യക്തി നൽകിയ 125 പൗണ്ട്, എൻ ജോൺ എന്ന വ്യക്തി നൽകിയ 125 പൗണ്ട്, നിക്‌സൺ തോമസ് നൽകിയ 125 പൗണ്ട്, ബാബു എന്ന വ്യക്തി നൽകിയ 125 പൗണ്ട്, ബിജി ജോസ് എന്ന വ്യക്തി നൽകിയ 125 പൗണ്ട് എന്നിവരും നിരവധി ചെറു തുകകളും ചേർന്നാണ് 8250 പൗണ്ട് എന്ന സംഖ്യയിലേക്ക് എത്തിയത്. പേര് രേഖപ്പെടുത്താതെയും നിരവധി പേർ ഉയർന്ന തുകകൾ നൽകിയിരുന്നു.

ബ്രിട്ടീഷ് മലയാളി ഇതുവരെ നൽകിയത് ആറു കോടിയിലേറെ തുക
മറുനാടന്റെയും ബ്രിട്ടീഷ് മലയാളിയുടെയും സ്ഥാപക എഡിറ്ററായ ഷാജൻ സ്‌കറിയ ചെയർമാനായി 2012ൽ തുടങ്ങിയതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ആറു വർഷം മുൻപ് തുടങ്ങിയ ചാരിറ്റി ഫൗണ്ടേൻ ഇതുവരെ ആറു കോടിയിൽ അധികം രൂപയാണ് പാവപ്പെട്ട രോഗികൾക്കും വിദ്യാഭ്യാസ ധനസഹായം ആവശ്യമുള്ളവർക്കും പ്രകൃതി ദുരന്തം സംഭവിച്ചപ്പോഴുള്ള ധനസഹായമായും വിതരണം ചെയ്തത്. കേരളം നേരിട്ട വെള്ളപ്പൊക്ക ദുരന്തത്തെ തുടർന്ന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിലേക്ക് സംഭാവന ചെയ്തത്.

വിർജിൻ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും ആണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ധനസമാഹരണം നടത്തുന്നത്. വിർജിൻ മണി വഴി ശേഖരിക്കുന്ന ഓരോ പൗണ്ടിനും ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഗിഫ്റ്റ് എയ്ഡും ലഭിക്കും. അങ്ങനെ വരുമ്പോൾ ലഭിക്കുന്ന ഒരോ പൗണ്ടും ഒന്നേകാൽ പൗണ്ട് എന്ന രീതിയിൽ സഹായം അഭ്യർത്ഥിക്കുന്നവർക്ക് നൽകുവാൻ കഴിയും. ലഭിക്കുന്ന ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഫൗണ്ടേഷൻ വെബ്‌സൈറ്റിലും, ബ്രിട്ടീഷ് മലയാളിയിൽ വാർത്ത നൽകി പ്രസിദ്ധീകരിച്ചും പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനം നടക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ച് അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്.

ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 12 അംഗ ടീമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ ഏതെങ്കിലും രണ്ട് അപ്പീലുകളിൽ ഫണ്ട് നൽകിയിട്ടുള്ള ആർക്കും ഇതിൽ അംഗങ്ങളാകാം. രണ്ട് തവണ എങ്കിലും ഫണ്ട് നൽകുന്നവർ അപേക്ഷാഫോം പൂരിപ്പിച്ച് നൽകിയാൽ സ്വാഭാവികമായും ചാരിറ്റി ഫൗണ്ടേഷൻ അംഗങ്ങളാവുകയാണ്. അവർക്ക് വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാവുന്നതും താൽപര്യമുണ്ടെങ്കിൽ ട്രസ്റ്റിമാരാകാവുന്നതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP