Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ശ്രീധരൻ പിള്ളയുടെ സീറ്റുമോഹം കൊണ്ടു തന്നെ; തുഷാർ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കിൽ തൃശ്ശൂർ സീറ്റ് ബിഡിജെഎസിൽ നിന്നും ഏറ്റെടുത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാൻ നീക്കം; തുഷാറിന്റെ കനിവ് കാത്ത് കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങൾ; ഹോട്ട്‌സീറ്റിനായി കടിപിടി മുറുകുമ്പോൾ അണികൾക്ക് കടുത്തനിരാശ; വിജയപ്രതീക്ഷ തല്ലിക്കെടുത്തുന്നവർക്കെതിരെ കടുത്ത അമർഷം; സീറ്റില്ലാത്തവർ അതൃപ്തി പരസ്യപ്പെടുത്തുമ്പോൾ കേഡർ സ്വഭാവം നഷ്ടമായി ബിജെപി

പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ശ്രീധരൻ പിള്ളയുടെ സീറ്റുമോഹം കൊണ്ടു തന്നെ; തുഷാർ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കിൽ തൃശ്ശൂർ സീറ്റ് ബിഡിജെഎസിൽ നിന്നും ഏറ്റെടുത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാൻ നീക്കം; തുഷാറിന്റെ കനിവ് കാത്ത് കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങൾ; ഹോട്ട്‌സീറ്റിനായി കടിപിടി മുറുകുമ്പോൾ അണികൾക്ക് കടുത്തനിരാശ; വിജയപ്രതീക്ഷ തല്ലിക്കെടുത്തുന്നവർക്കെതിരെ കടുത്ത അമർഷം; സീറ്റില്ലാത്തവർ അതൃപ്തി പരസ്യപ്പെടുത്തുമ്പോൾ കേഡർ സ്വഭാവം നഷ്ടമായി ബിജെപി

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലെ മൂന്നാം രാഷ്ട്രീയ ശക്തിയാകുമെന്നു കരുതിയിരുന്ന എൻഡിഎയും ബിജെപിയും കേരളത്തിൽ തകർന്നടിയുന്നു. വെറും ഇരുപത് ലോക്‌സഭാ സീറ്റുള്ള കേരളത്തിൽ 20 സീറ്റിലും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനോ അത് പ്രഖ്യാപിക്കാനോ കഴിയാത്ത അവസ്ഥയിൽ കേരളത്തിലെ ബിജെപി നേതൃത്വവും ദേശീയ ബിജെപി നേതൃത്വവും എത്തി എന്നുള്ളത് ബിജെപി നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷത വെളിവാക്കുകയും ചെയ്യുന്നു. ഇന്നലെ ദേശീയ നേതൃത്വം ലോക്‌സഭാ തിരഞ്ഞടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ സ്ഥാനാർത്ഥി ആരെന്നു പ്രഖ്യാപിക്കാൻ കൂടി കഴിഞ്ഞില്ല. ബിജെപിയുടെ കേരളത്തിലെ ചരിത്രത്തിൽ ഇത് പുതുമയുള്ള കാര്യമാണ്.

പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്താൻ ബിജെപി ഇപ്പോൾ തൃശൂർ സീറ്റിനെ ആശ്രയിച്ച് നിൽക്കുന്നു. വിചിത്രമായ കാര്യമാണിത്. തൃശൂർ സീറ്റ് ഇപ്പോൾ ബിജെപിക്ക് തിരികെ വാങ്ങണം. തൃശൂർ സീറ്റ് ബിഡിജെഎസിനാണ്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഈ സീറ്റിൽ നിന്നില്ലെങ്കിൽ സീറ്റ് തിരികെ വാങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കാം. അതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരിഭവം തീരും. പിള്ളയെ തൃശൂരിൽ നിർത്തിയില്ലെങ്കിൽ പത്തനംതിട്ട നിർത്താം. ഇതോടെ രണ്ടു സീറ്റുകളിൽ പിള്ള, സുരേന്ദ്രൻ എന്ന രീതിയിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്താം.

പത്തനംതിട്ട സീറ്റിന്റെ പേരിൽ ബിജെപിയിൽ കലാപമാണ് നടന്നത്. പത്തനംതിട്ട സീറ്റിൽ ഒരേ ഒരു സ്ഥാനാർത്ഥിയുടെ പേരാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിള്ള നൽകിയ ലിസ്റ്റിൽ ഉണ്ടായിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇതോടെയാണ് ആർഎസ്എസും ശബരിമല കർമ്മസമിതിയും ഇടഞ്ഞത്. പത്തനംതിട്ടയിൽ സുരേന്ദ്രൻ വേണമെന്ന് ഇവർ നിർബന്ധം പിടിച്ചു. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വം ലിസ്റ്റിൽ പിള്ളയുടെ പേര് വെട്ടി സുരേന്ദ്രൻ എന്നാക്കി. സോഷ്യൽ മീഡിയയിൽ വന്ന കലാപങ്ങളും ഇതിനായി കെ.സുരേന്ദ്രൻ പക്ഷം ഉയർത്തിക്കാട്ടുകയും ചെയ്തു. എന്നാൽ സുരേന്ദ്രന് വേണ്ടി സോഷ്യൽ മീഡിയയിൽ വന്ന കലാപങ്ങൾക്ക് പിന്നിൽ സുരേന്ദ്രൻ തന്നെയാണ് എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ പിള്ള-കൃഷ്ണദാസ് പക്ഷങ്ങൾ അറിയിച്ചത്. ഇതോടെയാണ് ഇന്നലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പത്തനംതിട്ട ഒഴിച്ച് നിർത്തിയത്.

ബിജെപി കാക്കുന്നത് തുഷാർ വെള്ളാപ്പള്ളിയുടെ തീരുമാനമാണ്. തുഷാർ ഇപ്പോഴും തൃശൂരിൽ മത്സരിക്കാം എന്ന് ഉറപ്പു പറഞ്ഞിട്ടില്ല. മത്സരിച്ചാൽ എസ്എൻഡിപിയിലെ സ്ഥാനം അച്ഛൻ വെള്ളാപ്പള്ളി തന്നെ വെട്ടും. തുഷാർ തൃശൂരിൽ ജയിക്കാനും സാധ്യത കുറവ്. അതിനാൽ ഈ സെറ്റ് തിരികെ ബിജെപിയെ ഏൽപ്പിക്കാൻ തന്നെയാണ് തുഷാറും ഒരുങ്ങുന്നത്. ഇപ്പോൾ തൃശൂർ സീറ്റിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും വ്യത്യാസപ്പെട്ടിട്ടുണ്ട്. ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ ഗ്രൂപ്പ് പോര് ഒഴിവാക്കണമെങ്കിൽ തൃശൂർ ബിജെപിക്ക് തിരികെ തന്നെ വേണം. പിള്ളയെയും കെ.സുരേന്ദ്രന്റെയും ഈ രണ്ടു സീറ്റിൽ സ്ഥാനാർത്ഥികളായി മാറ്റിയാൽ തത്ക്കാലം ഗ്രൂപ്പ് പോരുകൾക്ക് ശമനമാകും. പക്ഷെ അതിനു തുഷാർ കനിയണം. ഇപ്പോൾ ബിജെപിയിലെ ശക്തമായ ഗ്രൂപ്പ് പോര് പരിഹരിക്കാൻ തുഷാറിന്റെ കാലിൽ വീഴേണ്ട അവസ്ഥയാണ്. . തുഷാർ തീരുമാനം ഇന്ന് പ്രഖ്യാപിക്കും എന്നാണ് പറയുന്നത്. അതിനാൽ ബിജെപിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരുകളെ സംബന്ധിച്ച് തുഷാറിന്റെ തീരുമാനം നിർണ്ണായകമായി മാറുകയാണ്.

തൃശൂർ സീറ്റ് ബിഡിജെഎസിനാണ്. തുഷാർ വെള്ളാപ്പള്ളിയോട് തൃശൂർ സീറ്റിൽ മത്സരിക്കാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. തുഷാർ നിന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ബിജെപി-ബിഡിജെഎസ് സഖ്യം എന്നാണ് അമിത് ഷാ ചോദിച്ചത്. ഈ വിരട്ടലിൽ വീണാണ് തുഷാർ തൃശൂരിൽ ബീഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിക്കാം എന്ന് അമിത് ഷായോട് സമ്മതിച്ചത്. തൃശൂരിൽ മത്സരിച്ചാൽ തെറിക്കുക തുഷാർ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന എസ്എൻഡിപി ഭാരവാഹിത്യം ഒഴിയേണ്ടി വരും. വെള്ളാപ്പള്ളി നടേശൻ ഈ കാര്യത്തിൽ കടുത്ത നിലപാടിലുമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് അമിത് ഷായെ പേടിച്ച് തൃശൂരിൽ സ്ഥാനാർത്ഥിയാകാമെന്ന് തുഷാർ സമ്മതിക്കുന്നതും പക്ഷെ മാറിയ സാഹചര്യത്തിൽ തുഷാർ തൃശൂരിൽ നിന്നില്ലെങ്കിൽ നല്ലത് എന്ന രീതിയിലാണ് ബിജെപി നീങ്ങുന്നത്. തുഷാർ മത്സരിച്ചില്ലെങ്കിൽ സീറ്റ് തിരികെ വാങ്ങും എന്ന് മുൻപ് തന്നെ ധാരണയുമുണ്ട്. ഈ സീറ്റ് തുഷാറിൽ നിന്ന് തിരികെ വാങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്. പിള്ള തൃശൂരിൽ വന്നാൽ പത്തനംതിട്ട സുരേന്ദ്രന് നൽകാം.

കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് വിവാദത്തിന്റെ കുന്തമുനയായി കരുതുന്ന പത്തനംതിട്ടയിൽ ആരു സ്ഥാനാര്ഥിയാകുമെന്നു തീരുമാനിക്കാൻ കേരള നേതൃത്വത്തിനു കഴിയാതെ പോകുന്ന അവസ്ഥയിൽ സാധാരണ ഗതിയിൽ കേന്ദ്ര നേതൃത്വം അർത്ഥശങ്കയില്ലാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തുകയാണ് പതിവ്. ഈ രീതിയിലാണ് ബിജെപി അധ്യക്ഷൻ കേരളത്തിലെ ബിജെപി കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിന്റെ തൊട്ടു മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തെ രാത്രിക്ക് രാത്രി മിസോറാം ഗവർണർ ആയി പറപ്പിച്ചതും വി.മുരളീധരന് സംസ്ഥാന അധ്യക്ഷൻ ആയ കുമ്മനം പോലും അറിയാതെ എംപിയായി നിയമിച്ച തീരുമാനങ്ങൾ എല്ലാം കേന്ദ്ര നേതൃത്വം പ്രത്യേകിച്ച് അമിത് ഷാ ഇങ്ങിനെ എടുത്ത തീരുമാനങ്ങൾ ആണ്. ഇതേ അമിത് ഷായ്ക്ക് പോലും പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലാ എന്നത് ബിജെപിയുടെ കേരളത്തട്ടിലെ പ്രതിസന്ധിയുടെ ആഴം തന്നെയാണ് കാണിക്കുന്നത്.

കേഡർ പാർട്ടി ആയ ബിജെപി കേരളത്തിൽ കേഡർ പാർട്ടി അല്ലാതാകുന്ന സൂചനകളും ഇതിന്നിടയിൽ ഉയരുന്നുമുണ്ട്. അതിനായി ബിജെപി നേതാക്കളേയും അണികളും എടുത്ത് കാണിക്കുന്ന ഉദാഹരണം ഇപ്പോൾ എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രതികരണമാണ്. കൊല്ലത്ത് സ്ഥാനാർത്ഥിയാവും എന്ന സൂചനകൾ വന്നപ്പോൾ കണ്ണന്താനം പരസ്യമായി പ്രതികരിച്ചത് ഇതിലും ഭേദം മലപ്പുറമാണ് എന്നാണ്. ഇതുകൊല്ലത്തെ ബിജെപി അണികളെയും നേതാക്കളെയും ക്ഷുഭിതരാക്കുകയും ചെയ്തു. ബിജെപിയുടെ കേഡർ സംവിധാനത്തിനകത്ത് ഇത്തരം പ്രസ്താവനകൾ ബിജെപിയെ സംബന്ധിച്ച് അചിന്ത്യമാണ്. അതുപോലെ ആലപ്പുഴയിൽ കെ.എസ്. രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതിലും ബിജെപിയിൽ അമർഷം പുകയുകയാണ്.

പാർട്ടിക്ക് വേണ്ടി വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും അവഗണിച്ചാണ് രാധാകൃഷ്ണനെ ആലപ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയത് എന്നാണ് ഉയരുന്ന ആക്ഷേപം. കുറെകാലമായി ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ബിജെപിക്ക് സ്വന്തം സ്ഥാനാര്ഥികളുമില്ല. എൻഡിഎ സ്ഥാനാർത്ഥികൾ അവിടെ സ്ഥാനാർത്ഥികൾ ആകുന്നതാണ് നിലവിലെ രീതി. ഇപ്പോൾ സ്വന്തം സ്ഥാനാർത്ഥി വന്നപ്പോൾ അത് ഇന്നലെ ബിജെപിയിലേക്ക് കയറിവന്ന ആളുമായി. കോൺഗ്രസ് പാരമ്പര്യമാണ് രാധാകൃഷ്ണന് ഉണ്ടായിരുന്നത്. പി.എസ്സി ചെയർമാൻ ആയതും കാലടി യൂണിവേഴ്സിറ്റി വിസി ആയതുമെല്ലാം കോൺഗ്രസ് ബന്ധം ഉപയോഗിച്ചായിരുന്നു. അതേ രാധാകൃഷ്ണനാണ് ഇന്നലെ ബിജെപി അംഗത്വം പാർട്ടി സംസ്ഥാന അധ്യക്ഷനിൽ നിന്ന് സ്വീകരിക്കുകയും ആലപ്പുഴ ബിജെപി സ്ഥാനാർത്ഥിയായി മാറുകയും ചെയ്തത്. ഇത് ബിജെപിയുടെ കേഡർ സംവിധാനത്തെ കാറ്റിൽപറത്തുന്ന രീതിയാണ് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനു മൂർച്ച കൂട്ടുന്നതാണ് മലപ്പുറമാണ് കൊല്ലത്തെക്കാളും ഭേദമെന്ന കണ്ണന്താനത്തിന്റെ പ്രതികരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP