Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹമോചിതന് ആശ്വാസമായത് ഭർത്താവ് മരിച്ച അദ്ധ്യാപികയുടെ സ്‌നേഹം; ആഴ്‌ച്ചകൾക്കുള്ളിൽ ക്ഷേത്രത്തിൽ വെച്ചു മിന്നുകെട്ടി ഒരുമിച്ചു താമസിച്ചപ്പോൾ സുധീഷ് ബാബു നന്ദി പറഞ്ഞത് ദൈവത്തിന്; മൂന്ന് പവന്റെ മാല വാങ്ങിക്കൊടുത്തപ്പോൾ അഞ്ച് പവന്റെ മാല പകരം നൽകിയ സ്‌നേഹത്തിൽ വിതുമ്പി കഴിയവേ ഒരുമിച്ചുകണ്ട കൂട്ടുകാർക്കൊരു ഡൗട്ട്; അനേകം പുരുഷന്മാരെ കെട്ടി പറ്റിച്ച ശാലിനിയെ ഇത്തവണ മുങ്ങും മുമ്പ് പൊലീസ് പൊക്കിയത് ഇങ്ങനെ

വിവാഹമോചിതന് ആശ്വാസമായത് ഭർത്താവ് മരിച്ച അദ്ധ്യാപികയുടെ സ്‌നേഹം; ആഴ്‌ച്ചകൾക്കുള്ളിൽ ക്ഷേത്രത്തിൽ വെച്ചു മിന്നുകെട്ടി ഒരുമിച്ചു താമസിച്ചപ്പോൾ സുധീഷ് ബാബു നന്ദി പറഞ്ഞത് ദൈവത്തിന്; മൂന്ന് പവന്റെ മാല വാങ്ങിക്കൊടുത്തപ്പോൾ അഞ്ച് പവന്റെ മാല പകരം നൽകിയ സ്‌നേഹത്തിൽ വിതുമ്പി കഴിയവേ ഒരുമിച്ചുകണ്ട കൂട്ടുകാർക്കൊരു ഡൗട്ട്; അനേകം പുരുഷന്മാരെ കെട്ടി പറ്റിച്ച ശാലിനിയെ ഇത്തവണ മുങ്ങും മുമ്പ് പൊലീസ് പൊക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: വിവാഹ തട്ടിപ്പ് പതിവാക്കിയ ശാലിനിയുടെ അടുത്ത തട്ടിപ്പ് കായംകുളം പൊലീസ് പൊക്കിയത് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൂണ്ടായ സംശത്തിലാണ്. നിരവധി വിവാഹത്തട്ടിപ്പ് കേസുകളിലെ പ്രതി കൊണ്ടോട്ടി ചിക്കോട് പുളിക്കലക്കണ്ടി വെട്ടുപാറ ദേശം കുമ്പളത്ത് മാറയ്ക്കൽ വി.ശാലിനി( 33)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ മോചിതനായ വ്യക്തിയെ കല്യാണം ചെയ്ത് പണവുമായി മുങ്ങാനുള്ള ആസൂത്രണം നടത്തവേയാണ് ശാലിനി കുടുങ്ങിയത്. ഇത്തവണ കായംകുളം സ്വദേശിയായ സുധീഷ് ബാബുവാണ് തലനാരിക്ക് രക്ഷപെട്ടത്.

വിവാഹമോചിതനായ ഇയാൾ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് യുവതിയുമായി പരിചയപ്പെടുന്നത്. 2019 ജനുവരി മുതൽ യുവാവിനെ ഫോണിൽ വിളിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നാണ് പരിചയപ്പെടുത്തിയത്. ഈ ഫോൺബന്ധം വളർന്നാണ് തട്ടിപ്പു നടത്തിയത്. മഞ്ചേരിയിൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണെന്നും ആദ്യ ഭർത്താവ് മരിച്ചതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ ഒരു ബന്ധുവിനൊപ്പമാണ് താമസിക്കുന്നതെന്നുമാണ് ഇവർ പറഞ്ഞത്.

കഴിഞ്ഞ മാർച്ച് അഞ്ചിന് കായംകുളം പുതുപ്പള്ളിയിലുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇയാൾ മൂന്നു പവന്റെ സ്വർണമാല ഇവർക്ക് നൽകിയപ്പോൾ സ്‌നേഹസമ്മാനമായി അഞ്ചു പവന്റെ മാല ഇവരും തിരികെ നൽകിയിരുന്നു. ഇതോടെ ശാലിനിയെ ശരിക്കും വിശ്വസിച്ചു സുരേഷ് ബാബു. യുവാവിന്റെ വീട്ടുകാർക്കും ആഭരണങ്ങൾ നൽകിയിരുന്നു. തുടർന്ന് ഓച്ചിറയിലുള്ള ജൂവലറികളിൽ നിന്ന് ആറു പവൻ വരുന്ന സ്വർണാഭരണങ്ങളും യുവതി വാങ്ങിപ്പിച്ചിരുന്നു. ഈ സ്വർണവുമായി മുങ്ങാനുള്ള ശ്രമങ്ങളിലായിരുന്നു ഇവർ.

രണ്ടുപേരും കൂടി കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞു വരുമ്പോൾ യുവാവിന്റെ സുഹൃത്തുക്കൾ ഇവരെ കാണുകയും ശാലിനിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കൾ യുവാവിനെ വിളിച്ചുവരുത്തി. മുൻപ് തട്ടിപ്പ് കേസുകളിൽപ്പെട്ടപ്പോൾ ചാനലുകളിൽ വന്ന യുവതിയുടെ ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് യുവാവ് തനിക്ക് നൽകിയ മാലയും വീട്ടുകാർക്ക് നൽകിയ ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടങ്ങളാണെന്ന് തെളിഞ്ഞത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

യുവാവിന്റെ പിന്നീടുള്ള പെരുമാറ്റത്തിൽ സംശയംതോന്നിയ ശാലിനി സ്ഥലംവിടുന്നതിനായി കായംകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തി. ബസ് കാത്തുനിൽക്കുമ്പോൾ സിഐ. വി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 20 ലധികം പേരെയാണ്. ഇതിലൂടെ 200 ലേറെ പവൻ സ്വർണം അടിച്ചു മാറ്റിയിട്ടുള്ള ഇവർ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയിൽ വെച്ച് പല യുവാക്കളിൽ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഇവർ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി.

2014 ൽ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മദ്ധ്യവയസ്‌ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയിൽ നിന്നായിരുന്നു പൊലീസ് പൊക്കിയത്. ചിങ്ങവനം വെള്ളുത്തുരുത്തി വെള്ളൂപ്പറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവറെയാണ് കബളിപ്പിച്ചത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നൽകി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാൻ പോയപ്പോൾ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാൻ പോകണമെന്ന് പറഞ്ഞ് കാർ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്. ഓട്ടോ ഡ്രൈവർ ശശീന്ദ്രൻ നായർ എന്നയാളെ ബീച്ചിൽ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവർ പൊലീസിൽ പരാതിപ്പെട്ടു.

കല്യാണത്തിന് ഫോട്ടോഗ്രാഫർ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കൽ പറഞ്ഞാണ് ഫോട്ടോയിൽ നിന്നും ഒഴിവായത്. പിന്നീട് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു പൊലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മൂൻ ഭർത്താവിനെ ഉപയോഗിച്ചായിരുന്നു പൊലീസ് പിടികൂടിയത്. പഴനിയിൽ വെച്ച് അറസ്റ്റിലാകുമ്പോൾ ഓട്ടോ ഡ്രൈവർ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്‌നം അവസാനിച്ച് മാസങ്ങൾ കഴിയും മുമ്പ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.

പക്ഷേ ഓട്ടോ ഡ്രൈവർ നൽകിയ മൊബൈൽ ഫോട്ടോ പത്രത്തിൽ വന്നതോടെയാണ് പലർക്കും തട്ടിപ്പിനിരയായത് ബോദ്ധ്യപ്പെട്ടത്. ആയൂർ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയിൽ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നൽകിയാണ് വിവാഹത്തട്ടിപ്പ്. ഷീബ എന്ന വിളിപ്പേരിലും ഇവർ അറിയപ്പെട്ടിരുന്നു. കട്ടപ്പന സ്വദേശിയെ ഹൈക്കോടതി അഭിഭാഷക ചമഞ്ഞായിരുന്നു ശാലിനി കബളിപ്പിച്ചത്. ആദ്യവിവാഹബന്ധം വേർപെടുത്തിയ ആളായിരുന്നു യുവാവ്. അഭിഭാഷകയുടെ വേഷമണിഞ്ഞു നിന്ന ശാലിനിയെ ഹൈക്കോടതിയുടെ മുറ്റത്തുവച്ചാണ് പെണ്ണുകാണൽ നടത്തിയതെന്നായിരുന്നു അന്ന് കട്ടപ്പന പൊലീസിനോട് യുവാവ് മൊഴി നൽകിയത്. പിന്നീട് ജയിൽ മോചിതയായ ശേഷം പഴയ പരിപാടി വീണ്ടും തുടരുകയായിരുന്നു.

കോയിപ്രം, ചെങ്ങന്നൂർ, ആറന്മുള, എറണാകുളം ജില്ലയിലെ കോലഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലായി ഒൻപതു കേസുകൾ ഇവരുടെ പേരിലുണ്ടെന്നും നേരത്തെ ശിക്ഷ അനുഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മുമ്പ് ഉള്ളന്നൂർ വിളയാടിശ്ശേരിൽ ക്ഷേത്രത്തിൽ കുളനട സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചു കഴിഞ്ഞപ്പോഴാണ് പിടിവീണത്. ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണു തട്ടിപ്പുകാരിയെ തിരിച്ചറിഞ്ഞത്. തുടർന്ന് തട്ടിപ്പിനിരയായ കിടങ്ങന്നൂർ സ്വദേശിയെ കൊണ്ടുവന്ന് ഇവർ തന്നയാണ് തട്ടിപ്പുകാരിയെന്ന് ഉറപ്പിച്ചു. തട്ടിപ്പു പുറത്തായി പൊലീസെത്തുമെന്ന് അറിഞ്ഞതോടെ ഇവർ സ്ഥലത്തുനിന്നു രക്ഷപ്പെടാൻ ശ്രമം നടത്തി.

രണ്ടാം വിവാഹമാണിതെന്നും അടുത്തബന്ധുക്കളാരും ഇല്ലെന്നും കോടതി ജീവനക്കാരിയാണെന്നുമാണ് അന്നും വരന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. വിവാഹം തീരുമാനിച്ചശേഷം 10,000 രൂപാ വരനിൽ നിന്ന് ഇൻഷുറൻസ് പണം അടയ്ക്കാനെന്ന് വ്യാജേന വാങ്ങുകയും ചെയ്തു. ബന്ധുവെന്ന് പറഞ്ഞ് ഒരാൾ ഇവരെ വരന്റെ ബന്ധുവീട്ടിൽ കൊണ്ടുവന്ന് വിടുകയായിരുന്നു. അന്നും ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും മുക്കുപണ്ടമായിരുന്നു. അഞ്ചോളം യുവാക്കളെ ഇവർ കബളിപ്പിച്ചിട്ടുണ്ട്.

ശാലിനിയും പത്തനംതിട്ട ജില്ലയിലുള്ള യുവാവും വിവാഹത്തിനായി പന്തളത്തിനു സമീപമുള്ള കുളനട ഉള്ളന്നൂർ വിളയാടിശേരിൽ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിവാഹച്ചടങ്ങ് പൂർത്തിയാക്കി ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ ശാലിനി കബളിപ്പിപ്പിച്ച കിടങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവർ പ്രതിയെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അന്ന് പിടികൂടിയത്. ഈ വിവാഹത്തിനും ഏതാനും ആഴ്ചകൾക്ക് മുമ്പാണ് വരനെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ശാലിനിയുടെ പത്രപരസ്യം വന്നത്. ഇതു കണ്ടു പത്തനംതിട്ട സ്വദേശി വിളിക്കുന്നത്. തുടർന്നു ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞ് ഒരു യുവതി ഫോണിൽ വിളിച്ചു.

പിന്നീട് മറ്റൊരു നമ്പറിൽനിന്ന് ശാലിനിയും വിളിച്ചു. തുടർന്നു ശാലിനിയുടെ ആവശ്യത്തേത്തുടർന്നു മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും നേരിട്ടുകണ്ടു. ബന്ധുക്കളുമായി ആലോചിച്ചശേഷം വിവാഹം നടത്താമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. എന്നാൽ, വിവാഹം ഉടൻ വേണമെന്ന നിലപാടിലായിരുന്നു ശാലിനി. ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിർബന്ധത്തിനു യുവാവ് വഴങ്ങി. ബംഗളുരുവിൽ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് കേരളാ ഹൈക്കോടതിയിൽ ജോലി ലഭിച്ചെന്നും താൻ എൽ.എൽ.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. 50 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ഇവർ ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത് മുക്കുപണ്ടമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP