Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോതമംഗലം മാർത്തോമ്മാ ചെറിയപള്ളിയിൽ വീണ്ടും യാക്കോബായ-ഓർത്തഡോക്‌സ് സംഘർഷം; രാവിലെ യാക്കോബായ വിശ്വാസികൾ പ്രാർത്ഥന നടത്തുന്നതിനിടെ പള്ളിയിലേക്കെത്തി ഓർത്തഡോക്‌സിന്റെ തോമസ് പോൾ റമ്പാനും വൈദികരും; മുപ്പതോളം പേർ പള്ളിയിൽ പ്രവേശിക്കാൻ എത്തിയത് ഏഴോളം വാഹനങ്ങളിൽ; വിവരമറിഞ്ഞ് പള്ളിയിലേക്ക് യാക്കോബായക്കാർ ഒഴുകിയെത്തിയതോടെ പൊലീസ് അനുനയത്തിന് പിന്നാലെ മടങ്ങി റമ്പാനും കൂട്ടരും; തൽക്കാലം സംഘർഷമൊഴിഞ്ഞ ആശ്വാസത്തിൽ സർക്കാർ

കോതമംഗലം മാർത്തോമ്മാ ചെറിയപള്ളിയിൽ വീണ്ടും യാക്കോബായ-ഓർത്തഡോക്‌സ് സംഘർഷം; രാവിലെ യാക്കോബായ വിശ്വാസികൾ പ്രാർത്ഥന നടത്തുന്നതിനിടെ പള്ളിയിലേക്കെത്തി ഓർത്തഡോക്‌സിന്റെ തോമസ് പോൾ റമ്പാനും വൈദികരും; മുപ്പതോളം പേർ പള്ളിയിൽ പ്രവേശിക്കാൻ എത്തിയത് ഏഴോളം വാഹനങ്ങളിൽ; വിവരമറിഞ്ഞ് പള്ളിയിലേക്ക് യാക്കോബായക്കാർ ഒഴുകിയെത്തിയതോടെ പൊലീസ് അനുനയത്തിന് പിന്നാലെ മടങ്ങി റമ്പാനും കൂട്ടരും; തൽക്കാലം സംഘർഷമൊഴിഞ്ഞ ആശ്വാസത്തിൽ സർക്കാർ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ സംഘർഷാവസ്ഥ വീണ്ടും. ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടാകുന്നതിന്റെ മൂലകാരണമെന്ന് പറയാവുന്നത് ഈ പള്ളിയിൽ നിന്ന് ഉടലെടുത്ത പ്രശ്‌നങ്ങളാണ്. ഇതിന്റെ തുടർച്ചയെന്നോണം ഇവിടെ ഇന്ന് രാവിലെ തന്നെ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. രാവിലെ തന്നെ പ്രശ്‌നങ്ങൾ തുടങ്ങിയത് ഓർത്തഡോക്‌സ് വൈദികർ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ എത്തിയതോടെയാണ്.ഇതിന് സാധ്യത മുന്നിൽ കണ്ട് നേരത്തേ തന്നെ യാക്കോബായ വിശ്വാസികൾ പള്ളിയിൽ തടിച്ചുകൂടുകയായിരുന്നു. രാവിലെ ഒമ്പതരയോടെ എത്തിയ റമ്പാനേയും കൂട്ടരേയും പള്ളിയിൽ കയറാൻ സമ്മതിക്കാതെ യാക്കോബായക്കാർ തടഞ്ഞതോടെ അൽപനേരം അവിടെ നിന്നതിന് പിന്നാലെ റമ്പാനും സംഘവും മടങ്ങി. പൊലീസിന്റെ അനുനയത്തിന് പിന്നാലെയാണ് റമ്പാൻ മടങ്ങാൻ സന്നദ്ധത അറിയിച്ചത്. ഇതോടെ തൽക്കാലം സംഘർഷ സാധ്യത ഒഴിയുകയും ചെയ്തിട്ടുണ്ട്.

കോടതി വിധി അനുസരിച്ചാണ് പള്ളിയിൽ പ്രവേശിപ്പിക്കാൻ റമ്പാൻ എത്തിയത്. ഇതിന് മുന്നേ നൂറുകണക്കിന് യാക്കോബായക്കാർ പള്ളിയിൽ തടിച്ചുകൂടിയിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാൻ സഹകരിക്കണമെന്ന് ഡിവൈഎസ്‌പി ഇരുവിഭാഗത്തോടും അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൽക്കാലം മടങ്ങുന്നതായി അറിയിച്ച് റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗക്കാർ ഒഴിഞ്ഞുപോകുകയായിരുന്നു.

ഇടതുമുന്നണി സർക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് ഓർത്തഡോക്‌സ്-യാക്കോബായ തർക്കം. ഇരു കക്ഷികളേയും പിണക്കാതെ കാര്യം ഒത്തുതീർപ്പാക്കാൻ വഴിതേടുകയാണ് സർക്കാർ. ഇതിനിടെയാണ് ഇന്ന് വീണ്ടും മാർത്തോമാ ചെറിയപള്ളിയിൽ സ്ഥിതി വഷളായത്. ഇരു കക്ഷികളും തമ്മിൽ ചർച്ചയ്ക്ക് സർക്കാർ സമിതിയെ രൂപീകരിച്ചെങ്കിലും പ്രശ്‌നപരിഹാരത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഏതായാലും ഇന്ന് പ്രശ്‌നം തൽക്കാലം ഒഴിഞ്ഞത് സർക്കാരിന് ആശ്വാസമാകുകയാണ്.

ഓർത്തഡോക്‌സ് വിഭാഗത്തിന്റെ തോമസ് പോൾ റമ്പാനും കൂട്ടരും എത്തുമെന്നറിഞ്ഞ് യാക്കോബായ വിശ്വാസികൾ തടിച്ചുകൂടിയതോടെയാണ് ഇന്ന് രാവിലെ സംഘർഷ സാധ്യത കനത്തത്. ഒരു കാരണവശാലും റമ്പാനെയും ഓർത്തഡോക്‌സ് അധികാരികളേയും വിശ്വാസികളേയും പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടുമായി യാക്കോബായ കക്ഷികൾ നിലകൊള്ളുകയായിരുന്നു.

പള്ളിയിൽ കുർബാന നടന്നുകൊണ്ടിരിക്കെയാണ് ഓർത്തഡോക്‌സ് സംഘവും പള്ളിയിൽ പ്രവേശിക്കാൻ എത്തിയത്. ഇതോടെ സംഘർഷ സാധ്യത ഉണ്ടാകുമെന്നറിഞ്ഞ് കനത്ത പൊലീസ് സന്നാഹവും ഏർപ്പെടുത്തി. കൂടുതൽ യാക്കോബായ വിശ്വാസികൾ പള്ളിയിലേക്ക് എത്തിച്ചേർന്നു. റമ്പാനും അൽമായരും വൈദികരുമടക്കം മുമ്പതോളം പേർ എത്തുമെന്നാണ് രാവിലെ അറിയിച്ചിരുന്നത്. ഒമ്പതരയോടെ ഇതിന് പിന്നാലെ ഏഴോളം കാറുകളിലായി റമ്പാനും കൂട്ടരും എത്തി.

ഇതോടെ യാക്കോബായ വിശ്വാസികൾ റമ്പാനെതിരെ മുദ്രാവാക്യം വിളികളും പ്രാർത്ഥനാ വചനങ്ങളും ഉരുവിട്ട് റമ്പാനെ തടയുകയായിരുന്നു. പള്ളിയുടെ ഗെയ്റ്റ് പൂട്ടിയിട്ട് അകത്ത് യാക്കോബായക്കാർ നിലയുറപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അനുരഞ്ജന നീക്കം നടന്നത്. ഒരുമണിക്കൂറോളം പള്ളിക്ക് പുറത്ത് ചെലവിട്ട് റമ്പാനും കൂട്ടരും പൊലീസ് മധ്യസ്ഥത മാനിച്ച് തിരിച്ചുപോകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.

ഏതായാലും സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികൾ യാക്കോബായ പക്ഷത്തിന്റെ ഭാഗത്ത് തടിച്ചുകൂടി. ഇതോടെ പൊലീസും കനത്ത ജാഗ്രതയുമായി നിലയുറപ്പിച്ചു. മുമ്പും ഇതേ തരത്തിൽ പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ് വിഭാഗം ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ അന്നും സംഘർഷാവസ്ഥയാകുകയും പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ തൽക്കാലം ഓർത്തഡോക്‌സ് വിഭാഗം പിൻവാങ്ങിയെങ്കിലും ഇന്ന് വീണ്ടും എത്തി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളികളുടെ അവകാശം ഓർത്തഡോക്‌സ് വിഭാഗത്തിന് ആണ്. എന്നാൽ യാക്കോബായ വിശ്വാസികൾ ഈ വിധി അംഗീകരിക്കാൻ തയ്യാറല്ല. ഇത്തരത്തിൽ പല പള്ളികളിലും തർക്കം നിലനിൽക്കുകയാണ്. ഇതിനിടെയാണ് ഇന്ന് വീണ്ടും ഈ പ്രശ്‌നങ്ങളെല്ലാം ഇരുവിഭാഗങ്ങളും തമ്മിൽ തുടങ്ങിയ ഓർത്തഡോക്‌സ് ചെറിയ പള്ളിയിൽ തന്നെ തർക്കം തുടങ്ങിയതും സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതും.

ഡിസംബറിലും ഉണ്ടായത് വലിയ സംഘർഷം

കഴിഞ്ഞ ഡിസംബറിലും കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ ഉണ്ടായിരുന്നു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് അന്നും പ്രശ്‌നങ്ങളുണ്ടായത്. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ അന്നും അനുവദിച്ചിരുന്നില്ല. പള്ളിക്ക് 50 മീറ്റർ മുമ്പിലായി വന്ന കാറിൽ തന്നെ ഇരിക്കുകയായിരുന്നു അന്ന് റമ്പാൻ. കോടതി വിധി നടപ്പായി പള്ളിയിൽ കയറിയേ പോകൂവെന്ന നിലപാടിലായിരുന്നു അന്നും റമ്പാനും ഓർത്തഡോക്‌സുകാരും.

പിന്നീട് സംഘർഷം മൂർച്ഛിച്ചു. പള്ളിയിൽ ശുശ്രൂഷ നടത്താൻ പൊലീസ് സംരംക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തിൽആണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പുതിയ നീക്കങ്ങൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP