Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെങ്ങന്നൂരിലെ വിജയ മാതൃകയുമായി എൽഡിഎഫ് വീണ്ടും; ഹൈടെക് പ്രചാരണത്തിനൊപ്പം കുടുംബയോഗങ്ങളും സജീവമാക്കും; അരങ്ങൊരുക്കുന്നത് സംസ്ഥാന നേതാക്കളടക്കം ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന കാൽലക്ഷത്തോളം ചെറുയോഗങ്ങൾക്ക്; മോദിയുടെ ജനവിരുദ്ധ നയങ്ങളും കോൺഗ്രസ് നേതാക്കളുടെ കാലുമാറ്റവും കോലീബി സഖ്യവും പിണറായി സർക്കാറിന്റെ നേട്ടങ്ങളും പ്രചരണായുധങ്ങൾ; ദലിത് -ഈഴവ -മുസ്ലീ വോട്ടുകൾ അനുകൂലമെന്ന് വിലയിരുത്തി പാർട്ടി

ചെങ്ങന്നൂരിലെ വിജയ മാതൃകയുമായി എൽഡിഎഫ് വീണ്ടും; ഹൈടെക് പ്രചാരണത്തിനൊപ്പം കുടുംബയോഗങ്ങളും സജീവമാക്കും; അരങ്ങൊരുക്കുന്നത് സംസ്ഥാന നേതാക്കളടക്കം ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന കാൽലക്ഷത്തോളം ചെറുയോഗങ്ങൾക്ക്; മോദിയുടെ ജനവിരുദ്ധ നയങ്ങളും കോൺഗ്രസ് നേതാക്കളുടെ കാലുമാറ്റവും കോലീബി സഖ്യവും പിണറായി സർക്കാറിന്റെ നേട്ടങ്ങളും പ്രചരണായുധങ്ങൾ; ദലിത് -ഈഴവ -മുസ്ലീ വോട്ടുകൾ അനുകൂലമെന്ന് വിലയിരുത്തി പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമങ്ങൾ അടക്കം ഉയർത്തിയ എല്ലാവിധ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച്് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ജയിക്കാൻ കഴിഞ്ഞത് കുടുംബയോഗങ്ങളുടെ ബലത്തിലാണെന്നാണ് സിപിഎം വിലയിരുത്തിയിരുന്നു. അതിനാൽ തന്നെ ഇത്തവണ ഹൈടെക്ക് പ്രചാരണങ്ങൾക്ക് ഒപ്പം തന്നെ കുടുംബയോഗങ്ങളിലും കേന്ദ്രീകരിച്ചാണ് ഇടതുമുന്നണിയുടെ പ്രചാരണം മുന്നോട്ടുപോവുന്നത്.

സംസ്ഥാന നേതാക്കളടക്കം നേരിട്ട് പങ്കെടുക്കുന്ന കാൽലക്ഷത്തോളം വരുന്ന കുടുംബയോഗങ്ങളാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഈ യോഗങ്ങളിലൂടെ തങ്ങളുടെ രാഷ്ട്രീയം കൃത്യമായി ജനങ്ങളിൽ എത്തിക്കാമെന്നാണ് സിപിഎം കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സുസജ്ജമാണെന്നും ഭൂരിഭാഗം സീറ്റുകളും ഇത്തവണ തങ്ങൾ നേടുമെന്നും എൽഡിഫ് കൺവീനർ എ വിജയരാഘവൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. സൈബർ പ്രചാരണങ്ങൾ അടക്കമുള്ളവക്കൊപ്പം ചെറുയോഗങ്ങളിലും തങ്ങൾ ശ്രദ്ധ കേന്ദീകരിച്ചിട്ടുണ്ടെന്നും സർവേഫലങ്ങൾ തങ്ങൾ ഒരുകാലത്തും മുഖവിലക്ക് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർമാരോടു നേരിട്ടു സംവദിക്കുന്നതടക്കമുള്ള വിപുലമായ പരിപാടികളാണ് പിണറായിക്കായി എൽഡിഎഫ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും വിളിച്ചുചേർക്കുന്ന ബൂത്ത് ഭാരവാഹികളുടെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. സിപിഎം. ബൂത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങളിലാണ് ഓരോ പാർലമെന്റ് മണ്ഡലത്തിലും പിണറായി വിജയന്റെ സാന്നിധ്യമുണ്ടാകുക. ഇതിനു മുന്നോടിയായി വോട്ടർമാരെ നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങൾ പാർട്ടി ഘടകങ്ങൾ ശേഖരിക്കുന്നുണ്ട്. ഒരു പ്രവർത്തകൻ കുറഞ്ഞത് 10 വീടെങ്കിലും സന്ദർശിക്കണം. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിനിധികൾ വീടുകളിലെത്തി സ്ത്രീകളെ കണ്ട് വിവരശേഖരണം നടത്തും. ബൂത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം.

ജനസമ്പർക്കത്തിന് വിപുലമായ ഒരുക്കങ്ങൾ

തെരഞ്ഞെടുപ്പിനു മുമ്പ് താഴേത്തട്ടിൽ പാർട്ടി നടത്തുന്ന ജനസമ്പർക്കം എന്ന നിലയിലാണ് പരിപാടി. വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും വിവരശേഖരണം നടത്തും. അതതു പ്രദേശത്തെ പ്രശ്നങ്ങൾ മനസിലാക്കിയശേഷം അതുസംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് ബൂത്ത് ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ മണ്ഡലത്തിലെയും യോഗങ്ങൾ. എൽ.ഡി.എഫ്. കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയായിട്ടുണ്ട്. സിഐ.ടി.യു. ഉൾപ്പെടെയുള്ള എല്ലാ ഇടത് ട്രേഡ് യൂണിയനുകളുടെയും പ്രവർത്തകരുടെ ഒരു ദിവസത്തെ വേതനം തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു നൽകാനും സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ ശക്തമായ സൈബർ പ്രചാരണവും ഇടതുമുന്നണി നടത്തുന്നുണ്ട്.

കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിർക്കുകയും ഇവർ തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്ന ജനങ്ങളെ് ബോധവത്ക്കരിക്കുകയുമാണ് സിപിഎം കുടുംബയോഗങ്ങളിലുടെ ലക്ഷ്യമിടുന്നത്. കോൺഗ്രസ് നൽകുന്ന ഓരോവോട്ടും ബിജെപിക്കുള്ളതാണെന്നും, ഇന്നത്തെ കോൺഗ്രസാണ് നാളത്തെ ബിജെപിയെന്നും ഇടതുമുന്നണി നേതാക്കൾ കൃത്യമായി പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബിജെപിയിലേക്ക് കാലുമാറിയ നൂറിലേറെ പ്രമുഖരുടെ ലിസ്റ്റും കുടുംബയോഗങ്ങളിൽ വായിക്കുന്നുണ്ട്. അതുപോലെ തന്നെ സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ യാതൊരു മാറ്റവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഉർവശീശാപം ഉപകാരമെന്ന മോഡലിൽ ശബരിമല സമരവും അതിന്റെ ഭാഗമായുണ്ടായ അക്രമങ്ങളും ഒരു പരിധിവരെ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം കരുതുന്നത്. യുവാക്കളുടെയും അഭ്യസ്തവിദ്യരുടെയും വർധിച്ച പിന്തുണ ഇതുമൂലം ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഒരു ഭാഗത്ത് മുന്നോക്ക വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാവുമ്പോൾ മറുഭാഗത്ത്, ദലിത് -ഈഴവ -മുസ്ലീവോട്ടുകൾ അനുകൂലമാവുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. ഒപ്പം പിണറായി സർക്കാറിന്റെ ഭരണനേട്ടങ്ങളും അവർ എടുത്തുകാട്ടുന്നുണ്ട്.

കോലീബിയും ചർച്ചാവിഷയമാക്കും

പക്ഷേ ഇപ്പോൾ ഇടതുമുന്നണി തുറുപ്പുചീട്ടായി ഉപയോഗിക്കുന്ന് കോലീബി സഖ്യത്തെയാണ്. 1991ൽ കോഴിക്കോട് ജില്ലയിൽ രൂപപ്പെട്ട അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്. ഇതിനെ മറികടന്ന് വിജയിച്ച് കയറിയ ചരിത്രം സിപിഎമ്മിന് ഉണ്ട്. ഇപ്പോൾ 17ാം ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ കോലീബി വിഷയം ചർച്ചയാവുകയാണ്. സിപിഎമ്മിനെ ഇല്ലാതാക്കാനും ലോക്‌സഭ തെരഞ്ഞെടുപ്പിലും കോലീബി സഖ്യം വീണ്ടും രൂപപ്പെട്ടുവെന്നും സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ എങ്കിലും ധാരണയുണ്ടെന്നും സിപിഎം പറയുന്നു.

കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിലാണ് കോൺഗ്രസും ലീഗും ബിജെപിയും ചേർന്ന് സഖ്യമുണ്ടാക്കുന്നതെന്ന് ഇടതുമ്ുന്നണി ആരോപിക്കുന്നത്. ഈ അഞ്ച് സീറ്റുകളിൽ ബിജെപി സഹായിക്കുന്നതിന് പ്രതിഫലമായി പത്തനംതിട്ടയിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ജയിക്കാൻ കോൺഗ്രസ് സഹായം നൽകുമെന്നും സിപിഎം ആരോപിക്കുന്നു.

നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതു കാരണം പ്രചാരണത്തിൽ ഏറെ മുന്നിലെത്താൻ കഴിഞ്ഞതായും ഇടതുമുന്നണി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം പ്രചാരണം വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് 13 സീറ്റുകളിൽ വിജയം ഉറപ്പാണെന്ന് വിലയിരുത്തിയിരുന്നു. സിറ്റ്സീറ്റുകൾക്ക് പുറമേ കഴിഞ്ഞതവണ നഷ്ടപ്പെട്ട കണ്ണുർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, എറണാംകളും എന്നിവ പടിച്ചെടുക്കാൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

പാർട്ടിയിലെ വിഭാഗീയത അസ്തമിച്ചതും സിപിഎമ്മിന് പ്രതീക്ഷയേകുന്നു. അതേസമയം ഇത്തവണ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പൊതുവെ കരുതിയിരുന്ന വി എസ് അച്യുതാനന്ദൻ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് 95ാമത്തെ വയസ്സിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് സിപിഎമ്മിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആലപ്പുഴയിലെ ഇടതുസ്ഥാനാർത്ഥി എ എം ആരിഫിന്റെ പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു വിഎസിന്റെ പ്രചാരണത്തുടക്കം. ജനത്തെ കണ്ടതോടെ ആവേശം കയറിയ വി എസ് കോൺഗ്രസിനെയും ബിജെപിയെയും തന്റെ സ്വസിദ്ധമായ ശൈലിയിൽ നിശിതമായി വിമർശിക്കുകയും ചെയ്തു. വലിയ ആരവങ്ങളോടെയാണ് പുന്നപ്ര - വയലാർ സമരനായകനെ ജനം സ്വീകരിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ നിരവധി പൊതുയോഗങ്ങളിൽ വി എസ് പങ്കെടുക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചിട്ടുണ്ട്.

പ്രചരണം നയിക്കാൻ പിണറായിയും വിഎസും തന്നെ

ബാലകൃഷ്ണപ്പിള്ളയെ അടക്കം എൽഡിഎഫിൽ എടുത്തതിന് കടുത്ത അതൃപ്തിയുള്ള വി എസ് കഴിഞ്ഞ കുറച്ചുനാളായി പാർട്ടി വേദിയിൽ സജീവമല്ല. പക്ഷേ നിരന്തരമായി പാർട്ടി ഔദ്യോഗിക നേതൃത്വത്തെ വെട്ടിലാക്കുന്ന സമീപനവും അടുത്തകാലത്തായി അദ്ദേഹം എടുക്കാറില്ല. എന്നാലും ആലപ്പാട് സമരവും ഐസ്‌ക്രീം കേസും അടക്കമുള്ള വിഷയങ്ങളിൽ സർക്കാറിന്റെ പൊതുനിലപാടിൽനിന്ന് ഭിന്നമായി തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാനും അദ്ദേഹം മടിച്ചില്ല.

സിപിഎം ഔദ്യോഗിക നേതൃത്വത്തിന് ഇപ്പോഴും വിഎസിനോട് വലിയ താൽപ്പര്യം ഒന്നുമില്ലെങ്കിലും, ഒരു ക്രൗഡ് പുള്ളർ എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ് പ്രയോജനപ്പെടുമെന്നാണ് അവർ കരുതുന്നത്. ഇത്തവണത്തെ പ്രചാരണ പരിപാടികളിൽ ആരോഗ്യം അനുവദിക്കുന്ന വിധത്തിൽ സജീവമാകണെമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടകരയിലെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ പി ജയരാജനും നേരിട്ട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് വി എസ് പ്രചാരണ രംഗത്ത് ഇറങ്ങിയത്. മലബാറിലെ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ വിഎസിനെ പങ്കെടുപ്പിക്കാനാണ് ഇപ്പോൾ പാർട്ടി ആലോചിക്കുന്നത്.

പക്ഷേ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സിപിഎമ്മിനുവേണ്ടി പ്രചാരണം നയിക്കുന്നത്. അരനൂറ്റാണ്ടിലേറെയുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് പിണറായി വിജയൻ ഒരു പൊതുതെരഞ്ഞെടുപ്പിന് നേരിട്ട് നേതൃത്വം കൊടുക്കുന്നത്. പിണറായി മുഖ്യമന്ത്രിയായ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽപോലും എൽഡിഎഫിന്റെ താരപ്രചാരകൻ വി എസ് ആയിരുന്നു. എന്നും നായനാരുടെയും വിഎസിന്റെ തണലിൽ രണ്ടാമതായിരുന്നു പിണറായി നിന്നിരുന്നത്. മാത്രമല്ല വിഭാഗീയതയും ലാവലിൻ കേസും കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് അദ്ദേഹം ഒട്ടും ജനപ്രിയനായിരുന്നില്ല.

പുഞ്ചിരിക്കുകപോലുമില്ലാത്ത മുടരൻ പാർട്ടി സെക്രട്ടറിയുടെ ഇമേജാണ് മാധ്യമങ്ങൾ അദ്ദേഹത്തിന് ചാർത്തിക്കൊടുത്ത്. എന്നാൽ മുഖ്യമന്ത്രിയായ ശേഷം പ്രളയവും ശബരിമലയുമൊക്കെയായി പിണറായിയുടെ പ്രതിഛായ വളരെ പെട്ടന്ന് പാർട്ടിക്കകത്ത് ഉയർന്നു. ശബരിമല പ്രക്ഷോഭങ്ങളെ തുടർന്ന് എൽഡിഎഫ് നടത്തിയ പൊതുയോഗങ്ങളിൽ വൻ ജനാവലിയാണ് പിണറായിയുടെ പ്രസംഗം കേൾക്കാനായി എത്തിയത്. പിണറായി ആദ്യമായി മുഖ്യപ്രചാരകനായ ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് സിപിഎം സീറ്റ് നിലനിർത്തിയത് അദ്ദേഹത്തിന് ആതമവിശ്വാസം പകരുന്ന ഘടകം കൂടിയാണ്. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടതോടെ സിപിഎം കേന്ദ്രനേതൃത്വത്തിലും ഇപ്പോൾ താരം പിണറായി തന്നെയാണ്. സിപിഎം കേന്ദ്ര നേതാക്കളായ യെച്ചൂരിയും, കാരാട്ടം, വൃന്ദകകാരാട്ടും, മണിക്ക് സർക്കാറും അടക്കമുള്ളവരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP