Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു മോദി അറസ്റ്റിൽ'! വജ്രവ്യാപാരി നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായതിന് പിന്നാലെ ജനശ്രദ്ധ നേടി വീക്ഷണം പത്രത്തിന്റെ തലക്കെട്ട്; അടുത്തത് എന്ന ചോദ്യത്തിനൊപ്പം നരേന്ദ്ര മോദിയുടേയും ലളിത് മോദിയുടേയും വിവരണം നൽകിയ വീക്ഷണം കോഴിക്കോട് ബ്യൂറോ ചീഫ് ടി ഷൈബിന് നിറഞ്ഞ കയ്യടി; തിരഞ്ഞെടുപ്പ് കാലയളവിൽ കുറിക്കു കൊള്ളുന്ന തലക്കെട്ടിട്ട കോൺഗ്രസ് മുഖപത്രത്തിന് പാർട്ടിഭേദമന്യേ 'സല്യൂട്ട്'

'ഒരു മോദി അറസ്റ്റിൽ'!  വജ്രവ്യാപാരി നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായതിന് പിന്നാലെ ജനശ്രദ്ധ നേടി വീക്ഷണം പത്രത്തിന്റെ തലക്കെട്ട്; അടുത്തത് എന്ന ചോദ്യത്തിനൊപ്പം നരേന്ദ്ര മോദിയുടേയും ലളിത് മോദിയുടേയും വിവരണം നൽകിയ വീക്ഷണം കോഴിക്കോട് ബ്യൂറോ ചീഫ് ടി ഷൈബിന് നിറഞ്ഞ കയ്യടി; തിരഞ്ഞെടുപ്പ് കാലയളവിൽ കുറിക്കു കൊള്ളുന്ന തലക്കെട്ടിട്ട കോൺഗ്രസ് മുഖപത്രത്തിന് പാർട്ടിഭേദമന്യേ 'സല്യൂട്ട്'

കെ വി നിരഞ്ജൻ

കോഴിക്കോട്: കുറേക്കാലത്തിന് ശേഷം കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായ വീക്ഷണം കയ്യടി നേടുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് മികച്ച ഒരു തലക്കെട്ട് നൽകിയതിനാണ് പാർട്ടി ഭേദമെന്യേ ഏവരും വീക്ഷണത്തെ അഭിനന്ദിക്കുന്നത്.വിവാദ വജ്രവ്യവസായി നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായതാണ് വീക്ഷണത്തിന്റെ ഇന്നത്തെ പ്രധാന വാർത്ത. കോടതിയിൽ ഹാജരാക്കിയെങ്കിലും മോദിക്ക് കോടതി ജാമ്യം അനുവദിച്ചില്ല. തുടർന്ന് ഇദ്ദേഹത്തെ മാർച്ച് 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കേസ് 29 ന് വീണ്ടും പരിഗണിക്കും എന്ന് തുടങ്ങുന്ന വാർത്തയ്ക്ക് നൽകിയ തലക്കെട്ടാണ് ശ്രദ്ധേയം. ഒരു മോദി അറസ്റ്റിൽ എന്നാണ് വാർത്തയുടെ തലക്കെട്ട്. ഒരു മോദി എന്ന് പറയുമ്പോൾ ബാക്കിയാണ് എന്ന ചോദ്യമുയരും. അതിന് താഴെ തന്നെ പ്രത്യേക ബോക്സിൽ അടുത്തത് എന്ന ചോദ്യത്തിന് കീഴെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ലളിത് മോദിയെയും ഉൾപ്പെടെത്തിക്കൊണ്ടാണ് പത്രത്തിന്റെ ഒന്നാം പേജ് ഡിസൈൻ.

റഫേൽ ഇടപാടിൽ രാജ്യത്തെ ഞെട്ടിച്ച കോടിക്കണക്കിന് രൂപയുടെ കുംഭകോണം. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് കരാറിൽ നേരിട്ടിടപെട്ട് സുഹൃത്ത് അനിൽ അംബാനിക്ക് 30,000 കോടി രൂപ ലാഭമുണ്ടാക്കാൻ കൂട്ടുനിന്നു. കള്ളനെന്ന് രാജ്യം വിളിപ്പേര് നൽകിയ ചൗക്കിദാർ, സാമ്പത്തിക കുറ്റവാളികളായ നീരവ് മോദി, ലളിത് മോദി, വിജയ് മല്യ തുടങ്ങിയവരെ രാജ്യം വിടാൻ സഹായിച്ചു. നോട്ട് നിരോധനം, അശാസ്ത്രീയമായി ജി എസ് ടി നടപ്പാക്കൽ തുടങ്ങിയവയിലൂടെ ജനത്തെ ദുരിതത്തിലാക്കി എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് നരേന്ദ്ര മോദിക്കെതിരെയുള്ളത്.

ഐ പി എൽ കമ്മീഷണറായിരുന്ന ലളിത് മോദി വൻ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ രാജ്യം വിട്ടു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ലളിത് മോദിക്കെതിരെ ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ബിജെപി സർക്കാറിന്റെ അനുവാദത്തോടെ രാജ്യം വിട്ടുവെന്നും ലളിത് മോദിയെ വ്യക്തമാക്കുന്നു. എല്ലാവരും പുകഴ്‌ത്തുമ്പോഴും ബിജെപി പ്രവർത്തകർ വിമർശനവുമായി രംഗത്തുണ്ട്. ഒരു മോദി അറസ്റ്റിൽ എന്ന തലക്കെട്ടും.. അടുത്തത് എന്ന ചോദ്യത്തിന് കീഴെ നരേന്ദ്ര മോദിയെ പരാമർശിച്ചതും അടുത്തതായി അറസ്റ്റു ചെയ്യപ്പെടാൻ പോകുന്നത് നരേന്ദ്ര മോദിയായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് വീക്ഷണമെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ് വീക്ഷണം അപമാനിക്കുന്നതെന്നും ഇവർ പറയുന്നു.

ചില ഓൺലൈൻ പത്രങ്ങൾ നൽകുന്ന അങ്ങേയറ്റം അമേച്വറായ തലക്കെട്ടിന് ഇത്തരത്തിൽ പുകഴ്‌ത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നും വാദം ഉയരുന്നുണ്ട്. എന്തായാലും വാട്സ് ആപ്പിലും ഫേസ് ബുക്കിലുമെല്ലാം വീക്ഷണത്തെ പുകഴ്‌ത്തിക്കൊണ്ടുള്ള പ്രചരണങ്ങൾ തകൃതിയാണ്. അടുത്ത കാലത്ത് വന്ന മനോഹരമായ തലക്കെട്ടാണ് ഇതെന്നാണ് പലരും പറയുന്നത്. രാഷ്ട്രീയ പത്രമെന്ന നിലയിൽ അതിശക്തമാണ് ഈ തലക്കെട്ടെന്നും പലരും വ്യക്തമാക്കുന്നു.

വീക്ഷണം കോഴിക്കോട് ബ്യൂറോ ചീഫായ ടി ഷൈബിനാണ് ഈ തലക്കെട്ട് നൽകിയിരിക്കുന്നത്. അദ്ദേഹത്തിനും അഭിനന്ദന പ്രവാഹമാണ്. കനി എന്ന ടെലിഫിലിമിലൂടെ അടുത്ത കാലത്ത് ഏറെ ശ്രദ്ധേയനാണ് ഷൈബിൻ. ജയ് ഹിന്ദ് ടി വിയിൽ സംപ്രേഷണം ചെയ്ത സൂര്യകാന്തി ഉൾപ്പെടെയുള്ള സീരിയലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. നിരവധി പുരസ്‌ക്കാരങ്ങളും ഷൈബിനെ തേടിയെത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP