Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മറിയംപൂവ് വിടർന്നാൽ സുഖപ്രസവമായിരിക്കും'! കേരളത്തിലെ വീടുകളിൽ നടക്കുന്ന പ്രസവം വർധിക്കുന്നുവെന്ന റിപ്പോർട്ടിനൊപ്പം പുറത്ത് വരുന്നത് വ്യാജ സിദ്ധന്മാരുടെ വമ്പൻ തട്ടിപ്പ്; സുഖപ്രസവം ലഭിക്കുമെന്ന് പറഞ്ഞ് ചെടിയുടെ നീര് മുതൽ വിദേശത്ത് നിന്നും എത്തിക്കുന്ന 'മറിയം പൂവ്' വരെ രംഗത്ത്; വീട്ടിലെ കിടക്കമുറി ലേബർ റൂമാക്കുന്ന തട്ടിപ്പിന് ഇരയാകുന്നവരിൽ വിദ്യാസമ്പന്നരും; സമയത്തിന് മുൻപുള്ള പ്രസവ വേദനയും രക്തസ്രാവവും ശ്രദ്ധിക്കപ്പെട്ടതോടെ പ്രസവത്തട്ടിപ്പ് പുറത്ത്

'മറിയംപൂവ് വിടർന്നാൽ സുഖപ്രസവമായിരിക്കും'!  കേരളത്തിലെ വീടുകളിൽ നടക്കുന്ന പ്രസവം വർധിക്കുന്നുവെന്ന റിപ്പോർട്ടിനൊപ്പം പുറത്ത് വരുന്നത് വ്യാജ സിദ്ധന്മാരുടെ വമ്പൻ തട്ടിപ്പ്; സുഖപ്രസവം ലഭിക്കുമെന്ന് പറഞ്ഞ് ചെടിയുടെ നീര് മുതൽ വിദേശത്ത് നിന്നും എത്തിക്കുന്ന 'മറിയം പൂവ്' വരെ രംഗത്ത്; വീട്ടിലെ കിടക്കമുറി ലേബർ റൂമാക്കുന്ന തട്ടിപ്പിന് ഇരയാകുന്നവരിൽ വിദ്യാസമ്പന്നരും; സമയത്തിന് മുൻപുള്ള പ്രസവ വേദനയും രക്തസ്രാവവും ശ്രദ്ധിക്കപ്പെട്ടതോടെ പ്രസവത്തട്ടിപ്പ് പുറത്ത്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കേരളത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളുടെ എണ്ണം പെരുകി വരുന്ന സാഹചര്യത്തിലും വീടുകളിൽ നടക്കുന്ന പ്രസവത്തിന്റെ എണ്ണം വർധിച്ചു വരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ നമ്മളെ ഏവരേയും ഞെട്ടിക്കുന്നത്. വിദ്യാസമ്പന്നരായ ആളുകളടക്കം യൂട്യൂബിൽ നോക്കി പ്രസവിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകളും അത്തരം ശ്രമങ്ങൾക്കിടെ നടന്ന മരണം അടക്കുമുള്ള സംഭവങ്ങളും നമുക്ക് മുൻപിൽ പാഠമായി നിൽക്കവേയാണ് ഈ പ്രവണത കേരളത്തിൽ വർധിച്ച് വരുന്നത്. എന്നാൽ സംഗതി യൂട്യൂബിനേക്കാൾ ഞെട്ടിക്കുന്ന ഒന്നാണ്.

വ്യാജ സിദ്ധന്മാരുടെ വിളയാട്ടമാണ് ഈ മേഖലയിൽ നടക്കുന്നത്. ചെടിയുടെ നീരു മുതൽ മറിയം പൂവ് വരെ രംഗത്ത് തകൃതിയായി പണം വാരുകയാണ്. മറിയം പൂവ് ഉപയോഗിച്ചാൽ സുഖപ്രസവം സാധ്യമെന്ന് ആശംസിച്ചാണ് വ്യാജ സിദ്ധന്മാർ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ഒരു വർഷം മാത്രം കേരളത്തിലെ വീടുകളിൽ 740 പ്രസവം നടന്നിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ മേഖലയിലെ തട്ടിപ്പ് കഥകളും വാർത്തയാകുന്നത്.

വ്യാജ സിദ്ധന്മാർ നടത്തുന്ന വമ്പൻ തട്ടിപ്പിൽ വിദേശത്ത് നിന്നും കൊണ്ടു വരുന്ന മറിയം പൂവാണ് ഏറ്റവും ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. ആരോഗ്യവകുപ്പിന് മറിയംപൂവിനെ പറ്റി വിവരം ലഭിച്ചതിന് പിന്നാലെ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പ്രകൃതി ചികിത്സകർ എന്ന പേരിലും സിദ്ധന്മാർ എന്ന പേരിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ പറ്റിക്കുന്നു. വീടുകളിൽ പ്രസവ സൗകര്യമൊരുക്കുന്നത് കച്ചവടമാക്കി മാറ്റിയവരാണ് മറ്റൊരു കൂട്ടർ.

ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൃത്യമായ തെളിവോ പരാതിയോ ഇല്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. ശാസ്ത്രീയമായ പ്രസവ ശുശ്രൂഷയും പരിചരണവും വീട്ടിൽ ലഭ്യമാക്കുന്ന കേസുകൾ വളരെ കുറവാണ്. ജനസംഖ്യയും പ്രസവനിരക്കും കൂടുതലുള്ളതിനാൽ സ്വാഭാവികമായും മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വീട്ടുപ്രസവം നടന്നിട്ടുള്ളത്-215. തൊട്ടുപിന്നിൽ വയനാടും (152) കണ്ണൂരും (75). കോട്ടയം (5), തൃശ്ശൂർ(9) ജില്ലകളിലാണ് ഏറ്റവും കുറവ്.

വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സിദ്ധനെക്കുറിച്ച് വിവരമുണ്ട്. ആരും പരാതി നൽകാത്തതിനാൽ ഒന്നും ചെയ്യാനാവുന്നില്ല. ഇയാളുടെ ചികിത്സകൊണ്ട് ആരോഗ്യപ്രശ്‌നമുണ്ടായ ചില സ്ത്രീകൾ ഡോക്ടർമാരെ സമീപിച്ചിട്ടുണ്ട്. ഗർഭിണികൾക്ക് സാധാരണ സമയത്തിന് മുൻപ് തന്നെ പ്രസവ വേദനയും രക്തസ്രാവവും ഉണ്ടായ കേസുകൾ കൂടിയപ്പോഴാണ് ജില്ലാ ആരോഗ്യ അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചത്. അങ്ങനെയാണ് പ്രസവം എളുപ്പമാവാനുള്ള മരുന്നെന്ന് പറഞ്ഞ് ചില വ്യാജന്മാർ നൽകിയ മരുന്നുകൾ കഴിച്ചവിവരം സ്ത്രീകൾ പറയുന്നത്.

ഇത്തരം ചില ഗുളികകൾ സംഘടിപ്പിച്ച് പരിശോധനയ്ക്കയച്ചെന്നും എന്നാൽ ആവശ്യമായ അളവില്ലാത്തതിനാൽ ഫലം ലഭ്യമായില്ലെന്നും ഡോ. സക്കീന പറഞ്ഞു. ഒരിലയിൽ പ്രത്യേക ചെടിയുടെ നീര് പുരട്ടിയശേഷം കലക്കിക്കുടിക്കാൻ പറയുന്ന സംഭവമുണ്ട്. ഇതിനെല്ലാം വലിയ തുകയാണ് ഈടാക്കുന്നത്. സ്ത്രീകൾ ഇക്കാര്യം പുറത്തുപറയുന്നുമില്ല.

സുഖ പ്രസവത്തിന് മറിയം പൂവെന്ന് വ്യാജ സിദ്ധർ

ഗർഭിണികളായ സ്ത്രീകളുടെ യോഗത്തിൽ വച്ച് ആർക്കൊക്കെ മറിയം പൂവനെ പറ്റി അറിയാം എന്ന് ചോദിച്ചപ്പോൾ കേട്ടവരിൽ മിക്കവരും കൈപൊക്കി. എന്നാൽ ഇത് ഉപയോഗിക്കുന്നുണ്ടെന്ന വിവരം തുറന്ന് പറയാൻ ആരും ധൈര്യം കാട്ടിയില്ല. വ്യത്യസ്ഥമായ മതത്തിൽപപെട്ടവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും മറിയം പൂവ് ഉപയോഗിക്കുന്നുണ്ട് എന്നത് ബോധ്യപ്പെട്ടു എന്ന് ഡോ. കെ സക്കീന പറയുന്ന വാക്കുകൾ ഏവരേയും അത്ഭുതപ്പെടുത്തും.

ഉണങ്ങിയ വള്ളിക്കൂടുപോലെ തോന്നിക്കുന്ന ഒന്നിൽ കൊച്ചു കൊച്ചു പൂക്കളുള്ളതാണ് മറിയം പൂവ് എന്ന് പറയുന്നത്. പാത്രത്തിൽ വെള്ളംനിറച്ച് മറിയംപൂവ് അതിലിട്ട് ഗർഭിണിയുടെ കട്ടിലിന് ചുവട്ടിൽ വെക്കും. വേദന തുടങ്ങിയാൽ കുടിക്കാൻ കൊടുക്കും. പൂവ് വിടർന്നാൽ സുഖപ്രസവമായിരിക്കുമെന്നാണ് തട്ടിപ്പുകാർ പറഞ്ഞുകൊടുക്കുന്നത്. എന്തെങ്കിലും സങ്കീർണത കാരണം സിസേറിയൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞാൽ സ്ത്രീകൾ ആദ്യം പൂ വിടർന്നോ എന്ന് നോക്കും.

വിടർന്നെങ്കിൽ ഡോക്ടർമാർ പറഞ്ഞത് കേൾക്കാതെ സ്ഥലംവിട്ട് മറ്റു ഡോക്ടർമാരെ സമീപിക്കാൻ ശ്രമിക്കും. ഇങ്ങനെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പാലക്കാടും കോഴിക്കോടുമടക്കുമള്ള ജില്ലകളിൽ മറിയംപൂവ് തട്ടിപ്പ് തകൃതിയാണ്. ആശുപത്രികളിൽ നടത്തുന്ന സിസേറിയൻ വമ്പൻ തട്ടിപ്പാണെന്നും അതിന് പിന്നാലെ പോകരുതെന്നും ഓർമ്മിപ്പിച്ചാണ് വ്യാജ സിദ്ധന്മാർ മറിയംപൂവ് തട്ടിപ്പ് തകൃതിയാക്കിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മറിയംപൂവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രചാരണം നടത്തുന്നത്. അതേസമയം, ഇതെല്ലാം തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും ചില മതപുരോഹിതന്മാർ തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി മുന്നറിയിപ്പും നൽകുന്നുണ്ട്.

കഴിഞ്ഞ വർഷം മാത്രം 18 തികയാത്ത 20,000 ഗർഭിണികളെന്നും കണക്ക്

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ 18 തികയാത്ത പ്രായത്തിലുള്ള 20,000 ഗർഭിണികൾ ഉണ്ടെന്ന കണക്കാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ബാലവിവാഹങ്ങളുടെ എണ്ണമാകട്ടെ 7000 ൽ താഴെ മാത്രവും. ഗർഭിണികളുടെ ശരാശരി പ്രായം 16 നും 18 നും ഇടയിലാണെന്നും ഇവരിൽ ഭൂരിഭാഗവും വിവാഹിതരുമാണെന്ന് സർക്കാർ രേഖകൾ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് ബാലവിവാഹം ഇപ്പോഴും ശക്തമാണെന്ന സൂചനയാണ് ഇത് കാണിക്കുന്നതെന്ന് ദേശീയ ആരോഗ്യമിഷൻ പ്രവർത്തകർ പറയുന്നു. ഇവയിൽ ഗർഭഛിദ്രം നടത്തുന്നവർ വളരെ കുറവുമാണ്. മിക്കവരും ഇതിന് കൂട്ടാക്കാതെ പ്രസവം ഏറ്റവും ദുഷ്‌ക്കരമായ അവസ്ഥയിലേക്ക് നീങ്ങാൻ താൽപ്പര്യപ്പെടുന്നവരാണെന്നാണ് ഇവർ പറയുന്നത്.

അതേസമയം 2008 നും 2018 നും ഇടയിൽ ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം 6,965 ബാലവിവാഹം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലൈംഗികാരോഗ്യത്തെക്കുറിച്ച് കുട്ടികൾക്ക് പഠനം നൽകണം എന്നാണ് അന്താരാഷ്ട്ര ജനസംഖ്യാ പഠനകേന്ദ്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP