Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി

'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓച്ചിറയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ 13 കാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പ്രതികൾക്കെതിരെ പോക്‌സോ ചുമത്തി. മുഹമ്മദ് റോഷൻ, പ്യാരി, വിപിൻ എന്നിവർക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. കേസിൽ പെൺകുട്ടിയെയും പ്രതികളെയും കണ്ടെത്താൻ കേരളാ പൊലീസ് ബെംഗലൂരു പൊലീസിന്റെ സഹായം തേടി. പ്രതി റോഷൻ പെൺകുട്ടിയുമായി ബെംഗലൂരുവിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ് സഹായം തേടിയത്.

മുഖ്യപ്രതി മുഹമ്മദ് റോഷന്റെ കൂട്ടാളികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഓച്ചിറ പായിക്കുഴി സ്വദേശി പ്യാരി (19), പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി സ്വദേശി അനന്തു (20), ചങ്ങൻകുളങ്ങര സ്വദേശി വിപിൻ (18) എന്നിവരാണ് അറസ്റ്റിലായത്. കാർ വാടകയ്ക്ക് എടുത്തു നൽകിയ ഇവരുടെ സുഹൃത്ത് ബിപിൻ ബാബുവിനെ (20) കസ്റ്റഡിയിലെടുത്തെങ്കിലും നേരിട്ട് പങ്കില്ലെന്ന നിഗമനത്തിൽ വിട്ടയച്ചു. കാറിന്റെ ഉടമയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്യാരിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തു.

അതേസമയം, ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി എംപി കുറ്റപ്പെടുത്തി. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് ബോധിപ്പിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ട്. മറുപടി ലഭിക്കുന്നതുവരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാൻ സുരേഷ് ഗോപി എത്തിയത്. ആദ്യം മാധ്യമങ്ങളെ കാണാൻ അദ്ദേഹം തയ്യാറായില്ല. മാതാപിതാക്കളെ കണ്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് സുരേഷ് ഗോപി ചോദിച്ചു. മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളുകൾ എന്തുകൊണ്ട് വിഷയത്തിൽ ഇടപെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ എംപി നേരിട്ട് ഫോണിൽ വിളിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. രണ്ടുമാസം മുമ്പ് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടും എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് തനിക്കറിയണമെന്നാണ് സുരേഷ് ഗോപി ഉന്നത് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്നത്.

13 വയസുള്ള പെൺകുട്ടിയെ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനായ മുഹമ്മദ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് ഓച്ചിറക്കാർ. വഴിയോരക്കച്ചവടം നടത്തിയിരുന്ന അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്വേഷണത്തിൽ പൊലീസ് കടുത്ത അലംഭാവം കാട്ടിയെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ തുടർച്ചയായി ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെയാണ് പൊലീസ് ഉണർന്നത്.

റോഷൻ, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിൻ, അനന്തു എന്നിവരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇവർ കഞ്ചാവ് മാഫിയയുടെ കണ്ണികളാണ്. പ്യാരി എന്നയാൾക്കെതിരെ കഴിഞ്ഞാഴ്ച ഓച്ചിറ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അയൽവാസിയായ പതിനേഴുകാരിയെ വീട്ടിൽ കയറി കടന്നുപിടിച്ചു എന്നതാണ് കേസ്. ഈ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ കൂടി ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓച്ചിറ പള്ളിമുക്കിന് നാഷണൽ ഹൈവേയുടെ സമീപം പ്രതിമ നിർമ്മിച്ച് വിൽപ്പന നടത്തി വരുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് പെൺകുട്ടി.

18 ന് രാത്രിയിൽ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെൺകുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷൻ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പെൺകുട്ടിയുമായി സംഘം കടന്നു കളയുകയായിരുന്നു.

സംഭവത്തെ പറ്റി പിതാവ് പറയുന്നതിങ്ങനെ. രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് റോഷനും സംഘവും ഇവിടെയെത്തിയത്. എത്തിയ പാടെ മകളെ പിടിച്ചു വലിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാൻ ശ്രമിച്ച എന്നെയും ഭാര്യയെയും മറ്റു മക്കളെയും സംഘം മർദ്ദിച്ചു. ഈ സമയം പപ്പാ എന്നെ രക്ഷിക്കണെ എന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. മർദ്ദനമേറ്റ് താഴെ വീണിടത്തു നിന്നും ഇവരുടെ പുറകെ ഓടി ചെന്നെങ്കിലും അവർ കാറിൽ കയറ്റി മകളെ കൊണ്ടു പോകുകയായിരുന്നു.

റോഷൻ ഒരു മാസം മുൻപും ഈ രീതിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായതിനാൽ സ്ഥലം എംഎൽഎ ആർ.രാമചന്ദ്രൻ ഇടപെട്ട് കേസ് ഒതുക്കി തീർത്തിരുന്നു. കൂടാതെ റോഷൻ ഇവരുടെ വീട്ടിൽ കയറി 25000 രൂപ മോഷ്ടിച്ചിട്ടുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP