Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിൽ നിന്ന് പി.എം നരേന്ദ്ര മോദി സിനിമയെങ്കിൽ കേരളത്തിൽ നിന്ന് 'ഇന്ത്യ നരേന്ദ്ര മോദിയിലൂടെ' പുസ്തകം; മോദിയുടെ ഭരണനേട്ടങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം രചിച്ചത് മുൻ കോൺഗ്രസ് പ്രവർത്തകൻ വത്സൻ നെല്ലിക്കോട്; പ്രകാശനം ചെയ്യുന്നത് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ടോം വടക്കൻ: സ്വീകരിക്കുന്നത് ബിജെപിയെയും സിപിഎമ്മിനെയും മാറിമാറി അനുകൂലിക്കുന്ന നോവലിസ്റ്റ് പി.വത്സല

മുംബൈയിൽ നിന്ന് പി.എം നരേന്ദ്ര മോദി സിനിമയെങ്കിൽ കേരളത്തിൽ നിന്ന് 'ഇന്ത്യ നരേന്ദ്ര മോദിയിലൂടെ' പുസ്തകം; മോദിയുടെ ഭരണനേട്ടങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം രചിച്ചത് മുൻ കോൺഗ്രസ് പ്രവർത്തകൻ വത്സൻ നെല്ലിക്കോട്; പ്രകാശനം ചെയ്യുന്നത് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ടോം വടക്കൻ: സ്വീകരിക്കുന്നത്  ബിജെപിയെയും സിപിഎമ്മിനെയും മാറിമാറി അനുകൂലിക്കുന്ന നോവലിസ്റ്റ് പി.വത്സല

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്പദമാക്കി ഒരുക്കുന്ന പി എം നരേന്ദ്ര മോദി എന്ന ചിത്രം അടുത്ത് തന്നെ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സിനിമയൊരുക്കിയതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. മോദിക്കെതിരെ ഗൂഢാലോചന നടത്തുന്ന പ്രതിപക്ഷത്തെ ഉൾപ്പെടെ ട്രെയിലറിൽ കാണാമായിരുന്നു. ചെറുപ്പത്തിൽ ചായ വിൽക്കുന്ന, സന്ന്യാസിയാവണമെന്ന് അമ്മയോട് പറയുന്ന, യുവാവായിരിക്കെ സൈന്യത്തോടൊപ്പം ഓപ്പറേഷനിൽ പങ്കാളിയാകുന്ന മോദിയെ ട്രെയിലറിൽ കാണാം.

ഗുജറാത്ത് കലാപകാലത്ത് സങ്കടപ്പെടുന്ന മോദിയുടെ ദൃശ്യങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവേക് ഒബ്രോയ് നായകനായി അഭിനയിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് പ്രദർശനത്തിനെത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. എന്റെ രാജ്യത്തൊടുള്ള സ്നേഹമാണ് എന്റെ ശക്തി എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിന് സമാനമായ രീതിയിലാണ് കേരളത്തിൽ നിന്ന് അഞ്ച് വർഷത്തെ മോദി ഭരണത്തിന്റെ സമഗ്ര വിവരങ്ങളടങ്ങിയ എഴുന്നൂറ് പേജുള്ള പുസ്തകം പുറത്തിറങ്ങുന്നത്. 86 അധ്യായങ്ങളുള്ള പുസ്തകം അഞ്ച് വർഷമെടുത്താണ് എഴുതിത്ത്ത്തീർത്തതെന്നാണ് രചയിതാവ് വത്സൻ നെല്ലിക്കോട് പറയുന്നത്.

പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ച് ഒരു സർക്കാറിന്റെ പ്രവർത്തനങ്ങളും പദ്ധതികളും തീയ്യതി ക്രമത്തോടെ എഴുതപ്പെടുന്ന ആദ്യത്തെ ഗ്രന്ഥമാണിത്. പ്രിയപ്പെട്ട ജർമ്മനി, ആത്മയോഗം, ആനന്ദമോ സ്വാഗതം, സൂര്യവാക്യം തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങളുടെ രചയിതാവാണ് വത്സൻ നെല്ലിക്കോട്. 25 ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ടോം വടക്കൻ പ്രകാശനം നിർവ്വഹിക്കും. പ്രശസ്ത നോവലിസ്റ്റ് പി വത്സല ആദ്യ കോപ്പി ഏറ്റുവാങ്ങും. ഇതേ സമയം നോട്ട് നിരോധനം, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ, ദലിത് പീഡനം തുടങ്ങിയ കാര്യങ്ങളും പുസ്തകത്തിൽ പരാമർശിക്കുമോ എന്ന ചോദ്യത്തിന് വികസനം മാത്രമാണ് പരാമർശിച്ചത് എന്നായിരുന്നു എഴുത്തുകാരന്റെ മറുപടി.

താൻ മുമ്പ് കെ എസ് യു നേതാവായിരുന്നുവെന്നും പിന്നീട് കോൺഗ്രസ് സജീവ പ്രവർത്തകനായെന്നും പാർട്ടി വിട്ട ശേഷം മറ്റൊരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം സ്വീകരിക്കുന്ന നോവലിസ്റ്റ് പി വത്സലയുടെ നിലപാടുകളും ചർച്ചയാവുന്നുണ്ട്. നേരത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഉൾപ്പെടെ സജീവ പ്രവർത്തകയായിരുന്ന ടീച്ചർ പിന്നീട് പുരോഗമന കലാസാഹിത്യ സംഘത്തെതള്ളിപ്പറഞ്ഞ് മോദിയെ വാഴ്‌ത്തിപ്പാടി രംഗത്ത് വരികയായിരുന്നു. ഭാരതത്തിന്റെ വികസനത്തിന് മോദിയുടെ നിലപാടുകൾ സഹായിക്കുമെന്നായിരുന്നു അവരുടെ നിലപാട്.

കുറേക്കാലത്തിന് ശേഷം വത്സല ടീച്ചർ വീണ്ടും ഇടതുപക്ഷത്തോട് അടുത്തു. അടുത്തിടെ നടന്ന വനിതാ മതിലിനെ അഭിനന്ദിച്ചുകൊണ്ട് അവർ സംസാരിച്ചിരുന്നു. സ്ത്രീയുടെ സ്വാഭിമാനത്തിന് ഒരേ സമയം സംരക്ഷണവും പ്രതിരോധവും തീർക്കാനുള്ള ആഹ്വാനമാണ് വനിതാ മതിലെന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. സ്ത്രീകൾ എന്ത് കാര്യം ചെയ്യാൻ തുടങ്ങിയാലും അതിനെ വിമർശിച്ച് ഇല്ലാതാക്കുക എന്നത് ചരിത്രകാലം മുതലേ ഉള്ളതാണ്. വിമർശനങ്ങളെ തള്ളിക്കളയണമെന്നും അന്ന് അവർ അഭിപ്രായപ്പെട്ടു.

പിന്നീട് കോഴിക്കോട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന് അവർ വിജയാശംസകൾ നേരുകയും ചെയ്തു. ഇതേ പി വത്സല ടീച്ചറാണ് ഇപ്പോൾ വീണ്ടും നരേന്ദ്ര മോദിയെ പുകഴ്‌ത്തുന്ന പുസ്തകം സ്വീകരിക്കുന്നത്. ബിജെപി അനുകൂല സംഘടനയായ തപസ്യ കലാസാഹിത്യ വേദിയും പുസ്തകം പ്രസിദ്ധീകരിച്ച ഇന്ത്യാ ബുക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള, കമാൽ വരദൂർ, ടി.പി ജയചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP