Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1800 കോടി മോഷ്ടിച്ചെന്ന ആരോപണം ഉയർന്നിട്ടും മോദിയും രാഹുലും നിശ്ശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്? തെരഞ്ഞെടുപ്പുകാലത്ത് ഉയരുന്ന ഗുരുതര ആരോപണം തെറ്റെന്ന് തെളിയിക്കാൻ ആദായ നികുതിയുടെ ഭരണം കയ്യിലുള്ള മോദി സർക്കാരിനാവില്ലേ? കേവലം നിഷേധിക്കലിൽ ഒതുക്കേണ്ടതല്ല യെദ്യൂരപ്പാ ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

1800 കോടി മോഷ്ടിച്ചെന്ന ആരോപണം ഉയർന്നിട്ടും മോദിയും രാഹുലും നിശ്ശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്? തെരഞ്ഞെടുപ്പുകാലത്ത് ഉയരുന്ന ഗുരുതര ആരോപണം തെറ്റെന്ന് തെളിയിക്കാൻ ആദായ നികുതിയുടെ ഭരണം കയ്യിലുള്ള മോദി സർക്കാരിനാവില്ലേ? കേവലം നിഷേധിക്കലിൽ ഒതുക്കേണ്ടതല്ല യെദ്യൂരപ്പാ ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കേന്ദ്രം ഭരിക്കുന്ന ബിജെപിയ്‌ക്കെതിരെ ഒടുവിൽ അതിഗുരുതരമായ അഴിമതി ആരോപണം ഉയർന്നിരിക്കുകയാണ്. ഇപ്പോൾ അവസാനിക്കുന്ന മോദിയുടെ അഞ്ചു വർഷത്തെ ഭരണകാലയളവിലോ മോദിയുടെ നേതൃത്വത്തിലോ അല്ല അഴിമതി ഉണ്ടായിരിക്കുന്നത് എന്ന ആശ്വാസം ബിജെപിക്ക് ഉണ്ടെങ്കിലും കർണാടകയിലെ യെദ്യൂരപ്പാ എന്ന ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനറുടെ നേതൃത്വത്തിൽ 1800 കോടിയുടെ അഴിമതി സംഭവിച്ചു എന്ന ആരോപണം നിസാരമായി തള്ളിക്കളയുവാൻ കഴിയുകയില്ല.

കാരണം കർണാടകയിലെ രാഷ്ട്രീയം അങ്ങനെതന്നെയാണ്. ഖനി മുതലാളിമാരുടെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്. യെദ്യൂരപ്പാ എന്ന നേതാവ് 1800 കോടി രൂപ പലർക്കായി വീതിച്ചു കൊടുത്തു എന്നത് ശരിയാണെങ്കിൽ അത്ഭുതപ്പെടേണ്ടതൊന്നുമില്ല. എന്നാൽ കോൺഗ്രസിന്റെ ഒരു നേതാവ് വാർത്താ സമ്മേളനം നടത്തി അങ്ങനെ പ്രസ്താവനയിറക്കി എന്നതുകൊണ്ട് മാത്രം ബിജെപിയിലെ നേതാക്കന്മാരൊക്കെ 1800 കോടി രൂപയുടെ അഴിമതിയുടെ ഭാഗമാണ് എന്ന് ശക്തിയുക്തം ഉന്നയിക്കുന്നതിൽ അർത്ഥമൊന്നുമില്ല.

അതേ സമയം ഈ ആരോപണത്തിൽ നിന്നും ഊരിപ്പോവുക ബിജെപി നേതാക്കൾക്ക് അത്രയെളുപ്പവുമല്ല. കാരണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖയുടെ ഭാഗമായാണ് ഇങ്ങനെയൊരു ഡയറിക്കുറിപ്പുണ്ട് എന്ന് തെളിഞ്ഞിരിക്കുന്നത്. ഡയറിക്കുറിപ്പിലെ ഓരോ പേജിലും യെദ്യൂരപ്പായുടെ ഒപ്പുണ്ട് എന്നും വ്യക്തമാകുന്നു. ബിജെപി മറുപടിയായി പറയുന്നത് ഫോട്ടോസ്റ്റാറ്റെടുത്ത വ്യാജ രേഖകളാണ് ആ ഡയറിക്കുറിപ്പെന്നാണ്. അങ്ങനെയെങ്കിൽ കേവലം ആരോപണം ഉയർത്തിക്കൊണ്ട് കോൺഗ്രസിനും കേവലം നിഷേധക്കുറിപ്പിറക്കിക്കൊണ്ട് ബിജെപിക്കും ഇത്രയും പ്രധാനപ്പെട്ട ഒരു ആരോപണത്തിൽ നിന്നും തലയൂരുക സാധ്യമല്ല.

1800 കോടി രൂപയുടെ അഴിമതി നടന്നെന്നും അതിൽ 250 കോടി രൂപ ജഡ്ജിമാർക്ക് നൽകിയതാണെന്നും 100 കോടി വീതം അരുൺ ജയ്റ്റ്‌ലിയും നിതിൻ ഗഡ്ക്കരിയുമടക്കം കേന്ദ്രത്തിൽ ഇപ്പോൾ മന്ത്രിമാരായിരിക്കുന്ന അക്കാലത്തെ പ്രമുഖ നേതാക്കന്മാർക്ക് നൽകിയതാണെന്നും ഒക്കെ പുറത്ത് വരുമ്പോൾ അതിൽ മോദിയും അമിത് ഷായും ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട് കേവല നിഷേധത്തിൽ ഇത് അവസാനിപ്പിക്കാൻപാടില്ല.

മാത്രമല്ല ഇത്രയും വലിയ ഒരു ആരോപണമുണ്ടാകുമ്പോൾ വെറുതെ മൗനം പാലിച്ചിരിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നതും ശരിയല്ല. പ്രധാനമന്ത്രിയുടെ മൗനം പോലെ തന്നെ ശ്രദ്ധേയമാണ് രാഹുൽ ഗാന്ധിയുടെ മൗനവും. 1800 കോടിയുടെ അഴിമതി ബിജെപിയിലെ മന്ത്രിമാരും നേതാക്കന്മാരും നടത്തിയെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാജ്യം മുഴുവൻ ഓടി നടക്കുന്ന രാഹുൽ ഗാന്ധി അതുയർത്തിപിടിക്കേണ്ടതുണ്ട്.

പ്രത്യേകിച്ച് റഫേൽ ഇടപാടിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്താൻ രാഹുൽ ഗാന്ധി നിരന്തരമായി ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ് 1800 കോടിയുടെ അഴിമതിയെ കുറിച്ച് രാഹുൽ മൗനം പാലിക്കുന്നത് എന്ന ചോദ്യത്തിനും ഉത്തരം നൽകേണ്ടതുണ്ട്. എന്നാൽ പന്തിപ്പോൾ മോദിയുടെ കോർട്ടിൽ തന്നെയാണ്. 1800 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപണം ഉന്നയിക്കുകയും അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ തെളിയിക്കേണ്ട ബാധ്യത മോദിയുടേതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP