Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മരുന്ന് തിരിമറി കേസിൽ തിരുവനന്തപുരം മുൻ ജില്ലാ സ്റ്റോർ സൂപ്രണ്ടിനും വിതരണക്കാരനും തടവും പിഴയും; വർഷങ്ങൾക്ക് മുൻപ് നടന്ന മരുന്ന് തിരിമറി പുറത്തറിഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികളിൽ അസാധാരണമായ വിറയലും പനിയും പ്രത്യക്ഷപ്പെട്ടതോടെ; പ്രതികൾക്ക് രണ്ടു വർഷം തടവും 15,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി

മരുന്ന് തിരിമറി കേസിൽ തിരുവനന്തപുരം മുൻ ജില്ലാ സ്റ്റോർ സൂപ്രണ്ടിനും വിതരണക്കാരനും തടവും പിഴയും; വർഷങ്ങൾക്ക് മുൻപ് നടന്ന മരുന്ന് തിരിമറി പുറത്തറിഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികളിൽ അസാധാരണമായ വിറയലും പനിയും പ്രത്യക്ഷപ്പെട്ടതോടെ; പ്രതികൾക്ക് രണ്ടു വർഷം തടവും 15,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി

പി. നാഗരാജ്

തിരുവനന്തപുരം: മരുന്നു തിരുമറി നടത്തിയ കേസിൽ ജില്ലാ സ്റ്റോർ സൂപ്രണ്ടിനും മൊത്ത വിതരണക്കാരനും 2 വർഷം തടവിനും പതിനയ്യായിരം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലാ സ്റ്റോർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിൽ. പെരുന്താന്നിയിൽ, റ്റി.സി. 36/590 ശാന്താ നിവാസിൽ ജി. കേശവൻ നായരെയും മരുന്ന് വിതരണ കമ്പനിയായ ബയോ-എത്തിക്കൽ ഫാർമ ലിമിറ്റഡ് മാനേജിങ് പാർട്ണറായിരുന്ന കൊല്ലം താമരക്കുളം ഹൗസ് നമ്പർ 18/418 സരസ്വതി ഭവനിൽ താമസം കെ.എസ് ബാബുകുമാറിനെയും ആണ് തിരുവനന്തപുരം വിജിലൻസ് ജഡ്ജ് ഡി. അജിത് കുമാർ 2 വർഷം തടവിനും, 15,000/ രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.

1996 ജനുവരി മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വാർഡിലെ രോഗികൾക്ക് രോഗാണു വളർച്ച തടയുന്ന മരുന്നു കുത്തിവെപ്പ് ചെയ്തവരിൽ വിറയലും പനിയും കണ്ടതിനെ തുടർന്ന് ചീഫ് ഫാർമസിസ്റ്റ് നടത്തിയ പരിശോധനയിൽ നസ്റ്റർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്നും വിതരണം ചെയ്ത ആംപിസിലിൻ മരുന്നിൽ നിന്നും ഉണ്ടായ പാർശ്വഫലങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജിൽ ഉപയോഗത്തിലിരുന്ന പരാതിക്കിടയാക്കിയ ബാച്ചിൽപെട്ട ബാക്കി ഉണ്ടായിരുന്ന 63,071 ആംപിസിലിന് മരുന്നുകൾ തിരിച്ചെടുത്ത് പകരം വേറെ ബാച്ചിലെ മരുന്ന് തരാനും, ഡ്രഗ് കൺട്രോളർ മുഖാന്തിരം കൂടുതൽ പരിശോധനയ്ക്കും മെഡിക്കൽ കോളേജ് സൂപ്രണ്ട് നിർദ്ദേശം നൽകി. ഇതിനെ തുടർന്ന് ഡ്രഗ് ഇൻസ്പെക്ടർ ഈ ബാച്ചിൽപെട്ട മരുന്നുകളുടെ സാമ്പിളുകൾ ആശുപത്രിയിൽ നിന്നും ശേഖരിച്ച് സെൻട്രൽ ലാബിൽ പരിശോധനക്ക് അയക്കുകയും ചെയ്തു.

എന്നാൽ ഇതേ കമ്പനിയുടെ ആംപിസിലിൻ മരുന്നിന് മറ്റൊരു സ്റ്റോർ ആയ ജില്ലാ മെഡിക്കൽ സ്റ്റോറിൽ 1996 ഒക്ടോബർ 16 ന് മൂന്ന് ലക്ഷം മരുന്നുകൾ വിതരണം ചെയ്തത് അവിടുത്തെ ജില്ലാ മെഡിക്കൽ സ്റ്റോർ സൂപ്രണ്ടായിരുന്ന ജി.കേശവൻ നായർ സ്വീകരിച്ചു ബില്ലുകളിൽ സാക്ഷിപ്പെടുത്തി രേഖപ്പെടുത്തിയ ശേഷം, കൈവശം കിട്ടിയ സ്റ്റോക്കിൽ നിന്നും 63,071 മരുന്നുകൾ മെഡിക്കൽ കോളേജ് സ്റ്റോറിലേക്ക് നൽകാനുള്ള മരുന്നുകളായി നൽകിയ ശേഷം, പ്രശ്‌നം ഉള്ളതായികണ്ട് ഒഴിവാക്കി വെച്ചിരുന്ന മെഡിക്കൽ കോളേജിലെ മരുന്നുകൾ, ജില്ലാ സ്റ്റോറിൽ എത്തിച്ചു. മരുന്നിന്റെ ബാച്ച് നമ്പർ ജില്ലാ മെഡിക്കൽ സ്റ്റോറിലെ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ മരുന്നുകൾ സ്വീകരിച്ചു.

വിവാദ ബാച്ച് നമ്പറിൽപ്പെട്ട മരുന്നിനെ തെറ്റായി മറ്റൊരു ബാച്ചിലെ മരുന്നായി രേഖപ്പെടുത്തി അവയെ ജനറൽ ആശുപത്രിയിൽ വിതരണം ചെയ്യാൻ സ്റ്റോർ സൂപ്രണ്ടും, സ്റ്റോർ കീപ്പറും വ്യാജ ഇഷ്യൂ നോട്ട് തയ്യാറാക്കി. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ വിവാദ മരുന്ന് രോഗികൾക്ക് ഉപയോഗിക്കാൻ കയറ്റി വിടുകയായിരുന്നു. സെൻട്രൽ ലാബിലെ പരിശോധന ഫലത്തിൽ ഈ ബാച്ചിൽപെട്ട മരുന്നുകൾ ഗുണനിലവാരം ഇല്ലാത്തതായി കണ്ടിരുന്നു. ഇതിനെ തുടർന്ന് ഈ ബാച്ചിൽ പെട്ട മരുന്ന് തടഞ്ഞു കൊണ്ടു ഡ്രഗ്‌സ് കൺട്രോളർ എല്ലാ ആശുപത്രിയിലും അറിയിപ്പ് നൽകി. അപ്പോഴാണ് തെറ്റായ രീതിയിൽ സ്റ്റോക്കിൽ ഉൾകൊള്ളിച്ച് വിതരണം ചെയ്ത വിവരം ജില്ലാ മെഡിക്കൽ ഓഫീസർ, ഡ്രഗ് കൺട്രോളർ എന്നിവർ അറിയുന്നത്. സ്റ്റോക്കിൽ എടുത്ത 63,071 മരുന്നുകളിൽ ഇതിനിടയിൽ ഭൂരിഭാഗവും രോഗികളിൽ കുത്തിവെച്ചിരുന്നു.

ബാക്കി ആകെ 12,234 മരുന്ന് മാത്രമാണ് തിരച്ചിലിൽ തിരികെ കിട്ടിയത്. വിതരണ കമ്പനിക്ക് നഷ്ടപ്പെടുമായിരുന്ന പ്രശ്‌നങ്ങൾ കണ്ട മരുന്ന്, ബാച്ച് നമ്പർ മറച്ച് വെച്ച് സ്റ്റോക്കിൽ എടുത്ത് വിതരണം ചെയ്യുന്നതിന് സർക്കാർ ഉദ്യോഗസ്ഥരായ ജില്ലാ മെഡിക്കൽ സ്റ്റോർ സൂപ്രണ്ടിലും, സ്റ്റോർ കീപ്പറിലും സ്വാധീനം ചെലുത്തിയത് ബയോ-ഫർമ എന്ന വിതരണ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ.എസ് ബാബുകുമാറിന്റെ ഒത്താശയോടെയാണന്നായിരുന്നു വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്‌പി ചാർജ്ഷീറ്റ് ചെയ്ത കേസിലെ കുറ്റാരോപണം.

സ്റ്റോർ കീപ്പർ വിചാരണക്ക് മുൻപ് മരണപ്പെട്ട് പോയിരുന്നു. ഡ്രഗ് ഇൻസ്പെക്ടർ ഡ്രഗ് ആൻഡ് കോസ്‌മെറ്റിക് ആക്റ്റ് പ്രകാരം തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസ്സ് സർക്കാർ നിർദ്ദേശം നൽകിയതിനെ തുടർന്ന് പ്രോസിക്യൂഷൻ നടപടി പിൻവലിച്ചിരുന്നു. ഇത് വിജിലൻസ് ചാർജ് ഷീറ്റ് ചെയ്ത കേസിന്റെ തുടർനടപടികൾ പ്രതികൾ നിരവധി പ്രാവശ്യം സുപ്രീംകോടതിവരെ പോയി കേസ് നിലനിൽക്കില്ല എന്ന തർക്കം ഉന്നയിച്ചിരുന്നു.

മരുന്ന് കമ്പനികളുടെ കച്ചവട മത്സരത്തിന്റെ ഭാഗമായി മന:പ്പൂർവ്വം മരുന്നിന് പാർശ്വഫലങ്ങൾ ഉള്ളതായി വരുത്തി തീർത്തു, താൽപ്പര്യം ഉള്ള മരുന്ന് കമ്പനിയിൽ നിന്നും മരുന്ന് വാങ്ങുന്നതിനു വേണ്ടി തെറ്റായ കേസ്സിൽ മരുന്ന് കമ്പനിയെ പെടുത്തുകയായിരുന്നു എന്ന പ്രതി ഭാഗം വാദം കോടതി തള്ളി. 1996 ൽ നടന്ന തിരിമറി കൊണ്ട് മരുന്ന് കമ്പനിക്ക് 2,48,282.22/ രൂപയുടെ അവിഹിത നേട്ടവും, സർക്കാർ ആരോഗ്യ സംവിധാനത്തെ അട്ടിമറിക്കുകയുമാണ് പ്രതികൾ ചെയ്തത് എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതികളെ കുറ്റക്കാരായി കോടതി കണ്ടത്. വിജിലൻസിന് വേണ്ടി അഡീഷണൽ ലീഗൽ അഡൈ്വസർ ഉണ്ണിക്കൃഷ്ണൻ. എസ്സ്. ചെറുന്നിയൂർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP