Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ലിസ്റ്റിൽ സുരേന്ദ്രൻ മാത്രമായിട്ടും പ്രഖ്യാപിക്കാൻ വൈകുന്നു; മുഖ്യഘടക കക്ഷിയുടെ നേതാവ് ഇതുവരെ മത്സരിക്കുമോ എന്ന് തീരുമാനിച്ചില്ല; ഇരു മുന്നണികളും പ്രചാരണത്തിൽ മുമ്പിൽ എത്തിയിട്ടും ജയസാധ്യത പോലുമില്ലാത്ത മണ്ഡലത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീർക്കാനാവാതെ ബിജെപി; അണികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടി നേതാക്കൾ; ഏറ്റവും അനുകൂല സാഹചര്യം ഉണ്ടായിട്ടും മുതലാക്കാനാവാതെ ജനങ്ങൾക്ക് മുമ്പിൽ നാണം കെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാനഘടകം

പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ലിസ്റ്റിൽ സുരേന്ദ്രൻ മാത്രമായിട്ടും പ്രഖ്യാപിക്കാൻ വൈകുന്നു; മുഖ്യഘടക കക്ഷിയുടെ നേതാവ് ഇതുവരെ മത്സരിക്കുമോ എന്ന് തീരുമാനിച്ചില്ല; ഇരു മുന്നണികളും പ്രചാരണത്തിൽ മുമ്പിൽ എത്തിയിട്ടും ജയസാധ്യത പോലുമില്ലാത്ത മണ്ഡലത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീർക്കാനാവാതെ ബിജെപി; അണികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടി നേതാക്കൾ; ഏറ്റവും അനുകൂല സാഹചര്യം ഉണ്ടായിട്ടും മുതലാക്കാനാവാതെ ജനങ്ങൾക്ക് മുമ്പിൽ നാണം കെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാനഘടകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയില്ല. ഇന്ന് പുലർച്ചയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. പി.എസ്. ശ്രീധരൻ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. ചൊവ്വാഴ്ച ചേർന്ന തെരഞ്ഞെടുപ്പ് സമിതിയിൽ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അനന്തമായി നീളുകയാണ്. ഇത് വലിയ ആശയക്കുഴപ്പത്തിന് വഴിവയ്ക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ബിജെപിയിലെ സംസ്ഥാന നേതാക്കൾക്ക് പോലും അറിയില്ല. പ്രചരണം തുടങ്ങാനാവാതെ പത്തനംതിട്ടയിലെ ബിജെപിക്കാർ വലിയ പ്രതിസന്ധിയിലാണ്. അണികളുടെ ചോദ്യത്തിന് നേതൃത്വത്തിന് കൃത്യമായ ഉത്തരവുമില്ല. പത്തനംതിട്ടയ്‌ക്കൊപ്പം തൃശൂരിലും അനിശ്ചിതത്വമാണ്. തൃശൂർ സീറ്റ് ബിഡിജെഎസിനാണ് നൽകിയത്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. എന്നാൽ ഇനിയും തുഷാർ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതും ബിജെപിയെ വെട്ടിലാക്കുന്നുണ്ട്.

പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോരാണ് നടന്നത്. ഇതിന് സംസ്ഥാന ആർഎസ്എസ് ഇടപെട്ട് പരിഹാരമുണ്ടാക്കി. അതിന് ശേഷമാണ് കേരളത്തിൽ ബിജെപി മത്സരിക്കുന്ന 13 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെയാണെന്നും അടുത്ത പട്ടികയിൽ പ്രഖ്യാപനം വരുമെന്നും സംസ്ഥാന നേതാക്കൾ വിശദീകരിച്ചു. എന്നാൽ ഇന്നലെ പുറത്തു വിട്ട പട്ടികയിലും പത്തനംതിട്ട ഇല്ല. ശബരിമല വിഷയം കേരളത്തിൽ മുഖ്യ പ്രചരണ വിഷയമാക്കാനാണ് ആർഎസ്എസ് തീരുമാനം. ഇതിന് ഏറ്റവും അനുയോജ്യം പത്തനംതിട്ടയാണ്. ഇവിടെ പ്രചരണത്തിൽ പിന്നിൽ പോകുന്നത് ബിജെപിക്ക് സംസ്ഥാനത്തുടനീളം പ്രശ്‌നമാകും. കേന്ദ്ര നേതൃത്വം ഔദ്യോഗികമായി പറയാത്തതു കൊണ്ട് സുരേന്ദ്രനും വ്യക്തമായ പദ്ധതികളുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല. സുരേന്ദ്രനിൽ പ്രതീക്ഷയർപ്പിക്കുന്ന ബിജെപിയിലെ വലിയൊരു വിഭാഗവും നിരാശയിലാണ്. തിരുവനന്തപുരത്ത് പോലും പത്തനംതിട്ട ചർച്ചയാകുന്നുണ്ട്.

പത്തനംതിട്ടയിലെ അനിശ്ചിതത്വത്തിന് പിന്നിൽ തൃശ്ശൂരിൽ ഇതുവരെ മനസ്സുതുറക്കാത്ത തുഷാറിന്റെ നിലപാടും കാരണമാണ്. തുഷാറിന് തൃശ്ശൂർ വിട്ടുകൊടുക്കാൻ ബിജെപി തയ്യാറായിരുന്നു. വെള്ളാപ്പള്ളി അനുകൂലിച്ചിട്ടും ഡൽഹിയിൽ തുടരുന്ന തുഷാർ മത്സരിക്കണമോ വേണ്ടയോ എന്ന അന്തിമതീരുമാനം അറിയിച്ചിട്ടില്ല. ബിജെപി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്റെ നിലപാട്. അതേസമയം തുഷാർ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്. തുഷാർ മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസിന്റെ കൈയിൽ നിന്ന് സീറ്റെല്ലാം ബിജെപി ഏറ്റെടുക്കാനും സാധ്യതയുണ്ട്. തുഷാർ അവസാന നിമിഷം പിന്മാറിയാൽ തൃശ്ശൂർ സീറ്റ് സുരേന്ദ്രന് നൽകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള തന്നെ സ്ഥാനാർത്ഥിയായേക്കാം. ണ്ട് സീറ്റുകളിലേയും അനിശ്ചിതത്വം കേരളത്തിലെ എൻഡിഎയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

പിള്ളയും സുരേന്ദ്രനുമല്ലാതെ മൂന്നാമതൊരാൾ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹവും ഉണ്ട്. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പരിഗണിക്കുന്നുവെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ബിജെപി അത് നിഷേധിച്ചു. തുഷാറിന്റെ കാര്യത്തിൽ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് ചില ബിഡിജെഎസ് നേതാക്കൾ പറയുന്നു. എന്നാൽ ഇപ്പോഴും മത്സരിക്കുമോ എന്ന് വ്യക്തമാക്കാൻ കഴിയുന്നുമില്ല. എസ് എൻ ഡി പി ഭാരവാഹിത്വം രാജിവച്ച ശേഷമേ തുഷാർ മത്സരിക്കാവൂ എന്നാൽ വെള്ളാപ്പള്ളി നടേശന്റെ നിലപാട്. ഇത് കാരണമാണ് തുഷാർ രണ്ട് മനസ്സിൽ തുടരുന്നത്. ഇങ്ങനെ വിജയ സാധ്യതയില്ലാത്ത പാർട്ടിയായ ബിഡിജെഎസിൽ ഉണ്ടാകുന്ന അനിശ്ചിതത്വം ബിജെപിയെ കാര്യമായി തളർത്തുകയാണ്.

അതിനിടെ പത്തനംതിട്ട സീറ്റിലെ ബിജെപി സ്ഥാനാർത്ഥി തീരുമാനം നീളുന്നതിനിടെ, പ്രമുഖ കോൺഗ്രസ് നേതാവും മുൻ രാജ്യസഭ ഉപാധ്യക്ഷനുമായ പി ജെ കുര്യനെ രംഗത്തിറക്കുമെന്ന് അഭ്യൂഹമുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. കുര്യനുമായി ബിജെപി അധ്യക്ഷൻ അമിത്ഷാ ഫോണിൽ സ്ഥാനാർത്ഥിക്കാര്യം ചർച്ച ചെയ്തതായി ബിജെപി കേന്ദ്രങ്ങൾ സൂചന നൽകുന്നു. രണ്ടാഴ്ച മുമ്പാണ് അമിത്ഷാ കുര്യനുമായി സംസാരിച്ചത്. എന്നാൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമില്ലെന്ന് കുര്യൻ മറുപടി നൽകി. ഗവർണർ പദം ഉൾപ്പെടെ മറ്റു പദവികളിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിനെതിരെ രംഗത്ത് വരാനുള്ള സന്നദ്ധതയും പിജെ കുര്യൻ അറിയിച്ചതായി പറയുന്നു. ഇതിന് ശേഷമാണ് തങ്ങളുടെ പട്ടികയിൽ 'സർപ്രൈസ് ' സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെട്ടത്.

അമിത്ഷായുമായി നടത്തിയ ചർച്ച യെ തുടർന്ന് പി ജെ കുര്യനുമേൽ സ്ഥാനാർത്ഥിയാകാൻ സമ്മർദ്ദം ഏറിയിട്ടുണ്ട്. രാജ്യസഭാ സീറ്റ് നിഷേധിച്ചതുമുതൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കുര്യന് വേണ്ടി ബിജെപി വല വിരിച്ചിട്ട് കുറച്ചുകാലമായി. കുമ്മനം രാജശേഖരൻ ഒഴിയുന്ന മുറയ്ക്ക് മിസോറാം ഗവർണർ പദവിയും വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ബിജെപി ബാന്ധവത്തെക്കുറിച്ച് കുര്യൻ ഇതുവരെ മനസ് തുറന്നിട്ടില്ല.ഇതേക്കുറിച്ച് തങ്ങൾക്ക് സൂചനയൊന്നുമില്ലെന്നാണ് സംസ്ഥാന ബിജപിയിലെ പ്രമുഖർ പറയുന്നത്. കുര്യനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് എൻഎസ്എസ് നേതൃത്വവും ബിജെപിയെ അറിയിച്ചതായാണ് വിവരമെന്ന് ദേശാഭിമാനി വിശദീകരിക്കുന്നു. ഇതേ കുറിച്ചൊന്നും സംസ്ഥാന നേതൃത്വത്തിന് അറിയുകയുമില്ല. പ്രയാർ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടും സമാന ചർച്ച ഉയർന്നിരുന്നു. എന്നാൽ താൻ കോൺഗ്രസുകാരനാണെന്നും ബിജെപിയിൽ പോകില്ലെന്നും പ്രയാർ വ്യക്തമാക്കുകയും ചെയ്തു. കുര്യനും പരസ്യമായി ബിജെപിയിലേക്കില്ലെന്നാണ് പറയുന്നത്. എന്നിട്ടും അഭ്യൂഹം സജീവമാക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.

പത്തനംതിട്ടയിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന സസ്പെൻസ് നിലനിർത്തി ബിജെപി. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പോലും അത്ഭുതപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി 36 മണ്ഡലങ്ങളിലെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. എന്തുകൊണ്ടാണ് പത്തനംതിട്ട വൈകുന്നതെന്ന് ആർക്കും പിടിയില്ല. ആന്ധ്രാപ്രദേശിലെ 23 ലോക്സഭ മണ്ഡലങ്ങളിലെയും മഹാരാഷ്ട്രയിലെ ആറ് മണ്ഡലങ്ങളിലെയും ഒഡീഷയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ രണ്ടാംഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അസമിലെയും മേഘാലയയിലെയും ഓരോ സ്ഥാനാർത്ഥികളെയും ശനിയാഴ്ച പുലർച്ചെയോടെ പ്രഖ്യാപിച്ചു. അതേസമയം രണ്ടാംഘട്ട പട്ടികയിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് കേന്ദ്ര ബിജെരി നൽകുന്ന സൂചന.

നേരത്തെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടായിരുന്നു കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപി. നൽകിയിരുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP