Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചേകന്നൂർ മൗലവി വധം: 25 വർഷം നീണ്ട കേസിൽ ഒരാൾ മാത്രം ശിക്ഷിക്കപ്പെട്ടതിലൂടെ ലഭിച്ചത് ഭാഗികമായ നീതിയെന്ന് കാട്ടി മൗലവിയുടെ കുടുംബവും ഖുർആൻ സുന്നത്ത് സൊസൈറ്റിയും സുപ്രീം കോടതിയിൽ; സിബിഐ അന്വേഷണത്തിലും തുടർ നടപടികളിലുമുണ്ടായ അപാകതകൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ കേസിൽ പുനരന്വേഷണം വേണമെന്നും ആവശ്യം; യുക്തിവാദിയാകുന്നത് ജാമിദ ടീച്ചറുടെ ഇഷ്ടമെന്ന് ഡോ: ജലീൽ പുറ്റേക്കാട്

ചേകന്നൂർ മൗലവി വധം: 25 വർഷം നീണ്ട കേസിൽ ഒരാൾ മാത്രം ശിക്ഷിക്കപ്പെട്ടതിലൂടെ ലഭിച്ചത് ഭാഗികമായ നീതിയെന്ന് കാട്ടി മൗലവിയുടെ കുടുംബവും ഖുർആൻ സുന്നത്ത് സൊസൈറ്റിയും സുപ്രീം കോടതിയിൽ; സിബിഐ അന്വേഷണത്തിലും തുടർ നടപടികളിലുമുണ്ടായ അപാകതകൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ കേസിൽ പുനരന്വേഷണം വേണമെന്നും ആവശ്യം; യുക്തിവാദിയാകുന്നത് ജാമിദ ടീച്ചറുടെ ഇഷ്ടമെന്ന് ഡോ: ജലീൽ പുറ്റേക്കാട്

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രമുഖ ഖുർആൻ പണ്ഡിതൻ പി.കെ മുഹമ്മദ് അബുൽഹസൻ എന്ന ചേകനൂർ മൗലവിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ സിബിഐ അന്വേഷണത്തിലും തുടർ നടപടികളിലും ഉണ്ടായ അപാകതകൾ ചൂണ്ടിക്കാട്ടിയും കേസിൽ ഗൂഢാലോചന നടത്തിയ മുഴുവൻ പ്രതികളെയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പാക്കും വിധം പുനരന്വേഷണം ആവശ്യപ്പെട്ടും ചേകനൂർ മൗലവിയുടെ കുടുംബവും ഖുർആൻ സുന്നത്ത് സൊസൈറ്റിയും സുപ്രീം കോടതിയെ സമീപിച്ചു.

1993 ജൂലൈ 29ന് എടപ്പാൾ കാവിൽപ്പടയിലെ വീട്ടിൽ നിന്നും മൗലവിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ ആദ്യം ലോക്കൽ പൊലീസും തുടർന്ന് ക്രൈം ബ്രാഞ്ചും അന്വേഷിച്ച് ഒരു ഫലവും ഇല്ലാതായ ഘട്ടത്തിൽ നിരവധി പ്രക്ഷോഭങ്ങളെ തുടർന്നായിരുന്നു കേസ് സിബിഐ ഏറ്റെടുത്തത്. എന്നാൽ ഗൂഡാലോനയിൽ മുഖ്യപ്രതിയായ കാന്തപുരത്തെ രക്ഷിക്കുന്ന നിലപാടാണ് സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസി തുടക്കം മുതലെ സ്വീകരിച്ചതെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ: ജലീൽ പുറ്റേക്കാട്, സംസ്ഥാന ജോ. സെക്രട്ടറി സിപിഎ അസീസ് തുടങ്ങിയവർ പറഞ്ഞു.

കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക പ്രതി കാരന്തൂർ മർക്കസിൽ പഠിച്ച ഹംസ സഖാഫിയെ കൂടി കോടതി വിട്ടയച്ച ശേഷം കേസ് ഡയറി ക്ലോസ് ചെയ്യാനുള്ള ധൃതിയാണ് നിർഭാഗ്യവശാൽ സിബിഐയിൽ നിന്ന് ഉണ്ടായത്. വിധിപ്പകർപ്പ് വിശദമായി വായിച്ചുപോലും നോക്കാതെ സുപ്രീം കോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് കേസിലെ അന്യായക്കാരനും ചേകനൂർ മൗലവിയുടെ അമ്മാവനുമായ കെ.കെ സാലിം ഹാജിയും ഖുർആൻ സുന്നത്ത് സൊസൈറ്റിയും സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും ഇവർ പറഞ്ഞു.

25 വർഷങ്ങൾ നീണ്ട കേസിൽ ഒരാൾ മാത്രം ശിക്ഷിക്കപ്പെട്ടതിലൂടെ ലഭിച്ചത് ഭാഗികമായ നീതി മാത്രമായിരുന്നു. മർക്കസിൽ മനേജറായിരുന്ന മണ്ടാളിൽ ഉസ്മാൻ മുസ്ല്യാരുടെ നേതൃത്വത്തിൽ മർകസിൽ വച്ചാണ് ഗൂഢാലോചന നടന്നത്. ഒമ്പതോളം പ്രതികളുടെ കൃത്യമായ പങ്കിനെക്കുറിച്ച് സിബിഐ കുറ്റപത്രത്തിൽ വളരെ വ്യക്തമാണ്. ചേകനൂർ വധക്കേസ് തെളിയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സിബിഐ ഉദ്യോഗസ്ഥർ സുഭാഷിന്റെയും മുഹാജിറിന്റെയും കേസ് ഡയറികൾ സിബിഐ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയതുപോലുമില്ല.

പ്രതികളെ എല്ലാം അക്കാലത്ത് അബ്ദുൾ നാസർ മഅദനി നേതൃത്വം നൽകിയ ജംഇയ്യത്തുൽ ഇഹ്‌സാനിയ്യ എന്ന ഭീകര സംഘടനയിൽ അംഗങ്ങളായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിലുണ്ട്. സിബിഐയിലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ തയ്യാറാക്കിയ രേഖകളിൽ ആവശ്യമായ തെളിവുകൾ കോടതിയിൽ സമർപ്പിക്കാതെ ചിലർക്ക് വേണ്ടി തന്ത്രപൂർവ്വം കേസ് ദുർബലപ്പെടുത്തുകയായിരുന്നു സി ബി ഐ ഉദ്യോഗസ്ഥരെന്നും ഇവർ വ്യക്തമാക്കി.

കേസിൽ സുപ്രീം കോടതിയെ സമീപിക്കുന്നതിനൊപ്പം തന്നെ കാന്തപുരത്തിന്റെ മുടിവെള്ള തട്ടിപ്പുകളും ചൂഷണങ്ങളും മറ്റും ജനങ്ങൾക്കിടയിൽ തുറന്നുകാട്ടാനും മൗലവി വധക്കേസിൽ അക്ഷന്തവ്യമായ മൗനം തുടരുന്ന മറ്റ് മുസ്ലിം സംഘടനകളുടെ കപട നിലപാടുകൾ ജനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുമെന്നും ഖുർ ആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ പറയുന്നു. ഗ്രാന്റ് മുഫ്ത്തി ഉൾപ്പെടെ കാന്തപുരം സ്വയം സംഘടിപ്പിച്ചതാണ് പല പദവികളെന്നും ഇവർ വ്യക്തമാക്കി.

യുക്തിവാദിയാകുന്നത് ജാമിദ ടീച്ചറുടെ ഇഷ്ടം

കോഴിക്കോട്: ഖുർ ആൻ സുന്നത്ത് സൊസൈറ്റി നേതാവും ഇന്ത്യയിൽ ആദ്യമായി വനിത ജുമുഅ വരെ നടത്തി ലോക ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത ജാമിദ ടീച്ചർ യുക്തിവാദത്തിലേക്ക് നീങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ദൈവം ഇല്ലെന്നാണ് അവരിപ്പോൾ വിശ്വസിക്കുന്നത്. അവർ യുക്തിവാദിയായി. അതവരുടെ ഇഷ്ടമെന്നായിരുന്നു ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ: ജലീൽ പുറ്റേക്കാടിന്റെ മറുപടി.

ഞങ്ങൾ ചേകനൂരിന്റെ ആശയവുമായി മുന്നോട്ട് പോകുന്നു. ചേകനൂർ പറഞ്ഞതിൽ മാത്രം നിൽക്കരുതെന്നും കൂടുതൽ മുന്നോട്ട് പോകണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. ജാമിദ ടീച്ചർ കുറേക്കൂടി മറ്റൊരു വഴിയിലേക്ക് നീങ്ങി യുക്തിവാദത്തിലേക്കെത്തി. അതവരുടെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP