Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല വിഷയം ഉന്നയിക്കാതിരുന്നാൽ അത് ഒളിച്ചോട്ടമാകും; മുഖ്യപ്രചാരണവിഷയമാക്കാൻ ഉറച്ച് ആർഎസ്എസ്; സമരത്തിലൂടെ കിട്ടിയ മേൽക്കൈ വിട്ടുകളയുന്നത് മണ്ടത്തരം; എൻഡിഎ സ്ഥാനാർത്ഥി പട്ടികയുടെ പ്രഖ്യാപനം വൈകുന്നതിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ വിമർശനം; ബിജെപിയിൽ വടംവലിയെന്ന ആരോപണം വരുമെന്നും വിലയിരുത്തൽ; ഹോളി ആഘോഷം പ്രമാണിച്ച് ഇന്നും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകില്ല

ശബരിമല വിഷയം ഉന്നയിക്കാതിരുന്നാൽ അത് ഒളിച്ചോട്ടമാകും; മുഖ്യപ്രചാരണവിഷയമാക്കാൻ ഉറച്ച് ആർഎസ്എസ്; സമരത്തിലൂടെ കിട്ടിയ മേൽക്കൈ വിട്ടുകളയുന്നത് മണ്ടത്തരം; എൻഡിഎ സ്ഥാനാർത്ഥി പട്ടികയുടെ പ്രഖ്യാപനം വൈകുന്നതിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ വിമർശനം; ബിജെപിയിൽ വടംവലിയെന്ന ആരോപണം വരുമെന്നും വിലയിരുത്തൽ; ഹോളി ആഘോഷം പ്രമാണിച്ച് ഇന്നും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച ലിംഗനീതി ഉന്നയിക്കാമെങ്കിലും ക്ഷേത്രം, മത , ദൈവം തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും അത് പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കുമെന്നുമാണ് മുന്നറിയിപ്പ്. എന്നാൽ ശബരിമല വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമായിരിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മതധ്രുവീകരണത്തിനല്ല, ആരാധനാ സ്വാതന്ത്ര്യം എന്ന നിലയിലായിരിക്കും ശബരിമല പരാമർശിക്കുക എന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ശബരിമല മുഖ്യപ്രചാരണ വിഷയമാക്കാനാണ് ആർഎസ്എസിന്റെയും തീരുമാനം. കൊച്ചിയിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ യോഗത്തിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തു. സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും വൈകുന്നതിലും യോഗം അതൃപ്തി രേഖപ്പെടുത്തി.

ശബരിമലയിലെ യുവതീപ്രവേശന വിഷയം ചർച്ചയാക്കുകയും ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിക്കുകയും വേണമെന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് ബിജെപിയും ആർഎസ്എസും രംഗത്തുവന്നത്. ശബരിമലയിൽ പ്രായഭേദമെന്യേയുള്ള സ്ത്രീകളുടെ പ്രവേശനം അനുവദിക്കണമെന്നായിരുന്നു ആദ്യം ആർഎസ്എസിന്റെ അഭിപ്രായം. എന്നാൽ, നാമജപപ്രതിഷേധവും മറ്റും രൂക്ഷമായപ്പോൾ, നിലപാട് മാറ്റുകയായിരുന്നു. യുവമോർച്ചയുടെ യോഗത്തിൽ ശബരിമലയിൽ അജണ്ട സെറ്റ് ചെയ്തത് ബിജെപിയാണെന്ന തരത്തിലുള്ള പി.എസ്.ശ്രീധരൻ പിള്ളയുടെ പ്രസംഗം വിവാദമാവുകയും ചെയ്തു. ഏതായാലും ശബരിമല തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമാണെന്ന ചില സർവേകളിലെ നിഗമനവും ബിജെപിയെയും ആർഎസ്എസിനെയും ഇരുത്തിച്ചിന്തിപ്പിച്ചു. അനുകൂലമായ സാഹചര്യം മുതലാക്കാൻ, ശബരിമല മുഖ്യപ്രചാരണ വിഷയമാക്കുക തന്നെ വെണമെന്നായിരുന്നു കൊച്ചിയിൽ ചേർന്ന യോഗത്തിലെ പൊതുവികാരം. അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് ഇപ്പോഴുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കുമെന്നും ബിജെപിയിൽ വടംവലിയാണെന്ന തരത്തിലുള്ള ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും വിമർശനമുണ്ടായി.

അതേസമയം കേരളത്തിലെ ബിജപി സ്ഥാനാർത്ഥിപട്ടിക ഇന്നും പ്രഖ്യാപിക്കില്ലെന്നാണ് സൂചന. ഉത്തരേന്ത്യയിൽ ഹോളി ആഘോഷം നടക്കുന്നതിനാൽ നാളെയാകും പട്ടിക പുറത്തിറക്കുകയെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ഉൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കൾ മൽസര രംഗത്തുണ്ടാകില്ല. സ്ഥാനാർത്ഥികളെ അറിയാനായി പാർട്ടി പ്രവർത്തകരും അണികളും കാത്തിരിക്കുകയാണ്. തീരുമാനം നീട്ടി വയ്ക്കുന്നത് പലരിലും നിരാശ പടർത്തുന്നു. തിരുവനന്തപുരത്ത് മത്സരിക്കുന്ന കുമ്മനം രാജശേഖരന്റെയും കോട്ടയത്ത് മത്സരിക്കുന്ന പി.സി.തോമസിന്റെയും കാര്യത്തിൽ മാത്രമാണ് ഔദ്യോഗികമായ ഉറപ്പ് ലഭിച്ചിരിക്കുന്നത്. അമിത് ഷാ പരിശോധിച്ച ശേഷം എന്ത് മാറ്റം വരുമെന്ന ആകാംക്ഷയിലാണ് പ്രവർത്തകർ. അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം കോൺഗ്രസിൽ നിന്ന് വന്ന ടോം വടക്കന്റെയും കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെയും സീറ്റുകളുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു.

ഉത്തരേന്ത്യയിൽ ഇന്ന് നടക്കുന്ന ഹോളിയാഘോഷമാണ് സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കുന്ന കാര്യത്തിൽ ബിജെപി പറയുന്ന ന്യായീകരണം. അതുകൊണ്ടു തന്നെ ഇന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കില്ല. ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നെങ്കിലും നാളെ മാത്രമേ പട്ടിക പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ളൂ. ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചർച്ചകൾ കൂടി പൂർത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ യോഗം രാത്രി ഏറെ വൈകിയതിനാൽ പട്ടിക പുറത്തുവിടാനായില്ല.

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിനാണ് കോട്ടയം സീറ്റ്. തൃശൂരിൽ തുഷാർ വെള്ളാപ്പള്ളിയുടെ പേരാണ് പറഞ്ഞു കേൾക്കുന്നത്. മത്സരിച്ചാൽ എസ്എൻഡിപിയോഗത്തിന്റെ ഭാരവാഹിത്വം രാജിവെയ്‌ക്കേണ്ടി വരുമെന്നതാണ് തുഷാറിനെ പുറകോട്ട് വലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള, എംടി രമേശ് എന്നിവർ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP