Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യെദ്യൂരപ്പ സ്വന്തം കൈപ്പടയിൽ എഴുതിയത് 2009ലെ കർണാടക നിയമസഭ ഡയറിയിൽ; ആദ്യം പറയുന്നത് കർണാടകയിൽ സർക്കാർ വീഴാതിരിക്കാൻ സ്വതന്ത്രന്മാരെ ചാക്കിട്ടുപിടിക്കാനായി 10 കോടിയും 20 കോടിയും നൽകിയ 'രഹസ്യം'; ബിജെപി കേന്ദ്ര കമ്മിറ്റിക്ക് കൊടുത്ത 1800 കോടി നൽകിയ 26 വ്യക്തികളുടെ പേരും പട്ടികയിൽ; ഒഴിവാക്കിയിരിക്കുന്നത് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പേരുകൾ: തങ്ങൾ പുറത്തുവിട്ട രേഖകൾ തികച്ചും ആധികാരികമെന്ന് കാരവൻ മാഗസിൻ; എല്ലാം വ്യാജമെന്ന് ബിജെപി

യെദ്യൂരപ്പ സ്വന്തം കൈപ്പടയിൽ എഴുതിയത് 2009ലെ കർണാടക നിയമസഭ ഡയറിയിൽ; ആദ്യം പറയുന്നത് കർണാടകയിൽ സർക്കാർ വീഴാതിരിക്കാൻ സ്വതന്ത്രന്മാരെ ചാക്കിട്ടുപിടിക്കാനായി 10 കോടിയും 20 കോടിയും നൽകിയ 'രഹസ്യം'; ബിജെപി കേന്ദ്ര കമ്മിറ്റിക്ക് കൊടുത്ത 1800 കോടി  നൽകിയ 26 വ്യക്തികളുടെ പേരും പട്ടികയിൽ; ഒഴിവാക്കിയിരിക്കുന്നത് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പേരുകൾ: തങ്ങൾ പുറത്തുവിട്ട രേഖകൾ തികച്ചും ആധികാരികമെന്ന് കാരവൻ മാഗസിൻ; എല്ലാം വ്യാജമെന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ പേരിൽ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്ന് ബിജെപി തിരിച്ചടിക്കുമ്പോൾ, രേഖകൾ തികച്ചും ആധികാരികമെന്ന് കാരവൻ അവകാശപ്പെട്ടു. ആദായനികുതി വകുപ്പിന്റെ ആധികാരികമായ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. ധനമന്ത്രാലയത്തിൽ ഈ രേഖകൾ നേരത്തെ എത്തിയിട്ടും എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടതാണെന്നും കാരവൻ എക്‌സിക്യൂട്ടീവ് എഡിറ്റർ വിനോദ് ജോസ് പറഞ്ഞു.

'ആദായനികുതി വകുപ്പിന്റെ പക്കൽ നിന്നുള്ള കടലാസുകളാണ് കാരവന്റെ കൈവശമുള്ളത്. ഒന്നു രണ്ടു കുറിപ്പുകൾ, യെദ്യൂരപ്പയുടെ കൈപ്പടിയിലുള്ള ഡയറിക്കുറിപ്പുകൾ എന്നിവയുമുണ്ട്. 2009 ലെ കർണാടക നിയമസഭയുടെ ഡയറിയിലാണ് കുറിപ്പുകൾ എഴുതിയിരിക്കുന്നത്. അതിൽ തുടക്കത്തിൽ 2008 ൽ കർണാടകയിൽ ന്യൂനപക്ഷ സർക്കാർ രൂപീകരിച്ച കാര്യമാണ് സൂചിപ്പിക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടി കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള സ്വതന്ത്രന്മാരെ കൊണ്ടുവന്നാണ് ആ സർക്കാർ നിലനിർത്തിയത്. അങ്ങനെയുള്ള ചിലരുടെ 10 കോടി 20 കോടി എന്നിങ്ങനെ കാണിച്ചിരിക്കുന്നു. ജനാർദ്ദന റെഡ്ഡി കാരണമാണ് ഞാൻ മുഖ്യമന്ത്രിയായത് എന്ന കുറിപ്പോടെയാണ്് ഡയറി തുടങ്ങുന്നത്. പിന്നീടുള്ള പേജുകളിൽ കാണുന്നത് ബിജെപി കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി കൊടുത്തുവെന്നാണ്. ബിജെപിയുടെ കർണാടക പ്രഭാരിയായിട്ടുള്ള അരുൺ ജെയ്റ്റ്‌ലിക്ക് 150 കോടി കൊടുത്തു. ഗഡ്കരിക്ക് 150 കോടി, രാജ്‌നാഥ് സിംഗിന് 100 കോടി, അദ്വാനിക്ക് 50 കോടി, മുരളീ മനോഹർ ജോഷിക്ക 50 കോടി, നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി, ജഡ്ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് 50 കോടി. അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പേരുകൾ കുറിച്ചിട്ടില്ല.

ഇത് കൂടാതെ എങ്ങനെ എവിടെ നിന്ന് ആരൊക്കെ യെദ്യൂരപ്പയ്ക്ക് പണം കൊടുത്തുവെന്നതിന്റെ 26 പേരുടെ പട്ടികയുമുണ്ട്. അതിൽ 5 കോടി മുതൽ 500 കോടി വരെ കൊടുത്തവരുടെ പട്ടിക കാണുന്നുണ്ട്. 2017 ഓഗസ്റ്റ് മുതൽ ആദായനികുതി വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് ഇത്. ധനമന്ത്രിയുടെ പക്കൽ ഈ രേഖകൾ എത്തിയെന്നും അത് അന്വേഷിക്കാൻ ഉത്തരവിട്ടുവെന്നും കാരവന് വിവരം ലഭിച്ചിട്ടുണ്ട്', വിനോദ് ജോസ് പറഞ്ഞു.

യെദ്യൂരപ്പയുടെ വിവാദ ഫോൺ സംഭാഷണം

വിവാദഫോൺകോളുകളുടെ പേരിൽ കോൺഗ്രസ് നേരത്തെ യെദ്യൂരപ്പയെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഈ വിഷയം പാർലമെന്റിലും ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പയും കേന്ദ്ര മന്ത്രി അനന്ത്കുമാറും തമ്മിൽ നടന്ന വിവാദ സംഭാഷണങ്ങൾ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോ ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. കർണാടക പൊലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് സിഡി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. സിഡിയിലെ ശബ്ദവും സാമ്പിളുകളും തമ്മിൽ സമാനതകളുണ്ടെന്ന് റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവാദത്തിൽ കഴമ്പില്ലെന്ന മറുപടികൾ വിലപ്പോവില്ല. കോൺഗ്രസ് നേതാവ് ഉഗ്രപ്പയാണ് ഇവരുടെ സംഭാഷണം അടങ്ങിയ വീഡിയോ സി.ഡി. പുറത്തുവിട്ടത് .പാർട്ടി ഓഫീസിൽ വച്ച് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെ മൈക്ക് ഓഫ് ചെയ്യാൻ മറന്നതാണ് വിനയായത്. ഇതിന് പിന്നാലെ നേതാക്കൾക്ക് പണം നൽകിയ വിവരങ്ങൾ അടങ്ങിയ ഡയറി ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇതിലെ വിവരങ്ങൾ പുറത്തുവിടാൻ വകുപ്പ് തയ്യാറായിരുന്നില്ല. ഈ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോൾ കാരവൻ പുറത്തുവിട്ടത്. വിവാദമായ സംഭാഷണം:

അനന്തകുമാർ: അധികാരത്തിലിരുന്നപ്പോൾ താങ്കളും ഞാനും പണം കൊടുത്തിട്ടുണ്ട്. പണം കൊടുത്തിട്ടില്ലെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നാൽ, 1000 കോടി നൽകിയിട്ടില്ല. എത്രയാണെന്ന് പറഞ്ഞാലല്ലേ അറിയൂ.

യെദ്യൂരപ്പ: എല്ലാവരും കൊടുത്തിട്ടുണ്ടാകും. ആരാണ് ഇതെല്ലാം എഴുതിവെക്കുന്നത്?

അനന്തകുമാർ: ഒരു തീപ്പൊരിയുണ്ടായാൽ അതു കാട്ടുതീപോലെ പടരും. 1000 കോടി കൊടുത്തിട്ടില്ലെന്ന് ആരും വിശ്വസിക്കില്ല. കൊടുത്തുവെന്ന് എല്ലാവരും പറയും.

യെദ്യൂരപ്പ: ഡയറി പുറത്തുവരട്ടെ.

അനന്തകുമാർ: അതെ, തിരഞ്ഞെടുപ്പുവരെ അവർ അതിനുത്തരം പറയേണ്ടിവരും. പറയട്ടെ.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് കോൺഗ്രസ് യെദ്യൂരപ്പ ഡയറിയുമായി രംഗത്തത്തെതിയതെന്ന ബിജെപി. നുണകളുടെ ഒരുശൃംഖലയാണ് കോൺഗ്രസ് നെയ്‌തെടുക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. മലപോലെ വന്നത് എലിപോലെ പോയ അവസ്ഥയാണ്. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. പുറത്തുവന്ന കടലാസുകൾ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ നൽകിയതാണ്. രേഖയിലുള്ളത് യെഡിയൂരപ്പയുടെ കൈയക്ഷരം അല്ലെന്ന് തെളിഞ്ഞതാണ്. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ കോൺഗ്രസിന് സമനില തെറ്റിയെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

ഡയറിയിലെ വെളിപ്പെടുത്തലുകൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബി.എസ്. യെഡിയൂരപ്പ. ആശയപാപ്പരത്തം കൊണ്ടാണ് കോൺഗ്രസ് ആരോപണമുന്നയിക്കുന്നത്. രേഖകൾ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് തെളിയിച്ചതാണെന്നും യെഡിയൂരപ്പ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP