Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായിയുടെ കെണിയിൽ സെൻകുമാറിന്റെ കരിയർ സ്വപ്‌നങ്ങൾ അടഞ്ഞു; എല്ലാ കേസുകളും തീർപ്പാക്കി അപേക്ഷിക്കാനുള്ള സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നിടത്തോളം കേന്ദ്ര അഡ്‌മിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാക്കാനുള്ള ശ്രമം വിജയിക്കില്ല; കേന്ദ്രത്തിന് നിർദ്ദേശം കൊടുക്കണം എന്നാവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ ഇനി മുമ്പിലുള്ള വഴി പൊതുപ്രവർത്തനം സജീവമാക്കുക മാത്രം

പിണറായിയുടെ കെണിയിൽ സെൻകുമാറിന്റെ കരിയർ സ്വപ്‌നങ്ങൾ അടഞ്ഞു; എല്ലാ കേസുകളും തീർപ്പാക്കി അപേക്ഷിക്കാനുള്ള സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നിടത്തോളം കേന്ദ്ര അഡ്‌മിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാക്കാനുള്ള ശ്രമം വിജയിക്കില്ല; കേന്ദ്രത്തിന് നിർദ്ദേശം കൊടുക്കണം എന്നാവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ ഇനി മുമ്പിലുള്ള വഴി പൊതുപ്രവർത്തനം സജീവമാക്കുക മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമനത്തിന് ശുപാർശയ്ക്ക് നിർദ്ദേശിക്കണമെന്ന മുൻ ഡി.ജി.പി. ടി.പി. സെൻകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നിൽ പിണറായി സർക്കാരിന്റെ കാർക്കശ്യമാണ്. കേസിൽ കുടുക്കി സെൻകുമാറിനെ തളയ്ക്കാനുള്ള നീക്കം വിജയിക്കുകയാണ്. ഐഎസ്ആർഒ കേസിൽ നഷ്ടപരിഹാരം സംബന്ധിച്ചൊരു കേസ് സെൻകുമാറിന്റെ പേരിലുണ്ടെന്നത് മുൻനിർത്തിയാണ് ഹൈക്കോടതി ഹർജ ിതള്ളിയത്. എല്ലാ കേസും തീർപ്പായാൽ ഫയൽ വീണ്ടും സമർപ്പിക്കണമെന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ് തന്നെ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ നിയമനഃശുപാർശ വീണ്ടും സമർപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു.

നിയമന ശുപാർശയ്ക്കുള്ള ഫയൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വീണ്ടും സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സെൻകുമാറിന്റെ പേരിൽ ചില സിവിൽ, ക്രിമിനൽ കേസുകളുണ്ടെന്ന് സംസ്ഥാനസർക്കാർ അറിയിച്ചതിനെത്തുടർന്ന് ശുപാർശ ചീഫ് ജസ്റ്റിസ് മടക്കിയിരുന്നു. പിണറായി സർക്കാരിന്റെ തന്ത്രപരമായ നീക്കമാണ് ഇത്. ക്രിമിനൽ കേസുകൾ തീർപ്പായെന്നു കാണിച്ചാണ് സെൻകുമാർ ഹർജി നൽകിയത്. ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനായ നമ്പിനാരായണൻ സെൻകുമാറിൽനിന്നുൾപ്പെടെ നഷ്ടപരിഹാരംതേടി നൽകിയ സിവിൽകേസാണ് തീർപ്പാകാനുള്ളത്. ഇതോടെ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാകാനുള്ള സെൻകുമാറിന്റെ സാധ്യത അടഞ്ഞു. വളരെ കരുതലോടെ കരുക്കൾ നീക്കിയാണ് സെൻകുമാറിന്റെ കരിയർ മോഹത്തെ പിണറായി തകർത്തത്. ഇതോടെ പൊതു പ്രവർത്തനത്തിൽ സജീവമാവുക മാത്രമാണ് ഇനി സെൻകുമാറിന് മുമ്പിലുള്ള വഴി.

നിയമനക്കാര്യം തീരുമാനിച്ചു നടപടിയെടുക്കേണ്ടതു സംസ്ഥാനമാണെന്നും ചട്ടപ്രകാരം ശുപാർശ ലഭിച്ചാൽ അതിന്മേൽ നടപടിക്കുള്ള പരിമിത അധികാരം മാത്രമാണു തങ്ങൾക്കുള്ളതെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഐഎസ്ആർഒ ചാരക്കേസിൽ പ്രതിചേർത്ത് പീഡിപ്പിച്ചതിന് ഒരുകോടി രൂപ നഷ്ടപരിഹാരം തേടി മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ തിരുവനന്തപുരം സബ്‌കോടതിയിൽ നൽകിയ കേസിലെ എതിർകക്ഷിയാണ് സെൻകുമാറെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. തന്റെ നിയമനം തടസ്സപ്പെടുത്താൻ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും സെൻകുമാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. കെഎടി അംഗമായി സെൻകുമാറിനെ നിയമിക്കാമെന്ന് സെലക്ഷൻ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തെങ്കിലും സിവിൽ, -ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ശുപാർശ മടക്കുകയായിരുന്നുവെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദും സീനിയർ ഗവ. പ്ലീഡർ വി മനുവും കോടതിയെ അറിയിച്ചു.

തിരുവനന്തപുരം സബ്കോടതിയിലെ കേസിലെ ഏഴാം എതിർകക്ഷിയായ സെൻകുമാർ ഏഴുലക്ഷം രൂപ നൽകണമെന്നാണ് നമ്പി നാരായണന്റെ ആവശ്യം. അതിനാൽ സെൻകുമാറിന്റെ പേര് വീണ്ടും സമർപ്പിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നേരത്തെ നൽകിയ ശുപാർശ 2017ൽ ചീഫ്ജസ്റ്റിസിന് നൽകിയെങ്കിലും കേസുകൾ ചൂണ്ടിക്കാട്ടി മടക്കിയെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേസുകൾ തീർന്നശേഷം മതി ശുപാർശ വീണ്ടും സമർപ്പിക്കലെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. ഈ സാഹചര്യവും സെൻകുമാറിന് വിനയായി. ഇതോടെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ എത്താൻ ഇനി സെൻകുമാറിന് കഴിയില്ലെന്നതാണ് വസ്തുത. നമ്പി നാരായണന്റെ കേസ് തീരാൻ നാളുകൾ ഏറെ എടുക്കും. നേരത്തെ നിരവധി ക്രിമിനൽ കേസുകൾ സംസ്ഥാന സർക്കാർ സെൻകുമാറിനെതിരെ എടുത്തിരുന്നു. ഇതെല്ലാം നിയമ പോരാട്ടത്തിലൂടെ സെൻകുമാർ മറികടന്നു. അപ്പോഴാണ് കുടുക്കായി നമ്പി നാരായണൻ കേസ് എത്തുന്നത്.

ബിജെപിയോട് അടുത്താണ് സെൻകുമാറിന്റെ പ്രവർത്തനം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ പ്രചരണത്തിൽ സജീവമാണ് സെൻകുമാർ. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ പ്രചരണത്തിലും സജീവ ഇടപെടൽ നടത്തുന്നു. ഇത്തരം വഴികളിൽ കൂടുതൽ ശ്രദ്ധേ കേന്ദ്രീകരിക്കാനാകും ഇനി സെൻകുമാർ ശ്രമിക്കുക. കുമ്മനത്തിന് ജയിക്കാൻ ഒരു അഡ്ജസ്റ്റ്മെന്റിന്റെയും ആവശ്യമില്ലെന്നും ജനങ്ങൾക്ക് വിവരം വെച്ചുവെന്നും അഭിപ്രായപ്പെടുന്ന സെൻകുമാർ ഇപ്പോൾ ശബരിമല കർമ്മ സമിതിയുടെ നേതാവാണ്. കേരളത്തിലെ മുഴുവൻ ലോക്സഭ സീറ്റിലും ബിജെപി ജയിക്കുമെന്നും അമ്പത് ശതമാനത്തിലധികം വോട്ട് നേടിയായിരിക്കും ബിജെപി ജയിക്കുകയെന്നും സെൻകുമാർ പറഞ്ഞിരുന്നു. കേരളത്തിൽ കോൺഗ്രസ്- മാർക്സിസ്റ്റ് സഖ്യമായ 'കോമ' ഉണ്ടെന്നും ഇനി അത് വിലപോവില്ലെന്നും സെൻകുമാർ പറഞ്ഞു. ബിജെപിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെഷനിൽ സംസാരിക്കുകയായിരുന്നു സെൻകുമാർ. ഇത്തരത്തിൽ ബിജെപിയുടെ പ്രചരണത്തിൽ സജീവമാവുകയാണ് സെൻകുമാർ.

പിണറായി അധികാരത്തിലെത്തുമ്പോൾ ഡിജിപിയായിരുന്നു സെൻകുമാർ. എന്നാൽ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെ വിവാദമാക്കി സെൻകുമാറിനെ പിണറായി മാറ്റി. ഇതിനെതിരെ സുപ്രീംകോടതിവരെ നിയമ പോരാട്ടം സെൻകുമാർ നടത്തി. അങ്ങനെ വീണ്ടും ഡിജിപിയായി. ഇതോടെയാണ് പിണറായിയുടെ പ്രധാന ശത്രുവായി സെൻകുമാർ മാറുന്നത്. ഇടത് സർക്കാരിന് സെൻകുമാറിന്റെ നിയമ വിജയം ഏറെ നാണക്കേടുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP